Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖസാക്കിന്റെ ഇതിഹാസം അച്ഛനറിയാതെ രണ്ടാം ഭാര്യയെ പ്രാപിക്കുന്ന വ്യഭിചാരകഥ; എം ടിയുടെ അസുരവിത്തും കാലവും തെമ്മാടിത്തരങ്ങളുടെ കൂത്തരങ്ങ്; കറുത്തമ്മയുടേയും പരീക്കുട്ടിയുടേയും പാട്ട് തെമ്മാടിത്തരത്തിന്റെ വസ്ത്രാക്ഷേപം; മലയാളത്തിന്റെ പ്രിയകഥാകാരന്മാരെ അധിക്ഷേപിച്ച് മതപ്രഭാഷകൻ റഹമത്തുല്ല ഖാസിമി

ഖസാക്കിന്റെ ഇതിഹാസം അച്ഛനറിയാതെ രണ്ടാം ഭാര്യയെ പ്രാപിക്കുന്ന വ്യഭിചാരകഥ; എം ടിയുടെ അസുരവിത്തും കാലവും തെമ്മാടിത്തരങ്ങളുടെ കൂത്തരങ്ങ്; കറുത്തമ്മയുടേയും പരീക്കുട്ടിയുടേയും പാട്ട് തെമ്മാടിത്തരത്തിന്റെ വസ്ത്രാക്ഷേപം; മലയാളത്തിന്റെ പ്രിയകഥാകാരന്മാരെ അധിക്ഷേപിച്ച് മതപ്രഭാഷകൻ റഹമത്തുല്ല ഖാസിമി

മറുനാടൻ ഡെസ്‌ക്ക്

കോഴിക്കോട്:  മതപ്രഭാഷകർ സോഷ്യൽ മീഡിയയിൽ ഓഡിറ്റിംഗിന് വിധേയമാകുന്ന കാലമാണിത്. മതവേദിയിൽ ശരിയെന്നു തോന്നുന്ന കാര്യങ്ങൾ പൊതുസമൂഹത്തിന് തെറ്റായി മാറിയേക്കാം. അത്തരം സാഹചര്യത്തിൽ ഓരോ പ്രഭാഷകരും കടുത്ത വിമർശനം നേരിടുന്നു. ഫാറൂഖ് കോളേജ് അദ്ധ്യാപകൻ പെൺകുട്ടികളെ അവഹേൡച്ചു കൊണ്ട് പ്രസംഗിച്ച സംഭവം വിവാദമായതിന് പിന്നാലെ പ്രശസ്തനായ ഒരു മതപ്രഭാഷകൻ കൂടി സോഷ്യൽമീഡിയയുടെ ഓഡിറ്റിംഗിന് വിധേയനായി.

മലബാറിലെ പ്രമുഖ മതപ്രഭാഷണ വേദികളിലെ സജീവ സാന്നിധ്യമായ റഹ്മത്തുള്ള ഖാസിമി നടത്തിയ പ്രസംഗമാണ് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കുന്നത്. മലയാളം സാഹിത്യ ലോകത്ത് ആദരവ് പിടിച്ചുപറ്റിയ സാഹിത്യകാരന്മാരുടെ കൃതികളെ അവഹേളിച്ചു കൊണ്ടാണ് ഖാസിമിയുടെ പ്രഭാഷണം. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങൾ ഏറ്റുവാങ്ങി പ്രചരിക്കുന്നുണ്ട്. എം ടി വാസുദേവൻ നായർ, ഒ വി വിജയൻ, തകഴി ശിവശങ്കരപ്പിള്ള, മൊയ്തു പടിയത്ത്, മുട്ടത്തുവർക്കി, ജോൺ ആലുങ്കൽ തുടങ്ങിയ സാഹിത്യകാരന്മാർക്കെതിരെയാണ് ഖാസിമിയുടെ വിമർശനം.

ഒരു റമദാൻ കാലത്തെ മതപ്രഭാഷണ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു സാഹിത്യസൃഷ്ടി എന്ന നിലയിൽ കാണാതെ മറിച്ച് തെമ്മാടിത്തവും അശ്ലീലവും കുത്തിനിറച്ചവയാണ് പുസ്തകങ്ങൾ എന്നു പറഞ്ഞാണ് വിമർശനം ശക്തമാകുന്നത്. നിരവധി പുരസ്‌ക്കാരങ്ങൾ നേടി മലയാളികൾ ഇപ്പോഴും ആവേശത്തോടെ വായിക്കുന്ന ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം അച്ഛനറിയാതെ അച്ഛന്റെ രണ്ടാം ഭാര്യയെ പ്രാപിക്കുന്ന മനസ്സിന്റെ വൃത്തികെട്ട കഥയാണെന്നാണ് ഖാസിമയുടെ വിലയിരുത്തൽ.

സമാനമായ വിധത്തിലുള്ള വിലയിരുത്തലാണ് ഖാസിമി മറ്റ് സാഹിത്യകാരന്മാരെ കുറിച്ചും നടത്തുന്നത. ശുദ്ധത്തെമ്മാടിത്തരങ്ങളുടെ കൂത്തരങ്ങാണ് എം ടിയുടെ കാലവും അസുരവിത്തും, ഇതേ നിലവാരം പുലർത്തുന്നവയാണ് തകഴിയുടെ ചെമ്മീനും, കയറും എന്നാണ് റഹ്മത്തുള്ള ആരോപിക്കുന്നു. എന്താ തകഴിയുടെ ചെമ്മീൻ,കയറ്? കറുത്തമ്മയുടേയും പരീക്കൂട്ടിയുടേയും പാട്ട് പാടിയിട്ട് മലയാളികളുടെ നാവ് തേഞ്ഞിട്ടുണ്ട്. തെമ്മാടിത്തരത്തിന്റെ വസ്ത്രാക്ഷേപമാണ്. ഇതിലൊക്കെ എന്ത് ആവിഷ്‌കാരമാണ്?' എന്നും ഖാസിമി തന്റെ പ്രസംഗത്തിൽ പറയുന്നു.

ഖാസിമിയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ:

മലയാളത്തിലെ സാഹിത്യങ്ങളെ നിരൂപിക്കാമെങ്കിൽ, അതിനൊരു വര വരക്കാമെങ്കിൽ ഖസാക്കിന്റെ ഇതിഹാസത്തിന്റെ മുമ്പും പിമ്പും എന്നാണ് പറയേണ്ടത്. ലോകചരിത്രത്തിന്റെ ഗതിമാറ്റിയത് കുരിശ് സംഭവമാണെങ്കിൽ അതുപോലെ മലയാളത്തിന്റെ ഗതി മാറ്റിയത് ഈ ഖസാക്കിന്റെ ഇതിഹാസമാണ് എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. എന്താ ഖസാക്കിന്റെ ഇതിഹാസത്തിന്റെ കഥ? അച്ഛന്റെ ഭാര്യ, അഥവാ ഇളയമ്മയെ അച്ഛനറിയാതെ പ്രാപിക്കുന്ന മനസ്സിന്റെ വൃത്തികെട്ട കഥയാണത്. ഞാൻ വിശദീകരിക്കുന്നില്ല, വിശുദ്ധ റമദാനാണ്, മഹാന്മാരൊക്കെ ഇരിക്കുന്ന സദസ്സാണ്, അതുകൊണ്ട് ഞാൻ വിശദീകരിക്കുന്നില്ല. എന്താ എം ടിയുടെ അസുരവിത്ത്, എന്താ കാലം? തെമ്മാടിത്തരങ്ങളുടെ കൂത്തരങ്ങ്. എന്താ തകഴിയുടെ ചെമ്മീൻ,കയറ്? കറുത്തമ്മയുടേയും പരീക്കൂട്ടിയുടേയും പാട്ട് പാടിയിട്ട് മലയാളികളുടെ നാവ് തേഞ്ഞിട്ടുണ്ട്. തെമ്മാടിത്തരത്തിന്റെ വസ്ത്രാക്ഷേപമാണ്. ഇതിലൊക്കെ എന്ത് ആവിഷ്‌കാരമാണ്?

സമപ്രായക്കാരായ സ്തനങ്ങൾ പൊങ്ങി നിൽക്കുന്ന തരുണീമണികൾ, കിഴവികളായ പെണ്ണുങ്ങളാണെങ്കിൽ സ്തനം ഒടിഞ്ഞു തൂങ്ങിയിട്ടുണ്ടാകും തുടങ്ങി സ്ത്രീ വിരുദ്ധ പരാമർശങ്ങളാണ് പ്രസംഗത്തിലുടനീളം. ആദ്യരാത്രികൾ തീരാത്ത ലോകമാണ് സ്വർഗമെന്നും ഇദ്ദേഹം പറയുന്നു. സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഈ പ്രസംഗത്തിനെതിരെ ഉയരുന്നത്.

മറ്റ് ചില മതപ്രഭാഷകരുടെ പ്രസംഗങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്തായാലും പതിവുപോലെ സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനങ്ങൾ ഇവർക്കെതിരായുണ്ട്. എന്നാൽ അവർ അവരുടെ അഭിപ്രായം പറയുന്നതാണെന്നും അതിൽ എന്താണ് തെറ്റെന്ന് ചോദിക്കുന്നവരുടെയും എണ്ണം കുറവല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP