Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എപിജെ അബ്ദുൾ കലാമിന് നാസയുടെ സ്‌നേഹാദരം; പുതിയ ബാക്ടീരിയയ്ക്ക് കലാമിന്റെ പേര്; സോലിബസില്ലസ് കലാമിയെ കണ്ടെത്തിയത് ജെറ്റ് പ്രോപ്പൽഷ്യൻ ലാബിലെ ശാസ്ത്രജ്ഞർ

എപിജെ അബ്ദുൾ കലാമിന് നാസയുടെ സ്‌നേഹാദരം; പുതിയ ബാക്ടീരിയയ്ക്ക് കലാമിന്റെ പേര്; സോലിബസില്ലസ് കലാമിയെ കണ്ടെത്തിയത് ജെറ്റ് പ്രോപ്പൽഷ്യൻ ലാബിലെ ശാസ്ത്രജ്ഞർ

ഡൽഹി: പ്രമുഖ ശാസ്ത്രജ്ഞനും മുൻ ഇന്ത്യൻ രാഷ്ട്രപതിയുമായിരുന്ന എപിജെ അബ്ദുൽ കലാമിനോടുള്ള ആദരസൂചകരമായി അമേരിക്കൻ ബഹിരാകാശ പര്യവേക്ഷണ കേന്ദ്രമായ നാസ കണ്ടെത്തിയ ബാക്ടീരിയയ്ക്ക് അദ്ദേഹത്തിന്റെ പേര് നൽകി. ഭൂമിയിൽ ഇത് വരെയും കണ്ടെത്താതിരുന്ന ബാക്ടീരിയയെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലാണ് നാസയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്.

നാസയുടെ കീഴിലുള്ള പ്രധാനപ്പെട്ട ലബോറട്ടറിയായ ജെറ്റ് പ്രോപ്പൽഷ്യനിലെ ശാസ്ത്രജ്ഞരാണ് പുതിയ ബാക്ടീരിയയെ കണ്ടെത്തിയത്. സോലിബസില്ലസ് കലാമി (Solibacillus Kalamii) എന്നാണ് കലാമിനെ ആദരിച്ച് ബാക്ടീരിയയ്ക്ക് പേര് നൽകിയത്. കലാമിന്റെ പേര് ബാക്ടീരിയയുടെ സ്പീഷീസ് നാമമായി നൽകാൻ ജെ. പി.എൽ തീരുമാനിക്കുകയായിരുന്നുവെന്ന് സംഘാംഗവും ജെ. പി. എല്ലിലെ ബയോടെക്‌നോളജി ആൻഡ് പ്ലാനറ്ററി പ്രൊട്ടക്ഷൻ സംഘത്തിലെ ശാസ്ത്രജ്ഞനുമായ ഡോ. കസ്തൂരി വെങ്കടേശ്വരൻ അറിയിച്ചു. ബീജകോശങ്ങൾ ഉത്പാദിപ്പിക്കുന്ന ബാക്ടീരിയയാണിത്.

ശക്തിയേറിയ വികിരണങ്ങളെ ചെറുക്കാൻ കഴിയുന്ന ഇവയ്ക്ക് ഉപയോഗപ്രദമായ സംയുക്തങ്ങൾ ഉത്പാദിപ്പിക്കാനും വികിരണങ്ങൾ കൊണ്ടുണ്ടാകുന്ന കോട്ടത്തെ തടയാനുമുള്ള കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു

1963 ൽ കലാം ബഹിരാകാശ ഗവേഷണത്തിൽ ആദ്യകാല പരിശീലനം പൂർത്തിയാക്കിയത് നാസയിലായിരുന്നു. പിന്നീടാണ് അദ്ദേഹം തുമ്പയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കാളിയായത്. ആ ബന്ധം കൂടി പരിഗണിച്ചാണ് ബാക്ടീരിയയ്ക്ക് കലാമിന്റെ പേര് നൽകിയത്.

1963ൽ നാസ സന്ദർശനവും പരിശീലനവും കഴിഞ്ഞ ശേഷമാണ് വിക്രം സാരാഭായ് കലാമിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് തുമ്പയിൽ ഒരു വിക്ഷേപണ കേന്ദ്രം തുടങ്ങാൻ അദ്ദേഹത്തെ ഏൽപ്പിച്ചത്. അരനൂറ്റാണ്ടിനു മുമ്പ് പരിമിതികളുടെ പള്ളിമുറിയിൽനിന്നാണ് കലാം റോക്കറ്റ് നിർമ്മാണ പരീക്ഷണത്തിലേർപ്പെടുന്നത്. യന്ത്രഭാഗങ്ങൾ കൊണ്ട്പോകാൻ സൈക്കിളും കാളവണ്ടിയും ഉപയോഗിക്കേണ്ടിവന്ന അക്കാലത്തും കലാം അതിരുകളില്ലാതെ വളരുന്ന ഇന്ത്യ സ്വപ്നം കണ്ടു.

അവിടെ നിന്നാണ് ആദ്യ റോക്കറ്റായ നെക് അപാഷെയ്ക്ക് തുടക്കം കുറിച്ചത്. 1963 നവംമ്പറിൽ അപാഷെ കുതിച്ചുയർന്നു. ഭാരതത്തിന്റെ 'മിസൈൽ മാനി'ലേക്കുള്ള കലാമിന്റെ കുതിപ്പിന് തുടക്കമായതും അവിടെയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP