Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയെ നിലംപരിശാക്കി പാക്കിസ്ഥാൻ; ചാമ്പ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാന്റെ കിരീടധാരണം; ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി; ക്രിക്കറ്റിലെ പാക് ഉയിർത്തെഴുന്നേൽപ്പ്‌

ഇന്ത്യയെ നിലംപരിശാക്കി പാക്കിസ്ഥാൻ; ചാമ്പ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാന്റെ കിരീടധാരണം; ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി; ക്രിക്കറ്റിലെ പാക് ഉയിർത്തെഴുന്നേൽപ്പ്‌

ലണ്ടൻ:ചാമ്പ്യൻസ് ട്രോഫി കിരീടം പാക്കിസ്ഥാന്.ഓവലിൽ നടന്ന ഫൈനലിൽ ഇന്ത്യയെ 180 റൺസിന് തകർത്താണ് പാക്കിസ്ഥാന്റെ കിരീട നേട്ടം.പാക്കിസ്ഥാൻ ഉയർത്തിയ 339 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 30.3 ഓവറിൽ 158 റൺസിന് എല്ലാവരും പുറത്തായി.76 റൺസ് നേടിയ ഹർദിക് പാണ്ഡ്യ ഒഴികെയുള്ള ബാറ്റ്‌സ്മാന്മാർക്കൊന്നും തന്നെ പാക് ബൗളിംഗിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല.രോഹിത് ശർമ(0), ശിഖർ ധവാൻ(21), വിരാട് കോഹ്ലി(5) യുവരാജ് സിങ്ങ് (22) ,ധോനി(4), കേദാർ ജാദവ്(9) ,ജഡേജ(15) ഇങ്ങനെയായിരുന്നു ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിരയുടെ പ്രകടനം.മൂന്നു വിക്കറ്റെടുത്ത മുഹമ്മദ് ആമിറാണ് ഇന്ത്യയുടെ മുൻനിരയെ തകർത്തതെങ്കിൽ ഹസൻ അലിയും ഷദബ് ഖാനും ചേർന്ന് മധ്യനിരയെയും വാലറ്റത്തെയും പൊളിച്ചടുക്കിയതോടെ കോലിപ്പടയുടെ കാറ്റു പോയി.

പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തു. ഇന്ത്യയ്‌ക്കെതിരെ ആദ്യം ബാറ്റു ചെയ്ത് പാക്കിസ്ഥാൻ നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണിത്. കന്നി ഏകദിന സെഞ്ചുറിയുമായി കളം നിറഞ്ഞ ഓപ്പണർ ഫഖർ സമാനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ. ഇന്നിങ്‌സിന്റെ തുടക്കത്തിൽ ജസ്പ്രീത് ബുംറയുടെ പന്തിൽ സമാൻ പുറത്തായെങ്കിലും, പന്ത് നോബോളായത് സമാനും പാക്കിസ്ഥാനും ഭാഗ്യമായി. ഓപ്പണിങ് വിക്കറ്റിൽ അസ്ഹർ അലിയുമൊത്ത് സമാൻ കൂട്ടിച്ചേർത്ത 128 റൺസാണ് പാക്ക് ഇന്നിങ്‌സിന്റെ നട്ടെല്ല്. അസ്ഹർ അലി അർധസെഞ്ചുറി നേടി.

അവസാന ഓവറുകളിൽ തകർത്തടിച്ച് അർധസെഞ്ചുറി തികച്ച മുഹമ്മദ് ഹഫീസും പാക്ക് ഇന്നിങ്‌സിന് കാര്യമായ സംഭാവന നൽകി. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, കേദാർ ജാദവ് എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി. ഇന്ത്യൻ ബോളർമാർ ചേർന്ന് 25 റൺസാണ് എക്‌സ്ട്രായിനത്തിൽ പാക്കിസ്ഥാന് സംഭാവന ചെയ്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്റെ തുടക്കം കരുതലോടെയായിരുന്നു. ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവർ മെയ്ഡനാകുന്നതു കണ്ടുകൊണ്ടാണ് മൽസരത്തിന് തുടക്കമായത്. ഭുവനേശ്വറിനൊപ്പം ജസ്പ്രീത് ബുംറയും മികച്ച രീതിയിൽ പന്തെറിഞ്ഞതോടെ പാക്കിസ്ഥാന്റെ തുടക്കം പതറി. എന്നാൽ, പതുക്കെ നിലയുറപ്പിച്ച പാക്ക് ഓപ്പണർമാർ പിന്നീട് ഇന്ത്യൻ ബോളിങ്ങിനെ പിച്ചിച്ചീന്തുകയായിരുന്നു. പാക്ക് നിരയിലെ അപകടകാരിയായ ഫഖർ സമാനെ നാലാം ഓവറിന്റെ ആദ്യ പന്തിൽ ബുംറ മടക്കിയെങ്കിലും പന്ത് നോബോളായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഇരുവരും പാക്ക് ഇന്നിങ്‌സിന് അടിത്തറയിട്ടു. 23 ഓവർ ക്രീസിൽ നിന്ന ഇരുവരും 5.56 റൺസ് ശരാശരിയിൽ 128 റൺസ് കൂട്ടിച്ചേർത്തു. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്റെ ഓപ്പണിങ് സഖ്യം 100 കടക്കുന്നത് ഇതാദ്യമാണ്. 2003നു ശേഷം തുടർച്ചയായി രണ്ടു മൽസരങ്ങളിൽ പാക്കിസ്ഥാൻ ഓപ്പണർമാർ സെഞ്ചുറി കൂട്ടുകെട്ട് തീർക്കുന്നതും ഇതാദ്യം. ഏഷ്യയ്ക്കു പുറത്ത് ഇതു സംഭവിക്കുന്നതാകട്ടെ രണ്ടാം തവണ മാത്രം. ഒടുവിൽ അസ്ഹർ അലിയുടെ വിക്കറ്റിലൂടെ ഇന്ത്യ കാത്തിരുന്ന ആശ്വാസമെത്തി. അശ്വിൻ എറിഞ്ഞ 23ാം ഓവറിന്റെ അവസാന പന്തിൽ സമാനുമായുള്ള ആശയക്കുഴപ്പത്തിൽ അസ്ഹർ അലി റണ്ണൗട്ട്. 71 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്‌സും ഉൾപ്പെടെ 59 റൺസെടുത്താണ് അലി മടങ്ങിയത്.

അലി മടങ്ങിയെങ്കിലും മൂന്നാമനായെത്തിയ ബാബർ അസമിനെ കൂട്ടുപിടിച്ച് ഫഖർ സമാൻ പാക്ക് ഇന്നിങ്‌സിനെ മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റിൽ സമാൻഅസം സഖ്യം കൂട്ടിച്ചേർത്തത് 72 റൺസ്. അതിനിടെ സമാന്റെ കന്നി ഏകദിന സെഞ്ചുറിയുമെത്തി. 92 പന്തിൽ 12 ബൗണ്ടറിയും രണ്ടു സിക്‌സും ഉൾപ്പെടെയാണ് സമാൻ കന്നി സെഞ്ചുറിയിലേക്കെത്തിയത്. നാലാമത്തെ മാത്രം രാജ്യാന്തര ഏകദിനം കളിക്കുന്ന സമാൻ, രണ്ട് അർധസെഞ്ചുറിയും നേടിയിട്ടുണ്ട്. കന്നി ഏകദിന സെഞ്ചുറിക്കു പിന്നാലെ സമാൻ പുറത്തായി. 106 പന്തിൽ 12 ബൗണ്ടറിയും മൂന്നു സിക്‌സും ഉൾപ്പെടെ 114 റൺസെടുത്ത സമാനെ പാണ്ഡ്യയാണ് പുറത്താക്കിയത്. ജഡേജ ക്യാച്ചെടുത്തു.

മൂന്നാം വിക്കറ്റിൽ ബാബർ അസമിനൊപ്പം 47 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ ശുഐബ് മാലിക്കിനെ ഭുവനേശ്വർ കുമാർ മടക്കി. 16 പന്തിൽ ഒരു സിക്‌സ് ഉൾപ്പെടെ 12 റൺസെടുത്ത മാലിക്കിനെ കേദാർ ജാദവാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. പിന്നാലെ 46 റൺസുമായി ബാബർ അസമും മടങ്ങി. 52 പന്തിൽ നാലു ബൗണ്ടറികൾ ഉൾപ്പെടെ 46 റൺസെടുത്ത അസമിനെ കേദാർ ജാദവിന്റെ പന്തിൽ യുവരാജ് സിങ് ക്യാച്ചെടുത്ത് പുറത്താക്കി. തുടർന്നെത്തിയ ഇമാദ് വാസിമിനെ കൂട്ടുപിടിച്ച് മുഹമ്മദ് ഹഫീസ് തകർത്തടിച്ചതോടെ പാക്ക് സ്‌കോർ അനായാസം 300 കടന്നു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ 7.3 ഓവർ ക്രീസിൽ നിന്ന ഹഫീസ്‌വാസിം സഖ്യം 9.46 ശരാശരിയിൽ 71 റൺസ് കൂട്ടിച്ചേർത്തു. ഹഫീസ് 37 പന്തിൽ നാലു ബൗണ്ടറിയും മൂന്നു സിക്‌സുമുൾപ്പെടെ 57 റൺസെടുത്തു. വാസിം 21 പന്തിൽ ഒന്നു വീതം ബൗണ്ടറിയും സിക്‌സും ഉൾപ്പെടെ 25 റൺസെടുത്തു.ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി, പാക്കിസ്ഥാനെതിരെ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP