Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ഞൂറാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കു തകർപ്പൻ ജയം; ന്യൂസിലൻഡിനെ തോൽപ്പിച്ചത് 197 റൺസിന്; ആർ അശ്വിന് ആറു വിക്കറ്റ്; ഓൾറൗണ്ട് മികവു പുറത്തെടുത്ത രവീന്ദ്ര ജഡേജ കളിയിലെ താരം

അഞ്ഞൂറാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കു തകർപ്പൻ ജയം; ന്യൂസിലൻഡിനെ തോൽപ്പിച്ചത് 197 റൺസിന്; ആർ അശ്വിന് ആറു വിക്കറ്റ്; ഓൾറൗണ്ട് മികവു പുറത്തെടുത്ത രവീന്ദ്ര ജഡേജ കളിയിലെ താരം

കാൺപുർ: അഞ്ഞൂറാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കു ജയം. ന്യൂസിലൻഡിനെ 197 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. മികച്ച ഓൾ റൗണ്ട് പ്രകടനം കാഴ്ചവച്ച രവീന്ദ്ര ജഡേജയാണ് കളിയിലെ താരം.

ആറു വിക്കറ്റ് നേടിയ ആർ അശ്വിനാണു രണ്ടാം ഇന്നിങ്‌സിൽ ന്യൂസിലൻഡ് നിരയെ തകർത്തത്. 434 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കിവികൾ 236 റൺസിനു പുറത്തായി. ആദ്യ ഇന്നിങ്സിൽ അശ്വിൻ നാല് വിക്കറ്റ് വീഴ്‌ത്തിയിരുന്നു.

രണ്ടാം ഇന്നിങ്സിൽ 80 റൺസ് നേടിയ ലൂക്ക് റോഞ്ചിയാണു ന്യൂസിലൻഡിന്റെ ടോപ് സ്‌കോറർ. മിച്ചൽ സാന്റ്‌നർ 71 റൺസെടുത്തു. മറ്റുള്ളവർക്കൊന്നും ഇന്ത്യയുടെ ബൗളിങ് കരുത്തിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. മുഹമ്മദ് ഷാമി രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.

ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 318 റൺസാണ് എടുത്തത്. രണ്ടാം ഇന്നിങ്‌സിൽ അഞ്ചിന് 377 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിങ്‌സിൽ 262 റൺസ് എടുത്ത ന്യൂസിലൻഡ് 236 റൺസിനു രണ്ടാം ഇന്നിങ്‌സിൽ ബാറ്റു താഴ്‌ത്തിയതോടെ ഇന്ത്യക്കു 197 റൺസിന്റെ ജയം.

ആദ്യ ഇന്നിങ്‌സിൽ 42 റൺസെടുത്ത രവീന്ദ്ര ജഡേജ രണ്ടാം ഇന്നിങ്‌സിൽ 50 റൺസെടുത്തു. രണ്ടിന്നിങ്‌സിലും ജഡേജയെ പുറത്താക്കാൻ കിവി ബൗളർമാർക്ക് കഴിഞ്ഞിരുന്നില്ല. മത്സരത്തിൽ ആറു വിക്കറ്റും ജഡേജ സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സിൽ അഞ്ചും രണ്ടാം ഇന്നിങ്‌സിൽ ഒരു വിക്കറ്റും. ഈ ഓൾ റൗണ്ട് മികവാണ് ജഡേജയ്ക്കു മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിക്കൊടുത്തത്.

500 മത്സരങ്ങളിൽ നിന്ന് 130ാം ജയമാണ് ഇന്ത്യ കാൺപൂരിൽ സ്വന്തമാക്കിയത്. 157 മത്സരങ്ങൽ തോറ്റപ്പോൾ 212 മത്സരം സമനിലയും ഒരു മത്സരം ടൈയും ആയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP