Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രതിരോധ കുത്തിവെയ്പിനെതിരെയുള്ള പ്രചാരണത്തെ ഫലപ്രദമായി തടയാനും നേരിടാനും ശാസ്ത്രീയത ജനങ്ങളെ ബോധ്യപ്പെടുത്താനും ആരോഗ്യവകുപ്പ് നടപടികൾ സ്വീകരിക്കും; രക്ഷകർത്താക്കളിൽ ഭീതിയുളവാക്കാൻ വേണ്ടി കുപ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രതിരോധ കുത്തിവെയ്പിനെതിരെയുള്ള പ്രചാരണത്തെ ഫലപ്രദമായി തടയാനും നേരിടാനും ശാസ്ത്രീയത ജനങ്ങളെ ബോധ്യപ്പെടുത്താനും ആരോഗ്യവകുപ്പ് നടപടികൾ സ്വീകരിക്കും; രക്ഷകർത്താക്കളിൽ ഭീതിയുളവാക്കാൻ വേണ്ടി കുപ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പ്രതിരോധ കുത്തിവെയ്പിനെതിരെയുള്ള പ്രചാരണത്തെ ഫലപ്രദമായി തടയാനും നേരിടാനും ശാസ്ത്രീയത ജനങ്ങളെ ബോധ്യപ്പെടുത്താനും ആരോഗ്യവകുപ്പ് നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷകർത്താക്കളിൽ ഭീതിയുളവാക്കാൻ വേണ്ടി കുപ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പോസ്റ്റ് ഇങ്ങനെ

ആരോഗ്യമേഖലയിൽ ഇതരസംസ്ഥാനങ്ങളെയപേക്ഷിച്ച് ഏറെ മുന്നിലാണ് കേരളം. വലിയ മുന്നേറ്റങ്ങൾ ഈ മേഖലയിൽ സംഭവിച്ചുവെങ്കിലും നിലവിൽ ഒട്ടേറെ വെല്ലുവിളികൾ ഈ മേഖല നേരിടുന്നുണ്ട്. അത്തരം പ്രശ്‌നങ്ങൾ പരിഹരിച്ച് സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയിൽ സമഗ്രമായ മുന്നേറ്റം സാധ്യമാക്കുന്നതിനുതകുന്ന ആരോഗ്യ നയത്തിന്റെ കരട് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അംഗീകരിച്ചു.

ആരോഗ്യമേഖലയിലെ സ്വകാര്യവത്കരണവും, ആരോഗ്യപരിപാലനസാങ്കേതികവിദ്യയിലും അവശ്യമരുന്നുകളുടെ സ്വഭാവത്തിലും വരുന്ന മാറ്റങ്ങളും ഒക്കെ ചേർന്ന് ചികിത്സാ ചെലവിന്റെ കാര്യത്തിൽ വലിയ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. സങ്കീർണമായ ഈ പ്രശ്‌നങ്ങളെ ഗൗരവപൂർവം ആരോഗ്യനയം പരിഗണിക്കുന്നുണ്ട്.

ത്രിതല ചികിത്സാ സംവിധാനമാണ് കേരളത്തിലേത്. ഓരോ തലത്തിലും റഫറൽ സംവിധാനം നടപ്പിലാക്കുന്നത് വഴി രോഗികൾക്ക് എല്ലാ തലത്തിലും മെച്ചപ്പെട്ട സൗകര്യങ്ങൾ കാര്യക്ഷമമായി നൽകുവാൻ സാധിക്കും. പ്രാഥമികതലത്തിലുള്ള ചികിത്സാസ്ഥാപനങ്ങളുടെ എണ്ണവും ഗുണമേന്മയുടെ വർദ്ധിപ്പിക്കും. ദ്വിതീയത്രിതീയതല ചികിത്സാ സൗകര്യങ്ങൾ ആധുനികവത്കരിക്കും.

അടുത്ത ഇരുപത്തിയഞ്ച് വർഷത്തേയ്ക്ക് ആരോഗ്യരംഗത്ത് എത്രമാത്രം മാനവവിഭവശേഷി വേണ്ടിവരുമെന്നതിനെപ്പറ്റി ഒരു കണക്കെടുക്കുകയും ആ ലക്ഷ്യം കൈവരിക്കാൻ വേണ്ടി ഒരു രൂപരേഖ തയ്യാറാക്കുകയും ചെയ്യും. ആരോഗ്യരംഗത്തെ മനുഷ്യവിഭവശേഷിയുടെ ഗുണനിലവാരമുറപ്പാക്കുന്നതിന് മുന്തിയ പരിഗണന നൽകും. നിലവാരത്തിൽ പിന്നാക്കം പോകുന്ന ആരോഗ്യവിദ്യാഭ്യാസസ്ഥാപനങ്ങളുടെ അഫിലിയേഷൻ സർവകലാശാലയും എസ്സെൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് സർക്കാരും പിൻവലിക്കും.

ആരോഗ്യ മേഖലയിലെ എല്ലാത്തരം അഴിമതിയും തടയും. ആശുപത്രികളിലെ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തും. ഡോക്റ്റർമാരുടെ നിലവിലുള്ള പ്രൈവറ്റ് പ്രാക്റ്റീസ് നിരോധനം കർശനമായി നടപ്പാക്കും. സ്വകാര്യ ആശുപത്രികളേയും ക്ലിനിക്കുകളേയും നിയന്ത്രിക്കുന്നതിനും നിലവാരം ഉറപ്പാക്കാനുമായി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ് പ്രാബല്യത്തിലായിട്ടുണ്ട്.

കേരളം ആരോഗ്യ സൂചികകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും മെഡിക്കൽ ഗവേഷണത്തിന്റെയും ഗവേഷണ ഫലങ്ങൾ പുറത്തുകൊണ്ടുവരുന്നതിന്റെയും കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ പിന്നിലാണ്. അതിനാൽ ഗവേഷണം പ്രോത്സാഹിപ്പിക്കാൻ സത്വരനടപടി സ്വീകരിക്കും.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിഭാഗങ്ങൾ, ആദിവാസികൾ, ട്രാൻസ്‌ജെൻഡറുകൾ, വയോജനങ്ങൾ തുടങ്ങിയവരുടെ മേഖലകളിൽ സവിശേഷ ശ്രദ്ധ പുലർത്തേണ്ടതാണ്. പ്രതിരോധ കുത്തിവെയ്പിനെതിരെയുള്ള പ്രചാരണത്തെ ഫലപ്രദമായി തടയാനും നേരിടാനും ശാസ്ത്രീയത ജനങ്ങളെ ബോധ്യപ്പെടുത്താനും ആരോഗ്യവകുപ്പ് നടപടികൾ സ്വീകരിക്കും. രക്ഷകർത്താക്കളിൽ ഭീതിയുളവാക്കാൻ വേണ്ടി കുപ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.

നിലവിലുള്ള ആരോഗ്യ, അപകടശുശ്രൂഷ (ട്രോമ കെയർ) സംവിധാനം ശക്തമാക്കും. ദേശീയസംസ്ഥാന പാതകളിൽ 10 കിലോമീറ്റർ ഇടവിട്ട് പൊതുമേഖലയും സഹകരണ മേഖലയും സ്വകാര്യമേഖലയും ഉൾപ്പെടുത്തി പ്രാഥമിക അപകട പരിചരണ കേന്ദ്രങ്ങൾ ഉറപ്പാക്കും.

കേരളത്തിൽ കാണുന്ന രോഗങ്ങൾക്ക് യുക്തിസഹവും കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ ചികിത്സയും ഔഷധനിർദേശവും നൽകുന്നതിൽ വ്യക്തമായ ചികിത്സാ മാനദണ്ഡങ്ങളും നിർദേശകതത്ത്വങ്ങളും തയ്യാറാക്കും. എല്ലാ മരുന്ന് നിർദേശങ്ങളിലും മരുന്നിന്റെ ജെനറിക് നാമം കൂടി രേഖപ്പെടുത്തണം. മരുന്ന് നിർദ്ദേശങ്ങളുടെ ഓഡിറ്റും കാലാകാലങ്ങളിൽ നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP