Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫെബ്രുവരി 15ന് 104 ഉപഗ്രഹങ്ങളുമായി ഇന്ത്യൻ റോക്കറ്റ് കുതിച്ചുയരുന്നത് ചരിത്രത്തിലേക്ക്; ഒറ്റദൗത്യത്തിൽ നൂറിലേറെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന ആദ്യ രാജ്യമെന്ന നേട്ടം സമ്മാനിക്കാൻ ശ്രീഹരിക്കോട്ടയിൽ ഒരുക്കങ്ങൾ തകൃതി; വിക്ഷേപിക്കുന്നവയിൽ യുഎസിന്റെയും ജർമ്മനിയുടെയും ഉപഗ്രഹങ്ങളും

ഫെബ്രുവരി 15ന് 104 ഉപഗ്രഹങ്ങളുമായി ഇന്ത്യൻ റോക്കറ്റ് കുതിച്ചുയരുന്നത് ചരിത്രത്തിലേക്ക്; ഒറ്റദൗത്യത്തിൽ നൂറിലേറെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന ആദ്യ രാജ്യമെന്ന നേട്ടം സമ്മാനിക്കാൻ ശ്രീഹരിക്കോട്ടയിൽ ഒരുക്കങ്ങൾ തകൃതി; വിക്ഷേപിക്കുന്നവയിൽ യുഎസിന്റെയും ജർമ്മനിയുടെയും ഉപഗ്രഹങ്ങളും

 ബെംഗളൂരു: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യൻ ചരിത്രം സൃഷ്ടിക്കാൻ ഇനി വേണ്ടത് മൂന്ന് നാൾ. ഐ.എസ്.ആർ.ഒ.യുടെ ചരിത്രദൗത്യം ഫെബ്രുവരി 15-ന് നടക്കാനിരിക്കയാണ്. ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് കേന്ദ്രത്തിൽനിന്ന് വിക്ഷേപിക്കുന്ന 104 ഉപഗ്രഹങ്ങൾ ഒറ്റദൗത്യത്തിൽ ഭ്രമണപഥത്തിലെത്തിക്കും. ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിൽ ആദ്യമായാണ് ഒറ്റദൗത്യത്തിൽ നൂറിലേറെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്.

ഐ.എസ്.ആർ. ഒ.യുടെ പടക്കുതിരയെന്ന വിശേഷണമുള്ള പോളാർ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിൾ ശ്രേണിയിലെ പി.എസ്.എൽ.വി- സി 37 റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപണം. സതീഷ് ധവാൻ സ്പേസ് കേന്ദ്രത്തിലെ ആദ്യ വിക്ഷേപണത്തറയിൽനിന്ന് 15-ന് രാവിലെ 9.28-ന് ഉപഗ്രഹങ്ങളുമായി റോക്കറ്റ് കുതിച്ചുയരും. കാർട്ടോസാറ്റ്- 2 ശ്രേണിയിൽപ്പെട്ട ഉപഗ്രഹവും കൂട്ടത്തിലുണ്ട്. ഭൗമനിരീക്ഷണം ലക്ഷ്യംവച്ചുള്ള കാർട്ടോസാറ്റ്- 2 ശ്രേണിയിലെ ഉപഗ്രഹത്തിന് 714 കിലോഗ്രാം ഭാരമുണ്ട്. മറ്റ് 103 ചെറു ഉപഗ്രഹങ്ങൾക്ക് 664 കിലോഗ്രാം ഭാരമുണ്ട്.

ഭൂമിയിൽനിന്ന് 505 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് ലക്ഷ്യം. റെക്കോർഡല്ല ലക്ഷ്യമെന്നും ഓരോദൗത്യവും പരമാവധി പ്രയോജനപ്പെടുത്തുകയാണ് കൂടുതൽ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കിരൺകുമാർ പറഞ്ഞു.

പി.എസ്.എൽ.വി. സി37, ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കും. യു.എസ്., ജർമനി തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നവയിൽ പെടും. നേരത്തെ 83 ഉപഗ്രഹങ്ങളുമായി ഡിസംബർ 26നാണ് വിക്ഷേപണം പദ്ധതിയിട്ടിരുന്നത്. പിന്നീട് ഉപഗ്രഹങ്ങളുടെ എണ്ണം 103 ആയി വർധിച്ചതോടെ ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. ലോകത്ത് ഒരു ബഹിരാകാശ ഏജൻസിയും നൂറിലേറെ ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചിട്ടില്ല. സെക്കൻഡുകളുടെ വ്യത്യാസത്തിൽ ഒന്നിനു പിറകെ മറ്റൊന്നായി ഇത്രയധികം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്കു കൃത്യതയോടെ വിക്ഷേപിക്കാൻ ഐഎസ്ആർഒ ഉപയോഗിക്കുന്നത് പിഎസ്എൽവി-സി37 റോക്കറ്റാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നായിരിക്കും വിക്ഷേപണം.

വാണിജ്യാടിസ്ഥാനത്തിൽ നിരവധി രാജ്യങ്ങളും സ്ഥാപനങ്ങളും തങ്ങളുടെ ഉപഗ്രഹങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഐഎസ്ആർഒയെ സമീപിച്ചതോടെയാണ് ഉപഗ്രഹങ്ങളുടെ എണ്ണം ഉയർത്താൻ ഐഎസ്ആർഒ തീരുമാനിച്ചത്. ഇതോടെ ഇന്ത്യയ്ക്ക് വരുമാനം നേടിക്കൊടുക്കുന്ന ദൗത്യമായി ഐഎസ്ആർഒയുടെ പദ്ധതികൾ മാറിയിട്ടുണ്ട്. വിക്ഷേപിക്കുന്നതിൽ കാർട്ടോസാറ്റടക്കം മൂന്ന് ഉപഗ്രഹങ്ങൾ ഇന്ത്യയുടേതാണ്. 700 കിലോഗ്രാമാണ് കാർട്ടോസാറ്റിന്റെ ഭാരം. അമേരിക്കയുടെ നാനോ ഉപഗ്രഹങ്ങളാണ് എണ്ണത്തിൽ കൂടുതൽ.

മൂന്നു മുതൽ 25 കിലോഗ്രാംവരെ ഭാരമുള്ള ഉപഗ്രഹങ്ങളാണിവ. ജർമനിയുടെ ഉപഗ്രഹങ്ങളും പിഎസ്എൽവി-സി 37 ഭ്രമണപഥത്തിലെത്തിക്കും. നേരത്തെ, 20 ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റിൽ ഭ്രമണപഥത്തിലെത്തിച്ച ചരിത്രം ഐഎസ്ആർഒയ്ക്കുണ്ട്. 2014ൽ 37 ഉപഗ്രഹങ്ങളെ ഒറ്ററോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശത്ത് എത്തിച്ച റഷ്യയുടേതാണ് ഈ രംഗത്ത് നിലവിലുള്ള റെക്കോഡ്. അമേരിക്കൻ സ്പേസ് ഏജൻസി 29 ഉപഗ്രഹങ്ങളുമായി തൊട്ടു പിന്നിലുണ്ട്.

ഈ വിക്ഷേപണത്തിനു സമാന്തരമായി ചാന്ദ്രയാൻ 2, മംഗൾയാൻ 2 എന്നീ പദ്ധതികളും ഐഎസ്ആർഒ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും ശേഷി വർധിപ്പിക്കുന്നതിലും ചെലവുചുരുക്കുന്നതിലും ഐഎസ്ആർ വലിയതോതിൽ വിജയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഐഎസ്ആർഒയ്ക്ക് ചുരുങ്ങിയ ബജറ്റിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാകുന്നത്. വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന വിക്ഷേപണവാഹനം, അന്തരീക്ഷത്തിലെതന്നെ ഓക്സിജന്റെ ഉപയോഗം തുടങ്ങിയ അത്യാധുനിക പരീക്ഷണങ്ങളും ഐഎസ്ആർഒ നടത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP