Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ഫേസ്‌ബുക്കിനെ കെട്ടുകെട്ടിച്ച നമുക്ക് എന്തുകൊണ്ട് ഇന്റർനെറ്റ് പ്രൊവൈഡർമാരുടെ കൊള്ള അവസാനിപ്പിച്ചുകൂടാ? സ്വതന്ത്രമായ ഇന്റർനെറ്റ് ലഭ്യതയ്ക്കായി ഒരുമിക്കൂ..

ഫേസ്‌ബുക്കിനെ കെട്ടുകെട്ടിച്ച നമുക്ക് എന്തുകൊണ്ട് ഇന്റർനെറ്റ് പ്രൊവൈഡർമാരുടെ കൊള്ള അവസാനിപ്പിച്ചുകൂടാ? സ്വതന്ത്രമായ ഇന്റർനെറ്റ് ലഭ്യതയ്ക്കായി ഒരുമിക്കൂ..

ഹാരം, വസ്ത്രം, പാർപ്പിടം എന്നതുപോലെ തന്നെ മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇന്റർനെറ്റും. ഇന്റർനെറ്റിന്റെ സ്വതന്ത്രമായ, തടസമില്ലാത്ത ലഭ്യത ഇന്ന് പൗരന്റെ മൗലികാവകാശങ്ങളിലൊന്നാണ്. എന്നാൽ ഈ അവകാശത്തിന് തുരങ്കം വയ്ക്കുന്ന നടപടികളാണ് ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡർമാരിൽ നിന്നുണ്ടാവുന്നത്. അവർ ആവശ്യപ്പെടുന്ന തുക നാം നൽകുന്നുണ്ടെങ്കിലും അതിന് തുല്യമായ സർവ്വീസ് പലപ്പോഴും കിട്ടുന്നില്ല. കിട്ടുന്ന സർവ്വീസാണെങ്കിൽത്തന്നെ നിരവധി നിയന്ത്രണങ്ങൾക്ക് വിധേയവുമാണ്.

ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡർമാർ ആരും തന്നെ നിയന്ത്രണമില്ലാത്ത സർവ്വീസോ സ്പീഡ് ഗ്യാരണ്ടിയോ നൽകുന്നില്ല. 1 എംബി സ്പീഡ് എന്ന് അവകാശപ്പെട്ട് നൽകുന്ന കണക്ഷനിൽ ഡൗൺലോഡ് സ്പീഡ് മാത്രമേ 1 എംബി ഉണ്ടാകൂ. അപ്ലോഡ് സ്പീഡ് മിക്കവാറും 512 കെബിയോ അതിൽ താഴെയോ ആയിരിക്കും. അപ്ലോഡ് സ്പീഡില്ലാത്തതുകൊണ്ട് 1 എംബി കണക്ഷനുണ്ടെങ്കിലും നമുക്ക് അതിന്റെ പകുതിപോലും സ്പീഡ് യഥാർഥത്തിൽ അനുഭവിക്കാനാവില്ല. പോപ്പുലറായ സ്പീഡ് ടെസ്റ്റ് ടൂളുകൾ ഉപയോഗിച്ച് ടെസ്റ്റ് ചെയ്യുമ്പോൾ, ഇല്ലാത്ത സ്പീഡ് കൂട്ടിക്കാണിക്കുവാനുള്ള സൂത്രപ്പണികളും ഇവർ തങ്ങളുടെ നെറ്റുവർക്കിൽ ചെയ്യുന്നു. ഇവിടെ ഐഎസ്‌പികൾ ഉപഭോക്താക്കളെ പറ്റിക്കുകയാണ് ചെയ്യുന്നത്.

നെറ്റ്‌വർക്ക് പോർട്ട് ബ്ലോക്കിങ്ങാണ് ഐഎസ്‌പികൾ ചെയ്യുന്ന മറ്റൊരു കള്ളത്തരം. മിക്ക സർവ്വീസ് പ്രൊവൈഡറന്മാരും കണക്ഷനിലെ എല്ലാ ഇൻകമിങ്ങ് പോർട്ടുകളും ബ്‌ളോക്ക് ചെയ്താണ് ഇന്റർനെറ്റ് തരുന്നത്. സിസിടിവി ക്യാമറ, നെറ്റുവർക്ക് ഡിവൈസുകൾ, ടിവി, ഫ്രിഡ്ജ്, ലൈറ്റ്, ഫാൻ, ഏസി, എന്തിന് വീട്ടിലെ വെള്ളമടിക്കുന്ന മോട്ടോറിനെ പോലും ലോകത്തെവിടെയുമിരുന്ന് മൊബൈലിൽ നിയന്ത്രിക്കാവുന്ന കാലമാണിത്. ഇതൊക്കെ എളുപ്പ മാർഗ്ഗത്തിൽ പ്രവർത്തിക്കണമെങ്കിൽ ഇന്റർനെറ്റ് കണക്ഷനിലെ പോർട്ടുകൾ തുറന്നുതന്നെ കിടക്കണം. കൂടാതെ സ്റ്റാർട്ടപ്പുകൾ വീട്ടിലിരുന്ന് പ്രവർത്തിക്കുന്ന ഡിജിറ്റൽ ഇന്ത്യയുടെ ഇക്കാലത്ത് പല സോഫ്റ്റുവെയറുകൾക്കും ഓപ്പൺ പോർട്ടുകൾ അത്യാവശ്യമാണ്. പോർട്ടുകൾ ഐഎസ്‌പി ബ്‌ളോക്ക് ചെയ്യുന്നതുകൊണ്ട് ഈ പ്രവർത്തനങ്ങളെല്ലാം താറുമാറാകുകയാണ്.

ടൊറന്റ് ഡൗൺലോഡുകളുടെ സ്പീഡ് കുറയ്ക്കുകയോ തടയുകയോ ചെയ്യുന്നതാണ് അധാർമ്മികവും നിയമവിരുദ്ധവുമായ അടുത്ത കാര്യം. ലോകത്തെ ഏറ്റവും മികച്ച ഡാറ്റ ഷെയറിങ്ങ് ഉപാധികളിലൊന്നായ ടൊറന്റ് വഴി പ്രയോജനപ്രദമായ ഒട്ടേറെ കാര്യങ്ങൾ വിതരണം ചെയ്യപ്പെടുന്നുണ്ട്. വിദ്യാഭ്യാസസംബന്ധമായ സംഗതികളും ലിനിക്‌സ് ഡിസ്ട്രിബ്യൂഷനുകളുമൊക്കെ കൈമാറ്റം ചെയ്യപ്പെടുന്നത് ടൊറന്റുവഴിയാണ്. ഇതിനെ നിയന്ത്രിക്കുക വഴി ഉപഭോക്താവിന്റെ അവകാശങ്ങളെയാണ് ഐഎസ്‌പികൾ നിയന്ത്രിക്കുന്നത്.

ഇന്റർനെറ്റ് നമുക്ക് നൽകുന്ന ഇടനിലക്കാർ ചെയ്യുന്ന നിയന്ത്രണങ്ങളുടെ ചില ഉദാഹരണങ്ങൾ മാത്രമാണ് ഞാനിവിടെ ചൂണ്ടിക്കാണിച്ചത്. ഐപി ഷെയർ ചെയ്ത് നൽകുക, യൂസറിന്റെ സ്വകാര്യവിവരങ്ങൾ ചോർത്താനിടയാക്കുന്ന തരത്തിൽ സെക്യൂരിറ്റി പിഴവുകളുണ്ടാക്കുക തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കുഴപ്പങ്ങൾ ഐഎസ്‌പികൾ ചെയ്തുകൂട്ടുന്നുണ്ട്. തൽക്കാലം അതൊന്നും ഇവിടെ വിസ്തരിക്കുന്നില്ല. ഡെപ്പോസിറ്റും മാസവാടകയുമെല്ലാം നൽകി ഇന്റർനെറ്റ് സർവ്വീസ് ഉപയോഗിക്കുന്ന ഉപഭോക്താവിന്റെ ഉപയോഗം നിയന്ത്രിക്കുകയും അതുവഴി കസ്റ്റമറുടെ ന്യായമായ അവകാശങ്ങളെ നിഷേധിക്കുകയുമാണ് പല ഐഎസ്‌പികളും ചെയ്യുന്നത്.

തന്റെ ഇന്റർനെറ്റ് കണക്ഷൻ തനിക്കിഷ്ടമുള്ള എന്താവശ്യത്തിനും ഉപയോഗിക്കുവാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. സർക്കാർ നിർദ്ദേശിക്കുന്ന സൈറ്റുകളും മറ്റും നിയമപരമായി ബ്‌ളോക്ക് ചെയ്യാം എന്നതല്ലാതെ ഇന്റർനെറ്റിലെ മറ്റ് ഉപയോഗങ്ങൾ നിയന്ത്രിക്കുന്നത് ശരിയായ നടപടിയല്ല. തീർത്തും പൗരാവകാശലംഘനമായ ഇത്തരം നടപടികൾക്കെതിരെ പ്രതികരിക്കാനും സ്വതന്ത്ര ഇന്റർനെറ്റ് എന്ന അവകാശത്തിനായി പോരാടാനും എല്ലാ ഇന്റർനെറ്റ് ഉപഭോക്താക്കളും മുന്നോട്ടുവരണം. ഫേസ്‌ബുക്കിനെതിരെ നടന്ന സമരം പോലൊന്ന് രാജ്യത്തെ ഇന്റർനെറ്റ് പ്രൊവൈഡറന്മാർക്കെതിരെ നടക്കണം. അതുവഴി ഇത്തരം പ്രശ്‌നങ്ങൾ ട്രായിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ഐഎസ്‌പികളുടെ സർവ്വീസ് ക്വാളിറ്റി പുനർനിർണ്ണയിക്കാനും ഉപഭോക്താവിന്റെ അവകാശങ്ങൾ സംരക്ഷിക്കാനും നമുക്ക് കഴിയണം.

ഈ വിഷയത്തിൽ എല്ലാവരുടേയും അഭിപ്രായങ്ങൾ ക്ഷണിച്ചുകൊള്ളുന്നു. ചർച്ചയിൽ താല്പര്യമുള്ള നിങ്ങളുടെ സുഹൃത്തുക്കളെക്കൂടി ദയവായി ഇവിടെയ്ക്ക് ക്ഷണിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP