Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അവസാന പന്തിൽ രണ്ടു റൺസ് നേടാനുള്ള ധോണിയുടെ ശ്രമം തേഡ്മാനിൽ ക്യാച്ചായി മാറി; അമേരിക്കയിലെ ആദ്യ ട്വന്റി 20യിൽ വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യ തോറ്റത് ഒരു റണ്ണിന്; പാഴായതു ലോകേഷ് രാഹുലിന്റെ സെഞ്ച്വറി

അവസാന പന്തിൽ രണ്ടു റൺസ് നേടാനുള്ള ധോണിയുടെ ശ്രമം തേഡ്മാനിൽ ക്യാച്ചായി മാറി; അമേരിക്കയിലെ ആദ്യ ട്വന്റി 20യിൽ വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യ തോറ്റത് ഒരു റണ്ണിന്; പാഴായതു ലോകേഷ് രാഹുലിന്റെ സെഞ്ച്വറി

ഫോർട് ലോഡർ ഡെയ്ൽ : അമേരിക്കയിൽ ആദ്യമായി നടന്ന രാജ്യാന്തര ക്രിക്കറ്റ് മൽസരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് ഒരു റൺസിന്റെ തോൽവി. ട്വന്റി20 മൽസരത്തിൽ വിൻഡീസ് ഉയർത്തിയ 246 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്കു കുതിച്ച ഇന്ത്യയ്ക്ക് 244 റൺസെടുക്കാനെ സാധിച്ചുള്ളൂ. അവസാന പന്തിലായിരുന്നു വിൻഡീസിന്റെ ജയം. സ്‌കോർ: വെസ്റ്റ്ഇൻഡീസ് 245-6, ഇന്ത്യ 244-4.

ബ്രാവോ എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് എട്ട് റൺസ്. ക്രീസിൽ ക്യാപ്റ്റൻ ധോണിയും ലോകേഷ് രാഹുലും. ആദ്യ അഞ്ചു പന്തുകളിൽ ഇന്ത്യ നേടിയത് ആറു റൺസ്. അവസാന പന്തിൽ ജയിക്കാൻ വേണ്ടിയിരുന്നത് രണ്ടു റൺ. ബ്രാവോയുടെ പന്ത് നേരിട്ട ധോണിക്ക് പിഴച്ചു. തേഡ്മാനിൽ സാമുവൽസ് പിടിച്ച് ഇന്ത്യൻ നായകൻ പുറത്ത്. അങ്ങനെ ഇന്ത്യ തോറ്റു.

രോഹിത് ശർമയും ലോകേഷ് രാഹുലുമാണ് ഇന്ത്യയ്ക്കായി പൊരുതിയത്. ഇരുവരും ചേർന്ന് 89 റൺസാണ് ഇന്ത്യയ്ക്ക് വേണ്ടി നേടിയത്. 51 പന്തിൽ നിന്നു 110 റൺസ് നേടിയ ലോകേഷ് രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇതിൽ അഞ്ചു സിക്‌സും 12 ഫോറും ഉൾപ്പെടും. ഇന്ത്യയ്ക്കായി രോഹിത് ശർമ അർധ സെഞ്ചുറി നേടി. 28 പന്തിൽ 62 റൺസ് നേടിയ രോഹിത്ത് ശർമയെ പൊള്ളാർഡ് പുറത്താക്കി. നാലു സിക്‌സും നാലു ഫോറും ഉൾപ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റൻ ധോണി 43 റൺസ് നേടി. അജങ്ക്യ രഹാനെ ഏഴു റൺസെടുത്തും വിരാട് കോഹ്!ലി 16 റൺസെടുത്തും പുറത്തായി. 48 പന്തിൽ സെഞ്ചുറി നേടിയ എവിൻ ലൂയിസും 33 പന്തിൽ 79 റൺസ് നേടിയ ജോൺസൺ ചാൾസുമാണ് വിൻഡീസിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ട്വന്റി ട്വന്റി ക്രിക്കറ്റിലെ വിജയകരമായ ഏറ്റവും വലിയ റൺചേയ്‌സ് എന്ന ലോക റെക്കോർഡിന്റെ പടിവാതിലിലെത്തിയ ശേഷമാണ് ടീം ഇന്ത്യ പരാജയപ്പെട്ടത്. വെസ്റ്റ് ഇൻഡീസ് 19 മാസം മുൻപ് സ്വന്തം പേരിൽ കുറിച്ച റെക്കോർഡ് മറികടക്കാനുള്ള സുവർണാവസരമാണ് രണ്ടു റൺസ് അകലെ ഇന്ത്യയ്ക്കു നഷ്ടമായത്. 2015 ജനുവരി 11ന് ജോഹാനസ്ബർഗിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം 19.2 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 236 റൺസ് അടിച്ച് വെസ്റ്റ് ഇൻഡീസ് മറികടന്നതാണ് നിലവിൽ രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലെ റെക്കോർഡ്. ക്രിസ് ഗെയ്‌ലിന്റെയും (90 റൺസ്) സാമുവൽസിന്റെയും (60) മികവിലായിരുന്നു വിൻഡീസിന്റെ പടയോട്ടം. ഡുപ്ലസിസിന്റെ തകർപ്പൻ സെഞ്ചുറിയുടെ (119 റൺസ്) പിൻബലത്തിലായിരുന്നു ദക്ഷിണാഫ്രിക്ക കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2016 മാർച്ച് 18ന് മുംബൈയിൽ ഇംഗ്ലണ്ട് നേടിയ വിജയമാണ് റെക്കോർഡ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 230 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലീഷ് പട മറികടന്നു. പട്ടികയിൽ തൊട്ടു പിന്നിൽ ഇന്ത്യയാണ്. 2009 ഡിസംബർ 12ന് മൊഹാലിയിൽ ശ്രീലങ്കയെ ആറു വിക്കറ്റിന് തകർത്തതാണ് ഇന്ത്യയ്ക്ക് റെക്കോർഡ് പട്ടികയിൽ ആദ്യ അ!ഞ്ചിൽ ഇടംനൽകിയത്. ശ്രീലങ്ക ഉയർത്തിയ 207 റൺസ് ലക്ഷ്യം 19.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP