Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എന്നും സ്തുതി പാടിയ ചാനലുകൾ ചെറുതായൊന്ന് വിമർശിച്ചപ്പോൾ പി ടി ഉഷക്ക് സഹിക്കാൻ പറ്റുന്നില്ല; ദൃശ്യ മാധ്യമങ്ങളിൽ ഇനി പ്രത്യക്ഷപ്പെടില്ലെന്ന് പ്രഖ്യാപിച്ച് ഉഷ; വാർത്താക്കുറിപ്പ് പുറത്തുവന്നത് പി യു ചിത്രയ്ക്ക് പാരവെച്ചത് താനല്ലെന്ന വാദം പൊളിഞ്ഞതോടെ

എന്നും സ്തുതി പാടിയ ചാനലുകൾ ചെറുതായൊന്ന് വിമർശിച്ചപ്പോൾ പി ടി ഉഷക്ക് സഹിക്കാൻ പറ്റുന്നില്ല; ദൃശ്യ മാധ്യമങ്ങളിൽ ഇനി പ്രത്യക്ഷപ്പെടില്ലെന്ന് പ്രഖ്യാപിച്ച് ഉഷ; വാർത്താക്കുറിപ്പ് പുറത്തുവന്നത് പി യു ചിത്രയ്ക്ക് പാരവെച്ചത് താനല്ലെന്ന വാദം പൊളിഞ്ഞതോടെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഇന്ത്യൻ കായിക ലോകത്തെ ഇതിഹാസ താരമായി അത്‌ലറ്റ് പി ടി ഉഷയെ ഇന്നത്തെ നിലയിൽ പണവും പ്രതാപവമുള്ള വ്യക്തിയാക്കി മാറ്റിയതിന് പിന്നിൽ ഒരുപാട് പേരുടെ പ്രയത്ന്നമുണ്ട്. പയ്യോളിയിലെ ദരിദ്ര്യ കുടുംബത്തിൽ നിന്നും അത്‌ലറ്റാകാനുള്ള മോഹവുമായി ഇറങ്ങിയ പെൺകുട്ടിയായ ഉഷയെ അകമഴിഞ്ഞ് പിന്തുണച്ചവരിൽ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും വേണ്ടുവോളമുണ്ട്. ആ പ്രോത്സാഹനമാണ് ലോകം അറിയപ്പെടുന്ന അത്‌ലറ്റാക്കി ഉഷയെ മാറ്റിയത്. ഇതിന് ശേഷം അടുത്തകാലം വരെ ഉഷയെ പുകഴ്‌ത്തിക്കൊണ്ട് മാത്രമേ മലയാളം ചാനലുകളും പത്രങ്ങളുമെല്ലാം രംഗത്തെത്തിയിരുന്നുള്ളൂ. എന്നാൽ, ഇന്നലെ വരെ പുകഴ്‌ത്തിയ ചാനലുകൾ ഇന്ന് ഉഷയെ ചെറുതായൊന്ന് വിമർശിച്ചപ്പോൾ അത് ഉഷയ്ക്ക് സഹിക്കാൻ പോലും പറ്റുന്നില്ല. ഇനി ദൃശ്യ മാധ്യമങ്ങളുമായി സഹകരിക്കില്ലെന്ന് പറഞ്ഞാണ് ഉഷ രംഗത്തെത്തിയത്.

പി യു ചിത്രയുടെ അവസരം നിഷേധിച്ചതിന് പിന്നിൽ ഉഷ തന്നെയാണെന്ന് വ്യക്തമായതിന് പിന്നാലെയാണ് ഉഷ മാധ്യമങ്ങളോട് പിണങ്ങിയത്. ദൃശ്യമാധ്യമങ്ങളുമായി സഹകരിക്കില്ലെന്ന് കാണിച്ച് ഉഷ വാർത്താക്കുറിപ്പും ഇറക്കി. തന്നെ വിമർശിച്ച ദൃശ്യ മാധ്യമങ്ങളുമായി സഹകരിക്കില്ലെന്നാണ് ഉഷയുടെ പ്രഖ്യാപനം. വാർത്താക്കുറിപ്പ് ഇങ്ങനയൊണ്:

മലയാളത്തിലെ ദ്യശ്യ മാധ്യമരംഗത്തെ. മൂല്യച്യുതിയും അതിരു കടന്ന വ്യക്തിഹത്യയും സത്യവിരുദ്ധ ചർച്ചകളും റിപ്പോർട്ടുകളും എന്നേപ്പോലേ സാധാരണക്കാരിയായ മലയാളി സ്ത്രീയ്ക്ക് സ്ത്രീ പീഡനമായിട്ടാണ് അനുഭവവേദ്യ മാകൂന്നത്. ഇത്തരത്തിൽ അസഹ്യമായ ദൃശ്യമാധ്യമ പീഡനം ചെറിയ കാര്യങ്ങളിൽ ദുഃഖിക്കുകയും അതുപ്പോലേ സന്തോഷിക്കുകയും ചെയ്യുന്ന എന്നിലെ സ്ത്രീയ്ക്ക് സഹിക്കാവുന്ന തിൽ അപ്പുറത്താണ്. വയോധികയായ മാതാവിനോപ്പം ഭർത്താവിനോപ്പം സഹോദരി സഹോദരന്മാർക്കും ഏകമകനോടപ്പം മനസമാധാനത്തോടും സന്തോഷത്തോ ടും കുടി ഇനിയുള്ള കാലം ജീവിക്കണം എന്നുണ്ട് .അതിനാൽ അസഹ്യമായ ദൃശ്യ മാധ്യമ പീഡനത്തിൽ പ്രതിഷേധിച്ച് പി.ടി .ഉഷയെന്ന ഞാൻ ഇന്ന് മുതൽ സ്വയം ദ്യശ്യ മാധ്യമങ്ങളുമായി സഹകരിക്കുന്നതല്ല എന്ന് എന്റെ എല്ലാ നല്ലവരായ മലയാള മാധ്യമ സുഹൃത്തക്കെ ളെയും അറിയിച്ചു കൊള്ളുന്നു.ഞാനീ കാര്യത്തിൽ നിസ്സഹായയാണു. എന്നോട് സദയം ക്ഷമിക്കുക. എനിക്കും ഇനിയുള്ള കാലം ജീവിക്കണം എന്നുണ്ട്.
സസ്‌നേഹം
സ്വന്തം
പി ടി ഉഷ

ഏഷ്യൻ ചാമ്പ്യൻ കൂടിയായ ചിത്രയെ ലോക അത്റ്റലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിൽ നിന്നും ഒഴിവാക്കിയതിന് പിന്നിൽ ഉഷ തന്നെയാണെന്ന് ഇന്നാണ് വ്യക്തമായത്. സിലക്ഷൻ കമ്മിറ്റി ചെയർമാൻ രൺധാവയുടെ വെളിപ്പെടുത്തൽ വന്നതോടെ തനിക്ക് ഒരു പങ്കുമില്ലെന്ന് പറഞ്ഞു കൊണ്ടുള്ള ഉഷയുടെ വാദമാണ് പൊളിഞ്ഞത്. പി.ടി. ഉഷയുടെ പിന്തുണയോടെയാണ് ചിത്രയെ ഒഴിവാക്കിയതെന്നാണ് രൺഥാവ പറഞ്ഞത്. താൻ ഒറ്റയ്ക്കല്ല ഇത്തരത്തിലൊരു തീരുമാനമെടുത്തത്. സ്ഥിരതയില്ലാത്ത പ്രകടനമാണ് ചിത്രയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്ന നിരീക്ഷണം വന്നപ്പോൾ ചിത്രയെ ഒഴിവാക്കമെന്ന നിർദ്ദേശത്തെ സെക്രട്ടറി സി കെ. വൽസനും പ്രസിഡന്റും പി.ടി. ഉഷയും അനുകൂലിച്ചുവെന്നും സിലക്ഷൻ കമ്മിറ്റി ചെയർമാൻ അറിയിച്ചു.

സിലക്ഷൻ കമ്മിറ്റിയിൽ അംഗമായിട്ടും ചിത്രയെ ഉൾപ്പെടുത്താൻ താൻ ശ്രമിച്ചില്ലെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നാണ് പി.ടി. ഉഷ കഴിഞ്ഞദിവസം പ്രതികരിച്ചത്. പ്രകടനത്തിൽ ചിത്ര സ്ഥിരത പുലർത്തുന്നില്ലെന്ന തടസ്സവാദം കമ്മിറ്റിയിൽ ഉന്നയിക്കപ്പെട്ടപ്പോൾ അത് അങ്ങനെയല്ല എന്നു തിരുത്താൻ തനിക്കു കഴിയില്ലല്ലോ എന്നാണ് ഉഷ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇക്കാര്യത്തിൽ വികാരപരമായി തീരുമാനമെടുത്തിട്ടു കാര്യമില്ല. ചിത്രയെ ഒഴിവാക്കിയതിൽ പങ്കില്ലെന്നും അവരെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നുമായിരുന്നു ഉഷ കഴിഞ്ഞ ദിവസം പറഞ്ഞത്. ഈ വാദങ്ങളെ പൂർണമായും തള്ളുന്നതാണ് സിലക്ഷൻ കമ്മിറ്റി ചെയർമാന്റെ വെളിപ്പെടുത്തൽ.

ഇന്നലെ കോഴിക്കോട് വാർത്താസമ്മേളനം വിളിച്ച വേളയിലും ചിത്രയെ ഒഴിവാക്കിയതിൽ യാതൊരു തെറ്റുമില്ലെന്ന വാദമാണ് പി ടി ഉഷ ഉന്നയിച്ചത്. ചിത്രയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് വാദിച്ചിരുന്നു. എന്നാൽ ഫെഡറേഷന്റെ നിയമങ്ങൾ തടസ്സമായെന്നാമ് ഉഷ പറഞ്ഞത്.ഏഷ്യൻ മീറ്റിൽ സ്വർണം നേടിയിരുന്നുവെങ്കിലും ഫെഡറേഷന്റെ യോഗ്യതാ നിർണയത്തിന്റെ പരിധിയിൽ നിന്ന് എത്രയോ അകലെയായിരുന്നു ചിത്രയുടെ സ്ഥാനം. പുരുഷ വിഭാഗത്തിൽ 1500 മീറ്ററിൽ സ്വർണം നേടിയ അജോയ്കുമാർ സരോജ്, 3000 മീറ്ററിൽ സ്വർണം നേടിയ സുധാസിങ് എന്നിവരും ലോകമീറ്റിൽ നിന്ന് പുറത്തായിട്ടുണ്ട്്്. ഇവർക്കു വേണ്ടിയെല്ലാം താൻ വാദിച്ചിരുന്നു. ഗുണ്ടൂരിൽ നടന്ന ദേശീയ മീറ്റിൽ ചിത്രക്ക് രണ്ടാം സ്ഥാനമാണ് കിട്ടിയത്. ഇതാണ് ഫെഡറേഷന്റെ തീരുമാനത്തിന് കാരണമായത്. ഏഷ്യൻ മീറ്റിൽ സ്വർണം നേടിയ ചിത്ര ദേശീയ മീറ്റിൽ രണ്ടാം സ്ഥാനത്തെത്തിയതോടെ പ്രകടനത്തിൽ സ്ഥിരതയില്ലെന്ന വാദം ഉന്നയിച്ചാണ് ഫെഡറേഷൻ ചിത്രയെ പുറത്താക്കിയത്. ചിത്രക്കുവേണ്ടി കൂടുതൽ വാദിക്കാൻ ഇതോടെ സാധിക്കാതെ നിസ്സഹായായെന്നും ഉഷ പ്രതികരിച്ചു.

1983-നുശേഷം താൻ ഒരു കമ്മിറ്റിയിലും അംഗമല്ല. നിരീക്ഷക എന്ന നിലയിൽ പോകുന്നുണ്ടെങ്കിലും തീരുമാനത്തിൽ പങ്കില്ല. ഇതിന്റെ പേരിൽ തനിക്കെതിരെ മാധ്യമങ്ങൾ ഉയർത്തിയ വിമർശങ്ങൾ അടിസ്ഥാനരഹിതമാണ്. വിജയങ്ങളാണ് ആഘോഷിക്കേണ്ടത്. അല്ലാതെ ഈ മാതിരി വിവാദങ്ങളല്ലെന്നും ഉഷ പറഞ്ഞു. ഞാൻ പോലും അറിയാതെയാണ് ഇത്തരം വിവാദ വാർത്തകൾ വന്നത്. എന്നെ ക്രൂശിക്കാൻ ശ്രമിക്കുകയാണുണ്ടായത്. ചിത്രയുടെ കാര്യത്തിൽ ആർക്കെങ്കിലും താൽപര്യമുണ്ടെങ്കിൽ ഇത്തരം വിവാദങ്ങൾ ഒഴിവാക്കുകയാണ് വേണ്ടതെന്നും ഉഷ പരതിപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP