Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുടയുടെ മറവിലെ സ്നേഹത്തിന് വേണ്ടത് ചുട്ട അടി തന്നെ; ചാനൽ ചർച്ചകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരസ്യമായി ചുംബിക്കാനും കെട്ടിപ്പിടിക്കാനും അഴിഞ്ഞാടാനുമുള്ള പ്രോത്സാഹനമാകുന്നു; ശിവസേനയെ ന്യായീകരിച്ചും ചുംബനസമരത്തെ വിമർശിച്ചും വെള്ളാപ്പള്ളി നടേശൻ

കുടയുടെ മറവിലെ സ്നേഹത്തിന് വേണ്ടത് ചുട്ട അടി തന്നെ; ചാനൽ ചർച്ചകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരസ്യമായി ചുംബിക്കാനും കെട്ടിപ്പിടിക്കാനും അഴിഞ്ഞാടാനുമുള്ള പ്രോത്സാഹനമാകുന്നു; ശിവസേനയെ ന്യായീകരിച്ചും ചുംബനസമരത്തെ വിമർശിച്ചും വെള്ളാപ്പള്ളി നടേശൻ

കൊച്ചി: മറൈൻ ഡ്രൈവിലെ ശിവസേനയുടെ ചൂരൽ പ്രയോഗത്തെ ന്യായീകരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കുട പിടിച്ചുള്ള ചുംബനത്തിന് വേണ്ടത് ചുട്ട അടി തന്നെയെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. പുതുതലമുറയുടെ രംഗബോധമില്ലാത്ത ചെയ്ത്തികളും അതിനെ തടയാൻ ശ്രമിക്കുന്ന സാദാചാര പൊലീസും മനസു മരവിച്ച സർക്കാർ സംവിധാനവുമാണ് ഉള്ളതെന്ന് വെള്ളാപ്പള്ളി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.

പൊതുഇടങ്ങളിൽ ഒന്നിച്ചിരിക്കാനുള്ള അവകാശത്തിന്റെ പേരിൽ മാന്യമായി ജീവിക്കുന്നവർക്ക് അൽപ്പനേരം മാനസിക സന്തോഷത്തിന് വേണ്ടി വന്നിരിക്കാൻ പറ്റാത്ത ആവാസകേന്ദ്രങ്ങളായി പൊതുഇടങ്ങളെ മാറ്റുന്ന ഇന്നത്തെ പുതുതലമുറയുടെ അവകാശബോധത്തിന് കടിഞ്ഞാൺ ഇട്ടേ പറ്റൂ. കുടയുടെ മറവിലെ സ്നേഹപ്രകടനങ്ങൾക്കുള്ള സ്ഥലം പൊതുഇടമല്ല. രംഗബോധമില്ലാത്ത ഇത്തരം കോമാളിത്തരത്തിന് ചുട്ട അടിതന്നെയാണ് ആവശ്യമെന്നും വെള്ളാപ്പള്ളി വിശദമാക്കുന്നു.

ഇതിന്റെ പേരിൽ നടക്കുന്ന ചാനൽ ചർച്ചകളെയും വെള്ളാപ്പള്ളി വിമർശിക്കുന്നു. അമ്മയെ തല്ലിയാലും രണ്ടുപക്ഷം എന്നുപറയുന്നതുപോലെ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ചാനലുകളിൽ വന്നിരുന്ന് ചർച്ച ചെയ്യുന്നവർ, ഇത്തരം ധാർമ്മിക മൂല്യച്യുതിയിലേക്ക് തകർന്ന് വീഴുന്ന പുതുതലമുറയുടെ ചെയ്തികളെ പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടത് അതിനപ്പുറം സാഹചര്യങ്ങളുടെ സമ്മർദ്ദംമൂലം ഉണ്ടാകുന്ന ഈ അധാർമ്മികതയിൽ നിന്നും നമ്മുടെ യുവത്വത്തെ സംരക്ഷിക്കുന്നതിനുള്ള ദാർശനിക കാഴ്ചപ്പാടിൽ നിന്നുകൊണ്ടുള്ള പൊതു ചർച്ചകളാവണം ചെയ്യേണ്ടത്. അല്ലാതെ ഇതിന്റെ പേരിൽ പൊതുസ്ഥലങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരസ്യമായി ചുംബിക്കാനും കെട്ടിപ്പിടിക്കാനും അഴിഞ്ഞാടാനുമുള്ള പ്രോത്സാഹനമാവരുത് ഈ ചർച്ചകൾ- വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളിയുടെ ഫേസ്‌ബുക്ക് സ്റ്റാറ്റസിന്റെ പൂർണരൂപം

ജഗദ്‌ഗുരു ശ്രീനാരായണഗുരുദേവന്റെ തത്വദർശനത്തിന്റെ പ്രഭാവലയത്തിൽ ദൈവത്തിന്റെ സ്വന്തം നാടായി മാറിയ കേരളം വീണ്ടും ഭ്രാന്താലയമായി മാറുകയാണോ? എവിടെ നോക്കിയാലും അസ്വസ്തതകളും അസഹിഷ്ണുതകളും മാത്രം. നമ്മുടെ സംസ്‌കാരത്തിന് ഓരോദിവസവും അധഃപതനം സംഭവിച്ചുകൊണ്ടിരിക്കുന്നു. സാംസ്‌കാരിക മൂല്യങ്ങൾ നഷ്ടപ്പെടുമ്പോൾ തകരുന്നത് ഭാവിതലമുറയുടെ ജീവിതമാണ്. ഇന്ന് കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന പുതുതലമുറയുടെ രംഗബോധമില്ലാത്ത ചെയ്തികളും അതിനെ തടയാൻ ശ്രമിക്കുന്ന സദാചാര പൊലീസും മനസ് മരവിച്ച സർക്കാർ സംവിധാനവുമൊക്കെ നമ്മെ എങ്ങോട്ടാണ് നയിക്കുന്നത്. അനുകൂലമായ ഒട്ടനവധി സാദ്ധ്യതകൾ ഉണ്ടായിട്ടും എന്തേ നമ്മുടെ നാട് പിൻ ഗിയർ ഇട്ട് ഓടുന്നു.

പൊതുഇടങ്ങളിൽ ഒന്നിച്ചിരിക്കാനുള്ള അവകാശത്തിന്റെ പേരിൽ മാന്യമായി ജീവിക്കുന്നവർക്ക് അൽപ്പനേരം മാനസിക സന്തോഷത്തിന് വേണ്ടി വന്നിരിക്കാൻ പറ്റാത്ത ആവാസകേന്ദ്രങ്ങളായി പൊതുഇടങ്ങളെ മാറ്റുന്ന ഇന്നത്തെ പുതുതലമുറയുടെ അവകാശബോധത്തിന് കടിഞ്ഞാൺ ഇട്ടേ പറ്റൂ. കുടയുടെ മറവിലെ സ്നേഹപ്രകടനങ്ങൾക്കുള്ള സ്ഥലം പൊതുഇടമല്ല. രംഗബോധമില്ലാത്ത ഇത്തരം കോമാളിത്തരത്തിന് ചുട്ട അടിതന്നെയാണ് ആവശ്യം. പക്ഷേ അത് ചെയ്യേണ്ടതാരെന്നത് മറ്റൊരു പ്രശ്നം. അമ്മയെ തല്ലിയാലും രണ്ടുപക്ഷം എന്നുപറയുന്നതുപോലെ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ചാനലുകളിൽ വന്നിരുന്ന് ചർച്ച ചെയ്യുന്നവർ, ഇത്തരം ധാർമ്മിക മൂല്യച്യുതിയിലേക്ക് തകർന്ന് വീഴുന്ന പുതുതലമുറയുടെ ചെയ്തികളെ പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടത് അതിനപ്പുറം സാഹചര്യങ്ങളുടെ സമ്മർദ്ദംമൂലം ഉണ്ടാകുന്ന ഈ അധാർമ്മികതയിൽ നിന്നും നമ്മുടെ യുവത്വത്തെ സംരക്ഷിക്കുന്നതിനുള്ള ദാർശനിക കാഴ്ചപ്പാടിൽ നിന്നുകൊണ്ടുള്ള പൊതു ചർച്ചകളാവണം ചെയ്യേണ്ടത്. അല്ലാതെ ഇതിന്റെ പേരിൽ പൊതുസ്ഥലങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരസ്യമായി ചുംബിക്കാനും കെട്ടിപ്പിടിക്കാനും അഴിഞ്ഞാടാനുമുള്ള പ്രോത്സാഹനമാവരുത് ഈ ചർച്ചകൾ. ഇത്തരം പൊതുചർച്ചകളിൽനിന്നും സമൂഹം പ്രതീക്ഷിക്കുന്നത് ചർച്ചകളുടെ ഒടുവിൽ സാമൂഹ്യ നന്മയ്ക്കുവേണ്ടിയുള്ള പൊതുനയം രൂപപ്പെടുത്തുക എന്നുള്ളതാണ്. ഏത് ചർച്ചയിലാണ് ഒരു പൊതുനയം രൂപപ്പെട്ടുവന്നിട്ടുള്ളത്. ഓരോ ചർച്ചയിൽ പങ്കെടുക്കുന്നവരും മുൻവിധിയോടുകൂടി തങ്ങളുടെ അഭിപ്രായങ്ങൾ ന്യായവും ചട്ടവും മനുഷ്യാവകാശവും ആവാസവ്യവസ്ഥയും ഒക്കെപ്പറഞ്ഞ് അത് പൊതുസമൂഹത്തിനുമേൽ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത് മറ്റൊരു തരത്തിലുള്ള സദാചാര ഗുണ്ടായിസമാണ്.

സോഷ്യൽ മീഡിയയിലൂടെ ആണിനേയും പെണ്ണിനേയും വിളിച്ചുവരുത്തി ഇക്കിളിപ്പെടുത്തുന്ന മനസുകളുടെ കൂട്ടായ്മകൾ സൃഷ്ടിച്ച് പൊതുനിരത്തുകൾ ഉപരോധിച്ച് മുഖത്ത് ചായം പൂശി തപ്പുകൊട്ടി കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുന്നത് സാംസ്‌കാരിക കേരളത്തിന്റെ നെറുകയിൽ അടിക്കുന്ന വേറൊരു തരത്തിലുള്ള സദാചാരഗുണ്ടായിസമാണ്. മനുഷ്യാവകാശത്തിന്റെ പേരിൽ ചാനലുകളിൽ ഇരുന്ന് ചർച്ച ചെയ്യുന്ന ഒരാളുടെ എങ്കിലും മക്കളെ ഇത്തരത്തിലുള്ള അഴിഞ്ഞാട്ടത്തിന് വിടാറുണ്ടോ?

പൊതുസമൂഹം എന്നും ആവേശത്തോടും പ്രതീക്ഷയോടും നോക്കി കണ്ടുകൊണ്ടിരുന്ന നമ്മുടെ ഭരണാധികാരികളുടെ പിന്മുറക്കാർ കൊച്ചിയിലെ മറൈൻ ഡ്രൈവിൽ യാതൊരു ജനപിന്തുണയോ സംഘബലമോ ഇല്ലാത്ത വിരലിലെണ്ണാവുന്നവർ. നീതിപാലകർ നോക്കിനിൽക്കേ നിയമം കൈയിലെടുത്തപ്പോൾ ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ സദാചാരമൂല്യങ്ങളെയെല്ലാം കാറ്റിൽ പറത്തിയത് നാം കണ്ടു. ഈ മാതൃകാ ഭരണാധികാരികളെയാണോ പൊതുസമൂഹം സഹിക്കേണ്ടത്. ഇവിടെ പിന്നെങ്ങനെയാണ് ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നിയമ നിർമ്മാണങ്ങൾ നടക്കുന്നത്.

നമ്മുടെ പൊലീസ് സംവിധാനത്തിന് എന്തുപറ്റി. കണ്ണും കാതും ചെവിയും മനസും ഒന്നിച്ച് സൂക്ഷ്മതയോടെ പൊതുജനത്തിന്റെ സംരക്ഷകരാകേണ്ട പൊലീസിന് എവിടെയാണ് പിഴയ്ക്കുന്നത്. നിയമം കൈയിലെടുക്കാൻ മറ്റുള്ളവർക്ക് സമയം കിട്ടിയതിന്റെ വീഴ്ച എവിടേയാണ്. മനസ്സാക്ഷി മരവിച്ചുപോയോ പൊലീസിന്റെ, അതോ രാഷ്ട്രീയ നേതൃത്വം മാറുന്നതനുസരിച്ച് താളത്തിനൊത്ത് തുള്ളേണ്ടിവരുന്നതിൽ നിന്നുള്ള അസഹിഷ്ണുതയിൽ നിന്ന് ഉടലെടുത്ത പ്രതിഷേധമാണോ ഇതൊക്കെ. എന്തായാലും ഇതൊരു മഹാദുരന്തത്തിലേക്കുള്ള പുറപ്പാടാണ്. അതനുവദിച്ചുകൂടാ. എല്ലാ ഭാഗത്തുനിന്നും തിരുത്തലുകൾ ഉണ്ടാവണം. അതിനുള്ള തുടക്കമാവണം ഇത്തരം സംഭവങ്ങൾ നൽകുന്ന പാഠങ്ങൾ.

നമ്മുടെ നാടിനെ ഇനിയും ഒരു ഭ്രാന്താലയമാക്കാൻ നാം അനുവദിക്കരുത്. അതിന് നാം ഓരോരുത്തരും സ്വയം വിമർശനത്തിനും തിരുത്തലിനും തയ്യാറാവണം. നമ്മുടെ നാടിന്റെ പൊതുമണ്ഡലത്തിലെ ഓരോ വ്യക്തിയും ആത്മാർത്ഥതയോടെ ഒരു തീരുമാനത്തിലെത്തുക. നാം നമ്മുടെ സുഖത്തിനുവേണ്ടി ചെയ്യുന്ന ഓരോ പ്രവർത്തിയും പൊതുസമൂഹത്തെ ഒരിക്കലും അലോസരപ്പെടുത്തരുത്.

അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്ന് സുഖത്തിനായ് വരേണം''. ഗുരുവിന്റെ ഈ സന്ദേശം നൽകുവാൻ നാം ആത്മാർത്ഥമായി ശ്രമിച്ചാൽ ഒരിക്കലും ധാർമ്മിക മൂല്യങ്ങൾക്ക് ഗ്ളാനി സംഭവിക്കില്ല. ഭ്രാന്താലയം ദേവാലയമായത് ഇത്തരം സന്ദേശങ്ങളിലൂടെയാണ്. അല്ലാതെ ചാനൽ ചർച്ച നടത്തിയും സദാചാര ഗുണ്ടായിസം നടത്തിയും ചുംബനസമരം നടത്തിയും നിയമസഭ അലങ്കോലപ്പെടുത്തിയും അല്ല. പിക്കറ്റിംഗും ഹർത്താലും അക്രമവും നടത്തിയുമല്ല. മറിച്ച് ഗുരുദർശനത്തിന്റെ ശാന്തമായ സ്വാധീനമായിരുന്നു. അതൊരു തലമുറയെ പരിവർത്തനപ്പെടുത്തുന്നതിനുള്ള മഹാസന്ദേശവുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP