Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നിഴലും വെളിച്ചവും ഒളിച്ചുകളിക്കുമ്പോൾ വിസ്മയമായി വിടരും ഇരുണ്ട് ചുവന്ന ഗോളം; നൂറ്റാണ്ടിലെ ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തെ വെള്ളിയാഴ്ച വരവേൽക്കാൻ മിഴിനട്ട് വാനനിരീക്ഷകർ; ബ്ലഡ് മൂൺ പ്രതിഭാസത്തെ ഭീതിയോടെയും ഭക്തിയോടെയും പ്രതീക്ഷിച്ച് വിശ്വാസി സമൂഹം

നിഴലും വെളിച്ചവും ഒളിച്ചുകളിക്കുമ്പോൾ വിസ്മയമായി വിടരും ഇരുണ്ട് ചുവന്ന ഗോളം; നൂറ്റാണ്ടിലെ ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തെ വെള്ളിയാഴ്ച വരവേൽക്കാൻ മിഴിനട്ട് വാനനിരീക്ഷകർ; ബ്ലഡ് മൂൺ പ്രതിഭാസത്തെ ഭീതിയോടെയും ഭക്തിയോടെയും പ്രതീക്ഷിച്ച് വിശ്വാസി സമൂഹം

ആർ.പീയൂഷ്‌

തിരുവനന്തപുരം: ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തെ വരവേൽക്കാൻ ഒരുങ്ങി വാനനിരീക്ഷകർ. ചന്ദ്രൻ ഇരുണ്ടു ചുവന്ന ഗോളമായി മാറുന്ന ബ്ലഡ്മൂണാണ് നാളെ നടക്കുന്ന പ്രതിഭാസം. രക്തചന്ദ്രനോടൊപ്പം ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങളും അന്താരാഷ്ട്ര ബഹിരാകാശനിലയവും ദൃശ്യമാകുമെന്നതാണ് ഈ വർഷത്തെ ഗ്രഹണത്തിന്റെ സവിശേഷത. വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 10. 42 ന് ആരംഭിക്കുന്ന ഗ്രഹണം പുലർച്ചെ അഞ്ചിനു സമാപിക്കും. ഈ വർഷം സംഭവിക്കുന്ന രണ്ടാമത്തെ പൂർണ്ണചന്ദ്രഗ്രഹണമാണ് ഇത്. ആദ്യത്തേത് ജനുവരി 31ന് ആയിരുന്നു. 2019 ജനുവരി 21-നായിരിക്കും അടുത്ത ചന്ദ്രഗ്രഹണം. 15 വർഷത്തിനുശേഷമാണ് ചന്ദ്രൻ ഇത്രയേറെ തിളക്കത്തിൽ പ്രത്യക്ഷപ്പെടുക. 2003-ലാണ് ചന്ദ്രൻ ഭൂമിയോടു ഏറ്റവുമടുത്തുവന്നത്. അന്ന് 5.6 കോടി കിലോമീറ്ററായിരുന്നു ഭൂമിയും ചന്ദ്രനു തമ്മിലുള്ള അകലം. അന്ന് ബ്ലൂ - റെഡ് സൂപ്പർ മൂണുകൾ ഒരുമിച്ചെത്തിയിരുന്നു. ഇത്തവണ ബ്ലഡ് മൂൺ മാത്രമായിരിക്കും ഉണ്ടായിരിക്കുക.

ഭൂമിയിൽ നിന്ന് ഏറ്റവും അകലയെയുള്ള ഭ്രമണപഥ ബിന്ദുവിൽ ചന്ദ്രൻ എത്തുന്ന ദിവസം നടക്കുന്നതിനാലാണ് ഗ്രഹണത്തിന് അത്രയേറെ ദൈർഘ്യം വർധിച്ചത്. നിരവധി സംശയങ്ങളുമായിട്ടാണ് ബ്ലഡ്മൂൺ ചന്ദ്രഗ്രഹണം ഒരിക്കൽ കൂടി വരുന്നത്. വിശ്വാസി സമൂഹം അതീവ ഭീതിയോടെയാണ് ബ്ലഡ് മൂണിനെ കാണുന്നത്. ലോകാവസാനം എന്നുവരെ പ്രവചിക്കുന്നവരുമുണ്ട്.

മറ്റ് ഗ്രഹണ പ്രതിഭാസങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ബ്ലഡ് മൂൺ പ്രതിഭാസം. പൗർണമിയിൽ മാത്രം അനുഭവപ്പെടുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. പൗർണമി ദിവസം സൂര്യൻ, ചന്ദ്രൻ എന്നിവ ഭൂമിക്ക് ഇരുവശങ്ങളിലുമായിരിക്കുകയും ഇവ മൂന്നും ഏകദേശം ഒരു നേർരേഖയിൽ വരികയും ചെയ്യുന്നു. എന്നാൽ എപ്പോഴെങ്കിലും ഇവ മൂന്നും കൃത്യം നേർ രേഖയിൽ വന്നാൽ, ചന്ദ്രനിൽ പതിക്കേണ്ട സൂര്യ പ്രകാശത്തെ ഭൂമി തടയുകയും ചന്ദ്രൻ ഭൂമിയുടെ നിഴലിലാവുകയും ചെയ്യുന്നു. ഇങ്ങനെയാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. എല്ലാ പൗർണമിയിലും ചന്ദ്രഗ്രഹണം ഉണ്ടാകാത്തതിനു കാരണം ഭൂമി, സൂര്യൻ, ചന്ദ്രൻ ഇവ കൃത്യം നേർ രേഖയിൽ വരാത്തതാണ്. അങ്ങനെ വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കാതെ അല്പം മാറിയാകും പതിക്കുക. ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്ക്കുമ്പോഴാണല്ലോ പൂർണ്ണ ചന്ദ്രഗ്രഹണം ഉണ്ടാവുക. അപ്പോൾ ചന്ദ്രമുഖം പൂർണ്ണമായും അദൃശ്യമാവുകയാണ് വേണ്ടത്. എന്നാൽ സംഭവിക്കുന്നത് തികച്ചും മറ്റൊന്നാണ്. ഭൂമിയുടെ നിഴലിൽ പൂർണ്ണമായും പ്രവേശിക്കുന്ന ചന്ദ്രൻ മങ്ങിയ ചുവപ്പ് നിറത്തിൽ ദൃശ്യമാകും. ഏതാണ്ട് സന്ധ്യാകാശത്തിലെ സൂര്യനെ പോലെ. ഇതിനെയാണ് രക്തചന്ദ്രൻ (Blood Moon) എന്ന് വിളിക്കുന്നത്. ചുവപ്പ് ചന്ദ്രൻ (Red Moon), ചെമ്പൻ ചന്ദ്രൻ (Copper Moon) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഭൂമിയുടെ അന്തരീക്ഷമാണ് ഇത്തരം ഒരു കാഴ്ചയ്ക്ക് കാരണം.

ഭൂമിയുടെ അന്തരീക്ഷത്തിൽ കൂടി കടന്നുപോകുന്ന സൂര്യപ്രകാശത്തിന്റെ കുറച്ചുഭാഗം അപവർത്തനത്തിനും വിസരണത്തിനും വിധേയമായി ഭൂമിയുടെ നിഴൽ ഭാഗത്തേയ്ക്ക് വളഞ്ഞ് ചന്ദ്രനിൽ പതിക്കുന്നു. ഈ പ്രകാശ രശ്മികൾ അവിടെ നിന്നും പ്രതിഫലിച്ച് വീണ്ടും ഭൂമിയിൽ പതിക്കുമ്പോൾ ചന്ദ്രമുഖം നമുക്ക് ദൃശ്യമാകുന്നു. എന്നാൽ ദൃശ്യപ്രകാശത്തിലെ തരംഗദൈർഘ്യം കുറഞ്ഞ വർണ്ണങ്ങളായ വയലറ്റ്, നീല, പച്ച നിറങ്ങൾ ഏതാണ്ട് പൂർണ്ണമായും വിസരണത്തിന് വിധേയമായി ഭൂമിയിൽ നിന്ന് ചന്ദ്രനിൽ പതിക്കാതെ പോകുന്നു. അതു കൊണ്ട് ആ നിറങ്ങൾ തിരികെ എത്തുന്നില്ല. തരംഗ ദൈർഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് നിറങ്ങൾ മാത്രം ചന്ദ്രനിൽ നിന്നും പ്രതിഫലിച്ച് നമ്മുടെ കണ്ണുകളിൽ എത്തുമ്പോൾ ചന്ദ്രനെ നാം ചുവന്ന നിറത്തിൽ കാണുന്നു. അതായത് പൂർണ്ണ ഗ്രഹണ സമയത്ത് അദൃശ്യമാകുന്നതിന് പകരം മങ്ങിയ ചുവപ്പ് നിറത്തിൽ ചന്ദ്രൻ ദൃശ്യമാവുകയാണ് ചെയ്യുക. ഭാഗീക ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ പ്രഭമൂലം നമുക്ക് ചന്ദ്രന്റെ ഇരുണ്ട ഭാഗം ഇപ്രകാരം കാണാൻ കഴിയില്ല.

ഇന്ത്യയുൾപ്പെടുന്ന കിഴക്കൻ രാജ്യങ്ങളിലാണ് ഗ്രഹണം നന്നായി ദൃശ്യമാകുക. കിഴക്കൻ ആഫ്രിക്ക, മധ്യേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പൂർണ്ണസമയവും തെക്കേ അമേരിക്ക, പടിഞ്ഞാറൻ ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ചന്ദ്രോദയ ഉദയസമയത്തും, കിഴക്കൻ ഏഷ്യയിലും ഓസ്ട്രേലിയയിലും ചന്ദ്രാസ്തമന സമയത്തും ഇത് ദൃശ്യമാകും. കേരളത്തിൽ 27ന് രാത്രി 11 മണിയോടെ ചന്ദ്രൻ ഭൂമിയുടെ ഭാഗിക നിഴൽ പ്രദേശത്തേക്ക് കടക്കുന്നതായി നിരീക്ഷിക്കാം. അർദ്ധരാത്രി 12.05-ഓടെ ഭാഗിക ഗ്രഹണം ആരംഭിക്കും. 28 ന്1 മണിയോടെ ചന്ദ്രൻ പൂർണ്ണമായി ഭൂമിയുടെ നിഴലിലാകും. പൂർണ്ണ ഗ്രഹണം സംഭവിക്കും. പുലർച്ചെ 2.45 വരെ ഈ നില തുടരും. പിന്നീട് ചന്ദ്രൻ ഭാഗിക നിഴൽ പ്രദേശത്തേക്ക് പ്രവേശിക്കുകയം 3.45ഓടെ ഗ്രഹണത്തിൽ നിന്നും പൂർണ്ണമായും പുറത്ത് വരികയും ചെയ്യും.

നഗ്നനേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നത് പൂർണമായും സുരക്ഷിതമാണ്. ചന്ദ്രന് സ്വന്തമായി പ്രകാശം ഇല്ല എന്ന് അറിയാമല്ലോ. സൗരവികിരണം പ്രതിഫലിപ്പിക്കുകയാണ് ചന്ദ്രൻ ചെയ്യുന്നത്. ഇപ്രകാരം പ്രതിഫലിച്ചുവരുന്ന വെളിച്ചം വളരെ തീവ്രത കുറഞ്ഞതും നിർദ്ദോഷവുമാണ്. ഗ്രഹണ സമയത്ത് അതിന്റെ തീവ്രത വീണ്ടും കുറയുകയും ചെയ്യുന്നു. അതിനാൽ ചന്ദ്രഗ്രഹണം നേരിട്ട് കാണുന്നതിന് യാതൊരു ദോഷവും ഇല്ല. ഈ വർഷം 11 ചന്ദ്ര പ്രതിഭാസങ്ങളാണ് ഉള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ജനുവരി 31-ന് കണ്ടത് വൂൾഫ് മൂണാണ്. മാർച്ച് 31-ന് വോം മൂണാണ് കണ്ടത്. പിങ്ക് മൂൺ, ഫ്‌ളവർ മൂൺ, സ്‌ട്രോബറി മൂൺ, ബക്ക് മൂൺ, സ്റ്റുർഗൺ മൂൺ, ഫുൾ കോൺ മൂൺ, ഹണ്ടേഴ്‌സ് മൂൺ, ബീവേഴ്‌സ് മൂൺ, കോൾഡ് മൂൺ എന്നിവയാണ് ഈ വർഷത്തെ പ്രധാന ചാന്ദ്ര പ്രതിഭാസങ്ങൾ. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നാളെ രാത്രി 11.55 മുതൽ 28 ന് പുലർച്ചെ മൂന്ന് നരെ ചന്ദ്ര ഗ്രഹണം ടെലസ്‌ക്കോപ്പിലൂടെ കാണാൻ സൈകര്യമുണ്ട്. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 04712306024

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP