Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെക്കൻഡിൽ 70 ജിഗാബൈറ്റ് സ്പീഡിൽ ഇന്റർനെറ്റ്; അതിവേഗ ഇന്റർനെറ്റ് ലക്ഷ്യമിട്ടുള്ള മൂന്ന് ഉപഗ്രഹങ്ങളുള്ള പരമ്പരയിലെ ആദ്യ ഉപഗ്രഹം ജി - സാറ്റ് വിക്ഷേപണത്തിന് തയ്യാർ; മാർക്ക്-ത്രീ റോക്കറ്റിലും പ്രതീക്ഷകൾ ഏറെ

സെക്കൻഡിൽ 70 ജിഗാബൈറ്റ് സ്പീഡിൽ ഇന്റർനെറ്റ്; അതിവേഗ ഇന്റർനെറ്റ് ലക്ഷ്യമിട്ടുള്ള മൂന്ന് ഉപഗ്രഹങ്ങളുള്ള പരമ്പരയിലെ ആദ്യ ഉപഗ്രഹം ജി - സാറ്റ് വിക്ഷേപണത്തിന് തയ്യാർ; മാർക്ക്-ത്രീ റോക്കറ്റിലും പ്രതീക്ഷകൾ ഏറെ

തിരുവനന്തപുരം: സ്വന്തമായി വികസിപ്പിച്ച ശക്തിയേറിയ ക്രയോജനിക് എൻജിനോടുകൂടിയ ജി.എസ്.എൽ.വിയുടെ പരിഷ്‌കരിച്ച പതിപ്പായ മാർക്ക് - ത്രീ രാജ്യത്ത് അതിവേഗ ഇന്റർനെറ്റ് ലക്ഷ്യമിട്ടുള്ള മൂന്ന് ഉപഗ്രഹങ്ങളുള്ള പരമ്പരയിലെ ആദ്യ ഉപഗ്രഹമായ ജി - സാറ്റ് 19വുമായി ജൂൺ അഞ്ചിന് കുതിച്ചുയരും. വൈകിട്ട് 5 മണിക്ക് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം. ഭീമൻ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിലും അതിനുള്ള റോക്കറ്റ് സാങ്കേതികവിദ്യയിലും ഇന്ത്യയുടെ കരുത്ത് തെളിയിക്കാനുള്ള അവസരം കൂടിയാണ് ഇത്.

മാർക്ക് - ത്രീ റോക്കറ്റിന്റെ കന്നി പ്രകടനമാണ് വിക്ഷേപണത്തിന്റെ പ്രത്യേകത. 3200 കിലോഗ്രാം ഭാരമുണ്ട് ജി- സാറ്റ് 19 ഉപഗ്രഹത്തിന്. വിക്ഷേപണം വിജയിച്ചാൽ 7,000 കിലോഗ്രാം വരെ ഭാരമുള്ള കൂറ്റൻ ഉപഗ്രഹങ്ങൾ സ്വന്തം റോക്കറ്റിൽ വിക്ഷേപിക്കാനുള്ള കരുത്ത് ഇന്ത്യ നേടും. നിലവിൽ പി.എസ്.എൽ.വി റോക്കറ്റിൽ രണ്ടായിരം കിലോഗ്രാം വരെയുള്ള ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. തുടക്കത്തിൽ നാലായിരം കിലോഗ്രാമും പടിപടിയായി 7000 കിലോഗ്രാം വരെയും വിക്ഷേപിക്കാൻ മാർക്ക് - ത്രീ റോക്കറ്റിനാകും.

ആണവ നിർവ്യാപന കരാറിൽ ഒപ്പുവയ്ക്കാത്ത ഇന്ത്യയ്ക്ക് ക്രയോജനിക് വിദ്യ കിട്ടിയാൽ ആണവ മിസൈൽ ഉണ്ടാക്കുമെന്നാരോപിച്ച് 1992ൽ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്നാണ് ക്രയോജനിക് വിദ്യ ഇന്ത്യയ്ക്ക് കൈമാറാനുള്ള ധാരണയിൽ നിന്ന് റഷ്യ പിന്മാറിയത്. തുടർന്ന് 1994 ലാണ് ക്രയോജനിക് എൻജിൻ സ്വന്തമായി വികസിപ്പിക്കാനുള്ള പദ്ധതി തിരുവനന്തപുരം വി എസ്.എസ്.സിയിൽ തുടങ്ങിയത്. 2001 ൽ ജി.എസ്.എൽ.വി മാർക്ക് 1 ഉം 2010ൽ മാർക്ക് 2 ഉം വികസിപ്പിച്ചു. അപ്പർ സ്റ്റേജായ ക്രയോജനിക് എൻജിൻ ഉൾപ്പെടെ മൂന്ന് സ്റ്റേജുകളും തദ്ദേശീയമായി നിർമ്മിച്ച മാർക്ക് - ത്രീയുടെ ആദ്യ വിക്ഷേപണമാണ് ഇപ്പോൾ നടത്തുന്നത്.

ജി-സാറ്റിന്റെ മൂന്ന് ഉപഗ്രഹങ്ങളുടെ പരമ്പര വിക്ഷേപിക്കുന്നതോടെ രാജ്യത്ത് അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും. ജി - സാറ്റ് 11, ജി - സാറ്റ് 20 ഉപഗ്രഹങ്ങളാണ് ഇനി വിക്ഷേപിക്കുക. ഇവയിലെ ഉയർന്ന ഫ്രീക്വൻസിയുള്ള ട്രാൻസ്‌പോണ്ടറുകളിലെ മൾട്ടിപ്പിൾ സ്‌പോട്ട് ബീമുകളാണ് അതിവേഗ ഇന്റർനെറ്റ് സാദ്ധ്യമാക്കുന്നത്. ഒരു സ്‌പോട്ട് ബീമിന് ഒരു നഗരത്തിൽ മാത്രമേ ഇന്റർനെറ്റ് നൽകാനാകൂ. മൾട്ടിപ്പിൾ സ്‌പോട്ട് ബീമുകൾ രാജ്യം മുഴുവൻ ഇന്റർനെറ്റ് നൽകാൻ പര്യാപ്തമാണ്.

ജി- സാറ്റ് 19 ൽ 11 മൾട്ടിപ്പിൾ ബീമുകളുണ്ട്. മൂന്ന് ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നതോടെ 80 മൾട്ടിപ്പിൾ സ്‌പോട്ട് ബീമുകൾ ലഭ്യമാകും. ഇതോടെ സെക്കൻഡിൽ 70 ജിഗാബൈറ്റ് ഇന്റർനെറ്റ് ലഭിക്കും. നിലവിൽ ഒരു ജിഗാബൈറ്റാണ് പരമാവധി വേഗത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP