Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനസിൽ ചിന്തിക്കുന്നതു ഫേസ്‌ബുക് പകർത്തിയെഴുതുന്ന കാലം വരുന്നു; ഇത് ക്രിയാത്മകമായി ചിന്തിച്ചു തീരുമാനം എടുക്കുന്ന കംപ്യൂട്ടറുകളുടെ കാലം; വക്കീലന്മാർക്കും ഡോക്ടർമാർക്കും പോലും പകരക്കാരായി കംപ്യൂട്ടർ എത്താം; ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് നിങ്ങൾക്കെന്തറിയാം

മനസിൽ ചിന്തിക്കുന്നതു ഫേസ്‌ബുക് പകർത്തിയെഴുതുന്ന കാലം വരുന്നു; ഇത് ക്രിയാത്മകമായി ചിന്തിച്ചു തീരുമാനം എടുക്കുന്ന കംപ്യൂട്ടറുകളുടെ കാലം; വക്കീലന്മാർക്കും ഡോക്ടർമാർക്കും പോലും പകരക്കാരായി കംപ്യൂട്ടർ എത്താം; ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് നിങ്ങൾക്കെന്തറിയാം

അഡ്വ. സുനിൽ സുരേഷ്

നസ്സുകൊണ്ട് ഫേസ്‌ബുക്ക് പ്രവർത്തിപ്പിക്കാൻ കഴിയുന്ന സാങ്കേതികവിദ്യ വരുന്നു. മനസ്സിലെ ആശയങ്ങൾ അഥവാ ഡേറ്റ, കംപ്യൂട്ടറിലേക്ക് പകർത്തുക എന്നത് യാഥാർത്യമാക്കുന്നതിന്റെ പണിപ്പുരയിലാണ് സുക്കർബർഗും കൂട്ടരും.

മനുഷ്യനോടൊപ്പം ബുദ്ധിപരമായി ചിന്തിക്കാൻ യന്ത്രങ്ങളും കൂടി തയ്യാറെടുത്തു തുടങ്ങുന്ന ഈ കാലഘട്ടത്തിൽ ഏറ്റവും പ്രസക്തമായ ഒരു സാങ്കേതിക വിദ്യയെപ്പറ്റിയാണ് ഇനി പറയുവാൻ പോകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എ.ഐ.

ക്രിയാത്മകമായി ചിന്തിച്ച് തീരുമാനങ്ങൾ എടുക്കാൻ കംപ്യൂട്ടറിനെ പ്രാപ്തമാക്കുന്ന; പ്രതിദിനം വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് എ.ഐ.

പ്രശ്‌നപരിഹാരം അഥവാ പ്രോബ്ലം സോൾവിങ് തലങ്ങളിലായിട്ടാണ് കംപ്യൂട്ടർ സയൻസ് എന്ന നിലയ്ക്ക് എ.ഐ വ്യാപകമായി ഉപയോഗിക്കപ്പെട്ടുവരുന്നത്. അതായത് സങ്കീർണ്ണമായ പ്രശ്‌നങ്ങൾക്ക് ഉത്തരം കണ്ടെത്തുവാൻ അഥവാ ബുദ്ധിപരമായി ചിന്തിക്കുവാൻ മനുഷ്യനോളം യന്ത്രങ്ങളെ പ്രാപ്തമാക്കുക.

1950 കളിൽത്തന്നെ രൂപം കൊണ്ട ഈ ആശയം ഇന്ന് റോബോട്ടുകളുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട റോബോട്ടിക്‌സ്, കംപ്യൂട്ടർ ഗെയ്മിങ് എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതലായി പ്രയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

കംപ്യൂട്ടർ എതിരാളിയാകുന്ന ഗെയിമുകളിൽ തന്റെ എതിരാളിയെ ഇടിച്ചു തറ പറ്റിക്കുക, എതിരാളിയുടെ കാറിനെ മറികടന്ന് ഒന്നാമതായി ഫിനിഷിങ് പോയിന്റിൽ എത്തുക, സ്വന്തം ടീമിനെക്കൊണ്ട് പരമാവധി ഗോളുകൾ അടിപ്പിച്ച് ഫുട്‌ബോൾ ടൂർണ്ണമെന്റിൽ വിജയകിരീടം ചൂടിക്കുക തുടങ്ങി കളിയിൽ കംപ്യൂട്ടറിന്റെ മാനം കാക്കാൻ സാക്ഷാൽ എ.ഐ തന്നെ വേണം. 'റോഡ്‌റാഷ്' മുതൽ 'ടോട്ടൽവാർ ' വരെയുള്ള കംപ്യൂട്ടർ ഗെയിം മേഖലയുടെ വളർച്ചാ കാലഘട്ടങ്ങളിൽ എ.ഐ ചെലുത്തിയിട്ടുള്ള സ്വാധീനം വളരെ വലുതാണ്.

മ്യൂസിക് കംപോസിങ്, പ്രതിരോധം, ആരോഗ്യം തുടങ്ങിയ മേഖലകളിലും എ.ഐ യുടെ പ്രായോഗികവശങ്ങൾ നിരവധിയാണ്. ഉദാഹരണത്തിന് ആംപർ (Amper) എന്ന എ.ഐ മ്യൂസിക് കംപോസിങ് സോഫ്റ്റ് വെയർ ഒരെണ്ണം സംഘടിപ്പിക്കാൻ കഴിഞ്ഞാൽ തരക്കേടില്ലാത്ത ഒരു സംഗീത സംവിധായകനാകാം. അതായത് 'സംഗതി' ഒന്നും വശമില്ലങ്കിലും സംഗീതം സംവിധാനം ചെയ്യുന്ന പണി കംപ്യൂട്ടർ ഏറ്റെടുത്തോളും.

ഇന്ത്യയിലെ ആദ്യ ചങ്ങാതി റോബോട്ടായ 'മികോ'യെപ്പറ്റി കേട്ടിട്ടുണ്ടോ? അരയടി മാത്രം ഉയരമുള്ള കുഞ്ഞൻ ആണെങ്കിലും ആൾ മിടുക്കനാണ്. കുട്ടികളുടെ കൂടെ കളിക്കും, സംസാരിക്കും, അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകും, അവർക്ക് ചിത്രങ്ങൾ കാണിച്ചു കൊടുക്കുകയും ഉപദേശങ്ങൾ നൽകുകയും ചെയ്യും മികോ. ഐ.ഐ.ടി ബിരുദാനന്തര ബിരുദധാരികളായ മൂന്ന് ചെറുപ്പക്കാർ നേതൃത്വം നൽകുന്ന ഇമോട്ടിക്‌സ് എന്ന കമ്പനിയാണ് മികോയുടെ നിർമ്മാതാക്കൾ.

സാമാന്യം വലുപ്പമുള്ള ഒരു കോഴിക്കുഞ്ഞിന്റെ രൂപത്തിലാണ് മികോ രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളതെങ്കിൽ, കെട്ടിലും മട്ടിലും മനുഷ്യനോട് ഏറെ രൂപസാദൃശ്യം പുലർത്തുന്ന ഹ്യൂമനോയിഡ് റോബോട്ടുകൾ ഒരു പടി കൂടി മുന്നിലാണെന്ന് പറയാം. ഹോണ്ട നിർമ്മിച്ച അസിമോ എന്ന എ.ഐ ഹ്യൂമനോയിഡ് റോബോട്ട് ഡ്രിങ്ക് സെർവ് ചെയ്യാൻ മിടുക്കനാണ്. അതായത് ട്രേയിൽ നിന്ന് വഴുതിപ്പോകാതെ കുപ്പി എടുക്കുക, കുപ്പി തുറന്ന് മദ്യം ഗ്ലാസിലേക്ക് ഒഴിക്കുക.... നമ്മുടെ ബിവറേജുകളിൽ ഓരോന്നിലും ഇങ്ങനെയുള്ള രണ്ട് ചങ്ങാതിമാരെ വീതം നിയമിച്ചാൽ വെയിലത്ത് ക്യൂ നിന്നു കഷ്ടപ്പെടുന്ന കുടിയന്മാർക്ക് അതൊരു വലിയ ആശ്വാസമായിരിക്കും. തിരക്കും കുറയ്ക്കാം. കുടിയന്മാരും ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമാണല്ലോ. ഗവൺമെന്റിനും സൗകര്യം. ശമ്പളം കൊടുക്കണ്ട; തൊഴിലാളിയുടെ ഭാഗത്തുനിന്ന് പ്രതിഷേധമോ സമരമുറകളോ ഉണ്ടാകില്ലെന്നതും ഉറപ്പ്.

എ.ഐ സൃഷ്ടിക്കപ്പെട്ടേക്കാവുന്ന വലിയ ഒരു അരാജകത്വവും ഇതുതന്നെ. മനുഷ്യനു പകരം യന്ത്രമനുഷ്യൻ എന്ന ആശയം വ്യാപകമായി പ്രാവർത്തികമായാൽ തൊഴിലില്ലായ്മ രൂക്ഷമായേക്കാം. (കാര്യങ്ങൾ അത്രത്തോളം എത്തിയാൽ മാത്രം)

പതിനേഴ് വർഷങ്ങൾക്ക് മുൻപ് 2000ൽ ആണ് അസിമോ നിർമ്മിക്കപ്പെടുന്നത്. അന്നു തൊട്ട് ഇന്നുവരെ കൂടുതൽ ചിന്താശേഷിയുള്ള എ.ഐ റോബോട്ടുകൾക്കായുള്ള ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

അസിമോയുടെ പിന്മുറക്കാരനായ 'നാഓ' റോബോട്ട് ഗന്നം സ്‌റ്റൈൽ നർത്തകൻ കൂടിയാണ്.

വിവിധ സെൻസറുകൾ, റഡാറുകൾ എന്നിവയുടെ സഹായത്താൽ ഓടുന്ന ഡ്രൈവറില്ലാ കാറുകൾ, 1997 ൽ അന്നത്തെ ലോക ചെസ് ചാംപ്യൻ ആയിരുന്ന ഗാരി കാസ്പറോവിറെ ചെസ്സ് കളിയിൽ തോൽപ്പിച്ച 'ഡീപ്പ് ബ്ലൂ സീ' എന്ന മിടുക്കൻ കംപ്യൂട്ടർ എന്നിവയെല്ലാം എ.ഐ യുടെ സൃഷ്ടി തന്നെ.

അഭിഭാഷകവൃത്തിയിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുന്നവർ ഒന്നു കരുതിയിരുന്നോ. ചൈനയിലെ ഒരു ലീഗൽ ഫേം 'റോസ്സ് ' എന്ന പേരിൽ ഒരു വക്കീലിനെ തങ്ങളുടെ ഓഫീസിൽ നിയമിച്ചിട്ടുണ്ട്. ഏതോ സുന്ദരി ആണെന്നു കരുതിയെങ്കിൽ തെറ്റി. ഐ.ബി.എം വാട്ട്‌സൺ ടെക്‌നോളജി അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന നല്ല ഒന്നാന്തരം ഒരു എ.ഐ റോബോട്ട് വക്കീൽ. തുടക്കക്കാരനായ ഒരു ജൂനിയർ അഭിഭാഷകൻ ചെയ്യുന്ന ലീഗൽ റിസർച്ചറുടെ പണിയാണ് കക്ഷി ചെയ്യുന്നത്. പ്രത്യേകിച്ച് ബാങ്ക് നിർദ്ധനത്വവുമായി ബന്ധപ്പെട്ട കേസുകൾ. അപ്പോൾ സ്വന്തം കഞ്ഞിയിൽ പാറ്റയും പെരുമ്പാമ്പും ഒന്നും വീഴാതെ സൂക്ഷിച്ചോളൂ.

തലയ്ക്കകത്ത് നല്ല രീതിയിലുള്ള ആൾത്താമസം ഉണ്ടെങ്കിൽ മാസം ലക്ഷങ്ങൾ എണ്ണി വാങ്ങാവുന്ന വിപുലമായ ജോലി സാധ്യതകൾ ഉള്ള ഒരു മേഖലയാണിത്. ഇന്ത്യയിൽ തന്നെ അനലിസ്റ്റ്, റിസർച്ച് സയന്റിസ്റ്റ്, എ.ഐ സോഫ്റ്റ് വെയർ എഞ്ചിനീയർ, എ.ഐ ഡെവലപ്പർ എന്നിങ്ങനെ വിദഗ്ദ സേവനം അനിവാര്യമായിട്ടുള്ള കമ്പനികൾ നിരവധിയാണ്.വിനോദ വ്യവസായം എന്നതിലുപരി എ.ഐ.യുടെ വാണിജ്യപരമായ സാധ്യതകൾ ഗവൺമെന്റ് തലത്തിലേക്ക് എത്തിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യാൻ സാധിച്ചാൽ ഭരണ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കുള്ള സാധ്യത ഏറെയാണ്. ഫിലോസഫി, കംപ്യൂട്ടർ സയൻസ്, സൈക്കോളജി, ന്യൂറോൺ സയൻസ്, മാത്തമാറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളിലുള്ള അവഗാഹം എ.ഐ എൻജിനീയറെ സംബന്ധിച്ച് ഒരു മുതൽക്കൂട്ടായിരിക്കും.

ജാവ, പ്രൊലോഗ് തുടങ്ങിയവ അനുയോജ്യമാണെങ്കിൽ കൂടി, പൈത്തൺ ആണ് ഏറ്റവും മികച്ച എ.ഐ റിസൽട്ട് കിട്ടാൻ സഹായകരമാകുന്ന പ്രോഗ്രാമിങ് ഭാഷ.

താൽപ്പര്യമുള്ളവർക്ക് നിലവിലുള്ള ഐ.ഐ.ടി കളിൽ എ.ഐ കോഴ്‌സ് പഠിക്കാവുന്നതാണ്. എം.ടെക് തലത്തിൽ എ.ഐ കോഴ്‌സ് പഠിക്കാനുള്ള അവസരം നൽകുന്ന നിരവധി സ്ഥാപനങ്ങൾ ഇന്ത്യയിൽത്തന്നെ ഉണ്ട്.

എ.ഐ യുടെ ഭാവി സാദ്ധ്യതകൾ വിസ്മയിപ്പിക്കുന്നതുതന്നെ. പ്രായാധിക്യം ഒരു വിലങ്ങുതടി ആയിത്തീരുമ്പോൾ ശാരീരിക വ്യവസ്ഥകൾക്കതീതമായി സ്വയം നിയന്ത്രിത കമാൻഡുകളെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന അവയവങ്ങൾ.

മനുഷ്യന് ചെന്നെത്താൻ ബുദ്ധിമുട്ടുള്ള ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ കെൽപ്പുള്ള റോബോട്ടുകൾ. മനുഷ്യ മസ്തിഷ്‌കത്തോടൊപ്പം കംപ്യൂട്ടർ ബുദ്ധി കൂടി സമന്വയിപ്പിക്കപ്പെട്ട് രൂപം കൊടുക്കാവുന്ന സൂപ്പർ ഹ്യൂമൻ.

വിനോദ വ്യവസായം എന്നതിലുപരി എ.ഐ.യുടെ വാണിജ്യപരമായ സാധ്യതകൾ ഗവൺമെന്റ് തലത്തിലേക്ക് എത്തിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യാൻ സാധിച്ചാൽ ഭരണ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കുള്ള സാധ്യത ഏറെയാണ്. വിശിഷ്യാ ദേശീയ സുരക്ഷയോടൊപ്പം സൈബർ സുരക്ഷ കൂടി കണക്കിലെടുക്കുമ്പോൾ ഈ രംഗത്ത് പുതിയ കണ്ടെത്തലുകൾ അനിവാര്യമാണ് എന്നതിൽ തർക്കമില്ല.

ടെക്‌നോളജിയുടെ അതിപ്രസരം മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു സാഹചര്യം ആണല്ലോ ഇന്നുള്ളത്. പ്രത്യക്ഷത്തിൽ ഹ്യൂമൻ ഫ്രണ്ട്‌ലി ആയിട്ടാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ കൂടി ഭാവിയിൽ അപകടകരമായ പല സാദ്ധ്യതകളും എ.ഐ സംബന്ധിച്ച് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഉദാഹരണത്തിന് നശീകരണ പ്രോഗ്രാം കൊടുക്കപ്പെട്ടിട്ടുള്ള ഒരു റോബോട്ടിനെ ഉപയോഗിച്ച് മനുഷ്യന് ചിന്തിക്കാൻ കഴിയാത്ത തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യിക്കാം. മെഷീൻ തീവ്രവാദികളും സ്വയം നിയന്ത്രിത ആയുധങ്ങളും വെടിക്കോപ്പുകളും യുദ്ധങ്ങളിൽ നിർണ്ണായക ഘടകങ്ങൾ ആയിത്തീരാം.

2016 നവംബറിൽ ചൈനയിൽ വെച്ചു നടന്ന ഒരു ടെക് ഫെയറിനിടെ 'ലിറ്റിൽ ചബ്ബി' എന്ന ഒരു കുള്ളൻ റോബോട്ട് അപ്രതീക്ഷിതമായി സമീപത്തെ ഗ്ലാസ് ബൂത്ത് തകർക്കുകയും തൊട്ടടുത്തുണ്ടായിരുന്ന മനുഷ്യനെ ആക്രമിക്കുകയും ചെയ്തിരുന്നു. വാർത്ത ഒരൽപ്പം ഊതിപ്പെരുപ്പിച്ചതാണെങ്കിൽ കൂടി കുറച്ച് അതിഭാവുകത്വവും കൂടി കലർത്തി, മനുഷ്യനും യന്ത്രവും തമ്മിലുള്ള യുദ്ധത്തിന്റെ വിത്ത് വിതയ്ക്കപ്പെട്ടതായി കണക്കാക്കുന്നവരുണ്ട്.ടെക്‌നോളജിയുടെ അതിപ്രസരം മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു സാഹചര്യം ആണല്ലോ ഇന്നുള്ളത്. പ്രത്യക്ഷത്തിൽ ഹ്യൂമൻ ഫ്രണ്ട്‌ലി ആയിട്ടാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ കൂടി ഭാവിയിൽ അപകടകരമായ പല സാദ്ധ്യതകളും എ.ഐ സംബന്ധിച്ച് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.49 വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ 2001 എ സ്‌പേസ് ഒഡിസി എന്ന ഇതിഹാസ ചലച്ചിത്രത്തിൽ HAL 9000 എന്ന എ.ഐ കംപ്യൂട്ടർ മനുഷ്യന് സഹായിയും പിന്നീട് വിനാശകാരിയും ആകുന്നത് എങ്ങനെയന്ന് ചിത്രീകരിച്ചിട്ടുണ്ട്. അതായത് 49 വർഷങ്ങൾക്ക് മുൻപു തന്നെ ഈയൊരു അപകട സാദ്ധ്യത മുൻകൂട്ടി കാണപ്പെട്ടിരുന്നു എന്ന് അനുമാനിക്കാം.

മനുഷ്യനെക്കാൾ ചിന്താശേഷിയുള്ള ഒരു കംപ്യൂട്ടർ നിർമ്മിക്കാൻ മനുഷ്യന് ഇന്നേവരെ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. ക്ലോണിംഗിലൂടെ സൃഷ്ടിയുടെ ബാലപാഠങ്ങൾ ഡീകോഡ് ചെയ്യാൻ സാധിച്ച മനുഷ്യന് ഭാവിയിൽ ഒരു പക്ഷെ ഇതിന് കഴിഞ്ഞേക്കാം. അങ്ങനെയെങ്കിൽ എ.ഐ റോബോട്ടുകൾ മനുഷ്യനെ അടക്കി ഭരിക്കുന്ന ഒരു കാലമായിരിക്കും വരാൻ പോകുന്നത്.

(നിയമത്തിൽ ബിരുദാനന്തര ബിരുദധാരിയായ ലേഖകൻ തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിലെ അസിസ്റ്റൻഡ് പ്രഫസർ ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP