Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അവസാന ഓവറുകളിൽ ജാദവ് നടത്തിയ രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല; ഈഡനിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയുടെ തോൽവി അഞ്ചു റൺസിന്; ഓപ്പണർമാർ കളിമറന്നപ്പോൾ വൻ തോൽവി ഒഴിവാക്കിയത് മധ്യ-വാലറ്റ നിര

അവസാന ഓവറുകളിൽ ജാദവ് നടത്തിയ രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല; ഈഡനിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയുടെ തോൽവി അഞ്ചു റൺസിന്; ഓപ്പണർമാർ കളിമറന്നപ്പോൾ വൻ തോൽവി ഒഴിവാക്കിയത് മധ്യ-വാലറ്റ നിര

കോൽക്കത്ത: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 5 റൺസിന്റെ പരാജയം. ഇംഗ്ലണ്ടിന്റെ 321 റൺസ് പിന്തുടർന്ന ഇന്ത്യയുടെ ഇന്നിങ്‌സ് 316 ൽ അവസാനിച്ചു. ഓപ്പണർമാർ മികച്ച തുടക്കം നല്കുന്നതിൽ പരാജയപ്പെട്ട മത്സരത്തിൽ മധ്യ, വാലറ്റ നിരകൾ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അവസാന പന്തിൽ വേണ്ടിയിരുന്ന ആറു റൺസ് എടുക്കാനാകാതെ ഇന്ത്യ തോൽക്കുകയായിരുന്നു. സ്‌കോർ ഇംഗ്ലണ്ട് 50 ഓവറിൽ 321/8. ഇന്ത്യ 50 ഓവറിൽ 316/9.

അവസാന ഓവറുകളിൽ കേദാർ യാദവും പാണ്ഡ്യയും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അവസാന ഓവറിലെ അഞ്ചാം പന്താണ് ഇന്ത്യയുടെ വിജയസാധ്യതകൾ മുഴുവനായി ഇല്ലാതാക്കിയത്. ജയിക്കാൻ രണ്ടു പന്തിൽ ഏഴു റൺസ് വേണ്ടിയിരുന്ന ഇന്ത്യയ്ക്കു വേണ്ടി ജാദവ് സിക്‌സ് അടിക്കാൻ ശ്രമിച്ചെങ്കിലും ബൗണ്ടറിൽനിന്നിരുന്ന വോക്കേഴ്‌സ് ക്യാച്ച് എടുത്തു പുറത്താക്കി.

75 പന്തിൽനിന്ന് 90 റൺസുമായി മികച്ച പ്രകടനമാണ് ജാദവ് പുറത്തെടുത്തത്. 12 ഫോറും ഒരു സിക്‌സും ഇന്നിങ്‌സിൽ ഉൾപ്പെടുന്നു. പാണ്ഡ്യ 43 പന്തിൽനിന്ന് 56 റൺസ് എടുത്ത് ജാദവിനു മികച്ച പിന്തുണ നല്കി. നാലു ഫോറും രണ്ട് സിക്‌സും ഉൾപ്പെട്ടതായിരുന്നു പാണ്ഡ്യയുടെ ഇന്നിങ്‌സ്.

ഇംഗ്ലണ്ടിന്റെ കൂറ്റൻ സ്‌കോർ പിന്തുടരാനിറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല. ഓപ്പണർമാരായ രഹാനയ്ക്കും രാഹുലിനും മികച്ച തുടക്കം നല്കാൻ കഴിഞ്ഞില്ല. ഒരു റൺസ് മാത്രമെടുത്ത രഹാനയെ വില്ലി ബൗൾഡാക്കി. 11 റൺസ് എടുത്ത രാഹുലിനെ ബാളിന്റെ പന്തിൽ ബട്‌ലർ ക്യാച്ച് എടുത്തു പുറത്താക്കി. തുടർന്ന് ക്രീസിൽ ഒരുമിച്ച നായകൻ കോലിയും യുവരാജ് സിംഗുമാണ് ഇന്ത്യയെ കരകയറ്റാൻ തുടങ്ങിയത്.

63 പന്തിൽനിന്ന് 55 റൺസ് എടുത്ത കോലി സ്‌റ്റോക്‌സിന്റെ പന്തിൽ ബട്‌ലർക്കു ക്യാച്ച് നല്കി പുറത്തായി. യുവരാജിന്റെ സമ്പാദ്യം 57 പന്തിൽ 45 റൺസ് ആയിരുന്നു. യുവരാജിനെ പ്ലങ്കറ്റിന്റെ പന്തിൽ ബില്ലിങ്‌സ് പിടിച്ചു പുറത്താക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ മുൻ നായകൻ ധോണി സ്‌കോറിങ്ങിനു വേഗം കൂട്ടാൻ ശ്രമിച്ചെങ്കിലും 25 റൺസ് എടുത്തു പുറത്തായി. ബാളിന്റെ പന്തിൽ ബട്‌ലർക്കു ക്യാച്ച് നല്കിയായിരുന്നു ധോണിയുടെ പുറത്താകൽ.

ഈഡൻ ഗാർഡൻസിൽ ജേസൺ റോയ് (65), ജോണി ബെയർസ്റ്റോ (56), ബെൻ സ്റ്റോക്സ് (57) എന്നിവരുടെ അർധ സെഞ്ചുറികളുടെ മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോർ പടുത്തുയർത്തിയത്. പരമ്പരയിലെ കഴിഞ്ഞ രണ്ടു മത്സരങ്ങൾ പരിഗണിക്കുമ്പോൾ കുറഞ്ഞ സ്‌കോറാണിതെങ്കിലും ഇംഗ്ലണ്ട് കൊൽക്കത്തയിൽ നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണ് ഇന്നു പിറന്നത്. ആദ്യ രണ്ട് ഏകദിനങ്ങളിലും 350നു മുകളിൽ റൺസ് പിറന്നിരുന്നു.

ടോസ് സ്വന്തമാക്കിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അതിഥികളെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. വിക്കറ്റുകൾ വീഴുമെന്നു പ്രതീക്ഷിച്ച ക്യാപ്റ്റനെ ഞെട്ടിച്ചു ജേസൺ റോയി(65)യും അലക്സ് ഹെയ്ൽസിനു പകരമെത്തിയ സാം ബില്ലിങ്സും(35) ചേർന്ന് 98 റൺസിന്റെ ഓപ്പണിങ് വിക്കറ്റ് പടുത്തുയർത്തി. പക്ഷേ, 12 റൺസിന്റെ ഇടംവളയിൽ ഇരുവരെയും പുറത്താക്കി രവീന്ദ്ര ജഡേജ ഇന്ത്യയെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നു. തുടർന്നെത്തിയ ബെയർസ്റ്റോവും നായകൻ മോർഗനും അടിച്ചുതകർത്തതോടെ ഇംഗ്ലീഷ് സ്‌കോർ കുതിച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 84 റൺസ് അടിച്ചുകൂട്ടി. ഒടുവിൽ മോർഗനെ ബുംറയുടെ കൈയിലെത്തിച്ച് ഹാർദിക് പാണ്ഡ്യയാണ് കൂട്ടുകെട്ട് പൊളിച്ചത്. 44 പന്തിൽ മോർഗൻ 43 റൺസ് നേടി.

അവസാന ഓവറുകളിൽ ബെൻ സ്റ്റോക്സും ക്രിസ് വോക്സും നടത്തിയ തകർപ്പനടികൾ ഇംഗ്ലീഷ് സ്‌കോർ 300 കടത്തി. സ്റ്റോക്സ് 39 പന്തിൽനിന്ന് 57 റൺസ് അടിച്ചുകൂട്ടിയപ്പോൾ വോക്സ് 19 പന്തിൽനിന്ന് 34 റൺസ് നേടി. ഇരുവരും ചേർന്ന് അവസാന അഞ്ച് ഓവറിൽ 58 റൺസ് നേടി. അവസാന പത്തോവറിൽ 96 റൺസാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. ഇന്ത്യക്കായി ഹർദിക് പാണ്ഡ്യ മൂന്നു വിക്കറ്റ് നേടി. രവീന്ദ്ര ജഡേജ രണ്ടുവിക്കറ്റെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP