കഴിഞ്ഞ മൂന്ന് ദിവസം ഫേസ്ബു്കിൽ എത്താതിരുന്നതിൽ എന്നോട് പൊറുക്കണം; രണ്ടുദിവസവും ഞാൻ അബോധാവസ്ഥയിലായിരുന്നു; ആർക്കും ഊഹിക്കാൻ കഴിയുന്നതിനെക്കാൾ ബുദ്ധിമുട്ടാണ് എന്നെ കൊല്ലുകയെന്നത്; ലോകത്തെ ഏറ്റവും വലിയ ആന്റിവൈറസ് സ്ഥാപകൻ ജോൺ മക്കാഫിയുടെ പോസ്റ്റ് വൈറലാകുമ്പോൾ
June 23, 2018 | 09:41 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
ലോകത്തെ ഒട്ടുമിക്ക കമ്പ്യൂട്ടറുകളെയും വൈറസ് ആക്രമണത്തിൽനിന്ന് രക്ഷിക്കുന്ന മക്കാഫിയുടെ സ്ഥാപനകനെ വ്യവസായ ലോകത്തെ എതിരാളികൾ വിഷം കൊടുത്തുകൊല്ലാൻ ശ്രമിച്ചോ? ജോൺ മക്കാഫിയുടെ ട്വീ്റ്റ് അത്തരമൊരു സംശയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. മൂന്നുദിവസമായി സോഷ്യൽ മീഡിയയിൽനിന്ന് അകന്നുനിൽക്കേണ്ടിവന്നതിൽ ക്ഷമിക്കണമെന്നും താൻ അബോധാവസ്ഥയിലായിരുന്നുവെന്നുമാണ് മക്കാഫി കുറിച്ചത്. എതിരാളികൾ തനിക്കുള്ളിലേക്ക് എന്തോ വിഷം കടത്തിവിട്ടതായും അദ്ദേഹം പറയുന്നു. നോർത്ത് കലോലിനയിലെ വിദാന്ത് മെഡിക്കൽ സെന്ററിൽ കഴിഞ്ഞിരുന്ന താൻ സുഖം പ്രാപിച്ചുവരുന്നതായും അദ്ദേഹം ചിത്രങ്ങളോടെ പോസ്റ്റ് ചെയ്ത ട്വീറ്റിൽ പറയുന്നു.
തന്നെ കൊല്ലാൻ അത്രയെളുപ്പമല്ലെന്ന മുന്നറിയിപ്പും അദ്ദേഹം എതിരാളികൾക്ക് നൽകുന്നു. നിങ്ങൾ സങ്കൽപ്പിക്കുന്നതിനേക്കാൾ കൊല്ലാൻ ബുദ്ധിമുട്ടുള്ളയാളാണ് താനെന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റിൽ പറയുന്നത്. ഇത് ചെയ്തവർക്ക് എത്രയും പെട്ടെന്ന് അവർ ചെയ്തതിനുള്ള തിരിച്ചടി ലഭിക്കുമെന്നും അദ്ദേഹം പറയുന്നു. തന്നോടിത് ചെയ്തവരെ തനിക്ക് നന്നായറിയാമെന്നും സ്ഥലം വിടുന്നതാണ് നല്ലതെന്നും മക്കാഫി ഓർമിപ്പിക്കുന്നു.
1987-ലാണ് മക്കാഫി അസോസിയേറ്റ്സ് എന്ന സ്ഥാപനം ജോൺ ആരംഭിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ആന്റിവൈറസ് സ്ഥാപനമാണ് മക്കാഫി ഇന്ന്. പലപ്പോഴും മറ്റുള്ളവർ പ്രതീക്ഷിക്കാത്ത തരത്തിൽ പെരുമാറുന്ന മക്കാഫി വിവാദങ്ങളിൽച്ചെന്ന് ചാടുന്നതും പതിവാണ്. കഴിഞ്ഞ സെപ്റ്റംബറിൽ തന്റെ ടെന്നസിയിലെ വീടിന്റെ ഭിത്തിയിലേക്ക് വെടിയുതിർത്തുകൊണ്ട് ജോൺ വലിയ പ്രകടനം നടത്തിയിരുന്നു. ബെലിസ് സർക്കാർ തന്നെ വധിക്കാനായി ആളെവിട്ടിരുന്നു എന്നുപറഞ്ഞായിരുന്നു ഈ വെടിവെപ്പ്.
ജോൺ, തന്റെ മുൻഭാര്യ ജാനിസുമായി സെക്സിലേർപ്പെട്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. വീട്ടിലെ നായകൾ കുരയ്ക്കുന്നതും ആരോ വീട്ടിലേക്ക് കയറിയതിന്റെ ശബ്ദം കേട്ടുവെന്നും പറഞ്ഞാണ് ജോൺ തോക്കെടുത്ത് വെടിവെച്ചത്. വെടിശബ്ദം കേട്ട്് ഇതേ കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനായിരുന്ന അലക്സ് ഹാൻഡ്രിക് പൊലീസിനെ വിളിച്ചുവരുത്തി. കേസ് ഇപ്പോഴും എഫ്.ബി.ഐ.യുടെ അന്വേഷണത്തിലാണ്.
1990-ൽ തന്റെ കമ്പനി വെറും പത്ത് കോടി ഡോളറിന് വിറ്റുതുലച്ചതും ജോണിനെ കുപ്രസിദ്ധനാക്കി. ഈ പണം കൊണ്ട് ഒമ്പത് ആഡംബര വീടുകളും ആഡംബര കാറുകളും മറ്റും വാങ്ങി പണം തീർക്കുകയും ചെയ്തു. 2009-ൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജോണിന് തന്റെ സമ്പാദ്യത്തിലേറെയും നഷ്ടപ്പെട്ടു. 2012-ൽ പരിചയപ്പെട്ട ലൈംഗികത്തൊഴിലാളിയായ ജാനിസ് ഡൈസനെ അദ്ദേഹം പിറ്റേവർഷം വിവാഹം ചെയ്തതും വലിയ വാർത്തയായിരുന്നു.
