Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അറിഞ്ഞിരുന്നില്ല സർ, നിങ്ങളിത്രയും ദീർഘവീക്ഷണത്തോടെ ചിന്തിക്കുന്നവരാണെന്ന് അറിഞ്ഞിരുന്നതേയില്ല!: ഫുൾഫിഗർ പരസ്യത്തിന് പിണറായി മൂന്നരക്കോടി ചെലവിട്ടതിനെ വിമർശിച്ച് ബൽറാം; എന്തേ കൊൽക്കത്തയിൽ പരസ്യം നൽകാതിരുന്നതെന്നും കളിയാക്കൽ

അറിഞ്ഞിരുന്നില്ല സർ, നിങ്ങളിത്രയും ദീർഘവീക്ഷണത്തോടെ ചിന്തിക്കുന്നവരാണെന്ന് അറിഞ്ഞിരുന്നതേയില്ല!: ഫുൾഫിഗർ പരസ്യത്തിന് പിണറായി മൂന്നരക്കോടി ചെലവിട്ടതിനെ വിമർശിച്ച് ബൽറാം; എന്തേ കൊൽക്കത്തയിൽ പരസ്യം നൽകാതിരുന്നതെന്നും കളിയാക്കൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പിണറായിയുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി നൽകിയ പരസ്യങ്ങൾക്ക് കോടികൾ ചെലവിട്ടതിനെ നിശിതമായി വിമർശിച്ച് പ്രതിപക്ഷ എംഎൽഎ വി.ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. പിണറായി സർക്കാരിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ദേശീയ പത്രങ്ങളിലും അന്യഭാഷാ പത്രങ്ങളിലുമുൾപ്പെടെ ഫുൾപേജ് പരസ്യങ്ങളും കേരളത്തിൽ വലിപ്പച്ചെറുപ്പം നോക്കാതെ മിക്കവാറും എല്ലാ പത്രങ്ങൾക്കും പരസ്യം നൽകിയിരുന്നു. ഇതിന് 2.52 കോടിയും ദൃശ്യമാദ്ധ്യമങ്ങളിലെ പരസ്യങ്ങൾക്ക് 1.03 കോടിയുമാണ് സർക്കാർ ഖജനാവിൽ നിന്ന് ചെലവിട്ടത്. ധൂർത്ത് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ തുടക്കത്തിൽത്തന്നെ ഇപ്രകാരം പരസ്യംനൽകിയത് വൻ വിവാദമാകുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയായോ എംഎൽഎയായോ അധികാരമേറ്റിട്ടില്ലാത്ത വ്യക്തിയുടെ ഫോട്ടോ ഉൾപ്പെടുത്തിയത് നിയമപരമായിരുന്നോ എന്നും ഇക്കാര്യത്തിൽ ചട്ടലംഘനമുണ്ടായോ എന്നും ബൽറാം സഭയിൽ ചോദ്യം ഉന്നയിക്കുകയും ചെയ്തു. ഗവർണർ സത്യപ്രതിജ്ഞ ചെയ്യാൻ ആവശ്യപ്പെട്ട് കത്തുനൽകിയതിനു ശേഷം അദ്ദേഹം നിയുക്ത മുഖ്യമന്ത്രിയാണെന്നും അതിനാൽ ഫോട്ടോ പരസ്യത്തിൽ നൽകിയതിൽ ചട്ടലംഘനമോ നിയമലംഘടനമോ നടന്നിട്ടില്ലെന്നും ഇതിന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അദ്ദേഹത്തിന് മറുപടി നൽകുകയും ചെയ്തു.

സംസ്ഥാനത്തിന് പുറത്ത് കോടിക്കണക്കിന് രൂപ ചെലവഴിച്ച് പരസ്യങ്ങൾ നൽകിയതിലൂടെ കേരളത്തിലെ ജനങ്ങൾക്കെന്താണ് പ്രയോജനമെന്നും ബൽറാം ചോദിച്ചിരുന്നു. അതിന് മറുപടിയായി 'അഴിമതിക്കും പക്ഷപാതത്തിനും സ്വജന പക്ഷപാതത്തിനുമെതിരായ ജനവിധിയുടെ പ്രതീകമായതും, അങ്ങേയറ്റം ദുർബലരും പാർശ്വവൽക്കരിക്കപ്പെടുന്നതുമായ പൗരന്റെ അവകാശങ്ങൾക്ക് മുന്തിയ പരിഗണന നൽകുന്നതുമായ ഒരു പുതിയ സർക്കാർ അധികാരമേറ്റതുവഴി കേരള സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള പ്രതിച്ഛായ സംബന്ധിച്ച് ഇതര സംസ്ഥാനങ്ങളിലെ ജനങ്ങളിലും അവിടത്തെ മലയാളികളിലും അവബോധം സൃഷ്ടിക്കാനും അതുവഴി സംസ്ഥാനത്തിന് നേട്ടങ്ങൾ ഉണ്ടാക്കാനുമാണ് ഈ പരസ്യം കൊണ്ട് ഉദ്ദേശിക്കുന്നത്' എന്ന മറുപടിയാണ് പിണറായി നൽകിയത്.

ഈ മറുപടിയെ വിമർശിച്ചാണ് ബൽറാമിന്റെ പോസ്റ്റ്. ' അറിഞ്ഞിരുന്നില്ല സർ, അറിഞ്ഞിരുന്നില്ല. നിങ്ങളിത്രയും ദീർഘവീക്ഷണത്തോടെ ചിന്തിക്കുന്നവരാണെന്ന് അറിഞ്ഞിരുന്നതേയില്ല. മാപ്പാക്കണം. അച്ചടി, ദൃശ്യമാദ്ധ്യമങ്ങളിലൂടെ എന്റെ തല എന്റെ ഫുൾ ഫിഗർ മോഡലിലുള്ള ഈ ഒരൊറ്റ പരസ്യത്തിനായി 3 കോടി 56 ലക്ഷം രൂപ പൊതുഖജനാവിൽ നിന്ന് ചെലവഴിക്കാനുള്ള അനുവാദം കൂടി ഗവർണ്ണർ നിങ്ങൾക്ക് നൽകിയിട്ടുണ്ടെങ്കിൽ, ആ സാങ്കേതികത്വമാണ് ധൂർത്തിന്റെ പിന്നിലെ ധാർമ്മികതയേക്കാൾ നിങ്ങൾക്കുള്ള പിടിവള്ളി എങ്കിൽ, പിന്നെ എനിക്കൊന്നും പറയാനില്ല സർ' ബൽറാം പോസ്റ്റിൽ പറയുന്നു.

പിണറായിയുടെ നിയമോപദേഷ്ടാവ് ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ വക്കാലത്തെടുത്തതിനെയും മറ്റും പരാമർശിച്ചുകൊണ്ട് സർക്കാർ അധികാരത്തിലേറി ഇത്രയും കുറഞ്ഞകാലംകൊണ്ടുതന്നെ ഈ പരസ്യത്തുക മുഴുവൻ വെള്ളത്തിലായോ എന്ന സംശയവും ബൽറാം പങ്കുവയ്ക്കുന്നു. കേരളത്തിന്റെ മൊത്തത്തിലുള്ള പ്രതിച്ഛായയിൽ തൽപരരായ ആരും ബംഗാളിൽ ശേഷിക്കുന്നില്ലെന്ന തിരിച്ചറിവുകൊണ്ടാണോ കൊൽക്കത്തയിൽ പരസ്യം നൽകാതിരുന്നതെന്നും ബൽറാം ചോദിക്കുന്നു.

ദി ഹിന്ദു, ബിസിനസ് ലൈൻ, ഡെക്കാൻ ക്രോണിക്കിൾ, ടൈംസ് ഓഫ് ഇന്ത്യ, ന്യൂ ഇന്ത്യൻ എക്സ്‌പ്രസ്, ബിസിനസ് സ്റ്റാൻഡേർഡ് പത്രങ്ങളുടെ കേരളാ പേജിൽ പരസ്യം നൽകിയപ്പോൾ മറ്റുഭാഷകളിലെ നിരവധി പത്രങ്ങളിലും പ്രത്യേകം പരസ്യങ്ങൾ നൽകിയിരുന്നു. തമിഴ് പത്രങ്ങളായ തീക്കതിർ, ദിനകരൻ, കന്നഡയിൽ ഹൊസദിഗന്ധ, വിജയകർണാടക, വാർത്താഭാരതി, ചെന്നൈയിൽ ട്രിനിറ്റി മിറർ, ഡൽഹിയിൽ ഇന്ത്യൻ എക്സ്‌പ്രസ്, ഹിന്ദു, ഹിന്ദുസ്ഥാൻ ടൈംസ്്, എന്നിങ്ങനെ സംസ്ഥാനത്തിന് പുറത്തും സത്യപ്രതിജ്ഞയുടെ ഭാഗമായി പരസ്യങ്ങൾ നൽകിയിരുന്നു. ടൈംസ്ഓഫ് ഇന്ത്യയിലും എക്കണോമിക് ടൈംസിലും ഡൽഹി, മുംബൈ എഡിഷനുകളിലാണ് പരസ്യം നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP