Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊതിയൂറാൻ അഷ്ടമുടിക്കായലിന്റെ തീരത്ത് ബീഫ് തന്നെ വേണമെന്നില്ല; നല്ല ഒന്നാന്തരം പച്ചക്കറികൾ കൊണ്ട് നാവിൽ വെള്ളമൂറ്റാം; കൈതപ്രത്തിന് ഒരുക്കിയ വെജിറ്റേറിയൻ വിഭവങ്ങളുടെ കഥ പറഞ്ഞു സുരേഷ് പിള്ള

കൊതിയൂറാൻ അഷ്ടമുടിക്കായലിന്റെ തീരത്ത് ബീഫ് തന്നെ വേണമെന്നില്ല; നല്ല ഒന്നാന്തരം പച്ചക്കറികൾ കൊണ്ട് നാവിൽ വെള്ളമൂറ്റാം; കൈതപ്രത്തിന് ഒരുക്കിയ വെജിറ്റേറിയൻ വിഭവങ്ങളുടെ കഥ പറഞ്ഞു സുരേഷ് പിള്ള

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അഷ്ടമുടക്കായലിന്റെ തീരത്ത് തെങ്ങാക്കൊത്തും പെരുംജീരകുമിട്ട പോത്തിറച്ചിയും നാടൻ പൊറോട്ടയും വച്ചാണ് സുരേഷ് പിള്ള കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ എല്ലാവരേയും കൊതിപ്പിച്ചത്. അതിന് മുമ്പ് ഈ മാസമാദ്യം ക്രിക്കറ്റ് താരം സാക്ഷാൽ ക്രിസ്‌ഗെയ്ൽ തന്നെ സുരേഷ് പിള്ളയുടെ നളപാകവൈഭവത്തിന് മുന്നിൽ വീണുപോയി. ഇപ്പോഴിതാ ചലച്ചിത്രലോകത്തെ കേരളത്തിന്റെ പ്രിയപ്പെട്ട കവി സാക്ഷാൽ കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് സുരേഷ്പിള്ളയുടെ കൈപ്പുണ്യം ബലേഭേഷ് എന്നുപറഞ്ഞ് ഈ ഷെഫിന് അനുമോദനം ചൊരിഞ്ഞത്.

നോൺവെജ് വിഭവം എന്നുകേട്ടാൽ വായിൽ കപ്പലോടിക്കുന്നവരാണ് ഏറെയും. അവൻ പച്ചക്കറിയാണെന്ന പ്രയോഗംപോലും അങ്ങനെയാണ്. എന്നാൽ കൈതപ്രം ദാമോദരൻ നമ്പൂതിരിക്കായി ഷെഫ് സുരേഷ് പിള്ള ഒരുക്കിയത് ഉഗ്രൻ വെജ് സദ്യതന്നെ. ഇതിന്റെ വിശേഷങ്ങൾ സുരേഷ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. രണ്ടുദിവസം കൊല്ലത്ത് താമസത്തിന് എത്തിയതായിരുന്നു കൈതപ്രം. റാവീസിലെ ഷെഫായ സുരേഷ്പിള്ള അടുക്കളയിലെ വൈഭവം പുറത്തെടുത്തു.

റാവീസിന്റെ തോട്ടത്തിൽ നിന്നുതന്നെ പറിച്ച വിഷംചേർക്കാത്ത പച്ചക്കറിയിൽ ശീമച്ചക്ക തോരനും ചുവന്നുള്ളി തീയലും ബീറ്റ്‌റൂട്ട് പച്ചടിയും കൈതച്ചക്ക കാളനും രവും സാമ്പാറും പരിപ്പുറിയും തേങ്ങാ ചു്ട്ടരച്ച ചമ്മന്തിയും ഉൾപ്പെടെ കുത്തരിച്ചോറും വിളമ്പിയാണ് കൈതപ്രത്തിന് സുരേഷ്പിള്ള സദ്യ ഒരുക്കിയത്. ബലേഭേഷ് എന്ന് പറഞ്ഞ് സാക്ഷാ നമ്പൂരിയായി കൈതപ്രം. സുരേഷിന്റെ രുചിമികവിൽ വീണുപോയതോടെ അടുത്തയാഴ്ച വീണ്ടുംവരുമെന്ന് പറഞ്ഞാണ് കൈതപ്രം പിരിഞ്ഞത്. സുരേഷ് പിള്ളതന്നെ ഇക്കാര്യം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയും ചെയ്തു.

പൊറോട്ടയും നാടൻ പോത്തിറച്ചിയും

മലയാളത്തിന്റെ സ്വന്തം കപ്പയും മീനും കറിവെച്ച് സായിപ്പന്മാരുടെ നാവിൽ വെള്ളമൂറിച്ച ഷെഫ്മാസ്റ്റർ സുരേഷ് പിള്ള കഴിഞ്ഞദിവസം എല്ലാവരേയും ആകർഷിച്ചത് പൊറോട്ടയും പോത്തിറച്ചിയും കോമ്പിനേഷൻ കായൽത്തീരത്ത് ഒരുക്കിവച്ച ചിത്രമിട്ടാണ്. കൊല്ലം റാവിസ് ഹോട്ടലിലെ ഷെഫായ സുരേഷ് മലയാളികളുടെ ഇഷ്ട വിഭവമായ പൊറോട്ടയും പോത്തിറച്ചി പാചകം ചെയ്ത് അഷ്ടമുടിക്കായലിന്റെ പശ്ചാത്തലത്തിൽ വെച്ച് ഫോട്ടെയെടുത്ത് പോസ്റ്റു ചെയ്താണ് അദ്ദേഹം ഭക്ഷണപ്രിയരെ കൈയിലെടുത്തത്. അഷ്ടമുടി കായലിന്റെ തീരം... തേങ്ങാ കൊത്തും പെരുംജീരകവുമിട്ട പോത്തിറച്ചി, ഒരു നാടൻ പൊറോട്ട, ചെമന്നുള്ളിയും മുളക് പൊടി വിതറിയ പച്ചമുളകും, പതിമുഖവും ചുക്കും ചേർത്ത് തിളപ്പിച്ചാറ്റിയ വെള്ളവും...! എന്നു പറഞ്ഞു കൊണ്ട് അദ്ദേഹമിട്ട പോസ്റ്റ് സൈബർ ലോകത്ത് വൈറലായി.

ചിത്രം കണ്ടാൽ തന്നെ ആരുടെയും നാവിൽ വെള്ളമൂറും. തീർച്ചയാണ്. പെരുംജീരകമിട്ട പോത്തിറിച്ചയുടെ അവസാനവട്ട മിനിക്കുപണിയുടെ വീഡിയോയും അദ്ദേഹം പോസ്റ്റു ചെയ്യുകയുണ്ടായി. വാഴയിലയിൽ വിളമ്പിയെ മലയാളികളുടെ പ്രിയപ്പെട്ട പൊറോട്ടയും ബീഫും സൈബർ ലോകത്തിന്റെ മനസ് കീഴടക്കി.

ഗെയിലിനെ വീഴ്‌ത്തിയ കൈപ്പുണ്യം

ഐപിഎല്ലിന്റെ വീണു കിട്ടിയ ഇടവേളയിൽ ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ ഭാര്യയും മകൾക്കും ഒപ്പം കൊല്ലത്തിന്റെ കായൽ സൗന്ദര്യം നുകരാൻ മെയ്ദിനത്തിൽ എത്തിയതും സുരേഷ്പിള്ളയുടെ പാചകവൈഭവത്തെ പ്രശംസിച്ചതും ചർച്ചായായിരുന്നു. കേരളാ രുചികൾ അറിയാനും പ്രകൃതി ഭംഗി ആസ്വദിക്കാരുമായിരുന്നു താരം കേരളത്തിൽ എത്തിയത്. ഗെയ്ലിന് നാവിനു വിരുന്നൊരുക്കിയതു കേരളത്തിന്റെ തനതു ഭക്ഷണങ്ങളോടെയായിരുന്നു.

കേരള രീതിയിൽ തന്നെ ഭക്ഷണം തയാറാക്കി നൽകണമെന്ന് ഗെയ്ൽ അവശ്യപ്പെട്ടതോടെ സുരേഷ് ഒരുക്കിയത് കരിമീൻ തേങ്ങാപ്പാലിൽ പൊള്ളിച്ചതും കായലിലെ വലിയ കൊഞ്ചു മുളകിട്ട് ചുട്ടതും ആട്ടിറച്ചിയുടെ വാരിയെല്ലിന്റെ കെബാബും കറുത്ത കോഴിയുടെ കാൽ ഗ്രാമ്പു ഇട്ടു പുകച്ചതും പോത്തിന്റെ നെഞ്ചടി കുരുമുളകും തേങ്ങാകൊത്തുമിട്ട് വരട്ടിയതും നെയ്മീൻ പച്ചമഞ്ഞളിട്ട് കനലിൽ ചുട്ടതും വെള്ള അകോലിയുടെ മൊയ്‌ലിയും എല്ലാമാണ്. ഗെയ്‌ലും കുടംബവും ഇത് ആസ്വദിച്ച് കഴിക്കുകയും ചെയ്തു.

ദശലക്ഷക്കണക്കിനു ആരാധകരുള്ള,സെലിബ്രറ്റിയാണനുള്ള ഒരു തല കനവുമില്ലാതെ ആർത്തുല്ലസിച്ചാണ് കുടുംബത്തിനോടൊപ്പം അപൂർവമായി ലഭിക്കുന്ന ചെറിയ ഇടവേള അദ്ദേഹം ആസ്വദിച്ചത്. റാവീസിൽ അദ്ദേഹത്തിനായി ഒരുക്കിയ ആറുനേരത്തെ ഭക്ഷണത്തിൽ പ്രാതലൊഴികെ ഏറെക്കുറെ എല്ലാം കേരളീയ വിഭവങ്ങൾ തന്നെ ആയിരുന്നു. ബ്രിട്ടനിലെ പാചക റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായ സുരേഷ് പിള്ള മലയാളികളുടെ പ്രിയ വിഭവങ്ങളെ വിദേശത്തും പരിചയപ്പെടുത്തിയതിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP