Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചലച്ചിത്ര സാംസ്‌കാരിക പ്രവർത്തകരുടെ വാദമൊക്കെ അക്കാദമിക സദസ്സുകളിൽ മാത്രമെ ചെലവാകൂ; കഴിഞ്ഞ നാൽപ്പത് വർഷം അദ്ദേഹത്തെ കണ്ട്‌കൊണ്ടിരിക്കുന്ന പ്രേകഷകരോട് ഈ ന്യായം ഒന്നും പറയരുത്; മോഹൻലാൽ പിന്മാറരുതെന്നും അങ്ങനെ ഒഴിവാക്കപ്പെടേണ്ട ആളല്ലെന്നും സംവിധായകൻ വിസി അഭിലാഷ്; മോഹൻലാലിനെ ഒഴിവാക്കണമെന്ന് അവശ്യപ്പെട്ടവർക്കെതിരെ സംവിധായകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ചലച്ചിത്ര സാംസ്‌കാരിക പ്രവർത്തകരുടെ വാദമൊക്കെ അക്കാദമിക സദസ്സുകളിൽ മാത്രമെ ചെലവാകൂ; കഴിഞ്ഞ നാൽപ്പത് വർഷം അദ്ദേഹത്തെ കണ്ട്‌കൊണ്ടിരിക്കുന്ന പ്രേകഷകരോട് ഈ ന്യായം ഒന്നും പറയരുത്; മോഹൻലാൽ പിന്മാറരുതെന്നും അങ്ങനെ ഒഴിവാക്കപ്പെടേണ്ട ആളല്ലെന്നും സംവിധായകൻ വിസി അഭിലാഷ്; മോഹൻലാലിനെ ഒഴിവാക്കണമെന്ന് അവശ്യപ്പെട്ടവർക്കെതിരെ സംവിധായകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ വേദിയിൽ നടൻ മോഹൻലാലിനെ ഒഴിവാക്കണം എന്ന് ആവശ്യവുമായി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ച ചലച്ചിത്ര സാംസ്‌കാരിക പ്രവർത്തകരുടെ നടപടിക്കെതിരെ മോഹൻലാലിന് തുറന്ന പിന്തുണയുമായി സംവിധായകൻ വിസി അഭിലാഷ് രംഗത്ത്. ഇന്ദ്രൻസിന് മികച്ച നടനുള്ള അവാർഡ് ലഭിച്ച ആളൊരുക്കം എന്ന ചിത്രത്തിലെ സംവിധായകനാണ് വിസി അഭിലാഷ്. മോഹൻലാൽ ഇതിൽ നിന്നും പിന്മാറരുതെന്നും ലാലേട്ടൻ അങ്ങനെ ഒഴിവാക്കപ്പെടേണ്ടയാളല്ലെന്നും പോസ്റ്റിൽ പറയുന്നു.

മോഹൻലാലിന്റെ സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടുകയേയുള്ളുവെന്നും കാടടച്ച് വെടിവെയ്ക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും അഭിലാഷ് പറയുന്നു.ഇക്കൊല്ലം ഇന്ദ്രൻസേട്ടനോട് മത്സരിച്ച് തോറ്റയാളാണ് മോഹൻലാൽ എന്ന് ചിലർ പറയുന്നു. ഈ വർഷം ആ നടൻ അങ്ങനെ പിന്നിൽ പോയെന്നിരിക്കാം. പക്ഷെ അങ്ങനെ ഒരു വർഷക്കണക്ക് കൊണ്ടാണോ മോഹൻലാലിനെ അളക്കേണ്ടത്? ഈ വാദം അക്കാദമിക സദസ്സുകളിൽ വാദിച്ചോളൂ. പക്ഷെ കഴിഞ്ഞ നാൽപ്പത് വർഷം തീയറ്ററിൽ പോയും വീട്ടിലിരുന്നും സിനിമ കണ്ട് ഈ വ്യവസായത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രേക്ഷകസമൂഹത്തിന്റെ മുന്നിൽ ഈ മണ്ടത്തരം പറയരുത് എന്നും അഭിലാഷ് പറയുന്നു.

വിസി അഭിലാഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മോഹൻലാൽ പിന്മാറരുത്/
അങ്ങനെ ഒഴിവാക്കപ്പെടേണ്ട ആളല്ല

ഇന്ദ്രൻസേട്ടനെ ഇത്തവണ മികച്ച നടനാക്കിയ ആളൊരുക്കം എന്ന സിനിമയുടെ സംവിധായകൻ എന്ന നിലയിൽ ഞാൻ ഉറച്ച് വിശ്വസിക്കുന്നു-
സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മുഖ്യാതിഥിയായി മോഹൻലാലിനെ പങ്കെടുപ്പിക്കരുത് എന്ന് പറയുന്ന സുഹൃത്തുക്കളുടെ നിലപാട് അങ്ങേയറ്റം ബാലിശമാണ്.അങ്ങനെ ഒഴിവാക്കപ്പെടണ്ട ഒരാളാണ് മോഹൻലാൽ എന്ന നിലപാടിൽ അവർ എങ്ങനെ എത്തി എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

ഇത് കാടടച്ച് വെടി വയ്ക്കലാണ്. താരനിശ നടത്തി സംസ്ഥാന അവാർഡ് കൊടുക്കുന്നത് എതിർപ്പുകളെ തുടർന്ന് സർക്കാർ ഒഴിവാക്കി. അത് നല്ല തീരുമാനമാണ്. പക്ഷെ പുതിയ എതിർപ്പ് വല്ലാതെ അനുചിതമായിപ്പോയി.
മോഹൻലാലിന്റെ സാന്നിധ്യം
ആ ചടങ്ങിന് മാറ്റു കൂട്ടുകയേ ഉള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു.

കഷ്ടപ്പാടുകളെ അതിജീവിച്ച് സിനിമയിൽ സ്വന്തം ഇരിപ്പിടം കണ്ടെത്തിയ ഇന്ദ്രൻസേട്ടനെ പോലുള്ള ഒരാളിനോടുള്ള ആദരവ് കൂടിയായിരിക്കും മോഹൻലാലിന്റെ സാന്നിധ്യം. ഇന്ദ്രൻസേട്ടനും ഇക്കാര്യത്തിൽ എതിരഭിപ്രായം ഉണ്ടാവില്ലെന്നാണ് ഞാൻ കരുതുന്നത്.

ഇക്കൊല്ലം ഇന്ദ്രൻസേട്ടനോട് മത്സരിച്ച് തോറ്റയാളാണ് മോഹൻലാൽ എന്ന് ചിലർ പറയുന്നു. ഈ വർഷം ആ നടൻ അങ്ങനെ പിന്നിൽ പോയെന്നിരിക്കാം. പക്ഷെ അങ്ങനെ ഒരു വർഷക്കണക്ക് കൊണ്ടാണോ മോഹൻലാലിനെ അളക്കേണ്ടത്? ഈ വാദം അക്കാദമിക സദസ്സുകളിൽ വാദിച്ചോളൂ. പക്ഷെ കഴിഞ്ഞ നാൽപ്പത് വർഷം തീയറ്ററിൽ പോയും വീട്ടിലിരുന്നും സിനിമ കണ്ട് ഈ വ്യവസായത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രേക്ഷകസമൂഹത്തിന്റെ മുന്നിൽ ഈ മണ്ടത്തരം പറയരുത്.

പ്രതിഭ കൊണ്ട് മലയാള സിനിമയെ സർഗ്ഗാത്മകമായും സാമ്പത്തികമായും ഒരുപാട് മുന്നോട്ട് കൊണ്ടുപോയ വ്യക്തിത്വമാണ് മോഹൻലാൽ. അദ്ദേഹത്തെ മാറ്റി നിർത്തി മലയാള സിനിമ തന്നെ നമുക്ക് വായിച്ചെടുക്കാനാകില്ല.

വിമർശനാതീതനല്ല മോഹൻലാൽ. ഏത് വിഷയത്തിലും നമുക്ക് അദ്ദേഹത്തിനെതിരെ നിലപാടെടുക്കാം.പ്രതിഷേധിക്കാം. പക്ഷെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഒരു പരിപാടിയിൽ നിന്ന് അദ്ദേഹത്തെ മാറ്റി നിർത്തണമെന്ന് പറയുന്നത് വീണ്ടു വിചാരമില്ലാത്ത ചിന്തയാണ്. ഈ തരത്തിൽ അപമാനിക്കപ്പെടേണ്ട ആളാണോ മലയാളി ചലച്ചിത്രാസ്വാദകർക്ക് മോഹൻലാൽ?

ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ സംഭവിച്ചതും ഇത് തന്നെ എന്ന് ചിലർ വാദിക്കുന്നുണ്ട്. ആ ലോജിക്കും പിടി കിട്ടുന്നില്ല. രാഷ്ട്രപതി തരുമെന്ന് പറഞ്ഞ് ക്ഷണിച്ച് വരുത്തുകയും ഒടുവിൽ കേന്ദ്രമന്ത്രിയുടെ കയ്യിൽനിന്നു പുരസ്‌കാരം സ്വീകരിക്കേണ്ടി വരുന്ന നുണയെ/ നീതികേടിനെതിരെയാണ് ആ പ്രതിഷേധം നടന്നത്. ആ വിഷയവും ഈ വിഷയവും തമ്മിൽ എങ്ങനെയാണ് പൊരുത്തപ്പെടുക.?

ഇവിടെ അവാർഡ് സമ്മാനിക്കുന്നത് മുൻവർഷങ്ങളിലെ പോലെ മുഖ്യമന്ത്രി തന്നെയാണ്. ആ ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയായി ഉണ്ടാവുന്നത് ചടങ്ങിന് കൂടുതൽ യശസ് നൽകും എന്ന് കരുതുന്നു.

അനുബന്ധം : ഈ അഭിപ്രായം പറയുന്നതിന്റെ പേരിൽ, സുഹൃത്തുക്കളായ പലരും എന്നോട് പിണങ്ങും എന്നെനിക്കറിയാം. പക്ഷെ എന്ത് ചെയ്യാം, എത്ര ആലോചിച്ചിട്ടും ഇക്കാര്യത്തിൽ എനിക്ക് നിങ്ങളോട് ഐക്യപ്പെടാൻ വയ്യ. ക്ഷമിക്കുക.?

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP