Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചാം ടെസ്റ്റ് സെഞ്ച്വറി കുറിച്ച രഹാനെയുടെ മികവിൽ ഇന്ത്യക്കു മികച്ച സ്‌കോർ; അശ്വിന് അർധ സെഞ്ച്വറി; മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 121നു പുറത്ത്; ജഡേജയ്ക്ക് 5 വിക്കറ്റ്

അഞ്ചാം ടെസ്റ്റ് സെഞ്ച്വറി കുറിച്ച രഹാനെയുടെ മികവിൽ ഇന്ത്യക്കു മികച്ച സ്‌കോർ; അശ്വിന് അർധ സെഞ്ച്വറി; മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 121നു പുറത്ത്; ജഡേജയ്ക്ക് 5 വിക്കറ്റ്

ന്യൂഡൽഹി: മധ്യനിര താരം അജിൻക്യ രഹാനെയുടെ അഞ്ചാം ശതകത്തിന്റെ മികവിൽ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്കു മികച്ച സ്‌കോർ. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക വെറും 121നു പുറത്തായപ്പോൾ 213 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി ഇന്ത്യ മേധാവിത്തമുറപ്പിച്ചു.

215 പന്തിൽ 127 റൺസ് നേടിയ രഹാനെയ്‌ക്കൊപ്പം വാലറ്റത്ത് അർധസെഞ്ച്വറി നേടിയ അശ്വിനും (140 പന്തിൽ 56) മികവു കാട്ടിയപ്പോൾ ഇന്ത്യ ആദ്യ ഇന്നിങ്‌സിൽ 334 റൺസാണ് ഇന്ത്യ എടുത്തത്.

മറുപടിക്കെത്തിയപ്പോൾ രവീന്ദ്ര ജഡേജയുടെ സ്പിന്നിനു മുന്നിൽ ദക്ഷിണാഫ്രിക്ക കറങ്ങിവീഴുകയായിരുന്നു. അംല, ഡിവിലിയേഴ്‌സ്, ഡുപ്ലെസി എന്നിവരുടേതുൾപ്പെടെ അഞ്ചു വിക്കറ്റാണു ജഡേജ പിഴുതത്. ഉമേഷ് യാദവ്, ആർ അശ്വിൻ എന്നിവർ രണ്ടുവീതവും ഇശാന്ത് ശർമ ഒരുവിക്കറ്റും വീഴ്‌ത്തി.

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മൽസരമാണ് ഡൽഹിയിൽ നടക്കുന്നത്. നാഗ്പുരിലേത് പോലെ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര വീണ്ടും ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. 42 റൺസെടുത്ത നായകൻ എബി ഡിവില്ലിയേഴ്‌സ് മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ അൽപ്പമെങ്കിലും ചെറുത്തുനിന്നത്. ടെംബ ബവുമ 22 റൺസും ഡീൻ എൽഗാർ 17 റൺസും ഡെയ്ൻ വിലാസ് 11 റൺസുമെടുത്ത് പുറത്തായി. മറ്റൊരു ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാന്മാർക്കും രണ്ടക്കം കാണാനായില്ല.

രണ്ടാം ദിനം ഏഴിന് 231 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്കുവേണ്ടി രഹാനെഅശ്വിൻ സഖ്യം 98 റൺസ് കൂട്ടിച്ചേർത്തു. 11 ഫോറും നാല് സിക്‌സും അടങ്ങിയതായിരുന്നു രഹാനെയുടെ ഇന്നിങ്‌സ്. ഇന്ത്യയിൽ രഹാനെ നേടുന്ന ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്.

ദക്ഷിണാഫ്രിക്കയ്ക്കായി കൈൽ അബോട്ട് അഞ്ചുവിക്കറ്റുവീഴ്‌ത്തി. ഡെയ്ൻ പീഡിറ്റ് നാലുവിക്കറ്റും ഇമ്രാൻ താഹിർ ഒരുവിക്കറ്റും വീഴ്‌ത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP