Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൊബൈൽ ഫോൺ പോക്കറ്റിൽ നിന്ന് കൈതണ്ടയിലേക്കു മാറാൻ ഇനി അധിക നാളുകളില്ല; വിസ്മയവുമായി ആപ്പിളിന്റെ ഐവാച്ച് ഒക്‌ടോബറിൽ എത്തിയേക്കും

മൊബൈൽ ഫോൺ പോക്കറ്റിൽ നിന്ന് കൈതണ്ടയിലേക്കു മാറാൻ ഇനി അധിക നാളുകളില്ല; വിസ്മയവുമായി ആപ്പിളിന്റെ ഐവാച്ച് ഒക്‌ടോബറിൽ എത്തിയേക്കും

സ്മാർട്ട് ഉപകരണങ്ങളിലെ പുതിയ തലമുറയായ 'വിയറബ്ൾ ഡിവൈസസ്' ഗണത്തിൽ വിപ്ലവമുണ്ടാക്കാൻ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആപ്പിളിൽ നിന്നും ഇതാ ഐ വാച്ച് വരുന്നു, അടുത്ത ഒക്‌ടോബറിൽ. സാംസങ് ഗിയർ, മോട്ടോറോളയുടെ മോട്ടോ 360 എന്നീ സ്മാർട്ട് വാച്ചുകളുമായി ഒരു ഏറ്റുമുട്ടലിനൊരുങ്ങി തന്നെയാണ് ഐ വാച്ചും എത്തുന്നത്. ഈ സ്മാർട്ട് വാച്ചിൽ ഏറെ പ്രതീക്ഷയുള്ള ആപ്പ്ൾ പ്രതിമാസം 50 ലക്ഷം യൂണിറ്റുകൾ വരെ ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടുകൾ. ധരിച്ച ആളുടെ ആരോഗ്യം ഐ വാച്ച് നിരീക്ഷിക്കുകയും അപ്പപ്പോൾ വേണ്ട ഉപദേശ നിർദേശങ്ങൾ തരികയും ചെയ്യുമെന്നതാണ് മറ്റു സ്മാർട്ട് വാച്ചുകളിൽ നിന്നും ഐ വാച്ചിനെ വേറിട്ടു നിർത്തുന്ന ഫീച്ചർ.

ആപ്പിളിൽ നിന്നുള്ള സ്മാർട്ട് വാച്ചിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ 2012 അവസാനത്തോടെയാണ് തുടങ്ങിയത്. 2013 അവസാനത്തോടെ വിപണിയിലെത്തിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. അടുത്ത ഒക്‌ടോബറിൽ ആപ്പിളിന് ഐ വാച്ച് അവതരിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് മുൻനിര ടെക്‌നോളജി വാർത്താ സൈറ്റായ റി കോഡ് വിശ്വസീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചു റിപ്പോർട്ടു ചെയ്തു. ജാപ്പനീസ് ബിസിനസ് വാർത്ത ഏജൻസിയായ നിക്കെയുടെ റിപ്പോർട്ട് നൽകുന്ന സൂചനയും ഇതാണ്. ആപ്പ്ൾ വൈസ് പ്രസിഡന്റ് എഡി കൂ ഈയിടെ ഇതു സംബന്ധിച്ച സൂചനയും നൽകിയിരുന്നു. 'ഈ വർഷം അവസാനത്തോടെ ആപ്പ്‌ളിലെ എന്റെ 25 വർഷത്തെ സേവനത്തിനിടെ പുറത്തിറങ്ങുന്ന ഏറ്റവും മികച്ച ഉൽപ്പന്നം നമുക്കു ലഭിക്കും,' അദ്ദേഹം പറഞ്ഞു.

ഐപാഡിലും ഐഫോണിലുമുള്ള ഓപറേറ്റിങ് സിസ്റ്റത്തിൽ തന്നെയായിരിക്കും ഐവാച്ചും പ്രവർത്തിക്കുക. ഉപയോഗിക്കുന്നയാളുടെ ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട് ഫോൺ വഴി മാനേജ് ചെയ്യുന്ന സംവിധാനവും ഈ വാച്ചിലുണ്ടാകുമെന്ന് നിക്കെയ് റിപ്പോർട്ട് പറയുന്നു. പ്രത്യക്ഷ രൂപത്തിൽ മോട്ടോ 360-യെ പോലെ വൃത്താകൃതിയിലാണ് ഐ വാച്ചും. സാംസങ് ഗിയറിനെ പോലെ ചതുരാകൃതിയും വക്രീകരിച്ച പ്രതലവുമായിരിക്കും ഐ വാച്ചിനെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മത്സരം കടുപ്പിക്കാൻ എൽജിയുടെ ജി വാച്ചും എത്തുന്നുണ്ട്. ഇവയെല്ലാം ഈ വർഷം അവസനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പരമ്പരാഗത വാച്ചുകളെ പോലെ തോന്നിപ്പിക്കുന്ന ഡിസൈനിലാണ് ഐ വാച്ചിന്റെ രൂപകൽപ്പന. സ്മാർട്ട് വാച്ചുകളിൽ ഏറ്റവും കനം കുറഞ്ഞതുമായിരിക്കും ഐ വാച്ച്. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത രൂപത്തിലായിരിക്കും വിപണിയിലെത്തുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടുത്ത മാസം തന്നെ ഉൽപാദനം ആരംഭിക്കും. ആദ്യം വിപണിയിലെത്തുക മോട്ടോ 360 ആയിരിക്കും. വില 180 പൗണ്ട്. ഐ വാച്ചിന്റെ വില ഇതുവരെ പുറത്തു വിട്ടിട്ടില്ല.

ഐ ഫോണുകളെ പോലെ തന്നെ വിലയുടെ കാര്യത്തിൽ മറ്റാരേക്കാളും മുന്നിൽ തന്നെയായിരിക്കും ഐ വാച്ചുമെന്നാണ് സൂചന. മറ്റു സ്മാർട്ട് വാച്ചുകൾക്ക് പ്രതീക്ഷിച്ച പോലെ സ്വീകാര്യത നേടാനായിട്ടില്ലെങ്കിലും ഐ വാച്ച് എല്ലാ പ്രതീക്ഷകളേയും മറി കടക്കുമെന്നാണ് ടെക് വിദഗ്ധർ വിലയിരുത്തുന്നത്. ക്രിസ്മസിനു മുമ്പ് 18 മുതൽ 21 ദശലക്ഷം വരെ ഐ വാച്ചുകൾ വിൽക്കാനാണ് പദ്ധതി.

അതിനിടെ സ്മാർട്ട് വാച്ചുകൾക്കു മുന്നോടിയായി സാംസങ് സ്മാർട്ട് റിസ്റ്റ്ബാൻഡുകളും അവതരിപ്പിച്ചു. മൊബൈൽ ഫോണിന്റെ സുപ്രധാന ഫീച്ചറുകളെല്ലാം ഇതിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP