Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഒരു സ്ത്രീ എന്റെ അഭിമുഖമെടുക്കാൻ പാടില്ല, നിർബന്ധമാണെങ്കിൽ പുരുഷനായ ക്യാമറാമാൻ ചോദ്യങ്ങൾ ചോദിക്കട്ടെ': കാന്തപുരത്തിന്റെ അഭിമുഖത്തിനായി പോയപ്പോഴുണ്ടായ അനുഭവം ഫേസ്‌ബുക്കിൽ കുറിച്ച് ചാനൽ ലേഖിക

'ഒരു സ്ത്രീ എന്റെ അഭിമുഖമെടുക്കാൻ പാടില്ല, നിർബന്ധമാണെങ്കിൽ പുരുഷനായ ക്യാമറാമാൻ ചോദ്യങ്ങൾ ചോദിക്കട്ടെ':  കാന്തപുരത്തിന്റെ അഭിമുഖത്തിനായി പോയപ്പോഴുണ്ടായ അനുഭവം ഫേസ്‌ബുക്കിൽ കുറിച്ച് ചാനൽ ലേഖിക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ എല്ലാക്കാലവും കടുത്ത സ്ത്രീവിരുദ്ധത വച്ചു പുലർത്തുന്ന വ്യക്തിയാണെന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. രണ്ട് ദിവസം മുമ്പ് ലിംഗ സമത്വം എന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ച കാന്തപുരത്തിന്റെ നിലപാട് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കാന്തപുരത്തെ വിമർശിക്കാൻ പാടില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അനുയായികൾ തെറിവിളികളും നടത്തുന്നു. ചാനൽ പ്രവർത്തകർ കാന്തപുരത്തിന്റെ വാക്കുകൾ വളച്ചൊടിച്ചു എന്നു പറഞ്ഞാണ് എ പി അനുഭാവികൾ മാദ്ധ്യമപ്രവർത്തകർക്കെതിരെ രംഗത്തെത്തിയത്.

ഇതിനിടെയാണ് കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധത എത്രത്തോളമെന്ന് വ്യക്തമാക്കുന്ന മറ്റൊരു സംഭവവും പുറത്തുവന്നു. കാന്തപുരത്തിന്റെ അടുത്തു ചെല്ലാൻ സ്ത്രീകൾക്ക് വിലക്കുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു ഫേസ്‌ബുക്ക് കുറിപ്പ് ഇട്ടത് മീഡിയ വണ്ണിൽ ജോലി ചെയ്യുന്ന മുതിർന്ന മാദ്ധ്യമപ്രവർത്തക സന്ധ്യയാണ്. കാന്തപുരത്തിന്റെ അഭിമുഖം എടുക്കാൻ ചെന്നപ്പോൾ പെണ്ണാണെന്ന കാരണം പറഞ്ഞ് അവഹേളിച്ച അനുഭവമാണ് മാദ്ധ്യമപ്രവർത്തക ഫേസ്‌ബുക്കിൽ കുറിച്ചത്. പെണ്ണാണെങ്കിൽ അഭിമുഖം അനുവദിക്കില്ലെന്ന നിലപാടാണ് കാന്തപുരം കൈക്കൊണ്ടത്. നിർബന്ധമാണെങ്കിൽ പെണ്ണാണ് ചോദ്യങ്ങൾ ഉന്നയിക്കുന്നത് എന്ന് അറിയരുതെന്നും ഒപ്പമിരിക്കുന്ന ഭാഗങ്ങൾ ടെലികാസ്റ്റ് ചെയ്യരുത് എന്നുമായിരുന്നു കാന്തപുരത്തിന്റെ നിബന്ധന.

ആ അഭിമുഖം വളരെ പ്രധാനപ്പെട്ടതായിരുന്നതാൽ കാന്തപുരത്തിന്റെ വാക്കുകൾ അനുസരിച്ച് അഭിമുഖം പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നും മാദ്ധ്യമപ്രവർത്തക ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. അന്ന് ഒരു വനിതാ മാദ്ധ്യമപ്രവർത്തക എന്ന നിലയിൽ തനിക്കേറ്റ അപമാനമാണെന്നും സന്ധ്യ വ്യക്തമാക്കുന്നു.

സന്ധ്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

പതിമൂന്ന് വർഷം മുമ്പാണ്. ഏഷ്യാനെറ്റ് ന്യൂസിൽ കോഴിക്കോട് ബ്യൂറൊയിൽ ട്രെയിനിയായി ജോലി ചെയ്യുന്ന കാലം. ദത്തെടുക്കൽ വിഷയവുമായി ബന്ധപ്പെട്ടാണ് കാന്തപുരം ഏ പി അബൂബക്കർ മുസ്ല്യാരുടെ അഭിമുഖത്തിനായി പോവുന്നത്.കാന്തപുരത്തെ ഫോണിൽ വിളിച്ച് അഭിമുഖം ഏർപ്പാടാക്കി തന്നത് ഒരു സഹപ്രവർത്തകനാണ്. പെണ്ണാണ് അഭിമുഖമെടുക്കാൻ വരുന്നതെന്ന് കാന്തപുരം അറിഞിരുന്നില്ലെന്ന് ചുരുക്കം. അഭിമുഖമെടുക്കാൻ വന്ന എന്നെ കണ്ടപ്പോൾ തന്നെ അദ്ദേഹം പറഞു. ഒരു സ്ത്രീ എന്റെ അഭിമുഖമെടുക്കാൻ പാടില്ല ,നിർബന്ധമാണെങ്കിൽ പുരുഷനായ ക്യാമറാമാൻ ചോദ്യങ്ങൾ ചോദിക്കട്ടെ എന്ന്. അത് പറ്റില്ലെന്നും അഭിമുഖമെടുക്കാതെ മടങ്ങില്ലെന്നും ഞാൻ അറിയിച്ചപ്പോൾ, അദ്ദേഹം ഒരു നിബന്ധന മുന്നോട്ട് വച്ചു. എന്റെ ചോദ്യങ്ങളോ ഞാൻ അദ്ദേഹത്തിന്റെ ഒപ്പമിരിക്കുന്നതോ ടെലികാസ്റ്റ് ചെയ്യരുതെന്ന്. ആ അഭിമുഖം അന്ന് പ്രധാനപ്പെട്ടതായി തോന്നിയതു കൊണ്ട് അദ്ദേഹത്തിന് കൊടുത്ത വാക്ക് പാലിക്കുക തന്നെ ചെയ്തു.പക്ഷെ പെണ്ണെന്ന നിലയ്ക്ക് അന്നത് വലിയ അപമാനമായി തോന്നി. മാദ്ധ്യമരംഗത്തെ ഓർമ്മകുറിപ്പുകളോ അനുഭവമോ എന്നെങ്കിലും എഴുതകയാണെങ്കിൽ ആ അനുഭവം അതിൽ ഉൾപ്പെടുത്തണമെന്ന് കരുതിയിരുന്നു.പക്ഷെ ഇപ്പോഴാണ് അതിന് പ്രസക്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP