Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ദിലീപ് കുറ്റവാളിയെന്ന് വിശ്വസിക്കുന്നവർ ആ തെളിവുകൾ പൊലീസിനെ ഏൽപ്പിക്കുക'; ദിലീപിനെ എത്രയും വേഗം പ്രോസിക്യൂട് ചെയ്യാനും ശിക്ഷിക്കാനും അത് സഹായിക്കും; കോടതി ശിക്ഷിക്കും വരെ കുറ്റമാരോപിതൻ നിരപരാധിയാണ്: ജനപ്രിയന് വേണ്ടി വീണ്ടും സക്കറിയ രംഗത്ത്

'ദിലീപ് കുറ്റവാളിയെന്ന് വിശ്വസിക്കുന്നവർ ആ തെളിവുകൾ പൊലീസിനെ ഏൽപ്പിക്കുക'; ദിലീപിനെ എത്രയും വേഗം പ്രോസിക്യൂട് ചെയ്യാനും ശിക്ഷിക്കാനും അത് സഹായിക്കും; കോടതി ശിക്ഷിക്കും വരെ കുറ്റമാരോപിതൻ നിരപരാധിയാണ്: ജനപ്രിയന് വേണ്ടി വീണ്ടും സക്കറിയ രംഗത്ത്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ അഴിക്കുള്ളിലായ നടൻ ദിലീപിനെ അനുകൂലിച്ച് എഴുത്തുകാരൻ സക്കറിയ വീണ്ടും രംഗത്ത്. ഒരു ജനാധിപത്യത്തിൽ ഒരു പൗരനെ കുറ്റവാളി എന്ന് വിധിക്കേണ്ടത് മാധ്യമങ്ങളോ പൊതുജനമോ അല്ല കോടതിയാണെന്ന് പറഞ്ഞു കൊണ്ടാണ് ആദ്ദേഹ വീണ്ടും ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ കാര്യത്തിൽ കോടതി തീർപ്പുകൽപ്പിക്കും വരെ അദ്ദേഹം നിരപരാധിയാണെന്ന തന്റെ വാദത്തെ എതിർത്തവരാണ് കൂടുതലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ എഴുതിയത്.

പൊലീസിന്റെ ജോലി കോടതിയിൽ തെളിവുകൾ ഹാജരാക്കുക എന്നതാണ്. കോടതി ശിക്ഷിക്കുകയോ വെറുതെ വിടുകയോ ചെയ്യുന്നത് വരെ കുറ്റമാരോപിക്കപ്പെട്ട വ്യക്തി നിരപരാധിയാണ്. ജനാധിപത്യ തത്വങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം ഇത് മാത്രമാണ് വാസ്തവമെന്നും അദ്ദേഹം പറയുന്നു. ദിലീപിന്റെ അറസ്റ്റും അതിനെ തുടർന്നുള്ള മാധ്യമചർച്ചകളുമായി ബന്ധപ്പെട്ട് സക്കറിയ നേരത്തെയും ഫേസ്‌ബുക്ക് സ്റ്റാറ്റസിട്ടിരുന്നു. ഇതിനെതിരെ കടുത്ത വിമർശനമാണ് നേരിടേണ്ടി വന്നത്.

സക്കറിയയുടെ ഫേസ്‌ബുക്ക് സ്റ്റാറ്റസിന്റെ പൂർണരൂപം

സുഹൃത്തുക്കളെ, മറ്റേതു പൗരന്റെ കാര്യത്തിലുമെന്നപോലെ നടൻ ദിലീപിന്റെ കാര്യത്തിലും കോടതി തീർപ്പു കല്പിക്കും വരെ കുറ്റമാരോപിക്കപ്പെട്ട വ്യക്തി നിരപരാധിയാണ് എന്ന സാർവലൗകിക തത്വം ബാധകമാണ് എന്ന് ഞാൻ അഭിപ്രായപെട്ടതിനെ എതിർത്തവരും അനുകൂലിച്ചവരും ഉണ്ട്. എതിർത്തവരാണ് കൂടുതൽ. ജനാധിപത്യ തത്വങ്ങളെ മറക്കുന്ന മലയാളികളുടെ എണ്ണം ഒരു പക്ഷെ വർധിക്കുകയായിരിക്കാം. അതുപോലെ തന്നെ മാധ്യമങ്ങളുടെ മസ്തിഷ്‌ക പ്രക്ഷാളനത്തിനു അന്ധമായി അടിമകളാവുന്നവരുടെയും.

ചാരവൃത്തിക്കേസിലും സോളാർ കേസിലും - മറ്റു പല സംഭവങ്ങളിലും - മാധ്യമങ്ങൾ അഴിച്ചുവിട്ട കൂട്ട മദമിളകലുകളെ ഇത് ഓർമിപ്പിക്കുന്നു. സരിതയുടെ പൗരാവകാശങ്ങളെ പറ്റി ഞാൻ അന്ന് എഴുതുമ്പോൾ ഭൂരിപക്ഷം സ്ത്രീവേദികളും എത്ര അഗാധമായ മൗനത്തിലായിരുന്നു എന്നത് ഒരു ചെറു പുഞ്ചിരിക്ക് വക തരിക മാത്രം ചെയ്യുന്നു. ദിലീപിന്റെ വൃത്താന്തങ്ങൾ നാട് വാഴുമ്പോൾ ജനസേവകരായ നഴ്‌സുമാരുടെ അവകാശസമരം എത്ര സമർത്ഥമായിട്ടാണ് ഒറ്റപ്പെടുത്തപ്പെടുന്നത് എന്ന് കാണുക. ദിലീപിനോളം വരുമോ വെറുമൊരു നഴ്സ്.

ഞാൻ ആവർത്തിക്കട്ടെ. ഒരു ജനാധിപത്യത്തിൽ ഒരു പൗരനെ കുറ്റവാളി എന്ന് വിധിക്കേണ്ടത് മാധ്യമങ്ങളോ പൊതുജനമോ അല്ല കോടതിയാണ്. അല്ലെങ്കിൽ ഗോ രക്ഷകർ നടത്തുന്ന അടിച്ചു കൊല്ലലുകൾക്കെന്തു പ്രശ്നം? പൊലീസിന്റെ ജോലി കോടതിയിൽ തെളിവുകൾ ഹാജരാക്കുക എന്നതാണ്. കോടതി ശിക്ഷിക്കുകയോ വെറുതെ വിടുകയോ ചെയ്യുന്നത് വരെ കുറ്റമാരോപിക്കപ്പെട്ട വ്യക്തി നിരപരാധിയാണ്. ജനാധിപത്യ തത്വങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം ഇത് മാത്രമാണ് വാസ്തവം - കൂട്ടഭ്രാന്തുകൾ ഇളകുമ്പോളും.

നടൻ ദിലീപ് കുറ്റവാളിയാണെന്ന് വിശ്വസിക്കുന്നവർ അപ്രകാരം ചെയ്യുന്നത് വ്യക്തമായ തെളിവില്ലാതെ ആയിരിക്കാൻ വഴിയില്ല. അവർക്കു സമൂഹത്തിനു വേണ്ടി ഒരു നല്ല കാര്യം ചെയ്യാവുന്നതാണ്. ആ തെളിവുകൾ പൊലീസിനെ ഏൽപ്പിക്കുക. ദിലീപിനെ എത്രയും വേഗം പ്രോസിക്യൂട് ചെയ്യാനും ശിക്ഷിക്കാനും അത് സഹായിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP