Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്ത്യൻ ക്രിക്കറ്റ് ഭരണസമിതിയെ ഉടച്ചുവാർത്ത് സുപ്രീംകോടതി; അഴിമതിക്കെതിരേ വിട്ടുവീഴ്ച ചെയ്യാത്ത മുൻ സിഎജി വിനോദ് റായ് ഇടക്കാലസമിതിയുടെ അധ്യക്ഷൻ; ബിസിസിഐ നിർദേശിച്ച ഒൻപതു പേരുകളും സുപ്രീംകോടതി വെട്ടി

ഇന്ത്യൻ ക്രിക്കറ്റ് ഭരണസമിതിയെ ഉടച്ചുവാർത്ത് സുപ്രീംകോടതി; അഴിമതിക്കെതിരേ വിട്ടുവീഴ്ച ചെയ്യാത്ത മുൻ സിഎജി വിനോദ് റായ് ഇടക്കാലസമിതിയുടെ അധ്യക്ഷൻ;  ബിസിസിഐ നിർദേശിച്ച ഒൻപതു പേരുകളും സുപ്രീംകോടതി വെട്ടി

ന്യൂഡൽഹി: അഴിമതിവിരുദ്ധ നിലപാടുകൾക്കു പ്രസിദ്ധനായ മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ(സിഎജി) വിനോദ് റായിയെ ഇടക്കാല അധ്യക്ഷനായി നിയമിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ഭരണസമിതി സുപ്രീംകോടതി ഉടച്ചുവാർത്തു. ചരിത്രകാരനും ക്രിക്കറ്റ് ഗവേഷകനുമായ രാമചന്ദ്ര ഗുഹ, ഐഡിഎഫ്‌സി ബാങ്ക് എംഡി വിക്രം ലിമായെ, വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഡയാന എഡുൾജി എന്നിവരാണ് ഭരണസമിതിയിലെ മറ്റംഗങ്ങൾ.

ലോധ കമ്മിറ്റി റിപ്പോർട്ട് അംഗീകരിക്കാത്തതിനെ തുടർന്ന് ജനുവരി രണ്ടിനാണ് ബിസിസിഐ ഭരണസമിതി സുപ്രീംകോടതി പിരിച്ചു വിട്ടത്. പ്രസിഡന്റ് അനുരാഗ് ഠാക്കൂറിനെയും സെക്രട്ടറി അജയ് ഷിർക്കയെയും സുപ്രീംകോടതി പുറത്താക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് ഇടക്കാല സമിതിയെ രൂപീകരിച്ചിരിക്കുന്നത്.

പുതിയ സമിതിയിലെ വിക്രം ലിമായെ, അമിതാഭ് ചൗധരി, അനിരുദ്ധ് ചൗധരി എന്നിവർ ഐസിസി പ്രതിനിധികളാകും. അതേസമയം ബിസിസിഐയിൽ കേന്ദ്രസർക്കാരിന്റെ പ്രതിനിധി വേണമെന്ന അന്റോർണി ജനറലിന്റെ ആവശ്യം കോടതി തള്ളി. കേന്ദ്ര കായികമന്ത്രാലയ സെക്രട്ടറിയെ സർക്കാരിന്റെ പ്രതിനിധിയായി ഭരണസമിതിയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു എജി ആവശ്യപ്പെട്ടത്. എന്നാൽ കോടതി ഈ ആവശ്യം അംഗീകരിച്ചില്ല.

മന്ത്രിമാരും കേന്ദ്ര സർക്കാർ ജീവനക്കാരും ബിസിസിഐ ഭാരവാഹിത്വം വഹിക്കുന്നതിനെതിരെ മുൻപ് പുറപ്പെടുവിച്ച വിധി ചൂണ്ടിക്കാട്ടിയാണ് കായിക വകുപ്പു സെക്രട്ടറിയെ ഭരണസമിതി അംഗമാക്കാനുള്ള കേന്ദ്രത്തിന്റെ അപേക്ഷ സുപ്രീംകോടതി തള്ളിയത്. ഭരണസമിതിയിൽ ഉൾപ്പെടുത്തുന്നതിനായി ബിസിസിഐ നിർദേശിച്ച ഒൻപതു പേരുകളും സുപ്രീംകോടതി സമ്പൂർണമായി വെട്ടി. ബിസിസിഐയുമായോ ഏതെങ്കിലും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുമായോ ഒരു ബന്ധവുമില്ലാത്തവരാണ് ഇടക്കാല പ്രസിഡന്റും ഭരണസമിതി അംഗങ്ങളുമെന്നത് ശ്രദ്ധേയമാണ്.

ബിസിസിസിഐയുടെ ഇടക്കാല ഭരണസമിതയിലേക്ക് പേരുകൾ നിർദേശിക്കാൻ സുപ്രീംകോടതി അമിക്കസ്‌ക്യൂറിയെ നിയമിച്ചിരുന്നു. എന്നാൽ അമിക്കസ്‌ക്യൂറി സമർപ്പിച്ച ഒമ്പതംഗ പട്ടികയിൽ കോടതി അതൃപ്തി രേഖപ്പെടുത്തുകയും ബിസിസിഐയോടും കേന്ദ്രസർക്കാരിനോടും കൂടി പേരുകൾ നിർദേശിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അമിക്കസ്‌ക്യൂറി നിർദേശിച്ച പേരുകളിൽ പലരും 70 വയസ്സിന് മുകളിലുള്ളവരും ലോധ കമ്മിറ്റിയുടെ നിർദേശങ്ങൾക്ക് പുറത്തുള്ളവരുമായിരുന്നു.

രണ്ടാം യുപിഎ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിയ ടുജി സ്‌പെക്ട്രം അഴിമതി ഉൾപ്പെടെയുള്ള അഴിമതി ഇടപാടുകളുടെ കള്ളക്കണക്കുകൾ വള്ളിപുള്ളി വിടാതെ ചികഞ്ഞെടുത്ത ഉദ്യോഗസ്ഥനാണ് ഇടക്കാല പ്രസിഡന്റായി നിയമിതനായിരിക്കുന്ന വിനോദ് റായ്. ലക്നൗ സ്വദേശിയായ ഇദ്ദേഹം 1972 ഐഎഎസ് ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥനാണ്.

ഐക്യരാഷ്ട്ര സംഘടനയുടെ ഓഡിറ്റർമാരുടെ പാനലിന്റെ ചെയർമാനായിരുന്നു. അമേരിക്കയിലെ ഹാവാർഡ് സർവകലാശാലയിൽനിന്ന് എംബിഎ ബിരുദം നേടിയിട്ടുള്ള വിനോദ് റായി കേന്ദ്ര ധനവകുപ്പിൽ ജോയിന്റ് സെക്രട്ടറി, അഡിഷനൽ സെക്രട്ടറി, സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. തൃശൂർ സബ് കലക്ടറായും കലക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാർക്കറ്റിങ് ഫെഡറേഷൻ, കേരഫെഡ് എന്നിവയുടെ എംഡി സ്ഥാനവും വഹിച്ചു.

നേരത്തെ, രാജ്യത്തെ ക്രിക്കറ്റ് ഭരണരംഗം അടിമുടി പരിഷ്‌കരിക്കാൻ ലക്ഷ്യമിട്ടു ജസ്റ്റിസ് ആർ.എം. ലോധ സമിതി നൽകിയ ശുപാർശകൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂർ, സെക്രട്ടറി അജയ് ഷിർക്കെ എന്നിവരെ സുപ്രീം കോടതി തൽസ്ഥാനങ്ങളിൽനിന്നു പുറത്താക്കിയത്. സംഘടനാ ഭാരവാഹികൾക്ക് 70 വയസ്സ് പ്രായപരിധി, ഒന്നിലധികം പദവികൾ വഹിക്കുന്നതിനു വിലക്ക്, തുടർച്ചയായി പദവികൾ വഹിക്കുന്നതിനു നിയന്ത്രണം എന്നിവയുൾപ്പെടെയുള്ള ശുപാർശകളാണു ലോധ സമിതി കോടതിയിൽ സമർപ്പിച്ചത്. ശുപാർശകൾ നടപ്പാക്കാൻ കോടതി പലകുറി ആവശ്യപ്പെട്ടിട്ടും ന്യായങ്ങൾ പലതു നിരത്തി ബിസിസിഐ അതിനെ എതിർക്കുകയായിരുന്നു. തുടർന്നാണ് ഇരുവരെയും തൽസ്ഥാനങ്ങളിൽനിന്ന് നീക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP