Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുടർച്ചയായ രണ്ടാം കിരീടമെന്ന സ്വപ്‌നം പൊലിഞ്ഞു; കഴിഞ്ഞ തവണ തോൽപ്പിച്ചതിന് ഓസ്‌ട്രേലിയ ഇന്ത്യയോട് പകരം വീട്ടി; തോൽവി ചെറുത്തുനിൽപ്പുകളില്ലാതെ; കാത്തിരിക്കാം ആതിഥേയരുടെ ഫൈനലിനായി

തുടർച്ചയായ രണ്ടാം കിരീടമെന്ന സ്വപ്‌നം പൊലിഞ്ഞു; കഴിഞ്ഞ തവണ തോൽപ്പിച്ചതിന് ഓസ്‌ട്രേലിയ ഇന്ത്യയോട് പകരം വീട്ടി; തോൽവി ചെറുത്തുനിൽപ്പുകളില്ലാതെ; കാത്തിരിക്കാം ആതിഥേയരുടെ ഫൈനലിനായി

സിഡ്‌നി: ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്ക നടത്തിയ ധീര ചെറുത്തുനിൽപ്പുപോലും ഇല്ലാതെ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ബാറ്റു താഴ്‌ത്തി. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ ഉയർത്തിയ 329 റൺ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 46.5 ഓവറിൽ 233 റണ്ണിന് പുറത്തായി. കങ്കാരുക്കൾക്ക് 95 റൺ ജയം.

ഓസ്‌ട്രേലിയൻ ഫീൽഡർമാർ നൽകിയ അവസരങ്ങൾ മുതലാക്കാതിരുന്നതും അനാവശ്യ ഷോട്ടുകൾക്കു മുതിർന്ന് ആത്മഹത്യ ചെയ്തതുമോർത്ത് ഇന്ത്യൻ താരങ്ങൾ ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടാകും. തുടർച്ചയായ രണ്ടാം കിരീടമെന്ന സ്വപ്‌നമാണ് പൊലിഞ്ഞത്.

സ്‌കോർ: ഓസ്‌ട്രേലിയ ഏഴിന് 328 (50), ഇന്ത്യ 233 (46.5)

കഴിഞ്ഞ തവണ ഇന്ത്യയിൽ നടന്ന ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ഇന്ത്യയോട് തോറ്റാണ് അന്നു ചാമ്പ്യന്മാരായിരുന്ന ഓസ്‌ട്രേലിയ പുറത്തായത്. അതേ നാണയത്തിൽ തന്നെ ഇന്ത്യക്കു മറുപടി നൽകാനായി എന്നതും ഓസ്‌ട്രേലിയൻ ജയത്തിനു മാധുര്യം കൂട്ടുന്നു. നിലവിലെ ചാമ്പ്യന്മാരെ സെമിയിൽ തോൽപ്പിച്ചു പുറത്താക്കാൻ കഴിഞ്ഞു എന്ന ആത്മവിശ്വാസത്തോടെ ഓസ്‌ട്രേലിയക്കു മെൽബണിൽ 29നു നടക്കുന്ന ഫൈനലിനിറങ്ങാം.

രഹാനെയെയും ജഡേജയെയും അശ്വിനെയും കൂട്ടുപിടിച്ച് ക്യാപ്റ്റൻ എം എസ് ധോണി 65 റൺ നേടിയെങ്കിലും ഓസീസിന്റെ റൺ മല കടക്കാൻ അത് മതിയാകുമായിരുന്നില്ല.

മികച്ച തുടക്കം നൽകിയെങ്കിലും അനാവശ്യ ഷോട്ടുകൾ കളിച്ചാണ് ഓപ്പണറായ ശിഖർ ധവാനും വിരാട് കോലിയും പുറത്തായത്. തൊട്ടുപിറകെ മിച്ചേൽ ജോൺസണിന്റെ ബൗളിങ് മികവിന് മുന്നിൽ രോഹിത് ശർമ്മയും വീണു. സുരേഷ് റൈനയ്ക്കും പ്രതീക്ഷ നിലനിർത്താനായില്ല.

തുടക്കത്തിൽ ശിഖർ ധവാൻ നൽകിയ അവസരം ഓസീസ് കീപ്പർ ബ്രാഡ് ഹാഡിൻ വിട്ടുകളഞ്ഞത് ഇന്ത്യക്ക് ആശ്വാസമായിരുന്നു. ആദ്യ വിക്കറ്റിൽ പ്രതീക്ഷ നൽകിയാണ് ഇന്ത്യ തുടങ്ങിയത്. 12.5 ഓവറിൽ ഓപ്പണർമാർ 76 റൺസെടുത്തു. ഉജ്ജ്വല ഫോമിലെന്ന് കരുതിയ ശിഖർ ധവാൻ കൂറ്റനടിക്കുള്ള ശ്രമത്തിനിടെ പുറത്തായി. 41 പന്തിൽ 45 റൺസാണ് ശിഖർ ധവാൻ എടുത്തത്. ഹെസൽവുഡിനാണ് വിക്കറ്റ്. പിറകെ എത്തിയ വിരാട് കോലിക്കും മികവ് കാട്ടാനായില്ല. ഷോട്ട് ബോളിൽ മാന്ത്രികത തീർത്ത് മിച്ചൽ ജോൺസൺ ഒരു റൺസെടുത്ത കോലിയെ പുറത്താക്കി.

മിച്ചേൽ ജോൺസിനെ മികച്ചൊരു സിക്‌സറിന് പറത്തി രോഹിത് ശർമ്മ പ്രതീക്ഷ നൽകി. എന്നാൽ തൊട്ടടുത്ത പന്തിൽ അൽഭുതം സൃഷ്ടിച്ച് മിച്ചേൽ ജോൺസണെത്തി. 34 റൺസെടുത്ത ഇന്ത്യൻ ഓപ്പണറെ ജോൺസൺ ക്ലീൻ ബൗൾഡാക്കി. തുടർന്നെത്തിയ റെയ്‌ന ഫോക്‌നറിന്റെ പന്തിൽ കീപ്പറിന് ക്യാച്ച് നൽകി മടങ്ങി. 7 റൺസ് മാത്രമാണ് സുരേഷ് റൈനയ്ക്ക് നേടാനായത്.

സ്റ്റീവൻ സ്മിത്തിന്റെ സെഞ്ച്വറി തന്നെയായിരുന്നു ഓസീസിന്റെ കരുത്ത്. തുടക്കത്തിൽ ഡേവിഡ് വാർണറുടെ വിക്കറ്റ് നഷ്ടയമായെങ്കിലും ഓസ്‌ട്രേലിയ പതറിയില്ല. ലോകകപ്പ് സെമിയുടെ ചരിത്രത്തിൽ ആദ്യമായി 300 റൺസെന്ന സ്‌കോർ കടത്തിയാണ് ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളി സ്‌കോർ ആതിഥേയർ ഒരുക്കിയത്.

ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ഓസീസ് ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. നാലാമത്തെ ഓവറിൽ 12 റൺസെടുത്ത ഡേവിഡ് വാർണറെ ഉമേഷ് യാദവ് പുറത്താക്കിയിരുന്നു. എന്നാൽ പിന്നീടെത്തിയ സ്റ്റീവൻ സ്മിത്ത് ഇന്ത്യൻ ബൗളർമാർക്കുമേൽ ആധിപത്യത്തോടെ ബാറ്റുവീശുകയായിരുന്നു. സ്റ്റീവ്‌സ്മിത്ത് (105)പുറത്തായതോടെ കാര്യങ്ങൾ അനുകൂലമാക്കാൻ ഇന്ത്യയ്ക്കായി. ഉമേഷ് യാദവിന്റെ പന്തിൽ രോഹിത് ശർമ പിടിച്ചാണ് സ്മിത്ത് പുറത്തായത്. 23 റൺസെടുത്ത മാക്‌സ്‌വെല്ലിനെ അശ്വിനും 81 റൺസെടുത്ത ഫിഞ്ചിനെ ഉമേഷ് യാദവും മടക്കി. പത്ത് റൺസെടുത്ത മൈക്കൽ ക്ലാർക്കിനെ മോഹിത് ശർമ്മ പുറത്താക്കി. കൂറ്റനടികളിലൂടെ സ്‌കോർ ഉയർത്താൻ ശ്രമിച്ച ഫ്‌ളാക്ക്‌നറിനെ ഉമേഷ് യാദവ് മടക്കി. 12 പന്തിൽ 21 റൺസായിരുന്നു ഫ്‌ളാക്ക്‌നറുടെ സമ്പാദ്യം. 28 റൺസെടുത്ത വാട്‌സണെ രോഹിത് ശർമ്മയുടെ കൈകളിൽ മോഹിത ശർമ്മ എത്തിച്ചു. 27 റൺസോടെ മിച്ചേൽ ജോൺസണും 7 റൺസോടെ ബ്രാഡ് ഹാഡിനും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയിരുന്നെങ്കിൽ താനും ബാറ്റിങ് തന്നെയാകും തെരഞ്ഞെടുക്കുക എന്ന് ഇന്ത്യൻ നായകൻ ധോണി പറഞ്ഞിരുന്നു. ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് മുൻതൂക്കം നൽകുന്നതാണ് സിഡ്‌നിയുടെ ചരിത്രം. പതിനായിരക്കണക്കിന് ഇന്ത്യൻ ആരാധകർ സിഡ്‌നി സ്‌റ്റേഡിയത്തിലേക്ക് ഒഴുകി എത്തിയത് സ്‌റ്റേഡിയം നീലക്കടലായി മാറ്റിയിരുന്നു. എന്നാൽ ഹോം ഗ്രൗണ്ട് എന്ന ആനുകൂല്യം ഓസ്‌ട്രേലിയക്ക് മേൽക്കൈ നൽയിപ്പോൾ ഇന്ത്യ തകർന്നു.

നാലുതവണ കപ്പ് നേടിയ ടീമാണ് ഓസ്‌ട്രേലിയ. നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യയെങ്കിൽ അതിനുമുമ്പ് തുടർച്ചയായ മൂന്നുതവണ കിരീടം ചൂടിയവരാണ് കങ്കാരുക്കൾ. തുടർച്ചയായി രണ്ട് ലോകകപ്പുയർത്തിയ റിക്കി പോണ്ടിംഗിന്റെ റെക്കോർഡിനൊപ്പമെത്താനുള്ള ധോണിയുടെ ശ്രമമാണ് ഇന്നത്തെ മത്സരത്തോടെ ഇല്ലാതായത്. ലോക ഒന്നാം നമ്പർ ടീമായ ഓസ്‌ട്രേലിയ ന്യൂസിലാന്റിനോട് മാത്രമാണ് സെമിയിലേക്കുള്ള യാത്രയിൽ തോറ്റത്. എന്നാൽ, എതിരാളികളെ എല്ലാം നിഷ്പ്രഭരാക്കി അജയ്യരായാണ് നീലപ്പട സെമിയിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP