Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മധ്യനിരയും വാലറ്റവും തുണച്ചു; ലങ്കയ്‌ക്കെതിരെ ഇന്ത്യ വിജയം മണക്കുന്നു; 386 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ആതിഥേയർക്ക് മൂന്നു വിക്കറ്റ് നഷ്ടമായി

മധ്യനിരയും വാലറ്റവും തുണച്ചു; ലങ്കയ്‌ക്കെതിരെ ഇന്ത്യ വിജയം മണക്കുന്നു; 386 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ആതിഥേയർക്ക് മൂന്നു വിക്കറ്റ് നഷ്ടമായി

കൊളംബോ: രണ്ടാം ഇന്നിങ്‌സിൽ മുൻ നിരക്കാർ തലകുനിച്ചു മടങ്ങിയപ്പോൾ മധ്യനിരയുടെയും വാലറ്റത്തിന്റെയും കരുത്തിൽ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ വിജയം മണക്കുന്നു. 386 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ലങ്കയ്ക്ക് നാലാംദിനം കളി അവസാനിക്കുമ്പോഴേക്കും മൂന്നു വിക്കറ്റു നഷ്ടമായി.

ഏഴുവിക്കറ്റും ഒരു ദിനവും ശേഷിക്കെ ആതിഥേയർക്കു ജയിക്കാൻ 319 റൺസ് കൂടി വേണം. മധ്യനിരയും വാലറ്റവും പിടിച്ചുനിന്നപ്പോൾ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 274 റൺസാണെടുത്തത്. മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് മൂന്ന് റണ്ണെടുത്തപ്പോഴേക്കും രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർ ഉപുൽ തരംഗയും ദിമുത് കരുണരത്‌നെയും അക്കൗണ്ട് തുറക്കാതെയാണു മടങ്ങിയത്. 21-ാം റണ്ണിൽ മൂന്നാം വിക്കറ്റും നഷ്ടമായ ലങ്കയെ കരകയറ്റാനുള്ള ചുമതല ക്രീസിലുള്ള ക്യാപ്റ്റൻ എയ്ഞ്ചലോ മാത്യൂസിനും ദിനേശ് ചാന്ദിമലിനുമാണ്.

ഇന്ത്യക്കുവേണ്ടി ഇഷാന്ത് ശർമ രണ്ടുവിക്കറ്റു വീഴ്‌ത്തി. ഉമേഷ് യാദവിനാണ് ഒരു വിക്കറ്റ്. സ്‌കോർ: ഇന്ത്യ 312, 274 ശ്രീലങ്ക: 201, മൂന്നിന് 67.

നാലാംദിനം മൂന്ന് വിക്കറ്റിന് 21 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ (21) ആണ് ആദ്യം നഷ്ടമായത്. രോഹിത് ശർമയ്‌ക്കൊപ്പം 57 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് കോലി മടങ്ങിയത്. രോഹിതിനൊപ്പം പിന്നീട് ഒത്തുചേർന്ന ഓൾറൗണ്ടർ സ്റ്റുവർട്ട് ബിന്നിയും മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ ഇന്ത്യ ഭേദപ്പെട്ട നിലയിലെത്തി. 72 പന്തിൽ 50 റൺസെടുത്ത രോഹിതും 62 പന്തിൽ 49 റൺസെടുത്ത ബിന്നിയും ചേർന്ന് അഞ്ചാം വിക്കറ്റിൽ 54 റൺസെടുത്തു. രോഹിത് മടങ്ങിയ ശേഷം നമാൻ ഓജയ്‌ക്കൊപ്പം (35) ബിന്നി 42 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ഓജയും ബിന്നിയും അടുത്തടുത്ത് പുറത്തായെങ്കിലും എട്ടാം വിക്കറ്റിൽ അമിത് മിശ്രയും (62 പന്തിൽ 39) ആർ അശ്വിനും (58) ഉറച്ചു നിന്നതോടെ ഇന്ത്യയുടെ ലീഡ് 300 കടന്നു. മിശ്രയെ റണ്ണൗട്ടാക്കി കൗശൽ സിൽവയാണ് 55 റൺസെടുത്ത ഈ കൂട്ടുകെട്ട് പിരിച്ചത്.

ശ്രീലങ്കക്കായി നുവാൻ പ്രദീപും ദമ്മിക പ്രസാദും നാല് വിക്കറ്റ് വീതം വീഴ്‌ത്തി. ഹെറാത്തിനാണ് ഒരു വിക്കറ്റ്. ഇരു ടീമുകളും ഓരോ മത്സരങ്ങൾ ജയിച്ച് സമനിലയിലാണ് പരമ്പര ഇപ്പോൾ. ഈ ടെസ്റ്റിൽ ജയിച്ചാൽ 23 വർഷത്തിനുശേഷം ഇന്ത്യക്കു ശ്രീലങ്കയിൽ പരമ്പര സ്വന്തമാക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP