Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമ്പലത്തെയും കാമത്തെയും തമ്മിൽ ബന്ധപ്പെടുത്തിയതിന് പുസ്തകം പിൻവലിക്കണമെങ്കിൽ വി ടി യുടെ കണ്ണീരും കിനാവും അല്ലേ ആദ്യം പിൻവലിക്കേണ്ടത്? ലളിതാംബിക അന്തർജനത്തിന്റെ ദേവിയും ആരാധകനും എന്ന കഥ നിരോധിക്കണോ? മൂക്കിൻ തുമ്പിൽ മുട്ടി ഒരീച്ച പറന്നാൽ എന്റെ മതം എന്റെ ജാതി എന്നു പറയുന്നത് ലജ്ജാവഹം! ഹരീഷിന്റെ മീശ നോവലിന് എതിരെ ഉറഞ്ഞുതുള്ളി മാതൃഭൂമിക്ക് പരാതി അയച്ച യോഗക്ഷേമ സഭയെ എടുത്തുകുടഞ്ഞ് തനൂജ ഭട്ടതിരി

അമ്പലത്തെയും കാമത്തെയും തമ്മിൽ ബന്ധപ്പെടുത്തിയതിന് പുസ്തകം പിൻവലിക്കണമെങ്കിൽ വി ടി യുടെ കണ്ണീരും കിനാവും അല്ലേ ആദ്യം പിൻവലിക്കേണ്ടത്? ലളിതാംബിക അന്തർജനത്തിന്റെ ദേവിയും ആരാധകനും എന്ന കഥ നിരോധിക്കണോ? മൂക്കിൻ തുമ്പിൽ മുട്ടി ഒരീച്ച പറന്നാൽ എന്റെ മതം എന്റെ ജാതി എന്നു പറയുന്നത് ലജ്ജാവഹം! ഹരീഷിന്റെ മീശ നോവലിന് എതിരെ ഉറഞ്ഞുതുള്ളി മാതൃഭൂമിക്ക് പരാതി അയച്ച യോഗക്ഷേമ സഭയെ എടുത്തുകുടഞ്ഞ് തനൂജ ഭട്ടതിരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംഘപരിവാറുകാരുടെ സൈബർ ആക്രമണം ഭീഷണിയും മൂലം മീശ എന്ന നോവൽ പിൻവലിക്കേണ്ടിവന്ന നോവലിസ്റ്റ് ഹരീഷിന് എതിരെ യോഗക്ഷേമ സഭയും നിലപാട് കൈക്കൊണ്ടതിനെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരിയായ തനൂജ ഭട്ടതിരി. നോവലിൽ സ്ത്രീവിരുദ്ധ പരാമർശമുണ്ടെന്നും ഹൈന്ദവവിരുദ്ധമാണെന്നും ആക്ഷേപിച്ചായിരുന്നു സംഘപരിവാർ ഹരീഷിനെ ഭീഷണിപ്പെടുത്തിയത്. ഇതിന് പിന്നാലെ പൂജാരിമാരെ പറ്റി മോശം പരാമർശമാണ് നോവലിലേതെന്ന് ആക്ഷേപിച്ച് യോഗക്ഷേമ സഭയും രംഗത്തെത്തി. പലയിടത്തും സഭ നോവൽ പ്രസിദ്ധീകരിച്ച മാതൃഭൂമിക്ക് എതിരെ നിലപാടും കൈക്കൊണ്ടു. പ്രസിദ്ധീകരണങ്ങളും കത്തിച്ചു. ഇത്തരത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് ഹരീഷ് ഇന്ന് താൻ നോവൽ പിൻവലിക്കുന്നതായി അറിയിച്ചത്.

എന്നാൽ ഹരീഷിന്റെ നോവലിലെ പരാമർശങ്ങൾ പിൻവലിച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട യോഗക്ഷേമ സഭയുടെ നിലപാടിനെ നഖശിഖാന്തം വിമർശിച്ചാണ് ഇപ്പോൾ കഥാകൃത്ത് തനൂജ ഭട്ടതിരി എത്തിയിട്ടുള്ളത്. ഇനി വി ടി ഭട്ടതിരിപ്പാടിനെ റദ്ദുചെയ്യണമെന്ന് യോഗക്ഷേമ സഭ ആവശ്യപ്പെടുമോ എന്നും നമ്പൂതിരി സമുദായത്തിന്റെ ആധുനീകരണത്തിന് ചുക്കാൻ പിടിച്ച യോഗക്ഷേമ സഭ ഇന്ന് എവിടെ എത്തി നില്ക്കുന്നു എന്നും ചോദിച്ചാണ് തനൂജയുടെ വിമർശനം.

സഭയെ വച്ച് ഒരു നമ്പൂതിരി താലിബാൻ ഉണ്ടാക്കാനുള്ള ഈ ശ്രമങ്ങൾ കണ്ടാൽ ജനം ചിരിക്കുമെന്നും നോവൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിങ്ങൾ മാതൃഭൂമിക്ക് അയച്ച കത്ത് ചരിത്രവസ്തുവാകും എന്ന് പറഞ്ഞുമാണ് തനൂജയുടെ പ്രതികരണം. സദാചാരത്തിന്റെപേരിൽ, അമ്പലത്തെയും കാമത്തെയും തമ്മിൽ ബന്ധപ്പെടുത്തിയതിന് പുസ്തകം പിൻവലിക്കണമെങ്കിൽ വി ടി യുടെ കണ്ണീരും കിനാവും അല്ലേ ആദ്യം പിൻവലിക്കേണ്ടത്? - തനൂജ ചോദിക്കുന്നു. യോഗക്ഷേമ സഭ ഇന്ന് തരംതാണ് എവിടെ നിൽക്കുന്നുവെന്ന് ചോദിച്ചുകൊണ്ടാണ് തനൂജയുടെ പ്രതികരണം.

തനൂജയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

യോഗക്ഷേമസഭ വിടി ഭട്ടതിരിപ്പാടിനെ റദ്ദു ചെയ്യുമോ?

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വരുന്ന ഹരീഷിന്റെ മീശ എന്ന നോവലിലെ പരാമർശങ്ങൾ പിൻവലിച്ചു മാപ്പു പറയണമെന്ന് യോഗ ക്ഷേമ സഭ ആവശ്യപ്പെട്ടിരിക്കുന്നു. പത്രാധിപർക്കയച്ച കത്തിലാണാവശ്യം. 'ഈ വികല സൃഷ്ടിയുടെ തുടർപ്രസിദ്ധീകരണം നിറുത്തി വെച്ച് കേരളത്തിലെ സ്ത്രീ സമൂഹത്തോടും ബ്രാഹ്മണ സമൂഹത്തോടും ഹിന്ദു സമുദായത്തോ ടും നിങ്ങൾ പരസ്യമായി മാപ്പു പറയണം. ''എന്നത് കത്തിലെ ഒരു വാചകം മാത്രം.

നമ്പൂതിരി സമുദായത്തിന്റെ ആധുനീകരണത്തിന് ചുക്കാൻ പിടിച്ച യോഗ ക്ഷേമ സഭ എന്നസംഘടന ഇന്ന് എവിടെ എത്തി നില്ക്കുന്നു? താലിബാനികളെപ്പോലെ പുസ്തകം നിരോധിക്കാൻ നടക്കുകയാണോ സ്വതന്ത്രചിന്തയുടെ വെളിച്ചം വിതറിയ ഈ സഭയുടെ ഇന്നത്തെ പ്രവർത്തകർ! സഭയെ വെച്ച് ഒരു നമ്പൂതിരി താലിബാനുണ്ടാക്കാനുള്ള ശ്രമം ആളുകൾക്ക് ചിരിക്കാൻ മാത്രമേ വകയുണ്ടാക്കൂ എന്നത് വിവേകമുള്ളവർ ആലോചിക്കണം.നിങ്ങൾ മാതൃഭൂമിക്ക് അയച്ചകത്ത് ഒരു ചരിത്രവസ്തുവാകും. ഹരീഷിനെപ്പോലെ പുതുതലമുറയിലെ പ്രതിഭാശാലിയായ ഒരു എഴുത്തുകാരനെ എത്ര പാമരത്വത്തോടെയാണ് കണ്ടത് എന്നതിന്റെ എന്നത്തേക്കുമുള്ള തെളിവ്.

സദാചാരത്തിന്റെപേരിൽ, അമ്പലത്തെയും കാമത്തെയും തമ്മിൽ ബന്ധപ്പെടുത്തിയതിനെപ്പറ്റി പുസ്തകം പിൻവലിക്കണമെങ്കിൽ വിടി യുടെ കണ്ണീരും കിനാവും അല്ലേ ആദ്യം പിൻവലിക്കേണ്ടത്? പതിനേഴുകാരി അമ്മുക്കുട്ടി വാരസ്യാരുമായി അമ്പലത്തിൽ വച്ച് വിടി നടത്തിയ പ്രേമം വിവരിക്കുന്ന കണ്ണീരും കിനാവും? ലളിതാംബിക അന്തർജനത്തിന്റെ ദേവിയും ആരാധകനും എന്ന കഥ നിരോധിക്കണോ? ചെറുപ്പം മുതൽ ഒരു ക്ഷേത്രത്തിൽ പൂജാരിയായിരുന്ന ഒരു ബ്രഹ്മചാരിക്ക് തൊഴാൻ വരുന്ന ഒരു പെൺകുട്ടിയോട് താൻ പൂജിക്കുന്ന ദേവിയോടെന്ന പോലെ അടുപ്പം തോന്നുകയും വാർദ്ധക്യത്തിലും അതേ അടുപ്പം വിധവയായി ക്ഷേത്രത്തിൽ വരുന്ന അവളോട് തോന്നുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള കഥ?

ഐഹിക സുഖങ്ങൾ ഒരു മനുഷ്യനു മാത്രമെ മറ്റൊരു മനുഷ്യനു നൽകാനാവൂ. ഒരീശ്വരനും അതിനാവില്ല എന്നു മനസ്സിലാക്കി ശ്രീകോവിലിനുള്ളിൽ ദേവിയുടെ പട്ട് കത്തിച്ച് ആഭരണങ്ങൾ പാവപ്പെട്ടവർക്ക് നല്കിയ വൃദ്ധപൂജാരിയെക്കുറിച്ചുള്ള കഥ? ക്ഷേത്രാധികാരികൾ പൂജാരിയെ ആട്ടിപ്പായിക്കുമ്പോൾ ദരിദ്രരുടെ കണ്ണീർ തുടച്ചു കൊണ്ട് റോഡരുകിൽ ജീവിക്കുന്നു ആ മനുഷ്യൻ. കണ്ണീരിനെ നിങ്ങൾ റദ്ദ് ചെയ്യുമോ? സ്വാതന്ത്ര്യത്തെ? പ്രേമത്തെ? ലൈംഗികതയെ? എനിക്കുറപ്പുണ്ട് ഈ ബഹളം വെച്ച വരാരും ഈ നോവൽ വായിച്ചിട്ടില്ല. ആ ഖണ്ഡിക മാത്രം കേട്ടവർ കേട്ടവർ വായിച്ചെടുത്തു. ലമ്പടനായ ഒരാളുടെ പതിവ് വാചക കസർത്തുകളിലൊന്നാ ണതെന്ന് വായന ശീലമാക്കിയവർ ക്ക് മനസ്സിലാവും.

സ്ത്രീവിരുദ്ധത എന്തെന്ന് ആദ്യം മനസ്സിലാക്കണം. അതിന്റെ മഹത്വ വത്കരണമെന്തെന്നു മനസ്സിലാക്കണം . ഇതിൽ അങ്ങനെ ഇല്ല..മനസ്സ്, രചന ഇതൊക്കെ എന്താണെന്നാലോചിക്കണം. ലേഖനവും കഥയും തമ്മിലുള്ള വ്യത്യാസമറിയില്ലേ ?മുതിർന്ന ആളുകളാണ് നിങ്ങളൊക്കെ. അതിനാൽ ആദരവോടെ പറയുന്നു. ഈ പഴഞ്ചത്തരം കാണിക്കരുത്. ഒരു എഴുത്തുകാരി എന്ന നിലയിൽ പറയുന്നു, എഴുത്തിന്റെ സ്വാതന്ത്ര്യം നിങ്ങളുടെ ഔദാര്യത്തിലല്ല. ഹരീഷ് എഴുതിയതിനെക്കാളും രൂക്ഷമായ സാഹചര്യങ്ങൾ മലയാളത്തിൽ എഴുതപ്പെട്ടിട്ടുണ്ട്,

ഇനിയും എഴുതപ്പെടും, ഈ പേന വാങ്ങി ഉടച്ചു കളയാനാണ് നിങ്ങളുടെ വിചാരമെങ്കിൽ വരൂ, ഒരു കൈ നോക്കൂ. ഇത്തരം സമുദായ ചങ്ങലകളിൽ നിന്നൊക്കെ ഞാനെന്നേ പുറത്ത് വന്നതാണ്പക്ഷേ, പുസ്തകം കത്തിച്ചാൽ നിങ്ങൾ ജയിച്ചു എന്ന മണ്ടത്തരം കണ്ടതു കൊണ്ട് എഴുതിപ്പോയതാണ്. സിഗ്മണ്ട് ഫ്രോയ്ഡ് എന്നൊരു മനഃശാസ്ത്രജ്ഞൻ സ്ത്രീപുരുഷന്മാരുടെ ലൈംഗികകാർഷണത്തെക്കുറിച്ച് എഴുതിയത് കേട്ടിട്ടുണ്ടോ? മനസ്സിലെ ഇത്തരം വിചാരങ്ങളെ ഇഴകീറി പരിശോധിച്ചെഴുതിയതിന് ആ സിദ്ധാന്തങ്ങളെ എതിർക്കണ്ടെ?

സ്വതന്ത്ര ചിന്തയുടേതാണ് നമ്മുടെ എഴുത്തിന്റെപാരമ്പര്യം. സീതയുടെ പക്ഷത്തു നിന്ന് രാമനെ കാണുന്നതാണ്, ശ്രീരാമ വിമർശനമാണ് കഴിഞ്ഞ നൂറ്റാണ്ടിൽ മലയാളത്തിലുണ്ടായ ഏറ്റവും മഹത്തായ കൃതി. ''ചിന്താവിഷ്ടയായ സീത .'' ഗോപികമാരുടെ ഉടുതുണി മോഷ്ടിച്ച് മരക്കൊമ്പിലിരിക്കുന്ന കണ്ണൻ സ്ത്രീകൾ അരയ്‌കൊപ്പം വെള്ളത്തിൽ നിന്ന് കൈകൾ മാറത്ത് പിണച്ച് തൊഴുതുകൊണ്ട് വസ്ത്രം തിരികെ ചോദിക്കുമ്പോൾ തലക്കു മുകളിലേക്ക് കൈ കൂപ്പി യാൽ തിരികെ തരാം ആടകൾ എന്നു പറയുന്നു. എത്ര ആസ്വദിച്ചു അവയൊക്കെനമ്മൾ .എന്താ സ്ത്രീ വിരുദ്ധതയല്ലേ അത്? നമ്മുടെ കുട്ടികളുടെ കുളിമുറിയിൽ എത്തി നോക്കുന്നവനെ നമ്മൾ എന്ത് ചെയ്യും? പൂവിട്ട് പൂജിക്കുമോ? അപ്പോൾ കഥയുടെ വ്യത്യാസം നമുക്കറിയാം..പുരാണങ്ങൾ വിടൂ. കോളറകകാലത്തെ പ്രണയമോ ഏകാന്തതയുടെ നൂറു വർഷങ്ങളോ ഒക്കെ വായിച്ചിട്ടുണ്ടാവുമോ?ബഷീറിന്റെയും മാധവിക്കുട്ടിയുടെയും പുസ്തകങ്ങൾ ?

യോഗക്ഷേമ സഭയുടെ പാരമ്പര്യം വി ടിയെപ്പോലുള്ള പുരോഗമനവാദികളുടേതാണ്. അവരുടെ പ്രവൃത്തിയാണ് വെടിവട്ടവും കളിവട്ടവും വിടവട്ടവുമായി നടന്നവരെ കാലത്തിനനുസരിച്ച് മാറ്റിയെടുത്തത്. ഇഎം എസ്സ് വിടി ലളിതാംബിക അന്തർജനം എന്നിവരൊക്കെ എഴുത്തിൽ കൂടിയും പ്രസംഗത്തിൽ കൂടിയും നമ്പൂതിരിമാരുടെ വിദ്യാഭ്യാസത്തിനു വേണ്ടി വാദിച്ചു. വിധവാ വിവാഹം, പ്രായപൂർത്തി ആയതിനു ശേഷമുള്ള വിവാഹം, സ്വത്ത് ഓഹരി എന്നിവയൊക്കെ ഇവർ നമ്പൂതിരി സമുദായത്തിൽ സാദ്ധ്യമാക്കി. നമ്പൂതിരി സമുദായത്തിലെ പുരുഷന്മാർക്ക് അതിനുമുമ്പുള്ള പഴയ കാലത്തിന്റെ ഓർമകൾ ഇന്നുമുണ്ടാവണം.

മൂത്ത പുത്രൻ മാത്രം വിവാഹം കഴിക്കുകയും ഇളയ ആൺപ്രജകളെല്ലാം സംബന്ധവുമായി നാടാകെ നടന്ന കാലമുണ്ടായിരുന്നു. അന്തർജനങ്ങളെയെല്ലാം വീട്ടിനുള്ളിലെ ഇരുട്ടിൽ വീട്ടുവേലക്കും വേഴ്ചക്കും അടിമകളാക്കി വച്ചിരുന്ന കാലമുണ്ടായിരുന്നു. കാലമിനി പുറകോട്ടില്ല. ബ്രാഹ്മണരെ പറഞ്ഞു എന്നു പറഞ്ഞല്ല ഒച്ചയിടേണ്ടത്. ചുറ്റും നടക്കുന്ന മനുഷ്യത്വ രഹിത പ്രവൃത്തികൾക്ക് എതിരേയാണ് ഏവരുടെയും ഒച്ച ഉയരേണ്ടത്. ഇനി, ലോക സാഹിത്യവും വിവിധ മത പുരാണങ്ങളും ആധുനിക സാഹിത്യവും വായിച്ചാസ്വദിക്കുന്ന ഒരാൾ കൂടെയുണ്ടെങ്കിൽ മുന്നോട്ട് വരു ഹരീഷിന്റെ നോവലിനെ കുറിച്ച് എഴുത്തുകാരോട് സംസാരിക്കാം. അതല്ലാതെ മൂക്കിൻ തുമ്പിൽ മുട്ടി ഒരീച്ച പറന്നാൽ എന്റെ മതം എന്റെ ജാതി എന്നു പറയുന്നത് ലജ്ജാവഹം! എല്ലാവരോടുമായി ഒരപേക്ഷയുണ്ട്. സ്വന്തം ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചേ എന്തും ചെയ്യാവൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP