Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെറുകിട പത്രങ്ങൾക്കുവരെ ഗെയിംസ് ഫണ്ടിൽനിന്നു 40 ലക്ഷം: പത്രമുത്തശ്ശിമാർക്കു കോടികൾ; ഓൺലൈൻ പത്രങ്ങളെയും ദക്ഷിണവച്ചു വശത്താക്കി; സർവതും കുളമായ ദേശീയ ഗെയിംസിനു പെരുമ കൂട്ടാൻ കൈക്കൂലി ഇങ്ങനെ

ചെറുകിട പത്രങ്ങൾക്കുവരെ ഗെയിംസ് ഫണ്ടിൽനിന്നു 40 ലക്ഷം: പത്രമുത്തശ്ശിമാർക്കു കോടികൾ; ഓൺലൈൻ പത്രങ്ങളെയും ദക്ഷിണവച്ചു വശത്താക്കി; സർവതും കുളമായ ദേശീയ ഗെയിംസിനു പെരുമ കൂട്ടാൻ കൈക്കൂലി ഇങ്ങനെ

ആവണി ഗോപാൽ

തിരുവനന്തപുരം: മനോരമയ്ക്ക് പത്ത് കോടിയും മോഹൻലാലിന് രണ്ട് കോടിയും നൽകാമെങ്കിൽ എന്തുകൊണ്ട് തങ്ങൾക്ക് തന്നുകൂട? ഈ ചോദ്യത്തിന് മുന്നിൽ ദേശീയ ഗെയിംസ് സംഘാടക സമിതി പകച്ചു. കേരളത്തിലെ മാദ്ധ്യമ ലോകത്തിന്റെ ആവശ്യങ്ങൾക്ക് വഴങ്ങുകയും ചെയ്തു. പത്രമുത്തശ്ശിമാർ, ചെറുകിടക്കാർ, ചാനലുകൾ പിന്നെ ഓൺലൈൻ വെബ്‌സൈറ്റുകൾ ഇങ്ങനെ ഓരോരുത്തർക്കും സംഘാടക സമിതി വിലയിട്ടു. എല്ലാവരും ആ ലക്ഷങ്ങൾ ഏറ്റുവാങ്ങി. അങ്ങനെ ദേശീയ ഗെയിംസിന് അനുവദിച്ച അറുന്നൂറ് കോടിയിൽ പിന്നേയും കോടികൾ കായിക വികസനത്തിന് ഗുണകരമല്ലാത്ത പ്രവർത്തികൾക്കായി വകമാറി. നഷ്ടം കേരളത്തിലെ കായിക ലോകത്തിനും വളർന്ന് വരുന്ന പ്രതിഭകൾക്കും മാത്രം.

റൺ കേരളാ റണ്ണിന്റെ നടത്തിപ്പിന്റെ പേരിൽ മനോരമയ്ക്ക് പത്ത് കോടി നൽകിയപ്പോൾ മാതൃഭൂമിയും കേരള കൗമുദിയും ഏഷ്യാനെറ്റും എല്ലാം സട കുടഞ്ഞ് എഴുന്നേറ്റു. ഗെയിംസിന്റെ കുറ്റങ്ങൾ ഓരോന്നായി വിളിച്ചു പറഞ്ഞു. സർക്കാർ പ്രതിസന്ധിയിലുമായി. ഇതോടെ മുഖ്യമന്ത്രി നേരിട്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമം തുടങ്ങി. ഗെയിംസ് സംഘാടനത്തിന്റെ നിർണ്ണായക ചുമതലുള്ള ചാനൽ പ്രമുഖന്റെ വാക്കുകൾക്ക് കാതോർത്തു. മറ്റുള്ളവർക്കും പരസ്യം നൽകുക. ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ ഒന്നിനും എതിര് നിൽക്കില്ലെന്ന് വ്യക്തമാക്കിയതോടെ തന്ത്രങ്ങൾ ആ വഴിക്കായി. ശ്രേയംസ് കുമാറും കെ മാധവനും ജോൺ ബ്രിട്ടാസും അടക്കമുള്ള ചാനൽ പ്രമുഖരുമായി ടെലി കോൺഫറൻസ്, പത്ര പ്രതിനിധികളുമായി നേരിട്ട് ചർച്ച എല്ലാം പറഞ്ഞുറപ്പിച്ചതോടെ ഗെയിംസിലെ പോരായ്മകൾ പത്രങ്ങളും ചാനലുകളും കണ്ടില്ലെന്ന് നടിക്കാനും തുടങ്ങി.

മനോരമയ്ക്ക് കിട്ടിയത് മാതൃഭൂമി പത്രത്തിലൂടേയും ചാനലിലൂടെയും സ്വന്തമാക്കി. കേരള കൗമുദിയേയും നിരാശരാക്കിയില്ല. മാദ്ധ്യമ അടക്കമുള്ള രണ്ടാം നിര പത്രങ്ങൾക്ക് പോലും ലക്ഷങ്ങൾ കിട്ടി. നാൽപത് ലക്ഷം രൂപയാണ് ഓരോരുത്തർക്കും പലവിധത്തിൽ 15 ദിവസത്തിനകം കിട്ടിയത്. റൻ കേരളാ റണ്ണിന്റെ പരസ്യത്തിലൂടെ ചാനലുകൾക്കും കോടികൾ ഒഴുകി. ഇതിനിടെയിൽ ഓൺലൈൻ മാദ്ധ്യമങ്ങളേയും സ്വാധീനിക്കാൻ ശ്രമം ഉണ്ടായി. ഓൺലൈൻ പത്രങ്ങളുടെ കൺസോർഷ്യം തട്ടിക്കൂട്ടി ആവശ്യങ്ങൾ എഴുതി നൽകി. ഇതോടെ അവർക്കും ലക്ഷങ്ങൾ കിട്ടി. ഈ കൺസോർഷ്യത്തിനൊപ്പം മറുനാടൻ മലയാളി പോലുള്ള ചരുക്കം ചില ഓൺലൈൻ പത്രങ്ങൾ കൂടിയതുമില്ല. അങ്ങനെ ആരും നോക്കാത്ത ഓൺലൈൻ പത്രങ്ങൾക്ക് അഞ്ച് ലക്ഷം രൂപവരെ കിട്ടിയെന്നാണ് സൂചന.

ദേശീയ ഗെയിംസിനായി 600 കോടി രൂപയാണ് സംഘാടക സമിതിക്ക് കിട്ടിയത്. ഇതിൽ 250 കോടി രൂപ കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിനായി തുലച്ചു. ദേശീയ ഗെയിംസിൽ ഇല്ലാത്ത ക്രിക്കറ്റിനായി എന്തിന് ഈ ഫണ്ടിൽ നിന്ന് 250 കോടി രൂപ ചെലവഴിച്ചു എന്നതിന് ആർക്കും ഉത്തരമില്ല. അതുപോലെ തന്നെയാണ് മാദ്ധ്യമങ്ങൾക്കായി ചെലവാക്കിയ 50 കോടി രൂപയും. വിദേശത്ത് നിന്ന് ഗെയിംസിനായി വാങ്ങിയ ഉപകരണങ്ങൾ എത്തിയുമില്ല. അതുകൊണ്ട് തന്നെ ഗെയിംസിനായി കിട്ടിയ കോടികളിൽ ബഹുഭൂരിപക്ഷവും വകമാറി ചെലവാക്കിയെന്ന് വ്യക്തം. പത്രങ്ങളെ സ്വാധീനിക്കാനും ഇമേജ് കൂട്ടാനും കലാപരിപാടികൾ മോടിയാക്കാനും കോടികൾ ചെലവിടുമ്പോൾ പരിശീലനത്തിന് ഗ്രൗണ്ടുകളില്ലാതെ കായികതാരങ്ങൾ പരിഭവം പറയുകയാണ്.

കേരളം ആതിഥേയത്വം വഹിക്കുന്ന 35ാമത് ദേശീയ ഗെയിംസിന് ശനിയാഴ്ചയാണ് തുടക്കമാകും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈകിട്ട് ആറിന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു മേള ഉദ്ഘാടനംചെയ്യും. ഗ്രീൻഫീൽ സ്്‌റ്റേഡിയത്തിന്റെ പണി വൈകിയതിനാൽ സുരക്ഷാ കാരണങ്ങളാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങ് ഒഴിവാക്കി. സമാപനത്തിന് രാഷ്ട്രപതി പ്രണബ് മുഖർജിയുമെത്തില്ല. ഉപരാഷ്ട്രപതി ഹമീദ് അൻസാരിയെ എത്തിക്കാനുള്ള നീക്കവും സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടലോടെ അവസാനിച്ചു. ദീപശിഖ കത്തിക്കുന്നത് ആരെന്നതിൽ ആർക്കും ഉറപ്പില്ല. പിടി ഉഷയും അഞ്ജു ബോബി ജോർജ്ജും ചേർന്നാണെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാൽ അഞ്ജു പിന്മാറിയതോടെ സച്ചിൻ തെണ്ടുൽക്കറും ഉഷയുമായി. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും അറിയില്ല.

ഫെബ്രുവരി ഒന്നു മുതൽ മത്സരങ്ങൾ ആരംഭിക്കും. സംസ്ഥാനത്തെ ഏഴു ജില്ലയിലായാണ് വേദികൾ. അത്‌ലറ്റിക്‌സ് മത്സരങ്ങൾ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ ഫെബ്രുവരി ഒമ്പതിന് ആരംഭിക്കും. തിരുവനന്തപുരത്താണ് കൂടുതൽ വേദികൾ. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കായികതാരങ്ങളും പരിശീലകരും ഒഫീഷ്യൽസും വേദികളിലേക്ക് എത്തിത്തുടങ്ങി. തിരുവനന്തപുരത്ത് മേനംകുളത്താണ് ഗെയിംസ് വില്ലേജ്. നിർമ്മാണം പൂർത്തിയാക്കാനാകാത്തതിനാൽ ഇതിനകം മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ ഭൂരിഭാഗം പേരെയും വിവിധ ലോഡ്ജുകളിലും കാര്യവട്ടം എൽഎൻസിപിഇയിലുമായാണ് താമസിപ്പിച്ചിരിക്കുന്നത്. ഇതുമൂലം താരങ്ങളുടെ പരിശീലനത്തിലടക്കം അസൗകര്യമുണ്ടായത് തുടക്കത്തിലേ കല്ലുകടിയായി. പക്ഷേ ഇതെല്ലാം മാദ്ധ്യമങ്ങളെ സ്വാധീനിച്ചതിലൂടെ മുക്കാൻ സർക്കാരിന് കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP