Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിളിക്കാത്തതിൽ പ്രതിഷേധിച്ച് വി എസ് വിട്ടുനിൽക്കും; തലസ്ഥാനത്തുള്ള ഒളിമ്പ്യന്മാർക്ക് പോലും ക്ഷണമില്ല: ദേശീയ ഗെയിംസിന് കൊടി ഉയരുമ്പോഴും പരാതിപ്രവാഹം; വിമർശനവുമായി കോൺഗ്രസ് നേതാവ് പന്തളവും

വിളിക്കാത്തതിൽ പ്രതിഷേധിച്ച് വി എസ് വിട്ടുനിൽക്കും; തലസ്ഥാനത്തുള്ള ഒളിമ്പ്യന്മാർക്ക് പോലും ക്ഷണമില്ല: ദേശീയ ഗെയിംസിന് കൊടി ഉയരുമ്പോഴും പരാതിപ്രവാഹം; വിമർശനവുമായി കോൺഗ്രസ് നേതാവ് പന്തളവും

തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ ബഹിഷ്‌കരിക്കുമെന്ന് സൂചന. ഉദ്ഘാടന വേദിയിൽ പ്രതിപക്ഷത്തിന് അർഹമായ പരിഗണന നൽകിയില്ലെന്നാണ് ആരോപണം. പത്രപരസ്യത്തിൽ നിന്നും വിഎസിനെ ഒഴിവാക്കിയിരുന്നു.

ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനായി കണ്ണൂരിലെ പാർട്ടി സമ്മേളനം പോലും വി എസ് ഒഴിവാക്കിയിരുന്നു. സമ്മേളന വേദിയിൽ എത്തില്ലെന്ന് കഴിഞ്ഞ ദിവസമാണ് സിപിഐ(എം) നേതാക്കളെ വി എസ് അറിയിച്ചത്. അതിന് ശേഷമാണ് ദേശീയ ഗെയിംസിലെ അവഗണന ശ്രദ്ധയിൽപ്പെട്ടത്. പരാതിപ്പെട്ടിട്ടും ആരും പ്രതിപക്ഷ നേതാവിനെ ബന്ധപ്പെട്ടതുമില്ല. ഈ സാഹചര്യത്തിലാണ് ചടങ്ങിൽ നിന്ന് വി എസ് വിട്ടു നിൽക്കുന്നത്. സംഘാടക സമിതിക്ക് എതിരെ ദേശീയ ഗെയിംസ് പൂർത്തിയായ ശേഷം തെളിവുള്ള ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രംഗത്ത് വരുമെന്നാണ് സൂചന. എന്നാൽ ഗെയിംസ് നടക്കുമ്പോൾ കായികതാരങ്ങളുടെ ആവേശം കെടുത്തുന്ന തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുകയുമില്ല.

പ്രതിപക്ഷനേതാവിനെ ചടങ്ങിൽ അവഗണിച്ചെന്ന് വി എസ് ശിവൻകുട്ടി എംഎൽഎ ആരോപിച്ചു. മേയറുടെ കാര്യത്തിലും പ്രോട്ടോക്കോൾ ലംഘിച്ചെന്ന് പരാതി ഉയർന്നിട്ടുണ്ട്. പാസ് വിതരണത്തിലും ക്രമക്കേട് നടക്കുന്നതായി ആരോപണമുയരുന്നുണ്ട്. പ്രതിഷേധമുണ്ടെങ്കിലും തങ്ങളുടെ ഭാഗത്തു നിന്ന് അപസ്വരങ്ങൾ ഉണ്ടാകില്ലെന്ന് വി എസ് ശിവൻകുട്ടി എംഎൽഎ പറഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ എംഎൽഎമാരുള്ള പാർട്ടിയാണ് സിപിഐ(എം). അതിന്റെ നേതാവും മുൻ മുഖ്യമന്ത്രിയുമാണ് വി എസ്. പ്രതിപക്ഷത്തോടുള്ള സർക്കാരിന്റെ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും വി എസ് ശിവൻകുട്ടി എംഎൽഎ വ്യക്തമാക്കി.

പത്രപരസ്യത്തിൽ മുഖ്യമന്ത്രി, കായികമന്ത്രി തുടങ്ങിയവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്നു. മോയറുടെ കാര്യത്തിലും നഗ്‌നമായ പ്രോട്ടോക്കോൾ ലംഘനം നടന്നിട്ടുണ്ട്. കേവലം ഫോട്ടോയുടെ പ്രശ്‌നമല്ല ഇതെന്നും പരസ്യം മാന്യമായി ചെയ്യേണ്ടതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പരസ്യം ചെയ്തവർക്കെതിരെ നടപടിയെടുക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. സർക്കാരിന്റെ നടപടികളിൽ പ്രതിപക്ഷത്തിന് ശക്തമായ പ്രതിഷേധമുണ്ട്. ഇത് കോൺഗ്രസിന്റെ കുടുംബസ്വത്തല്ല. കേരളത്തിലെ ജനങ്ങൾക്കെല്ലാം ഇതിൽ ഉത്തരവാദിത്തമുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. അഴിമതിയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാണിക്കാതിരിക്കാൻ പ്രതിപക്ഷത്തിന് സാധിക്കില്ലെന്നും വ്യക്തമാക്കി.

അതിനിടെ കെ എം ബീനാമോൾ, ബോബി അലോഷ്യസ് തുടങ്ങിയ തലസ്ഥാനത്തുള്ള ഒളിമ്പ്യന്മാരെ പോലും ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല എന്ന പരാതിയുണ്ട്. ഇന്നലെ ഈ വിവരം മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടതോടെ മന്ത്രി തന്നെ നേരിട്ട് ഇടപെട്ട് പരിഹാരം ഉണ്ടാക്കിയതായാണ് സൂചന. മന്ത്രിയുടെ നിർദ്ദേശപ്രകാരം സ്‌പോർട് കൗൺസിൽ സെക്രട്ടറി ബിനു ഇവരെയെല്ലാം നേരിട്ട് പലതവണ വിളിച്ചതോടെയാണ് ഒളിമ്പ്യന്മാർ പങ്കെടുക്കാമെന്ന് സമ്മതിച്ചത്.

കോൺഗ്രസിലും അമർശം പുകയുകയാണ്. ദേശീയ ഗെയിംസിലെ ഉദ്ഘാടനച്ചടങ്ങിൽ നടത്തുന്ന പരിപാടിക്ക് വാർ ക്രൈയെന്ന പേര് അടിയന്തരമായി മാറ്റണമെന്ന് കെപിസിസി വക്താവും മുൻ കായിക മന്ത്രിയുമായ പന്തളം സുധാകരൻ. അതല്ലെങ്കിൽ ദേശീയ ഗെയിംസ്, ദേശീയ ഷെയിം ആയി മാറുമെന്നും ആദ്ദേഹം പറഞ്ഞു. നടൻ മോഹൻലാൽ അവതരിപ്പിക്കുന്ന ലാലിസമെന്ന പിരിപാടി ആദ്യമായി അവതരിപ്പിക്കുന്നതിനാൽ, പ്രതിഫലം പൂർണമായും ഒഴിവാക്കണമെന്നും പന്തളം സുധാകരൻ ആവശ്യപ്പെട്ടു. ലാലിസത്തിന്റെ അവതരണത്തിന് താൻ പ്രതിഫലം വാങ്ങിയില്ലെന്ന മോഹൻലാലിന്റെ പ്രസ്താവനയെയും അദ്ദേഹം ചോദ്യം ചെയ്തു. ഓരോ ഐറ്റത്തിന്റെയും ചെലവ് ഇത്രയാണെന്ന് കൃത്യമായി പറയാൻ മോഹൻലാലിന് പറ്റുമോ എന്ന് അദ്ദേഹം ചോദിച്ചു.

ഉദ്ഘാടനത്തിനുള്ള പാസുകൾ ഉദ്യോഗസ്ഥർ പൂഴ്‌ത്തിവച്ചിരിക്കുകയാണ്. ഇപ്പോൾ നടക്കുന്നത് പാസ് ക്രൈയാണെന്നും പന്തളം സുധാകരൻ പരിഹസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP