Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒന്നാം പേജിൽ ബൈലൈൻ സഹിതം പെരുങ്കള്ളം പ്രസിദ്ധീകരിക്കാൻ കാരണമായ ആ സ്രോതസ് വിളമ്പിത്തരുന്ന വിവരങ്ങളിൽ ഇനി കണ്ണും പൂട്ടി അച്ചടി മഷി പുരട്ടരുത്; നയ നിർദ്ദേശങ്ങൾ ആരെങ്കിലും കുറിപ്പെഴുതി കൈമാറുമെന്നും അതു കിട്ടിയപാടെ ധനമന്ത്രി അഭിപ്രായം രേഖപ്പെടുത്താതെ മുഖ്യ മന്ത്രിക്കു നൽകുമെന്നുമൊക്കെ എഴുതിപ്പിടിപ്പിക്കുന്നത് കാര്യങ്ങളെക്കുറിച്ച് വലിയ ധാരണ ഇല്ലാത്തതുകൊണ്ടാണ്; വീണ്ടും മനോരമക്കെതിരെ ആഞ്ഞടിച്ച് തോമസ് ഐസക്

ഒന്നാം പേജിൽ ബൈലൈൻ സഹിതം പെരുങ്കള്ളം പ്രസിദ്ധീകരിക്കാൻ കാരണമായ ആ സ്രോതസ് വിളമ്പിത്തരുന്ന വിവരങ്ങളിൽ ഇനി കണ്ണും പൂട്ടി അച്ചടി മഷി പുരട്ടരുത്; നയ നിർദ്ദേശങ്ങൾ ആരെങ്കിലും കുറിപ്പെഴുതി കൈമാറുമെന്നും അതു കിട്ടിയപാടെ ധനമന്ത്രി അഭിപ്രായം രേഖപ്പെടുത്താതെ മുഖ്യ മന്ത്രിക്കു നൽകുമെന്നുമൊക്കെ എഴുതിപ്പിടിപ്പിക്കുന്നത് കാര്യങ്ങളെക്കുറിച്ച് വലിയ ധാരണ ഇല്ലാത്തതുകൊണ്ടാണ്; വീണ്ടും മനോരമക്കെതിരെ ആഞ്ഞടിച്ച് തോമസ് ഐസക്

തിരുവനന്തപുരം: പെൻഷൻ പ്രായ വർദ്ധന സംബന്ധിച്ച വിഷയത്തിൽ വീണ്ടും മനോരമക്കെതിരെ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത്. തന്റെ വിമർശനങ്ങളോട് വിചിത്രമായ പ്രതികരണമവുമായാണ് മനോരമ രംഗത്ത് എത്തിയത് എന്നും വീണേടത്തു കിടന്ന് ഉരുളൽ ഒരു എഡിറ്റോറിയൽ അടവായി വികസിപ്പിക്കാൻ മനോരമയുടെ ലേഖകൻ തീരുമാനിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറയുന്നു, ഫേസ്‌ബുക്ക് വഴിയാണ് തോമസ് ഐസക് പ്രതികരിച്ചത്.

തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പെൻഷൻ പ്രായ വർദ്ധന സംബന്ധിച്ച മനോരമാവാർത്തയ്‌ക്കെതിരെയുള്ള എന്റെ വിമർശനങ്ങളോട് വിചിത്രമായ പ്രതികരണവുമായി ലേഖകൻ എത്തിയിട്ടുണ്ട്. എഡിറ്റ് പേജിലാണ് ഇത്തവണ പ്രതികരണം. വീണേടത്തു കിടന്ന് ഉരുളൽ ഒരു എഡിറ്റോറിയൽ അടവായി വികസിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചിട്ടുണ്ടെന്നു തോന്നുന്നു.

ഈ വിഷയത്തിൽ എന്റെ ആദ്യ വിശദീകരണം ഉൾപ്പേജിലെ മൂലയ്‌ക്കൊതുക്കി തടിതപ്പാനായിരുന്നു മനോരമ കഴിഞ്ഞ ദിവസം ശ്രമിച്ചത്. ഒരുപക്ഷേ, സോഷ്യൽ മീഡിയയുടെ ജാഗ്രതയാകാം, അതത്ര എളുപ്പമല്ല എന്ന തിരിച്ചറിവിലേയ്ക്ക് അവരെ എത്തിച്ചത്. അങ്ങനെ പത്രത്തിലെ ഏതോ മൂലയിൽ നിന്ന് വിഷയം എഡിറ്റ് പേജിലെത്തി. അടുത്ത ഘട്ടത്തിൽ ആസ്ഥാനവിദൂഷകരെയും അരങ്ങിൽ പ്രതീക്ഷിക്കുന്നു.

മനോരമയുടെ ചുമതലക്കാരെ ഒരിക്കൽക്കൂടി പ്രശ്‌നം ഓർമ്മിപ്പിക്കാം. പെൻഷൻ പ്രായം ഉയർത്തണമെന്ന വകുപ്പുതല ശുപാർശയിൽ അഭിപ്രായം രേഖപ്പെടുത്താതെ ഞാൻ മുഖ്യമന്ത്രിക്ക് ഫയൽ കൈമാറി എന്നാണ് ഇതേ ലേഖകൻ ഡിസംബർ 13ന് മനോരമയിൽ റിപ്പോർട്ടു ചെയ്തത്. ആ ഫയലിന്റെ നമ്പരെങ്കിലും വെളിപ്പെടുത്തണമെന്നായിരുന്നു ആവർത്തിച്ചുള്ള എന്റെ അഭ്യർത്ഥന.
ഇല്ലാത്ത ഫയലിന് നമ്പരുണ്ടാവില്ലല്ലോ. പിടിവീണപ്പോൾ പുതിയ അടവെടുക്കുന്നു. ഫയലിലല്ല, ബജറ്റു നിർദ്ദേശങ്ങളിലാണത്രേ ശുപാർശ.

ലേഖകന്റെ വാക്കുകൾ കേൾക്കൂ - 'ഫയൽ രൂപത്തിലല്ല ഇതു മന്ത്രിയുടെ ഓഫീസിലേയ്ക്കു പോകുന്നത്. ധനവകുപ്പു സെക്രട്ടറി കുറിപ്പായി ഇതു കൈമാറുകയേഉള്ളൂ. അതിനാൽ ഫയൽ നമ്പർ ഇടുകയില്ല'.

സഹോദരാ, ഏതു ധനകാര്യ സെക്രട്ടറി നൽകിയ കുറിപ്പിനെ സംബന്ധിച്ചാണ് താങ്കൾ പറയുന്നത്? മനോജ് ജോഷി ഐഎഎസാണ് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി. അദ്ദേഹം ഇങ്ങനെയൊരു കുറിപ്പു തയ്യാറാക്കുകയോ കാണുകയോ ചെയ്തിട്ടില്ല.. ഇനി, കേരളസംസ്ഥാനത്തെ ധനസെക്രട്ടറിയെക്കുറിച്ചു തന്നെയാണോ താങ്കൾ പറയുന്നത്? അതോ മറ്റേതെങ്കിലും സംസ്ഥാനത്തെയോ? ഇത്രയുമായ സ്ഥിതിക്ക് നാളെ അങ്ങനെയൊരു വിശദീകരണവുമായി ഇറങ്ങിയാലും അത്ഭുതമില്ല.

ഏതെങ്കിലും ഒരു ഉറവിടത്തെ ആശ്രയിച്ചായിരിക്കുമല്ലോ ഈ വാർത്ത. ആ വാർത്താ ഉറവിടത്തെ ദയവായി ഇനി വിശ്വസിക്കരുത്. ഒന്നാം പേജിൽ ബൈലൈൻ സഹിതം പെരുങ്കള്ളം പ്രസിദ്ധീകരിക്കാൻ കാരണമായ ആ സ്രോതസ് വിളമ്പിത്തരുന്ന വിവരങ്ങളിൽ ഇനി കണ്ണും പൂട്ടി അച്ചടി മഷി പുരട്ടരുത്. മാത്രമല്ല, സെക്രട്ടേറിയറ്റിലെ നടപടിക്രമങ്ങൾ ലേഖകൻ മനസിരുത്തി പഠിക്കുകയും വേണം. നയ നിർദ്ദേശങ്ങൾ ആരെങ്കിലും കുറിപ്പെഴുതി കൈമാറുമെന്നും, അതു കിട്ടിയപാടെ ധനമന്ത്രി അഭിപ്രായം രേഖപ്പെടുത്താതെ മുഖ്യ മന്ത്രിക്കു നൽകുമെന്നുമൊക്കെ എഴുതിപ്പിടിപ്പിക്കുന്നത് കാര്യങ്ങളെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലാത്തതുകൊണ്ടാണ്. ഈ വക കാര്യങ്ങളിൽ ലേഖകനൊരു പരിശീലനം സംഘടിപ്പിച്ചു കൊടുക്കാൻ മനോരമ തയ്യാറാകണം.

അദ്ദേഹത്തിനു മുന്നിൽ ഒരപേക്ഷ സമർപ്പിക്കുന്നു. താങ്കൾ പറയുന്ന കുറിപ്പ് ഇനിയെങ്കിലും എന്നെയൊന്നു കാണിക്കാനുള്ള ഔദാര്യമുണ്ടാകണം. അതു കാണാൻ അതിയായ ആഗ്രഹമുണ്ട്. ബജറ്റിന്റെ പണികൾ തുടങ്ങാറായി. അതിനു വേണ്ടിതയ്യാറാക്കിയ ശുപാർശ മന്ത്രി കാണേണ്ടതല്ലേ. എന്നെയൊന്നു സഹായിക്കൂ..

മനോരമയുടെ വാർത്ത നിഷേധിച്ചതിന്റെനാൾവഴിയും സമയക്രമവുമൊക്കെ ലേഖകൻ പരത്തി വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാർത്തയോട് അദ്ദേഹം ആഗ്രഹിക്കുന്ന സമയത്ത് പ്രതികരിച്ചിരിക്കണം എന്ന വാശിയൊക്കെ നല്ലതു തന്നെ. പക്ഷേ, വിശദീകരണം എപ്പോൾ നൽകണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹം എനിക്കുഅനുവദിക്കണം.

അവസാനമായി പറയട്ടെ, ഏതു വാർത്തയും വസ്തുതാപരമാകണം. ഡിസംബർ 13ന് പെൻഷൻ പ്രായം സംബന്ധിച്ച് മനോരമ ഒന്നാംപേജിൽ പ്രസിദ്ധീകരിച്ച വാർത്ത വസ്തുതാവിരുദ്ധമാണ്. പച്ചക്കള്ളമാണ് എഴുതിപ്പിടിപ്പിച്ചത്. ആ വാർത്ത പിൻവലിക്കണം. ഇന്നു പ്രസിദ്ധീകരിച്ചതുപോലുള്ള തൊടുന്യായങ്ങൾ ലേഖകനെയും പത്രത്തെയും കൂടുതൽ പരിഹാസ്യരാക്കുകയേ ഉള്ളൂ.

ഇപ്പോഴും പരാതി, പെൻഷൻ പ്രായം പിൻവലിക്കണമെന്ന നിർദ്ദേശമില്ലെന്നേ പറയുന്നുള്ളൂ എന്നാണ്. പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്ന നിർദ്ദേശമോ, വർദ്ധിപ്പിക്കാനുള്ള ഉദ്ദേശമോ സർക്കാരിനില്ല. തൃപ്തിയായോ?

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP