Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വണ്ടിക്കൂലിക്ക് കാശ് ചോദിച്ച് വാട്‌സ് ആപ്പ് വഴി സന്ദേശം അയച്ചപ്പോൾ പ്രതികാരം തീർക്കാൻ സ്ഥലം മാറ്റവും അധിക്ഷേപവും; നികേഷ് കുമാറിനെ വിമർശിച്ച് റിപ്പോർട്ടർ ചാനൽ പ്രവർത്തകന്റെ രാജിക്കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

വണ്ടിക്കൂലിക്ക് കാശ് ചോദിച്ച് വാട്‌സ് ആപ്പ് വഴി സന്ദേശം അയച്ചപ്പോൾ പ്രതികാരം തീർക്കാൻ സ്ഥലം മാറ്റവും അധിക്ഷേപവും; നികേഷ് കുമാറിനെ വിമർശിച്ച് റിപ്പോർട്ടർ ചാനൽ പ്രവർത്തകന്റെ രാജിക്കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളത്തിൽ വാർത്താ ചാനലുകളിൽ ജേണലിസ്റ്റുകളുടെ കൂടുമാറ്റവും രാജിയും ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വാർത്താ ചാനൽ ആയ ഇന്ത്യാവിഷന്റെ തകർച്ചയും അടുത്തകാലത്താണ് സംഭവിച്ചത്. എം വി നികേഷ് കുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച റിപ്പോർട്ടർ ചാനലും അടുത്തകാലത്ത് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ബോണസ് വർദ്ധനവ് അടക്കമുള്ള സമരങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ ഇക്കാര്യത്തിൽ തൊഴിലാളികളുടെ പക്ഷത്തു നിന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവന്നത് നികേഷ് കുമാരിന്റെ ചാനലായിരുന്നു. എന്നാൽ, ഇങ്ങനെ തോട്ടം തൊഴിലാളികളുടെ ബോണസ് പ്രശ്‌നത്തിൽ ഇടപെട്ട് നിരന്തരം റിപ്പോർട്ടുകൾ ചെയ്ത റിപ്പോർട്ടർ ചാനലിലെ ജീവനക്കാർക്ക് നേരാവണ്ണം ശമ്പളം കിട്ടിയിട്ട് രണ്ട് മാസത്തോളം കഴിഞ്ഞു. വാർത്തയെടുക്കാൻ പോകാൻവണ്ടിക്കൂലിക്ക് കാശ് ചോദിച്ചാൽ പോലും കൈമലർത്തുന്ന അക്കൗണ്ട് വിഭാഗമാണെന്നാണ് ഇവിടുത്തെ മാദ്ധ്യമപ്രവർത്തകർ തന്നെ പറയുന്നത്.

ഇതിനിടെ ചാനലിലെ പ്രതിസന്ധി മുറുകുന്നതിനിടെ ചാനൽ എം ഡി എം വി നികേഷ്‌കുമാറിന്റെ നിഷേധ നിലപാടിൽ പ്രതിഷേധിച്ച് ഒരു മാദ്ധ്യമപ്രവർത്തകൻ രാജിവച്ചു. ഡൽഹി ബ്യൂറോയിൽ ജോലിചെയ്യുന്ന അരുൺ നാരായണന്റെ രാജികത്ത് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. തുടർച്ചയായി ശമ്പളം മുടങ്ങിയപ്പോൾ ഓഫീസിലേക്ക് വരാൻ വണ്ടിക്കൂലിക്ക് പണം ചോദിച്ചത് വലിയ കുറ്റമായി കണക്കിലെടുത്ത് മാദ്ധ്യമപ്രവർത്തകനോട് പ്രതികാര നടപടിയെന്നോണം ഉടനടി സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ചാണ് മാദ്ധ്യമപ്രവർത്തകൻ രാജിവച്ചത്. അക്കൗണ്ട്‌സ് വിഭാഗത്തിൽ നിരന്തരം ബന്ധപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിൽ എഡിറ്റർ ഇൻ ചീഫ് കൂടി ഉൾപ്പെട്ട വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ ദുരവസ്ഥ വിവരിച്ച മാദ്ധ്യമപ്രവർത്തകനാണ് നികേഷ് കുമാറിന്റെ പ്രതികാര നടപടിക്ക് പാത്രമായത്.

ചാനലിൽ നിന്നും രാജിവച്ചുള്ള രാജിക്കത്തിൽ എഡിറ്റർ ഇൻ ചീഫും എംഡിയുമായ നികേഷ് കുമാറിനെ വിമർശിച്ചാണ് മാദ്ധ്യമപ്രവർത്തകന്റെ രാജി. വാട്‌സ് ആപ്പ് വഴിയാണ് മാദ്ധ്യമപ്രവർത്തകന്റെ രാജി അതിവേഗം പ്രചരിക്കുന്നത്. വണ്ടിക്കൂലിക്ക് പണം ചോദിച്ചതിന്റെ പേരിൽ ശിക്ഷാ നടപടിയായി സ്ഥലം മാറ്റുകയും അധിക്ഷേപ വാക്കുകൾ ചൊരിയുകയും ചെയ്തുവെന്ന് രാജിക്കത്തിൽ വ്യക്തമാക്കുന്നു. ഡൽഹി ബ്യൂറോയിലെ മാദ്ധ്യമപ്രവർത്തകന്റെ രാജിയോടെ ചാനലിലെ മറ്റ് മാദ്ധ്യമപ്രവർത്തകരും കടുത്ത പ്രതിഷേധത്തിലാണ്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന രാജിക്കത്തിന്റെ പൂർണ്ണരൂപം ചുവടേ:

പ്രിയപ്പെട്ടവരെ, റിപ്പോർട്ടർ ചാനലിൽ നിന്ന് പടിയിറങ്ങുകയാണ്...നേരത്തെ ഡൽഹി ബ്യൂറോയിൽ നിന്ന് ഡസ്‌കിലേക്ക് എന്നെ സ്ഥലം മാറ്റിയ കാര്യം എല്ലാവരും തന്നെ അറിഞ്ഞിരിക്കുമല്ലോ. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് വേണ്ടിയെന്നാണ് ഔദ്യോഗികമായി എച്ച് ആർ മാനേജറും ഡസ്‌കിന്റെ ചുമതലയുള്ള വ്യക്തിയും ബ്യൂറോയുടെ ചുമതലയുള്ളവരെയും അറിയിച്ചത്. തുടർന്ന് എനിക്ക് ഉടൻ മാറാനുള്ള ബുദ്ധിമുട്ട് പലകുറി അവർ അറിയിച്ചിട്ടും തീരുമാനം മാറ്റാനാകല്ലെന്ന് എഡിറ്റർ ഇൻ ചീഫ് വ്യക്തമാക്കി. തുടർന്ന് ഒരു ദിവസം ബ്യൂറോയിലെ ലാൻഡ് ഫോണിലേക്ക് വിളിച്ച് എന്റെ സഹപ്രവർത്തകനോട് എഡിറ്റർ ഇൻ ചീഫ് പറഞ്ഞ ചില കാര്യങ്ങളാണ് ഈ കുറിപ്പിടാൻ കാരണം. എന്നെ സംബന്ധിക്കുന്ന കാര്യങ്ങൾ അദ്ദേഹം എന്നോട് ഇതുവരെ പറയാതെ മറ്റൊരാളോട് പറഞ്ഞത് ശരിയെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പക്ഷെ പറഞ്ഞത് എന്റെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയായ ഒരാളോടാണ് എന്നതിനാൽ എന്നെ അത് മാനസികമായി ബാധിച്ചില്ല.

അതേസമയം ഇതേകാര്യങ്ങൾ അദ്ദേഹം ഡസ്‌കിൽ ഉച്ചത്തിൽ പരസ്യമായാണ് പറഞ്ഞതെന്ന് വൈകാതെ എനിക്ക് അറിയാൻ കഴിഞ്ഞു. ഡസ്‌കിൽ അപ്പോൾ ഉണ്ടായിരുന്നവരിൽ പലരും ഇല്ലാതിരുന്നവരും അപ്പോളും അല്ലാതെയും തുടർന്ന് നിരവധി തവണ വിളിച്ച് കാര്യം അന്വേഷിക്കുകയും ചെയ്തു. പരസ്യമായി കുറ്റം പറഞ്ഞ സാഹചര്യത്തിൽ പരസ്യമായി തന്നെ അത് വിശദീകരിക്കേണ്ടതുണ്ട് എന്ന് എന്റെ വിവേചന ബുദ്ധിയിൽ തോന്നിയതിനാലാണ് ഈ കുറിപ്പ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.

അന്ന് അദ്ദേഹം പറഞ്ഞ കാര്യങ്ങളുടെ ചുരുക്കം ഇങ്ങനെ:

'ഡൽഹി ബ്യൂറോയിൽ ആരും പണി എടുക്കുന്നില്ല. ഉണ്ടായിരുന്നപ്പോൾ പത്രം നോക്കിയെങ്കിലും വാർത്ത നല്കുമായിരുന്നു. ( ച്ചേട്ടൻ പത്രം നോക്കിയെങ്കിലും എന്ന വാക്കിനോട് പൂർണ്ണമായി വിയോജിക്കുന്നു. അദ്ദേഹം വാർത്തയ്ക്ക് വേണ്ടി എങ്ങനെ കഷ്ടപ്പെടുന്ന ആളാണെന്നും ഓരോ ദിവസവും സ്വന്തം വാർത്ത കൊടുക്കാൻ ശ്രമിക്കുന്ന ആളാണെന്നും കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ബോധ്യപ്പെട്ട സഹപ്രവർത്തകൻ ആണ് ഞാൻ. മറ്റൊരാളെ കുറ്റപ്പെടുത്താൻ വേണ്ടി കൂടെ ഉള്ളവരെ താഴ്‌ത്തിക്കെട്ടുന്നതിന്റെ നിലവാരം വളരെ മോശമാണ്.) മറ്റുള്ളവർ അവിടെ വെറുതെ ഇരിക്കുകയാണ്. സ്വന്തം വാർത്തകൾ ഡൽഹി ബ്യൂറോ തരാറില്ല. ഇങ്ങനെയൊരാൾ ഇനി അവിടെ ആവശ്യമില്ല. ജോലി ചെയ്യുന്നതിനേക്കാൾ ശമ്പളം വാട്ട്‌സപ്പിൽ ചോദിക്കാനാണ് അവന് താല്പര്യം. ജോലി ചെയ്യാത്ത പച്ചക്കറികളെ ഡൽഹി ബ്യൂറോയിൽ ആവശ്യമില്ല. അവന് എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും കൊച്ചിയിലേക്ക് വന്നേ തീരു.

ബ്യൂറോ എക്‌സ്‌പെൻസ് ഇല്ലാ എന്നത് ഒഴിവു കഴിവാണ്. കൃത്യമായി എല്ലാ ബ്യൂറോകൾക്കും പൈസ അക്കൗണ്ട്‌സ് നല്കുന്നുണ്ട്. ഈ സ്ഥാപനം ആതുര സേവനത്തിനല്ല നടത്തുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. പക്ഷെ എല്ലാവരും സഹിക്കണം. ഈ സ്ഥാപനം പ്രവർത്തിക്കുന്നത് ഒരു കോസിന് (കാരണത്തിന്) വേണ്ടിയാണ്. 

ഇനി എന്റെ വിശദീകരണം:

പഞ്ചായത്ത് തിരഞ്ഞെടുപ്പല്ല, ശമ്പളം ചോദിച്ച് വാട്ട്‌സ്പ്പിൽ പോസ്‌ററിട്ടതാണ് ട്രാൻസ്ഫറിന് കാരണമെന്ന് വ്യക്തമാക്കിയതിന് നന്ദിയുണ്ട്. ശമ്പളം ചോദിച്ചതിന് അച്ചടക്ക നടപടി നേരിട്ടതിൽ അഭിമാനമുണ്ട്. ഇടുക്കി തൊഴിലാളികളുടെ പ്രശ്‌നത്തിൽ വാതോരാതെ പ്രസംഗിച്ച താങ്കൾ സ്വന്തം സ്ഥാപനത്തിലെ നിലപാട് വ്യക്തമാക്കിയല്ലോ. ഞാൻ ജോലി ചെയ്യുന്നില്ല എന്ന ആരോപണം എനിക്ക് വിശ്വസിക്കാവുന്നതല്ല. എന്റെ ബ്യൂറോയുടെ ചുമതയുള്ള ചേട്ടന്മാർ ആ ആക്ഷേപം ഉന്നയിച്ചിട്ടുമില്ല. ഈ ആരോപണത്തിന് രണ്ട് ദിവസം മുൻപ് മാത്രമാണ് ഹരിദ്വാറിൽ നിന്ന് പ്രതിയെ പിടിച്ച വാർത്ത നമ്മുടെ ചാനലിൽ രണ്ട് മണിക്കൂറോളം പോയ ശേഷം മാത്ര മറ്റുള്ളവർ ഏറ്റെടുത്തത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഞാൻ നല്കിയ വാർത്തകളുടെ കണക്കുകൾ മുല്ലപ്പെരിയാറും കസ്തൂരിരംഗനും ആറന്മുളയും മുതൽ എയർകേരളയും വിഴിഞ്ഞവും വരെ എന്റെ പക്കലുണ്ട്. പച്ചക്കറി എന്ന് വിളിച്ചത് ഏത് അർത്ഥത്തിലാണ് എനിക്കറിയില്ല. ജാതീയമായി അധിക്ഷേപിച്ചതാണെങ്കിൽ ഒരു ചിരി മാത്രമാണ് അതിന് മറുപടി. സാമ്പത്തിക കാര്യം . ഉദാഹരണം ഹരിദ്വാർ എടുക്കുക. പ്രതിയെ പിടിച്ചത് അറിഞ്ഞപ്പോൾ ഹരിദ്വാറൽ പോയിരുന്നെങ്കിൽ ഉണ്ടാകുമാായിരുന്ന മേൽക്കൈ ഇല്ലാതാക്കിയത് താങ്കൾ അവകാശപ്പെട്ടത് പോലെ കൃത്യമായ പണം ഇട്ട് തരാത്ത ആളുകൾ തന്നെയാണ്. പലപ്പോഴും വീട്ടിൽ നിന്ന് ചെലവിന് മേടിച്ച പൈസക്ക് പെട്രോൾ അടിച്ച് ഷൂട്ടിന് പോയവരാണ് ഈ ബ്യൂറോയിലെ എല്ലാവരും. മറ്റ് ചാനലുകാരുടെ വണ്ടിയിൽ കയറി പോകേണ്ടി വന്ന ഷൂട്ടുകളുമുണ്ട്. കൃത്യമായി ബ്യൂറോ എക്‌സ്‌പെൻസ് വന്നതിനാലാണല്ലോ ഇതൊക്കെ ചെയ്യേണ്ടി വന്നത്. ഇത് ഈ ബ്യൂറോയിൽ മാത്രമല്ല ഒട്ടുമിക്ക ബ്യൂറോയിലും സഭവിക്കാറുള്ളതാണെന്നാണ് എന്റെ വിശ്വാസം.

അടുത്തത് ഈ സ്ഥാപനം Charity  അല്ലെന്നും.. അതേസമയം ഒരു cause നു വേണ്ടിയാണെന്നുമുള്ള വാക്കുകൾ. .....ഇത് രണ്ടും തമ്മിൽ ചേരുന്നില്ലല്ലോ സർ. ഒരു കോസിന് വേണ്ടിയാണെങ്കിൽ, സ്വന്തം സ്ഥാപനത്തിലെ തൊഴിലാളിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്ത് കോസാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. പിന്നെ, നിങ്ങൾ പറഞ്ഞതായി അറിയാൻ കഴിഞ്ഞത്, ശമ്പളമില്ലെങ്കിലും പണിയെടുക്കണമെന്നും റിപ്പോർട്ടറിൽ നിന്നും ഇറങ്ങിയാൽ ആർക്കും പോകാൻ സ്ഥലമില്ലെന്നും ഇന്ത്യാ വിഷനിലുണ്ടായിരുന്നവർ ജോലിക്ക് വേണ്ടി ഇപ്പോഴും വിളിച്ച് കൊണ്ടിരിക്കുന്നു എന്നുമാണ്....അത് ശരിയാണെങ്കിൽ ഒന്ന് ചോദിച്ചോട്ടെ ....ഒരാളുടെ ഗതികേടിനെ ചൂഷണം ചെയ്ത് പണിയെടുപ്പിക്കലാണോ നിങ്ങളുടെ കോസ്...ഞാനും വിശ്വസിച്ചിരുന്നു ഈ സ്ഥാപനം ഒരു കോസിന് വേണ്ടിയാണെന്ന്... അതുകൊണ്ട് തന്നെയാണ് നിങ്ങൾ കോർപ്പറേറ്റുകളെന്ന് വിളിച്ച് കളിയാക്കിയ, ഫാസിസ്റ്റുകളെന്ന് വിമർശിച്ച പല ചാനലുകളിൽ നിന്നും ജോലി വാഗ്ദാനം ലഭിച്ചിട്ടും പോകാഞ്ഞത്. പക്ഷെ കഴിഞ്ഞ ഏതാനും മാസങ്ങളായി അത് ഇല്ലാതായിരുന്നു. ഇപ്പോൾ അത് വ്യക്തമായി.

ഞാൻ ശമ്പളം ആവശ്യപ്പെട്ട് വാട്ട്‌സ്അപ്പിൽ പോസ്റ്റിട്ടത് ഗതികേട് കൊണ്ടാണ്. വാടകയും വീട്ട് ചിലവുമുൾപ്പെടെ ആവശ്യമുള്ള ഒരാൾക്ക് രണ്ട് മാസമായി ശമ്പളം കിട്ടാതെ വന്നപ്പോൾ ചോദിച്ചത് തെറ്റാണെന്ന് ഞാൻ കരുതുന്നില്ല. ആ പോസ്റ്റിന് മുൻപ് അക്കൗണ്ട്‌സിൽ എത്ര തവണ വിളിച്ചുവെന്ന് ഒന്ന് അന്വേഷിച്ച് നോക്കണം. അങ്ങേക്ക് അയച്ച മെസേജുകൾക്ക് ഒരു തവണയെങ്കിലും മറുപടി നല്കിയിട്ടുണ്ടോ. ആ പോസ്റ്റ് ഞാനിട്ടത് ഫേസ്‌ബുക്കിലല്ല.റിപ്പോർട്ടറിലെ സ്റ്റാഫുകൾ മാത്രമുള്ള അതും റിപ്പോർട്ടർമാർ മാത്രമുള്ള ഒരു ഗ്രൂപ്പിൽ. ഉറക്കെ ചോദിക്കുന്നവരെ അടിച്ചിരുത്താൻ ശ്രമിക്കുന്ന നിങ്ങളും ഒരു ഫാസിസ്റ്റല്ലെ...ഒരുകോർപ്പറേറ്റ് ആവുകയല്ലേ....ചിന്തിക്കുന്നത് നല്ലതാകും.

കഴിഞ്ഞ നാലര വർഷത്തിലേറെയായി ഒരിടത്ത് പണിയെടുക്കുന്ന വ്യക്തിയോട് മാറാൻ അസൗകര്യമുണ്ടോ എന്ന് ഒന്നു ചോദിക്കാൻ പോലും...നേരിട്ട് വേണ്ട...അല്ലാതെ പോലും തയ്യാറാകാത്ത... അതും 8 ദിവസത്തിനുള്ളിൽ കൊച്ചിയിൽ ജോയിൻ ചെയ്യണമെന്ന് നിർദ്ദേശിക്കുന്ന നിങ്ങളുടേത് പ്രതികാര ബുദ്ധിയല്ലെങ്കിൽ മറ്റെന്താണ്. മറ്റൊന്ന്....ശമ്പളം കിട്ടാത്തതിനേക്കാൾ ഭീകരം...അക്കൗണ്ട്‌സിൽ ഇരിക്കുന്ന ആളുടെ പെരുമാറ്റമാണ്....ഈ കുറിപ്പ് ഫേസ് ബുക്കിലിടാനാണ് പലരും നിർദ്ദേശിച്ചത്. പക്ഷെ ചാനലിനുണ്ടാക്കാവുന്ന നാണക്കേടോർത്ത് അതിന് ഞാൻ ആഗ്രഹിക്കുന്നില്ല. വാട്‌സ് ആപ്പിൽ തുടങ്ങിയത് അവിടെ തീർക്കുന്നു ...

നന്ദിയുണ്ട്...ജേർണലിസ്റ്റാകാൻ അവസരം തന്നതിന്. അതിന്റെ നന്മയും തിന്മയയും മനസ്സിലാക്കാൻ അവസരം തന്നതിന്. ഒപ്പം അഞ്ച് വർഷം മുൻപ് മനസ്സിൽ വച്ചാരാധിച്ച്...ഒപ്പം ജോലിചെയ്യണമെന്ന് ആഗ്രഹിച്ച വ്യക്തിയെ വിമർശിച്ചു കൊണ്ട് ഇറങ്ങിപോകാൻ ഇടയാക്കിയതിൽ ദുഃഖവും. എങ്കിലും നല്ല ഓർമ്മകൾ മാത്രം ബാക്കിയാക്കിയാണ് ഡൽഹി ബ്യൂറോയിൽ നിന്ന് പടിയിറങ്ങുന്നത്.. ബ്യൂറോയിലുള്ള, ഉണ്ടായിരുന്ന എല്ലാവരോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട്. എല്ലാവർക്കും നന്ദി..സ്‌നേഹിച്ചതിന് കൂടെ നിന്നതിന്... ഈ കുറിപ്പ് ഈ സ്ഥാപനത്തെ സ്‌നേഹിക്കുന്ന ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക...ഇറങ്ങിപോകുമ്പോൾ എന്തും പറയാമെന്ന ധാർഷ്ട്യത്തിനപ്പുറം...കണ്ടതും അനുഭവിച്ചതുമായ നീതികേട് പറഞ്ഞില്ലെങ്കിൽ ഇത്ര നാൾ ചെയ്ത തൊഴിലിനോട് നീതി പുലർത്താനാവില്ലെന്ന കുറ്റബോധം ഉണ്ടാകും..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP