Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേടു ബാധിച്ച പാവം മനസിനെ സുഗതകുമാരി ടീച്ചർഎന്തു ചെയ്യും? സ്റ്റാലിനും ഹിറ്റ്‌ലറും ഒരുപോലെയെന്നും കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടെന്നും സ്ഥാപിക്കാൻ ശ്രമിക്കുന്നതിൽ നിഷ്പക്ഷതയുടെ പക്ഷം വ്യക്തമായി തെളിയുന്നുണ്ട് 'ടീച്ചർ' ! ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ സുഗതകുമാരി ടീച്ചറുടെ നിലപാട് വിമർശിക്കപ്പെടുന്നു; പി എസ് ശ്രീകല എഴുതുന്നു

കേടു ബാധിച്ച പാവം മനസിനെ സുഗതകുമാരി ടീച്ചർഎന്തു ചെയ്യും? സ്റ്റാലിനും ഹിറ്റ്‌ലറും ഒരുപോലെയെന്നും കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടെന്നും സ്ഥാപിക്കാൻ ശ്രമിക്കുന്നതിൽ നിഷ്പക്ഷതയുടെ പക്ഷം വ്യക്തമായി തെളിയുന്നുണ്ട് 'ടീച്ചർ' ! ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ സുഗതകുമാരി ടീച്ചറുടെ നിലപാട് വിമർശിക്കപ്പെടുന്നു; പി എസ് ശ്രീകല എഴുതുന്നു

സുഗതകുമാരിടീച്ചർ ഔദ്യോഗികമായി അദ്ധ്യാപികയല്ല. എങ്കിലും അവരെ പൊതുവിൽ ടീച്ചർ എന്ന് സംബോധന ചെയ്തുവരുന്നു. ടീച്ചർ എന്ന വിശേഷണവും സംബോധനയും അദ്ധ്യാപനം ഔപചാരികമായി നിർവ്വഹിക്കുന്നവരെ മാത്രം ഉദ്ദേശിച്ചല്ല തന്നെ.

അദ്ധ്യാപനം ഒരു തൊഴിൽ മാത്രമായി കാണുന്നവരും ഒരു വരുമാനമാർഗം മാത്രമായി കാണുന്നവരും ടീച്ചർ എന്ന വിശേഷണത്തിന് അർഹരുമല്ല. അതേ സമയം ഔപചാരികമായി അദ്ധ്യാപനം നിർവ്വഹിക്കാതെ തന്നെ സമൂഹത്തെ പഠിപ്പിക്കുന്ന പ്രവണതയുള്ളവർ - അത് വാക്കു കൊണ്ടോ ജീവിതം കൊണ്ടോ ആവാം - ടീച്ചറാണ്. കവി സുഗതകുമാരിയെ പലരും ടീച്ചർ എന്നു വിളിക്കുന്നത് ആ അർത്ഥത്തിലാണ്. എന്നാൽ, നിഷ്പക്ഷമെന്ന കാപട്യത്തിൽ തന്റെ പക്ഷമൊളിപ്പിക്കുന്നത് ഒരു ടീച്ചറിനും നന്നല്ല.

കേരളത്തിൽ ഒരു പ്രതീക്ഷയുമില്ലെന്നും ഭൂതകാല മഹിമകളിലാണ് ആശ്വാസമെന്നും സുഗതകുമാരിടീച്ചർ പറഞ്ഞതായി മാധ്യമ റിപ്പോർട്ട് കണ്ടു. റിപ്പോർട്ട് ശരിയാണെങ്കിൽ അവർ കണ്ണടച്ച് ഇരുട്ടാക്കുന്നു എന്ന് പറയേണ്ടി വരും. കേരളത്തിന്റെ ഭൂതകാലം ' ഭ്രാന്താലയ 'മെന്ന വിശേഷണത്തിന്റേതാണ്. കേരളത്തിന്റെ ഭൂതകാലം സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ അനുവാദമില്ലാതിരുന്നതാണ്. കേരളത്തിന്റെ ഭൂതകാലം തൊട്ടുകൂടായ്മയുടേതാണ്. കേരളത്തിന്റെ ഭൂതകാലം ശൈശവ വിവാഹങ്ങളുടേതാണ്. കേരളത്തിന്റെ ഭൂതകാലം പെൺശരീരങ്ങൾ ജന്മിമാർക്ക് കാഴ്ചവയ്ക്കപ്പെടേണ്ടി വന്നതാണ്. കേരളത്തിന്റെ ഭൂതകാലം ഇത്തരത്തിൽ നിരവധി മനുഷ്യത്വമില്ലായ്മകളുടേതാണ്. ആ ഭൂതകാല 'മഹത്വ' ങ്ങളെ പിഴുതെറിഞ്ഞാണ് ആധുനിക കേരളം വർത്തമാനത്തിലെത്തിയത്. ആധുനിക കേരളം, ഇന്ത്യക്ക് മതനിരപേക്ഷതയുടെ മാതൃകയാണ്, ഭ്രാന്താലയമല്ല. ആധുനിക കേരളം മാറുമറയ്ക്കൽ കലാപത്തിലൂടെ സൃഷ്ടിക്കപ്പെട്ടതാണ്. ആധുനിക കേരളം മിശ്രഭോജനത്തിലൂടെ രൂപപ്പെട്ടതാണ്. ആധുനിക കേരളം മനുഷ്യജാതി മാത്രമാണ് പ്രധാനമെന്നു പഠിപ്പിച്ചവർ സൃഷ്ടിച്ചതാണ്.

പശുവിന്റെ പേരിൽ മനുഷ്യർ കൊല്ലപ്പെടാത്ത നാടാണ് ഈ കേരളം. തൊണ്ണൂറു ശതമാനത്തിലധികം സ്ത്രീകൾ സാക്ഷരരായുള്ള നാടാണ് കേരളം. ആരോഗ്യത്തിലും ആയുർദൈർഘ്യത്തിലും മുന്നിലാണ് ആധുനിക കേരളം . ഈ കേരളത്തിൽ പ്രതീക്ഷ ഇല്ലാതിരിക്കുകയും ഭൂതകാലത്തെ വാഴ്‌ത്തുകയും ചെയ്യുന്നത് ചികിത്സ തേടേണ്ട രോഗമാണ്. സുഗതകുമാരി ടീച്ചർ എഴുതിയിട്ടുണ്ട് 'മുറിച്ചുമാറ്റാം, കേടു ബാധിച്ചൊരവയവം എന്നാൽ കേടു ബാധിച്ച പാവം മനസ്സോ '..
സുഗതകുമാരി ടീച്ചറുടെ മനസ്സിന് കേടു ബാധിച്ചിരിക്കുന്നു. ആ മനസ്സിനെ എന്തുചെയ്യും?

ഇപ്പോൾ, മറ്റൊരു റിപ്പോർട്ട് ശരിയാണെങ്കിൽ കൂടുതൽ രോഗാതുരമായിരിക്കുന്നു ആ മനസ്. ഇന്ത്യൻ മതനിരപേക്ഷതയ്ക്കും ഭരണഘടനയ്ക്കും ദേശീയതയ്ക്കും വേണ്ടി ധീരനിലപാടെടുത്ത ഒരു സ്ത്രീയെ, ഒരു മാധ്യമ പ്രവർത്തകയെ വെടിവെച്ചുകൊന്നപ്പോൾ ആ അരുംകൊലയെ സുഗതകുമാരി ടീച്ചർ കാണുന്നത് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളോടൊപ്പമാണ്. ആ കൊലപാതകത്തെ പ്രത്യക്ഷമായും പരോക്ഷമായും ന്യായീകരിക്കുന്നവർക്കെതിരെ ഒരു വാക്കു പോലും കവിയിൽ നിന്ന് പുറപ്പെടുന്നില്ല.

ഗൗരി ലങ്കേഷ് കേരളത്തിന്റെ മതനിരപേക്ഷതയെ അഭിനന്ദിച്ചു. സുഗതകുമാരി ടീച്ചർ കേരളത്തിൽ പ്രതീക്ഷിക്കാനൊന്നുമില്ലെന്ന് പറയുന്നു. ആരോടൊപ്പമാവണം നമ്മൾ?

ഇവിടെ, ഈ കേരളത്തിൽ, മനുഷ്യർക്ക് ഇഷ്ടമുള്ള വസ്ത്രവും ഇഷ്ടമുള്ള ഭക്ഷണവും ഇഷ്ടമുള്ള മതവും മതമില്ലായ്മയും തെരഞ്ഞെടുക്കാൻ അനുകൂലമായ സാഹചര്യമുണ്ടെന്നതിൽ ഗൗരി ലങ്കേഷ് അഭിനന്ദിച്ചു. വാക്കുകളെ വെടിയുണ്ട കൊണ്ടു നേരിടുന്ന നാടും കേരളവും ഒരു പോലെയെന്ന് സുഗതകുമാരി ടീച്ചർ. ആരോടൊപ്പമാവണം നമ്മൾ?

ടീച്ചർ, ഞങ്ങൾക്ക് പ്രതീക്ഷയുണ്ട് ഈ കേരളത്തിൽ. ഗൗരി ലങ്കേഷിനും കേരളത്തിൽ പ്രതീക്ഷയുണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും കാവലാവാൻ ശ്രമിച്ച ഇന്ത്യൻ പൗരയെ, ധീരയായ മാധ്യമ പ്രവർത്തകയെ, നിരായുധയായ ഒരു സ്ത്രീയെ ,അവരുടെ വീട്ടിനുള്ളിൽ കടന്നു ചെന്ന് വെടിവെച്ചുകൊന്ന ഭീരുത്വത്തോട് ഞങ്ങൾക്കു പുച്ഛമാണ്. ആ ഭീരുക്കളെ സംരക്ഷിക്കുന്നവരോട് ഞങ്ങൾക്ക് അമർഷമുണ്ട്. അവരെ സംരക്ഷിക്കാൻ കേരളത്തിന്റെ അഭിമാനങ്ങളെ തള്ളിപ്പറയുന്നവരോടും ഞങ്ങൾക്ക് സന്ധിയില്ല. സ്റ്റാലിനും ഹിറ്റ്‌ലറും ഒരുപോലെയെന്നും കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടെന്നും സ്ഥാപിക്കാൻ ശ്രമിക്കുന്നതിൽ നിഷ്പക്ഷതയുടെ പക്ഷം വ്യക്തമായി തെളിയുന്നുണ്ട് 'ടീച്ചർ'.

പി എസ് ശ്രീകലയുടെ ഫേസ്‌ബുക്ക് കുറിപ്പിൽ നിന്ന്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP