Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോപ്പുലർഫ്രണ്ടിനെ മാത്രമല്ല പോഷക ഘടകങ്ങളെയും വർഗീയ ചിന്ത വളർത്തുന്ന റൈറ്റ്തിങ്കേഴ്സ് പോലുള്ള ഗ്രൂപ്പുകളെയും നിരോധിക്കണം; കേന്ദ്രസർക്കാർ നീക്കത്തിന് സ്വാഗതമോതി വനിതാ ലീഗ് നേതാവ്; സുഹറാ മമ്പാടിനെ 'സംഘി'യാക്കി സോഷ്യൽ മീഡിയയിൽ വളഞ്ഞിട്ട് ആക്രമിച്ച് പോപ്പുലർ ഫ്രണ്ടും റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പും

പോപ്പുലർഫ്രണ്ടിനെ മാത്രമല്ല പോഷക ഘടകങ്ങളെയും വർഗീയ ചിന്ത വളർത്തുന്ന റൈറ്റ്തിങ്കേഴ്സ് പോലുള്ള ഗ്രൂപ്പുകളെയും നിരോധിക്കണം; കേന്ദ്രസർക്കാർ നീക്കത്തിന് സ്വാഗതമോതി വനിതാ ലീഗ് നേതാവ്; സുഹറാ മമ്പാടിനെ 'സംഘി'യാക്കി സോഷ്യൽ മീഡിയയിൽ വളഞ്ഞിട്ട് ആക്രമിച്ച് പോപ്പുലർ ഫ്രണ്ടും റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പും

എം പി റാഫി

മലപ്പുറം: പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ സ്വാഗതം ചെയ്ത് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട വനിതാ ലീഗ് നേതാവ് സുഹറാ മമ്പാടിനെ 'സംഘി'യാക്കി പോപ്പുലർഫ്രണ്ടും റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പും. കഴിഞ്ഞ ദിവസമാണ് സുഹറ തന്റെ ഫേസ്‌ബുക്ക് പേജിൽ പോപ്പുലർ ഫ്രണ്ടിനും റൈറ്റ്തിങ്കേഴ്സ് ഗ്രൂപ്പിനുമെതിരെ ആഞ്ഞടിച്ചത്.

നിലവിൽ മലപ്പുറം ജില്ലാ വനിതാ ലീഗ് പ്രസിഡന്റായ സുഹറ കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. തീവ്രവാദ വിരുദ്ധ പ്രഭാഷക കൂടിയായ സുഹറ മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള രാഷ്ട്രപതിയിൽ നിന്നുള്ള അവാർഡ് നേടിയിട്ടുണ്ട്. പോപ്പുലർഫ്രണ്ടിനെയും റൈറ്റ്തിങ്കേഴ്സ് ഗ്രൂപ്പിനെയും എതിർത്തതിന്റെ പേരിൽ നിരവധി പേരാണ് സുഹറയെ സോഷ്യൽ മീഡിയയിൽ വളഞ്ഞിട്ട് ആക്രമിക്കാൻ എത്തിയിരിക്കുന്നത്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ(പി.എഫ്.ഐ)യെ നിരോധിക്കുന്നു എന്ന വാർത്തകൾ മതേതര മനസുകൾക്ക് സന്തോഷമുണ്ടെന്നും പോപ്പുലർഫ്രണ്ടിനെയും പോഷക ഘടകങ്ങളെയും വർഗീയ ചിന്ത വളർത്തുന്ന റൈറ്റ്തിങ്കേഴ്സ് പോലുള്ള ഗ്രൂപ്പുകളെയും നിരോധിക്കണമെന്നും ഇതിന് എല്ലാ പിന്തുണയും അറിയിക്കുന്നു എന്നും കുറിക്കുന്നതായിരുന്നു സുഹറാ മമ്പാടിന്റെ പോസ്റ്റ്. എൻ.ഡി.എഫ് മാറി പി.എഫ്.ഐ ആയതു പോലെ പേരുമാറി രക്ഷപ്പെടാനുള്ള അവസരം ഇക്കുറി അധികാരികൾ ഒരുക്കരുത്. ജോസഫ് മാഷിന്റെ കൈവെട്ട് മുതൽ തിരൂരിലെ കൊലപാതകം വരെയുള്ള സംഭവങ്ങളിൽ പോപ്പുലർഫ്രണ്ടിന്റെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ പൂർണമായും ഇല്ലാതാകുന്ന രീതിയിലാവണം നിരോധനമെന്നും സുഹറ പോസ്റ്റിൽ മുന്നോട്ടു വെയ്ക്കുന്നു.

പോപ്പുലർഫ്രണ്ടിന് കീഴിൽ പല പേരുകളിലായി പ്രവർത്തിക്കുന്ന ഗ്രൂപ്പുകളെ കുറിച്ചും സുഹറ പോസ്റ്റിൽ പറയുന്നു. ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്) കേസുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ഏറെ പ്രതിരോധത്തിലായ റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിനെ പേരെടുത്ത് പറഞ്ഞായിരുന്നു സുഹറയുടെ പോസ്റ്റ്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ എൻ.ഐ.എ നിരീക്ഷിക്കുന്ന ഫേസ് ബുക്ക് ഗ്രൂപ്പ് കൂടിയാണ് റൈറ്റ് തിങ്കേഴ്സ്. വർഗീയ ചിന്ത വളർത്തുന്ന റൈറ്റ് തിങ്കേഴ്സ് പോലുള്ള ഗ്രൂപ്പുകളും പേജുകളും ഉന്മൂലനം ചെയ്യണമെന്നും എസ്.ഡി.പി.ഐ, വുമൺസ് ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട്, ഇമാംസ് കൗൺസിൽ തുടങ്ങിയ സംഘടകളൊക്കെ നിരോധനത്തിന്റെ പരിധിയിൽ വരണമെന്നും സുഹറ കുറിക്കുന്നു.

പഴുതടച്ച സമ്പൂർണ നിരോധനത്തിന് എല്ലാ പിന്തുണയും അറിയിക്കുന്നു എന്നുകൂടി കുറിച്ചാണ് സുഹറ പോസ്റ്റ് അവസമാനിപ്പിക്കുന്നത്. നൂറുകണക്കിന് ഷെയറുകൾ പോയ പോസ്റ്റിന് ആയിരത്തിലേറെ ലൈക്കുകൾ ഇതുവരെ ലഭിച്ചു. 1500 ഓളം കമന്റുകൾ പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. രൂക്ഷമായി സുഹറയെ എതിർക്കുന്നതായിരുന്നു പല കമന്റുകളും. ഗ്രൂപ്പിനെ പേരെടുത്ത് വിമർശിച്ചതോടെ റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ് അഡ്‌മിന്മാരടക്കം സുഹറക്കെതിരെ കമന്റുകളും പോസ്റ്റുകളുമായി രംഗത്തെത്തി. പൂർണ പിന്തുണ നൽകി മുസ്ലിംലീഗ് പ്രവർത്തകരും സുഹറ മമ്പാടിന്റെ കൂടെയുണ്ട്.

സുഹറ 'സംഘി'യായെന്നാരോപിച്ചായിരുന്നു കൂടുതലും കമന്റുകൾ. ആർ.എസ്.എസും പോപ്പുലർഫ്രണ്ടും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്നും നിരോധിക്കുകയാണെങ്കിൽ രണ്ട് സംഘടനകളേയും നിരോധിക്കണമെന്നുമുള്ള കമന്റുകളും ഉയർന്നു. മുജാഹിദ് പ്രവർത്തക കൂടിയായ സുഹറ മമ്പാടിന്റെ സലഫി ആശയത്തെയും കമന്റ് ബോക്സിൽ ചോദ്യം ചെയ്തു. അതേസമയം ലീഗ് അനുഭാവിയും പ്രവർത്തകരുമാണെന്നു പറഞ്ഞ് ഒറ്റപ്പെട്ട എതിർ കമന്റുകളും കാണാമായിരുന്നു. വിയോജിക്കാൻ ആർക്കും അവകാശമുണ്ടെന്നായിരുന്നു സുഹറ കമന്റിലൂടെ ഇന് മറുപടി നൽകിയത്.

മണ്ണാർക്കാട് കല്ലടി കോളേജിൽ പഠിക്കുന്ന കാലം മുതൽ എം.എസ്.എഫിലൂടെ രാഷ്ട്രീയ പൊതു പ്രവർത്തനം ആരംഭിച്ച സുഹറ മമ്പാട് കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലമായി മലപ്പുറത്തെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സജീവമാണ്. നിരവധി വർഷം പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. ഒരു വനിത മലപ്പുറം ജില്ലാ പഞ്ചായത്ത് അധ്യക്ഷയായെത്തിയതോടെ കണക്കുകൂട്ടലുകൾ തെറ്റിച്ചായിരുന്നു എയ്ഡഡ് സ്‌കൂൾ അദ്ധ്യാപികയായ സുഹറ മികച്ച പ്രവർത്തനം കാഴ്ച വെച്ചത്.

രാജ്യത്തെ മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള ബഹുമതിയിലേക്ക് ഇത് എത്തിച്ചു. മികച്ച പ്രാസംഗിക കൂടിയായ സുഹറ മുസ്ലിംലീഗിലെ തീവ്രവാദ വിരുദ്ധ ശബ്ദം കൂടിയാണ്. ബാബരി മസ്ജിദ് തകർക്കപ്പെട്ട കാലഘട്ടത്തിൽ സമാധാന സന്ദേശം എത്തിക്കുന്നതിന് മുൻപന്തിയിലുണ്ടായിരുന്നു. എല്ലാ തരം തീവ്രവാദങ്ങൾക്കുമെതിരെയും പ്രസംഗിക്കുന്നതിന് വനിതാ നേതാക്കളുടെ കൂട്ടത്തിൽ, അന്തരിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ചുമതലപ്പെടുത്തിയ വ്യക്തികൂടിയാണ് സുഹറ മമ്പാട്. നിലവിൽ മുജാഹിദ് വനിതാ വിഭാഗം സംഘടന എം.ജി.എം സംസ്ഥാന ഭാരവാഹിയുമാണ് സുഹറ.

സുഹറ മമ്പാടിന്റെ ഫേസ്‌ബുക്ക് കുറിപ്പ്:

'PFI പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെന്ന തീവ്രവാദ സ്വഭാവമുള്ള സംഘടനയെ കേന്ദ്ര സർക്കാർ നിരോധിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വരുന്നു. മതേതര മനസ്സുകളെ സംബന്ധിച്ച് ഈ വാർത്ത തീർച്ചയായും സന്തോഷകരമാണ്. ഇതിനു മുൻപും പലപ്പോഴും നിരോധനത്തിന്റെ വക്കിൽ നിന്ന് പേരുമാറ്റിയാണു ഇക്കൂട്ടർ രക്ഷപ്പെട്ടിട്ടുള്ളത്. അങ്ങിനെയാണു NDF എന്ന സംഘടന PFI ആയിമാറിയത്. ഇക്കുറി അത്തരത്തിലുള്ള പൊടിക്കൈകൾ കാണിച്ച് രക്ഷപ്പെടാനുള്ള അവസരം അധികാരികൾ ഒരുക്കരുത്.

ജോസഫ് മാഷിന്റെ കൈവെട്ടിയ കേസുമുതൽ അവസാനം നടന്ന തിരൂരിലെ കൊലപാതകം വരെ കേരളത്തിലെ ഒട്ടേറെ കേസുകളിൽ ഇവരുടെ പങ്ക് വ്യക്തമായിട്ടുള്ള സാഹചര്യത്തിൽ ഇവരുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുന്ന രീതിയിലാവണം നിരോധനം.
കൂട്ടത്തിൽ സോഷ്യൽ മീഡിയയിൽ NDF നിയന്ത്രണത്തിലുള്ള വർഗ്ഗീയ ചിന്തവളർത്തുന്ന ചില ഗ്രൂപ്പുകളും പേജുകളും ഉന്മൂലനം ചെയ്യണം. സംഘടനയുടെ പേരിലല്ലാതെ റൈറ്റ് തിങ്കേഴ്സ് Right_thinkers പോലുള്ള പേരുകളിലാണു ഇവ പലതും പ്രവർത്തിക്കുന്നത്. PFI ക്ക് കീഴിലുള്ള രാഷ്ട്രീയ പാർട്ടിയായ SDPI, വനിതാ സംഘടന വുമൺസ് ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട്, ഇമാംസ് കൗൺസിൽ തുടങ്ങിയവയൊക്കെ നിരോധനത്തിന്റെ പരിധിയിൽ വരണം. അത്തരത്തിൽ പഴുതടച്ചുള്ള സമ്പൂർണ്ണ നിരോധനത്തിനു എല്ലാ പിന്തുണയും അറിയിക്കുന്നു.' 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP