Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസും കേസുമായപ്പോൾ വെള്ളാപ്പള്ളിക്ക് മനസുമാറ്റം; നൗഷാദ് യുവതലമുറയ്ക്കു മാതൃകയാണെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്; മകനെതിരെ വെള്ളാപ്പള്ളി നടത്തിയ വാക്കുകൾ ക്രൂരമായിപ്പോയി, വേദനിപ്പിച്ചുവെന്ന് നൗഷാദിന്റെ മാതാവ്

പൊലീസും കേസുമായപ്പോൾ വെള്ളാപ്പള്ളിക്ക് മനസുമാറ്റം; നൗഷാദ് യുവതലമുറയ്ക്കു മാതൃകയാണെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്; മകനെതിരെ വെള്ളാപ്പള്ളി നടത്തിയ വാക്കുകൾ ക്രൂരമായിപ്പോയി, വേദനിപ്പിച്ചുവെന്ന് നൗഷാദിന്റെ മാതാവ്

കോട്ടയം: കോഴിക്കോട് മാൻഹോളിൽ ദുരന്തത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ മരണപ്പെട്ട നൗഷാദിനെ അവഹേളിക്കുന്ന വിധത്തിൽ പ്രസ്താവന നടത്തിയതിന് വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തത് കഴിഞ്ഞ ദിവസമാണ്. ഇതോടെ തന്റെ പരാമർശത്തിന് വിശദീകരണവുമായും നൗഷാദിനെ പുകഴ്‌ത്തിക്കൊണ്ടും വെള്ളാപ്പള്ളി വീണ്ടും രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെയാണ് വെള്ളാപ്പള്ളി വിശദീകരണം നൽകിയത്. വെള്ളാപ്പള്ളിക്കെതിരെ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക നേതാക്കന്മാർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നിലപാട് മയപ്പെടുത്തി വെള്ളാപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്.

നൗഷാദ് യുവ തലമുറക്ക് മാതൃകയാണെന്നും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും വെള്ളാപ്പള്ളി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. നൗഷാദിന്രെ കുടുംബത്തിന് സഹായധനം നൽകിയ സർക്കാർ ആദിവാസി കുടുംബങ്ങളോടും , അതിർത്തിയിൽ ജീവൻ വെടിഞ്ഞ ധീരജവാന്റെ കുടുംബത്തിനോടും ഈ നിലപാട് സ്വീകരിക്കാൻ വിമുഖത കാട്ടുന്നതിനെ അപലപിക്കുക മാത്രമാണു താൻ ഉദ്ധേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ വാക്കുകളെ ബോധപൂർവ്വം മത സ്പർദ്ധ വളർത്തുന്ന തരത്തിൽ ചില മാദ്ധ്യമങ്ങളും രാഷ്ട്രിയക്കാരും വളച്ചൊടിക്കുകയായിരുന്നുവെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.

വെള്ളാപ്പള്ളിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കഴിഞ്ഞ ദിവസം കോഴിക്കോട് രണ്ട് സഹോദര ജീവനുകൾ രക്ഷിക്കാനുള്ള ശ്രമത്തിൽ ജീവൻ വെടിഞ്ഞ നൗഷാദ് എന്ന യുവാവ് ഇന്നത്തെ യുവ തലമുറക്ക് മാതൃകയാണ്. മനുഷ്യൻ പ്രാണവായുവിനായി പിടയുന്ന നേരത്ത് മറ്റോന്നും ആലോചിക്കാതെ സഹോദരങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച് ഇഹലോകവാസം വെടിഞ്ഞ ആ യുവാവിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു.

നൗഷാദിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ധേഹത്തിന്റെ കുടുംബത്തിന് ഗവണ്മെന്റ് ആനുകൂല്യങ്ങൾ നല്കിയതിൽ എനിക്കും എന്റെ പ്രസ്ഥാനത്തിനും സന്തോഷം മാത്രമേയുള്ളു. ഈ സഹായവിതരണത്തിന് തയ്യാറായ ഗവണ്മെന്റ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഷോക്കേറ്റ് മരിച്ച ആദിവാസി കുടുംബങ്ങളോടും, അതിർത്തിയിൽ ജീവൻ വെടിഞ്ഞ ധീരജവാന്റെ കുടുംബത്തിനോടും ഈ നിലപാട് സ്വീകരിക്കാൻ വിമുഖത കാട്ടുന്നതിനെ അപലപിക്കുക മാത്രമാണു ഞാൻ ഉദ്ധേശിച്ചത്. അതിനെ തങ്ങളുടെ ഗൂഡലക്ഷ്യങ്ങൾക്ക് വേണ്ടി വളച്ചൊടിച്ച ചാനൽ സുഹ്രുത്തുക്കൾ ഒന്നു മാത്രം അറിയുക. ഞാൻ എന്ന വ്യക്തിയെ കരിവാരി തേക്കാനുള്ള ശ്രമത്തിനപ്പുറം നിങ്ങളുടെ ചർച്ചയിൽ നീറിപ്പുകയുന്നത് ആ ധീരയുവാവിന്റെ കുടുംബവും കൂടിയാണ്.

എന്റെ വാക്കുകളെ മനഃപൂർവ്വം മത സ്പർദ്ധ വളർത്തുന്ന തരത്തിൽ വളച്ചൊടിച്ച മാദ്ധ്യമങ്ങളും ചില രാഷ്ട്രീയക്കാരും തങ്ങളുടെ നീചമായ പ്രവർത്തിയിലൂടെ ആ കുടുംബത്തിനെ വേധനിപ്പിക്കുകയാണ് ചെയ്യുന്നത്.

അതേസമയം വെള്ളാപ്പള്ളിയുടെ വാക്കുകൾ വേദനിപ്പിച്ചുവെന്ന് നൗഷാദിന്റെ അമ്മ അസ്മാബി പറഞ്ഞു. മകനെതിരെ നടത്തിയ വാക്കുകൾ ക്രൂരമായിപ്പോയെന്നും അവർ പറഞ്ഞു.

വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗം ഇങ്ങനെ:

''ആരായി മരിക്കണം. വല്ല അപകടവും വന്നു മരിക്കുകയാണെങ്കിൽ മുസ്‌ലിമായി മരിക്കണം. എന്നാലേ ഗുണമുള്ളൂ. തമാശയല്ല. ഈയടുത്തുള്ള പള്ളിക്കൂടത്തിൽ പഠിക്കുന്ന കുട്ടികൾ സ്റ്റേറ്റ് ഹാൻഡ് ബോൾ മൽസരത്തിനു പോയി. മൂന്നു കുട്ടികൾ മരിച്ചുപോയി. അമൽ കൃഷ്ണ, സുധീഷ്, അതുൽരാജ്. രണ്ടു കുട്ടികൾ ഇന്നും അപകടാവസ്ഥയിലാണ്. എന്തു കൊടുത്തു? ഈ രാജ്യത്തിരിക്കുന്ന ഒരു ഗവൺമെന്റും ഒന്നു സഹായിക്കാനോ സഹകരിക്കാനോ കണ്ണീരൊപ്പാനോ ഉണ്ടായില്ല. ബാക്കിയാരെങ്കിലും മരിച്ചാൽ മന്ത്രി വരെ പറന്നെത്തുകയല്ലേ; മറ്റു സമുദായക്കാർ. എന്നാൽ, കഴിഞ്ഞ ദിവസം മാൻഹോൾ വൃത്തിയാക്കുന്നതിനിടെ ഒരു നൗഷാദ് മരിച്ചുപോയി. ആ നൗഷാദിന് എന്താ കൊടുത്തത്. പത്തു ലക്ഷം കൊടുത്തു, വീട്ടുകാർക്കു ജോലിയും കൊടുത്തു. ഇവിടെ, ജാതിയും മതവുമില്ലെന്നു തെളിഞ്ഞില്ലേ. ഇവിടെ മരിക്കണമെങ്കിൽ മുസ്‌ലിമായി മരിക്കണം''.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP