Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അരുവിക്കരയിൽ സുലേഖയെ വേണ്ട; കാർത്തികേയനെ അപമാനിക്കരുതെന്ന ആവശ്യവുമായി ഫേസ്‌ബുക്കിൽ ഹാഷ് ടാഗ് പ്രചരണം

അരുവിക്കരയിൽ സുലേഖയെ വേണ്ട; കാർത്തികേയനെ അപമാനിക്കരുതെന്ന ആവശ്യവുമായി ഫേസ്‌ബുക്കിൽ ഹാഷ് ടാഗ് പ്രചരണം

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് കയറാൻ കോൺഗ്രസിന് സഹതാപ തരംഗം കൂടിയേ തീരൂ. അതുകൊണ്ട് തന്നെ ജി കാർത്തികേയന്റെ പിൻഗാമിയായി അദ്ദേഹത്തിന്റെ ഭാര്യയെ മത്സരിപ്പിക്കാനാണ് നീക്കം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും കെപിസിസി പ്രസിഡന്റ് വി എം സുധീരനും ഒരേ അഭിപ്രായം. എങ്ങനേയും ജയിക്കണം. രാഷ്ട്രീയം പറഞ്ഞു അരുവിക്കര നിലനിർത്താമെന്ന വിശ്വാസം ഭരണമുന്നണിക്കില്ലാത്തതാണ് ഇതിന് കാരണമെന്നും വിലയിരുത്തലുണ്ട്. എന്നാൽ ഇതിനോട് കോൺഗ്രസിൽ തന്നെ ഭിന്നാഭിപ്രായമുണ്ട്. പക്ഷേ കാർത്തികേയനോട് നന്ദികാട്ടാനെന്ന പറഞ്ഞ് സുലേഖയെ നേതൃത്വം ഉയർത്തിക്കാട്ടുമ്പോൾ ആർക്കും എതിർക്കാൻ കഴിയുന്നില്ല. സ്ഥാനാർത്ഥി മോഹവുമായി അരുവിക്കരയിൽ ഫ്‌ളെക്‌സുകൾ ഉയർത്തിയ നേതാക്കൾക്ക് താക്കീതും നൽകി.

ഇതെല്ലാം മനസ്സിലാക്കി തന്നെയാണ് സോഷ്യൽ മീഡിയയുടെ ഇടപെടൽ. മക്കൾ രാഷ്ട്രീയത്തിനെതിരെ തിരുത്തൽവാദമുയർത്തിയ നേതാവാണ് കാർത്തികേയൻ. കെമുരളീധരനെ രാഷ്ട്രീയ പിൻഗാമിയാക്കാനുള്ള കെ കരുണാകരന്റെ നീക്കത്തെ എതിർത്ത് കേരള രാഷ്ട്രീയത്തിന് പുതിയ ദിശബോധം നൽകിയ നേതാവ്. എന്തിന്റെ പേരിലായാലും അരുവിക്കരയിൽ കാർത്തികേയന്റെ ഭാര്യയെ നിറുത്തുന്നത് അപമാനിക്കലെന്നാണ് നിലപാട്. നോ ടു സുലേഖയെന്ന ഹാഷ് ടാഗിൽ നിലപാട് വിശദീകരിക്കുകയാണ് അവർ.

ഉന്നത രാഷ്ട്രീയ ബോധം കാണിച്ച കാർത്തികേയന്റെ പിന്തുടർച്ചയായി, കോൺഗ്രസ് പ്രവർത്തകപോലുമല്ലാത്ത അദ്ദേഹത്തിന്റെ ഭാര്യയെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർബന്ധിക്കുന്നത് ശരിയാണോ? മകനെ പോലെ അദ്ദേഹം കരുതിയ ചെന്നിത്തലയോ സഹോദരന്മാരെ പോലെ കരുതിയ ഏ.കെ ആന്റണിയോ ഉമ്മൻ ചാണ്ടിയോ സുലേഖയെ നിർബന്ധിച്ചാൽ അവർക്കാ വാക്കുകൾ നിരസിക്കാനാവില്ല. ഡോ.സുലേഖയെ അതിന് നിർബന്ധിക്കാതിരിക്കുകയെന്ന ധാർമ്മികത അവർ കാണിക്കുമോ/ അതോ യുഡിഎഫ് സർക്കാരിന്റെ നേട്ടത്തിനായി കാർത്തികേയന്റെ ആദർശ വ്യക്തിത്വത്തെ അവർ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിൽക്കുമോ #നോസുലേഖ എന്നവരും പറഞ്ഞിരുന്നെങ്കിൽ, കേരളത്തിന് കുടുംബ രാഷ്ട്രീയത്തിൽ നിന്ന് കരകയറാമായിരുന്നു...ഇങ്ങനെ പോകുന്ന അഭിപ്രായങ്ങൾ.

കുടുംബരാഷ്ട്രീയത്തിനെതിരായ പ്രചരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ സുലേഖയെ മത്സര രംഗത്ത് നിന്ന് മാറ്റി നിർത്താനുള്ള ഇടതു പക്ഷക്കാരുടെ തന്ത്രമാണ് ഹാഷ് ടാഗ് പ്രചരണമെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. അരുവിക്കരയിൽ കോൺഗ്രസേ ജയിക്കൂ. സുലേഖയ്ക്ക് നല്ല ജയസാധ്യതയുമുണ്ട്. ഈ സാഹചര്യത്തിൽ അവരെ തെരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്ന് മാറ്റി നിർത്താനുള്ള തന്ത്രം മാത്രമായിട്ടാണ് ഈ ഫെയ്‌സ് ബുക്ക് പ്രചരണത്തെ കോൺഗ്രസുകാർ കാണുന്നത്. സുലേഖ മത്സരിക്കാൻ താൽപ്പര്യപ്പെട്ടാൽ അവർ തന്നെ സ്ഥാനാർത്ഥിയാകുമെന്നും വിശദീകരിക്കുന്നു.

കാർത്തികേയന്റെ മരണത്തെ തുടർന്ന് ഒഴിവ് വന്ന അരുവിക്കര നിയോജകമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഉടൻ നടക്കുമെന്നാണ് സൂചന. സുലേഖയെ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസിന് താൽപ്പര്യമെങ്കിലും അവർ നിലപാട് വിശദീകരിച്ചിട്ടില്ല. മത്സരിക്കാനില്ലെന്ന് സുലേഖ പറഞ്ഞതായും സൂചനയുണ്ട്. എ കെ ആന്റണിയെ കൊണ്ട് സമ്മർദ്ദം ചെലുത്തി അവരെ മത്സരിപ്പിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതീക്ഷ. അതിനിടെയാണ് ഫെയ്‌സ് ബുക്കിൽ സുലേഖയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഹാഷ് ടാഗ് പ്രചരണം.

ഇടതു പക്ഷത്തിന് നല്ല വേരോട്ടമുള്ള മണ്ണാണ് അരുവിക്കരയിലേത്. തുടർച്ചയായി ആർഎസ്‌പി ജയിക്കുന്ന മണ്ഡലവും. 1992ൽ കാർത്തികേയനിലൂടെയാണ് ഇന്ന് അരുവിക്കരയെന്ന് അറിയപ്പെടുന്ന ആര്യനാട് മണ്ഡലം വലതുപക്ഷത്ത് എത്തിയത്. തുടർച്ചയായ 25 വർഷം കാർത്തികേയൻ ജനപ്രതിനിധിയുമായി. കാർത്തികേയന്റെ വ്യക്തിപരമായ സ്വാധീനം തന്നെയാണ് വിജയങ്ങളിൽ നിർണ്ണായകമായത്. ഈ സാഹചര്യത്തിലാണ് സുലേഖയെ മത്സരിപ്പിച്ച് അരുവിക്കര നിലനിർത്താനുള്ള കോൺഗ്രസ് ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP