Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്കു ജയം; കിവികൾ ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം ഇന്ത്യ മറികടന്നത് അനായാസമായി; കോഹ്‌ലിക്ക് അർധ സെഞ്ച്വറി; മൂന്നു വിക്കറ്റെടുത്ത അരങ്ങേറ്റക്കാരൻ ഹർദിക് പാണ്ഡ്യ കളിയിലെ താരം

ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്കു ജയം; കിവികൾ ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം ഇന്ത്യ മറികടന്നത് അനായാസമായി; കോഹ്‌ലിക്ക് അർധ സെഞ്ച്വറി; മൂന്നു വിക്കറ്റെടുത്ത അരങ്ങേറ്റക്കാരൻ ഹർദിക് പാണ്ഡ്യ കളിയിലെ താരം

ധർമശാല: ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്കു ജയം. ആറുവിക്കറ്റിനാണ് ഇന്ത്യയുടെ ജയം. അർധ സെഞ്ച്വറിയുമായി ഉപനായകൻ വിരാട് കോഹ്‌ലി മുന്നിൽ നിന്നു നയിച്ചപ്പോൾ അനായാസമായിരുന്നു ഇന്ത്യയുടെ ജയം. ഏകദിന അരങ്ങേറ്റം കുറിച്ച ഹർദിക് പാണ്ഡ്യയാണ്  കളിയിലെ തരാം. ഹർദിക് മൂന്നു വിക്കറ്റെടുത്തു.

ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ഇന്ത്യ ന്യൂസിലൻഡിനെ 43.5 ഓവറിൽ 190 റൺസിന് എറിഞ്ഞിട്ടു. മറുപടിക്കിറങ്ങിയപ്പോൾ 101 പന്തു ശേഷിക്കെ ഇന്ത്യ വിജയത്തിലെത്തി. 34-ാം ഓവറിലെ ആദ്യ പന്തിൽ ഇഷ് സോധിയെ സിക്‌സറിനു പായിച്ചു കോഹ്‌ലിയാണ് ഇന്ത്യയുടെ വിജയ റൺസ് സ്‌കോർ ചെയ്തത്.

കോഹ്‌ലി 81 പന്തിൽ പുറത്താകാതെ 85 റൺസ് നേടി. ഒമ്പതു ഫോറും ഒരു സിക്‌സും ഇന്ത്യൻ ഉപനായകന്റെ ഇന്നിങ്‌സിൽപ്പെടുന്നു. അജിൻക്യ രഹാനെ (33), ക്യാപ്റ്റൻ എം എസ് ധോണി (21) എന്നിവരും കോഹ്‌ലിക്കു മികച്ച പിന്തുണ നൽകി. രോഹിത് ശർമ 14ഉം മനീഷ് പാണ്ഡെ 17ഉം റൺസെടുത്തു. കേദാർ ജാദവ് 10 റൺസുമായി പുറത്താകാതെ നിന്നു. ന്യൂസിലൻഡിനായി ബ്രേസ്‌വെൽ, നീഷാം, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റുവീതം വീഴ്‌ത്തി.

ടോം ലാഥത്തിന്റെയും (79*) ടിം സൗത്തിയുടെയും (55) അർധ സെഞ്ചുറി മികവിലാണ് ന്യൂസിലൻഡ് കുഞ്ഞൻ സ്‌കോറെന്ന നാണക്കേട് ഒഴിവാക്കിയത്. ന്യൂസിലൻഡ് നിരയിൽ മൂന്നു പേർ സംപൂജ്യരായപ്പോൾ മൂന്നു പേർക്ക് ഒറ്റയക്കം കടക്കാനായില്ല. എട്ടിന് 106 എന്ന നിലയിൽ തകർന്ന കിവികളെ ലാഥവും സൗത്തിയും ചേർന്നാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ലാഥം 98 പന്ത് നേരിട്ടപ്പോൾ 45 പന്തിൽനിന്ന് മൂന്നു സിക്‌സും ആറു ബൗണ്ടറികളുമായി സൗത്തിയാണ് അതിവേഗം സ്‌കോർ ഉയർത്തിയത്. ലാഥവും സൗത്തിയും ക്രീസിൽ ഒത്തു ചേർന്നപ്പോൾ മാത്രമാണ് ഇന്ത്യൻ ബൗളർമാർ പരീക്ഷിക്കപ്പെട്ടത്.

അരങ്ങേറ്റ ഏകദിന മത്സരത്തിനിറങ്ങിയ ഹർദിക് പാണ്ഡ്യയാണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. മൂന്നു ഫോറുമായി കത്തിക്കയറിയ ഗുപ്റ്റിലായിരുന്നു പാണ്ഡ്യയുടെ ആദ്യ ഇര. മൂന്നാമനായെത്തിയ വില്യംസണെയും (3) പിന്നാലെയെത്തിയ റോസ് ടെയ്‌ലറെയും (0) ഉമേഷ് യാദവ് മടക്കി. പാണ്ഡ്യയുടെ പന്തുകൾ വീണ്ടും കിവിനിരയിൽ ദുരന്തം വിതച്ചപ്പോൾ ഇരകളായത് കോറി ആൻഡേഴ്‌സണും (4) റോഞ്ചിയും (0). വാലറ്റത്തെ പറിക്കാനുള്ള ഊഴം കേദാർ യാദവിനും അമിത് മിശ്രയ്ക്കുമായിരുന്നു. ജയിംസ് നീഷം (10), മിച്ചൽ സാന്റ്‌നർ (0) എന്നിവരെ കേദാർ യാദവ് മറിച്ചു. പിന്നീട് എത്തിയ ബ്രേസ് വെല്ലിനെ (15) അമിത് മിശ്രയും പുറത്താക്കി.

പിന്നീടെത്തിയ സൗത്തി ലാഥത്തിനൊപ്പം കൂറ്റൻ അടികളിലൂടെ ഇന്നിങ്‌സ് കെട്ടിപ്പടുത്തു. ഒടുവിൽ അമിത് മിശ്ര സൗത്തിയെ പാണ്ഡ്യയുടെ കൈയിൽ എത്തിക്കുകയായിരുന്നു. സൗത്തി വീണതിനു പിന്നാലെ ലാഥവും ആക്രമണത്തിനു മുതിർന്നെങ്കിലും അവസാനക്കാരൻ ഇഷ് സോധി പെട്ടെന്നു പുറത്തായതോടെ ന്യൂസിലൻഡ് ഇന്നിങ്‌സിനു തിരശീല വീണു.

സ്‌കോർ ചുരുക്കത്തിൽ

ന്യൂസിലൻഡ് 190 (43.5)
ഇന്ത്യ 194/4 (33.1 ov)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP