Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തകർപ്പൻ സെഞ്ച്വറിയുമായി രഹാനെയും ധവാനും മിന്നി; കട്ടക്ക് ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ ജയം; ലങ്കയെ തകർത്തത് 169 റൺസിന്

തകർപ്പൻ സെഞ്ച്വറിയുമായി രഹാനെയും ധവാനും മിന്നി; കട്ടക്ക് ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ ജയം; ലങ്കയെ തകർത്തത് 169 റൺസിന്

കട്ടക്ക്: തകർപ്പൻ സെഞ്ച്വറികളുമായി ഓപ്പണർമാരായ അജിൻക്യ രഹാനെയും ശിഖർ ധവാനും കളം നിറഞ്ഞപ്പോൾ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 169 റൺസ് ജയം. ഇന്ത്യയുയർത്തിയ 364 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 39.2 ഓവറിൽ 194 റൺസിന് ഓൾ ഔട്ടായി. 43 റൺസെടുത്ത ജയവർധനെയാണ് ലങ്കയുടെ ടോപ് സ്‌കോറർ.

നാലുവിക്കറ്റ് നേടിയ ഇഷാന്ത് ശർമയാണ് ശ്രീലങ്കയുടെ നടുവൊടിച്ചത്. ഉമേഷ് യാദവും അക്ഷർ പട്ടേലും രണ്ടുവിക്കറ്റ് വീതം വീഴ്‌ത്തി. ആർ അശ്വിനും സുരേഷ് റെയ്‌നയും ഓരോ വിക്കറ്റെടുത്തു. ബരാബതി സ്റ്റേഡിയത്തിലെ ജയത്തോടെ അഞ്ചു മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കുവേണ്ടി ആദ്യം സെഞ്ച്വറി തികച്ചത് രഹാനെയാണ്. 99 പന്തിലാണ് രഹാനെ സെഞ്ച്വറി നേടിയത്. രഹാനെയുടെ രണ്ടാം ഏകദിന സെഞ്ച്വറിയാണിത്. തൊട്ടുപിന്നാലെ സിക്‌സർ പറത്തി ധവാനും സെഞ്ച്വറി നേട്ടത്തിലെത്തി. 96 പന്തിലായിരുന്നു ധവാന്റെ ആറാം സെഞ്ച്വറി പിറന്നത്. ഇരുനൂറാം ഏകദിനത്തിന് ഇറങ്ങിയ സുരേഷ് റെയ്‌നയും അർധ സെഞ്ച്വറി നേടിയപ്പോൾ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 363 റൺസ്.

35ാം ഓവറിൽ സ്‌കോർ 231ൽ നിൽക്കെ ധവാനാണ് ആദ്യം പുറത്തായത്. പ്രിയഞ്ജന്റെ പന്തിൽ ക്ലീൻ ബൗൾഡാകുമ്പോൾ 107 പന്തിൽ 14 ഫോറും 3 സിക്‌സുമുൾപ്പെടെ 113 റൺസ് ധവാൻ സ്വന്തംപേരിൽ കുറിച്ചിരുന്നു. 38ാം ഓവറിൽ രൺദീവിന്റെ പന്തിൽ ജയവർധനെ പിടിച്ച് രഹാനെയും പുറത്തായി. 108 പന്തിൽ 13 ഫോറും 2 സിക്‌സുമുൾപ്പെടെ 111 റൺസാണ് രഹാനെ നേടിയത്.

തുടർന്നെത്തിയ സുരേഷ് റെയ്‌ന 34 പന്തിൽ 52 റൺസെടുത്തു. ക്യാപ്റ്റൻ വിരാട് കോഹ്‌ലി 22ഉം അമ്പാട്ടി റായുഡു 27ഉം റൺസെടുത്തു. വൃദ്ധിമാന്‍ സാഹ പത്ത് റൺസോടെയും അക്ഷർ പട്ടേൽ 14 റൺസോടെയും പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കുവേണ്ടി സുരാജ് രൺദീവ് മൂന്നുവിക്കറ്റെടുത്തു. ലഹിരു ഗമാഗെയും അഷൻ പ്രിയഞ്ജനും ഓരോ വിക്കറ്റു വീഴ്‌ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ആദ്യ ഓവറുകളിലെ പ്രകടനം മോശമായിരുന്നെങ്കിലും പിന്നീട് താളം കണ്ടെത്തി. ഓൾറൗണ്ടർ അക്ഷർ പട്ടേൽ ടീമിലിടം നേടിയപ്പോൾ രവീന്ദ്ര ജഡേജയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടില്ല. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മൽസരങ്ങളിൽ ധോണിക്ക് വിശ്രമം അനുവദിച്ചതിനാൽ വിരാട് കോഹ്‌ലിയാണ് ഇന്ത്യയെ നയിക്കുന്നത്. രണ്ടാം ഏകദിനം ആറിന് അഹമ്മദാബാദിൽ നടക്കും. വിൻഡീസ് ടീം ഏകദിന പരമ്പര ഉപേക്ഷിച്ചതോടെയാണ് ബിസിസി ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെ പകരം ക്ഷണിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP