Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കലിതുള്ളുന്ന ആളുകൾ ഒരു നിമിഷം ചിന്തിച്ചു നോക്കൂ; എല്ലാ മതവിഭാഗങ്ങളിൽ പെട്ട പുരോഹിതരും സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതിന് നിരവധി തെളിവുകൾ നമ്മുടെ മുന്നിലില്ലേ? സന്യാസിമാർ, മദ്രസക്കാർ, പള്ളീലച്ചന്മാർ എന്നിങ്ങനെ? ഇവരൊക്കെ സ്ത്രീകളെ അപമാനിക്കയായിരുന്നില്ലേ? മീശ നോവലിലെ പരാമർശത്തിന്റെ പേരിൽ എസ് ഹരീഷിനെ എതിർക്കുന്നവർ അറിയാൻ സാറാ ജോസഫ് എഴുതുന്നത്

കലിതുള്ളുന്ന ആളുകൾ ഒരു നിമിഷം ചിന്തിച്ചു നോക്കൂ; എല്ലാ മതവിഭാഗങ്ങളിൽ പെട്ട പുരോഹിതരും സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതിന് നിരവധി തെളിവുകൾ നമ്മുടെ മുന്നിലില്ലേ? സന്യാസിമാർ, മദ്രസക്കാർ, പള്ളീലച്ചന്മാർ എന്നിങ്ങനെ? ഇവരൊക്കെ സ്ത്രീകളെ അപമാനിക്കയായിരുന്നില്ലേ? മീശ നോവലിലെ പരാമർശത്തിന്റെ പേരിൽ എസ് ഹരീഷിനെ എതിർക്കുന്നവർ അറിയാൻ സാറാ ജോസഫ് എഴുതുന്നത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എസ് ഹരീഷിന്റെ മീശ നോവലിനെതിരെ സംഘപരിവാറും യോഗക്ഷേമസഭയും ഉൾപ്പെടെ വലിയ പ്രതിഷേധം ഉയർത്തുകയും നോവൽ കഥാകൃത്ത് പിൻവലിച്ചു എന്ന് മാതൃഭൂമി തന്നെ വെളിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ എഴുത്തുകാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സാഹിത്യലോകത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്.

നല്ലൊരു കഥാകൃത്തായ ഹരീഷ് സാഹിത്യ ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങൾ പിന്നിട്ടിട്ടേയുള്ളൂ എന്നും അദ്ദേഹം നോവൽ പിൻവലിക്കേണ്ടിവന്ന സാഹചര്യം സൃഷ്ടിച്ചവർ ആത്മവിമർശനപരമായി ഒരു വിലയിരുത്തൽ നടത്തണമെന്നും ആവശ്യപ്പെട്ടാണ് എഴുത്തുകാരി സാറാ ജോസഫിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. എഴുത്തുകാർ ദുർബ്ബലമനസ്‌കരാവാമെന്നും ചുറ്റുമുള്ളവരുടെ ആക്രമണം ഭയന്ന് രാജലക്ഷ്മി ആത്മഹത്യ ചെയ്തുവെന്നും ഓർമിപ്പിച്ചാണ് സാറ ടീച്ചറുടെ കുറിപ്പ്. 'ജീവിച്ചിരുന്നാൽ എഴുതിപ്പോവും.

എഴുതാതെ ജീവിക്കാൻ കഴിയില്ല.' അതായിരുന്നു, രാജലക്ഷ്മിയുടെ ആത്മഹത്യക്ക് കാരണം. അക്ഷരത്തെ കൊല്ലുന്ന രാഷ്ടീയ പ്രവർത്തനം വിനാശകരമാണ് എന്നും ഓർമിപ്പിക്കുന്ന സാറ ജോസഫ് എല്ലാ മതവിഭാഗങ്ങളിലെ പുരോഹിതരും സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതിന് നിരവധി തെളിവുകൾ നമുക്ക് മുന്നിലില്ലേ എന്നും തന്റെ പ്രതികരണത്തിൽ ചോദിക്കുന്നു.

സാറാ ജോസഫിന്റെ കുറിപ്പ് ഇപ്രകാരം:

എസ് ഹരീഷ് ഒരു നല്ല കഥാകൃത്താണ്. അയാൾ തന്റെ സാഹിത്യ ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങൾ പിന്നിട്ടതേയുള്ളൂ. നമ്മുടെ ഭാഷയ്ക്കും സാഹിത്യത്തിനും മികച്ച സംഭാവനകൾ അദ്ദേഹത്തിൽ നിന്നും ലഭിക്കുമെന്ന് ഉറപ്പാണ്. അദ്ദേഹം തന്റെ നോവൽപിൻവലിക്കേണ്ടി വന്ന സാഹചര്യം സൃഷ്ടിച്ചവർ ആത്മവിമർശന പരമായി ഒരു വിലയിരുത്തൽ നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

കഥയിൽ പറയുന്നതെല്ലാം ജീവിതത്തിൽ ഉള്ളതാവണമെന്നില്ല. ജീവിതത്തിൽ ഉള്ള തെല്ലാം കഥയിൽ കടന്നു വരണമെന്നുമില്ല. കഥയെ കഥയായിത്തന്നെ വേണം വായിക്കാൻ. ഹരീഷിന്റെ നോവലിൽ വന്ന ഒരു പരാമർശം സ്വന്തം അമ്മയെയും പെങ്ങളെയും പറ്റിയാണെന്ന്, അതല്ലെങ്കിൽ എല്ലാ ഹിന്ദു സ്ത്രീകളെയും പറ്റിയാണെന്ന് ഒരു ധാരണ പരത്തുകയും അത് ആളിക്കത്തിക്കുകയുമാണ്, ഇപ്പോഴുണ്ടായത്. ഞാനറിയുന്ന ഹരീഷ് വളരെ ഒതുങ്ങിയ പ്രകൃതമുള്ള മാന്യനായ ഒരു യുവാവാണ്. മികച്ച ഒരു കഥയുമായി രംഗ പ്രവേശം ചെയ്ത ആ എഴുത്തുകാരനെ വളരെ പ്രതീക്ഷയോടെയാണ് ഞങ്ങൾ കണ്ടിരുന്നതും രചനകൾക്ക് കാത്തിരുന്നതും. അദ്ദേഹം ഹിന്ദു വിഭാഗത്തിൽ പെട്ടയാളാണെന്ന് അദ്ദേഹത്തിന്റെ പേരിൽ നിന്ന് മനസ്സിലാക്കിയിട്ടുണ്ട്.

കഥയിലെ ഒരു ചെറിയ പരാമർശത്തിൽ കലിതുള്ളുന്ന ആളുകൾ ഒരു നിമിഷം ചിന്തിച്ചു നോക്കൂ. എല്ലാ മതവിഭാഗങ്ങളിൽ പെട്ട പുരോഹിതരും സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതിന് നിരവധി തെളിവുകൾ നമ്മുടെ മുന്നിലില്ലേ? സന്യാസിമാർ, മദ്രസക്കാർ, പള്ളീലച്ചന്മാർ എന്നിങ്ങനെ? ഇവരൊക്കെ സ്ത്രീകളെ അപമാനിക്കയായിരുന്നില്ലേ?

പുസ്തകം പിൻവലിപ്പിക്കുക, പുസ്തകം നിരോധിക്കുക, എഴുത്തുകാരെ കൊല്ലുക, നാടുകടത്തുക, കാരാഗൃഹത്തിലടക്കുക, ലൈബ്രറികൾക്ക് തീവെയ്ക്കുക, പുസ്തകം കത്തിക്കുക തുടങ്ങിയ ഒരു പാട് അക്രമങ്ങൾ ചെയ്തിട്ടുള്ള ഭരണാധികാരികൾ ലോകത്ത് ഉണ്ടായിട്ടുണ്ടു്. അവർ പിന്നീടു ചരിത്രത്തിൽ വെറുക്കപ്പെട്ടവരായിത്തീർന്നു എന്നല്ലാതെ എഴുത്ത് ഇല്ലാതാക്കാൻ ആർക്കും കഴിഞ്ഞില്ല.

എഴുത്തുകാർ ഇല്ലാതായുമില്ല. ജീവിതത്തിലെ ഏറ്റവും സത്യസന്ധവും അനിവാര്യവുമായ ആവിഷ്‌ക്കാരമായി ഭാഷയുണ്ടായ കാലം മുതൽ വാമൊഴിയും വരമൊഴിയും തുടരുന്നു. എഴുത്തുകാർ ദുർബ്ബലമനസ്‌കരാവാം. ചുറ്റുമുള്ളവരുടെ ആക്രമണം ഭയന്ന് രാജലക്ഷ്മി ആത്മഹത്യ ചെയ്തു. 'ജീവിച്ചിരുന്നാൽ എഴുതിപ്പോവും. എഴുതാതെ ജീവിക്കാൻ കഴിയില്ല.' അതായിരുന്നു, രാജലക്ഷ്മിയുടെ ആത്മഹത്യക്ക് കാരണം. അക്ഷരത്തെ കൊല്ലുന്ന രാഷ്ടീയ പ്രവർത്തനം വിനാശകരമാണ്. അതിനു വേണ്ടി സൈബർ ഗുണ്ടകളെ നിയമിക്കുന്ന മ്ലേച്ഛമായ പ്രവർത്തനം ബാധിക്കുക നമ്മുടെ മക്കളെയാണെന്നറിയുക.

അക്ഷരം വെളിച്ചമാണ്. സ്വാതന്ത്ര്യമാണ്. സ്വതന്ത്രമായും നിർഭയമായും എഴുതാൻ കഴിയുന്നില്ലെങ്കിൽ എഴുത്തുകാർ ഒന്നുകിൽ എഴുത്തു നിർത്തേണ്ടി വരും. അല്ലെങ്കിൽ അസത്യം എഴുതേണ്ടി വരും. എസ്. ഹരീഷ് നോവൽ പിൻവലിക്കേണ്ടി വന്ന സാഹചര്യം ഒരു വിപൽ സൂചനയാണെന്ന് ഞാൻ കരുതുന്നു. കേരളവും അതിന്റെ പിടിയിലാവുന്നത് ഭയാനകമാണ്. എഴുത്തുകാർ, ന്യൂനപക്ഷമെങ്കിലും, മത ഫാസിസത്തിനോടെതിരിടാൻ എഴുത്തുകാർ കരുത്തു നേടുകയല്ലാതെ വേറെന്തു വഴി?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP