ഫ്രീസർവീസിന് കാർ കൊടുത്തത് തന്നെ നെഞ്ചിടിപ്പോടെ; മടക്കിക്കിട്ടിയപ്പോൾ ആകെ ഫുൾസർവീസ് കഴുകൽ മാത്രം! സർവീസ് സ്റ്റേഷൻകാരുടെ തട്ടിപ്പ് രഹസ്യവീഡിയോയിൽ കണ്ട വാഹന ഉടമ ഞെട്ടി; ജീവനക്കാർ ഉച്ചയൂണ് കഴിക്കുന്നത് കാറിലെ എസി മാക്‌സിമത്തിലിട്ട്; കർണാടകയിലെ തട്ടിപ്പിന് പരാതി പറഞ്ഞപ്പോൾ മറുപടി സോറി മാത്രം
October 19, 2017 | 07:34 PM | Permalink

മറുനാടൻ മലയാളി ഡസ്‌ക്
ബെംഗലൂരു: കാറുകളുടെ സർവീസ് ഉടമകൾക്ക് എന്നും തലവേദനയാണ്. സർവീസ് സ്റ്റേഷനുകളിൽ അവ എത്തിക്കുമ്പോൾ തൊട്ട് തിരികെ വാങ്ങുമ്പോൾ വരെ പറഞ്ഞേൽപ്പിക്കുന്ന ജോലികൾ ചെയ്‌തോ, അതുപൂർണമായോ എന്നൊക്ക ആശങ്കപ്പെടുന്നവർ ഏറെയാണ്. സർവീസിനെ കുറിച്ച് പരാതികൾ ഉയരുന്നതും പതിവാണ്. ഇക്കാര്യത്തിൽ കാർ നിർമ്മാതാക്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഡീലർഷിപ്പുകൾ മിക്കവാറുമെല്ലാം സ്വകാര്യ കമ്പനികളാണ് കൈകാര്യം ചെയ്യുന്നത്.
സർവീസ് സ്റ്റേഷന്റെ ഭാഗത്തുനിന്നുള്ള മനഃപൂർവമായ വഞ്ചനയുടെ കഥ കർണാടകയിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്നു.സംഭവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തട്ടിപ്പ് മുഴുവൻ കാറിലെ ക്യാമറയിൽ പതിഞ്ഞുവെന്നുള്ളതാണ്.മാരുതി സുസുക്കി ബലേനോ ആർഎസിന്റെ ഉടമകയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
രണ്ടാമത്തെ ഫ്രീ സർവീസിന് വേണ്ടിയാണ് ഉടമ സർവീസ് സ്റ്റേഷനിലെത്തിയത്. ഫ്ളായിഡ് ലെവൽ, പൂർണമായ പരിശോധന, പതിവ് ക്ലീനിങ് തുടങ്ങിയവയാണ് രണ്ടാം സർവീസിൽ സാധാരണ ചെയ്യാറുള്ളത്. എന്നാൽ പൂർണവിശ്വാസത്തോടെ തന്റെ വാഹനം സർവീസിന് ഏൽപ്പിച്ച ഉടമയെ കബളിപ്പിക്കാനാണ് ജീവനക്കാർ ശ്രമിച്ചത്. കാറിനുള്ളിലെ ഡാഷ്‌ക്യാമിൽ സർവീസ് സ്റ്റേഷനിൽ എന്തുസർവീസാണ് നടത്തിയതെന്ന് തുറന്നുകാട്ടുകയും ചെയ്തു.
കാർ രാവിലെ സ്റ്റാർട്ട് ആക്കുമ്പോൾ പെട്രോളിന്റെ മണം ഉണ്ടെന്ന പരാതിയാണ് പ്രധാനമായും ഉടമ സർവീസ് സ്റ്റേഷനിൽ അറിയിച്ചത്.കാർ സ്റ്റാർട്ട് ചെയ്ത് ഒരുമിനിട്ട് നേരത്തേക്കാണ് മണമുണ്ടാകുക. സർവീസ് അഡൈ്വസർ ഈ പ്രശ്‌നം പരിശോധിച്ച് പരിഹരിക്കാമെന്ന് ഉറപ്പ് നൽകി. എന്നാൽ, വീഡിയോ പരിശോധിച്ചപ്പോൾ വാഹനയുടമ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കാറിൽ ഒരു സർവീസും സർവീസ് സ്‌റ്റേഷൻ ജീവനക്കാർ നടത്തിയില്ല.കാർ ഒന്നു കഴുകി അത്രമാത്രം!.ഫ്ളായിഡ് ലെവൽ പരിശോധിച്ചില്ല. ബോണറ്റ് ആകെ തുറന്നത് എഞ്ചിൻ ബേ വൃത്തിയാക്കാൻ വേണ്ടി മാത്രം.വാഷിങ് ലൈൻ ക്യൂവിൽ നിൽക്കുമ്പോൾ, സർവീസ് സ്‌റ്റേഷൻ ജീവനക്കാരന് ഉഷ്ണം തോന്നി. അപ്പോൾ പിന്നെ എസി മാക്‌സിമം സ്പീഡിൽ ഓണാക്കുക.വാഷിങ് കഴിഞ്ഞപ്പോൾ ചില ജീവനക്കാർക്ക് ഊണ് കഴിക്കാനും കാർ വേണം.വീണ്ടും കാറിൽ മാക്‌സിമം സ്പീഡിൽ എസി ഓണാക്കി വിശദമായ ഊണ്.ഉടമയുടെ ചങ്ക് പൊടിയാൻ വേറെന്തുവേണം!
വാഹനഉടമ തന്റെ ദുരനുഭവം വിവരിച്ച് വീഡിയോ ടീ്ം ബിഎച്ച്പി ഡോട്ട്‌കോമിൽ ബ്ലോഗിൽ പോസ്റ്റ് ചെയ്തപ്പോഴാണ് ഡീലർമാരും,വാഹനനിർമ്മാതാക്കളുമൊക്കെ ഉണർന്നത്. സർവീസ് സ്റ്റേഷൻ ജിഎമ്മും,എംഡിയും, മാരുതി സുസുക്കി സോണൽ ഹെഡുമൊക്കെ വിഷയത്തിൽ ഇടപെട്ട് മാപ്പുപറഞ്ഞു.എന്നാൽ വീഡിയോ ബ്ലോഗിൽ നിന്ന് പിൻവലിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഉടമ.ആളുകളെ പറ്റിക്കുന്ന ഈ ഏർപ്പാട് സർവീസ് സ്റ്റേഷനുകൾ ആവർത്തിക്കരുതെന്ന ആഗ്രഹത്തിലാണ് വീഡിയോ പിൻവലിക്കാത്തതെന്നും അദ്ദേഹം പറയുന്നു.