Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐറിഷ് പടയെ തൂത്തെറിഞ്ഞ് ഇന്ത്യയുടെ അശ്വമേധം; ലോകകപ്പിൽ തുടർച്ചയായ ഒമ്പതാം ജയം; ഇന്ത്യൻ റെക്കോർഡുകൾക്ക് തിളക്കമേകി ധവാന്റെ സെഞ്ച്വറിയും

ഐറിഷ് പടയെ തൂത്തെറിഞ്ഞ് ഇന്ത്യയുടെ അശ്വമേധം; ലോകകപ്പിൽ തുടർച്ചയായ ഒമ്പതാം ജയം; ഇന്ത്യൻ റെക്കോർഡുകൾക്ക് തിളക്കമേകി ധവാന്റെ സെഞ്ച്വറിയും

ഹാമിൽട്ടൺ: ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ അയർലൻഡ് ഉയർത്തിയ 260 റൺസിന്റെ വിജയ ലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. ശിഖർ ധവാന്റെ സെഞ്ച്വറിയും രോഹിത് ശർമയുടെ അർധ സെഞ്ച്വറിയും ഇന്ത്യക്കു സമ്മാനിച്ചത് ഈ ലോകകപ്പിലെ അഞ്ചാം തുടർ ജയമാണ്.

ഇന്നത്തെ ജയത്തോടെ ലോകകപ്പുകളിൽ തുടർച്ചയായ ഒമ്പതാം ജയമാണ് ഇന്ത്യ നേടിയത്. കഴിഞ്ഞ ലോകകപ്പിലെ അവസാന നാലു മത്സരവും ഈ ലോകകപ്പിലെ അഞ്ചു മത്സരവും ജയിച്ചതോടെയാണ് ഈ നേട്ടത്തിൽ ഇന്ത്യ എത്തിയത്.

259 റെണ്ണടുത്ത അയർലൻഡിന് മറുപടിയായി വെറും 36.5 ഓവറേ ഇന്ത്യക്കു ബാറ്റു ചെയ്യേണ്ടി വന്നുള്ളൂ. 7.05 റൺ ശരാശരിയിൽ രണ്ടുവിക്കറ്റു നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം കാണുകയായിരുന്നു. സെഞ്ച്വറി നേടിയ ശിഖർ ധവാനാണ് മാൻ ഓഫ് ദ മാച്ച്.

ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ന് ശിഖർ ധവാനും രോഹിത് ശർമയും പടുത്തുയർത്തിയത്. 85 പന്തിൽ അഞ്ചു സിക്‌സും 11 ഫോറുമുൾപ്പെടെ 100 റൺ നേടിയ ധവാന് 66 പന്തിൽ മൂന്നുവീതം സിക്‌സും ഫോറും ഉൾപ്പെടെ 64 റൺ നേടിയ രോഹിത് മികച്ച പിന്തുണയാണ് നൽകിയത്. ഇരുവരും ചേർന്ന് നേടിയ 174 റൺ ഇന്നു റെക്കോർഡ് ബുക്കിൽ ഇടംപിടിക്കുകയും ചെയ്തു.

24-ാം ഓവറിലാണ് രോഹിത് ശർമ പുറത്തായത്. സ്റ്റ്യുവർട്ട് തോംസന്റെ പന്തിൽ ബൗൾഡായി രോഹിത് മടങ്ങുമ്പോൾ തന്നെ ഇന്ത്യ ജയമുറപ്പിച്ചിരുന്നു. തുടർന്നു വന്ന വിരാട് കോഹ്‌ലി 42 പന്തിൽ നാലു ഫോറും ഒരു സിക്‌സുമുൾപ്പെടെ 44 റൺ നേടി പുറത്താകാതെ നിന്നു. 28-ാം ഒാവറിൽ സ്‌കോർ 190ൽ നിൽക്കെ തോംസന്റെ പന്തിൽ ക്യാപ്റ്റൻ വില്യം പോർട്ടർഫീൽഡ് പിടിച്ച് ശിഖർ ധവാൻ പുറത്തായി. തുടർന്ന് ക്രീസിലെത്തിയ അജിൻക്യ രഹാനെ 28 പന്തിൽ ആറു ഫോറടക്കം 33 റണ്ണുമായി പുറത്താകാതെ നിന്നു.

അർദ്ധ സെഞ്ച്വറി നേടിയ നീൽ ഒബ്രയിന്റേയും ക്യാപ്ടൻ വില്യം പോർട്ടർഫീൽഡിന്റേയും ബാറ്റിങ് മികവാണ് അയർലൻഡിന് മാന്യമായ സ്‌കോർ നൽകിയത്. എന്നാൽ ശക്തമായ ബാറ്റിങ് നിരയുള്ള ഇന്ത്യയ്ക്ക് കാര്യമായ വെല്ലുവളി ഉയർത്താൻ ഈ സ്‌കോറിനായില്ല.

ടോസ് നേടിയ അയർലൻഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പോർട്ടർഫീൽഡും പോൾ സ്‌റ്റെർലിങും മികച്ച തുടക്കം നൽകി. 6 റൺസ് ശരാശരിയിൽ അവർ റൺസ് അടിച്ചുകൂട്ടി. ആദ്യവിക്കറ്റിൽ 89 പന്തിൽ നിന്ന് 89 റൺസാണ് അയർലണ്ട് നേടിയത്. 42 റൺസ് നേടി സ്റ്റെർലിങ് പുറത്തായ ശേഷമാണ് ഇന്ത്യ കാര്യങ്ങൾ വരുതിയിലാക്കിയത്.

അവസാന ഓവറുകളിലും അയർലണ്ടിന് തകർത്തടിക്കാൻ കഴിഞ്ഞില്ല. പോർട്ടർഫീൽഡ് 67 ഉം നീൽ ഒബ്രയിൻ 75ഉം റൺസ് എടുത്തു. പിന്നീട് വന്നവർക്കൊന്നും ഇന്ത്യക്കു കാര്യമായ വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. കൂറ്റനടിക്കാരൻ കെവിൻ ഒബ്രയിൻ വെറും ഒരു റണ്ണിന് പുറത്തായതും അയർലൻഡിന് തിരിച്ചടിയായി.

ഇന്ത്യൻ ബൗളിങ്ങിൽ ഷാമിയും അശ്വിനുമായിരുന്നു താരങ്ങൾ. മുഹമ്മദ് ഷാമി 41 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. അശ്വിൻ 38 റൺസിന് 2 വിക്കറ്റ് നേടി. ഉമേഷ് യാദവ്, മോഹിത് ശർമ്മ, രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.

ധോണിക്ക് റെക്കോർഡ്

ന്നത്തെ വിജയത്തോടെ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി തുടർച്ചയായ ഒൻപത് ലോകകപ്പ് വിജയങ്ങളുമായി മുൻ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ക്ലൈവ് ലോയ്ഡിന്റെ റെക്കോർഡിന് ഒപ്പമെത്തി. 24 ലോകകപ്പ് മത്സരങ്ങൾ തുടർച്ചയായി വിജയിച്ച മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങാണ് പട്ടികയിൽ ഒന്നാമത്. എട്ട് വിജയങ്ങൾ നേടിയ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി നാലാം സ്ഥാനത്തുണ്ട്.

രോഹിത്തിന് ഏകദിനത്തിൽ 4000 റൺ

ന്നത്തെ മത്സരത്തോടെ രോഹിത് ശർമ ഏകദിനത്തിൽ 4000 റൺസ് പൂർത്തിയാക്കി. കരിയറിലെ 132-ാം മത്സരത്തിലാണ് രോഹിത്തിന്റെ നേട്ടം. ഇന്നു രോഹിത് നേടിയത് ഏകദിനത്തിലെ 25-ാം അർധ സെഞ്ച്വറിയാണ്. രണ്ട് ഇരട്ട സെഞ്ച്വറി എന്ന അപൂർവ റെക്കോർഡിന് ഉടമയായ രോഹിത് ഇതുൾപ്പെടെ ആറു സെഞ്ച്വറിയാണ് സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്. ഏകദിനത്തിൽ 4000 റൺ നേടുന്ന 14-ാമത് ഇന്ത്യൻ താരമാണ് രോഹിത്.

ടെസ്റ്റിൽ 10 മത്സരങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി പാഡണിഞ്ഞ രോഹിത് 41.37 ശരാശരിയിൽ 662 റൺസ് നേടിയിട്ടുണ്ട്. രണ്ടു സെഞ്ചുറികളും രണ്ടു അർധ സെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു.

ശിഖർ ധവാന്റെ സെഞ്ച്വറി ഈ ലോകകപ്പിൽ അദ്ദേഹത്തിന്റെ രണ്ടാമത്തേതാണ്. ഇക്കുറി ഇന്ത്യയുടെ ആദ്യ ഓപ്പണിങ് വിക്കറ്റ് സെഞ്ചുറി കൂട്ടുകെട്ടാണ് ഇന്നു പിറന്നത്. ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടും ഇന്നത്തെ 174 റണ്ണാണ്. 1996ലെ ലോകകപ്പിൽ സച്ചിൻ ടെൻഡുൽക്കറും അജയ് ജഡേജയും ചേർന്ന് കെനിയക്കെതിരെ നേടിയ 163 റൺസിന്റെ റെക്കോർഡാണ് ഇന്നു മറികടന്നത്.

തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് ഇന്ത്യ ഇന്ന് എതിർ ടീമിനെ ഓൾ ഔട്ടാക്കിയത്. ഇന്ത്യൻ റെക്കോർഡാണിത്. ഓൾ ഔട്ടായെങ്കിലും ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരായ ഏറ്റവുമുയർന്ന സ്‌കോർ നേടാൻ അയർലൻഡിനായി.

ലോകകപ്പിൽ ആദ്യം ബാറ്റു ചെയ്ത് അയർലൻഡ് നേടുന്ന ഏറ്റവുമുയർന്ന രണ്ടാമത്തെ സ്‌കോറാണ് ഇന്നത്തെ 259. ടെസ്റ്റ് പദവിയില്ലാത്ത രാജ്യങ്ങൾക്കെതിരെ ലോകകപ്പ് വേദികളിൽ തോറ്റിട്ടില്ലെന്ന ഇന്ത്യൻ റെക്കോർഡ് കാത്തുസൂക്ഷിക്കാനും ഇന്ത്യക്കായി.

ഇന്ത്യയെ ഏറ്റവും കൂടുതൽ ഏകദിന മൽസരങ്ങളിൽ നയിച്ച നായകനെന്ന റെക്കോർഡ് ഇന്നത്തെ മത്സരത്തോടെ ധോണിക്കു ലഭിച്ചു. മുഹമ്മദ് അസ്ഹറുദ്ദീനെയാണ് ധോണി ഈ റെക്കോർഡിൽ മറികടന്നത്.

Graphic Courtesy: ESPN cricinfo

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP