ഇന്ത്യ ഫൈനലിൽ തോൽക്കുമ്പോളുള്ള ബംഗ്ലാദേശിന്റെ ചിരി അങ്ങ് മായിക്കണം; ശ്രീലങ്കയെ നാണം കെടുത്തുന്ന രീതിയിൽ പെരുമാറിയതിന് പകരം ചോദിക്കണം; നിദാഹസ് ട്രോഫി ഫൈനലിൽ ബംഗ്ലാദേശിനെ നേരിടുമ്പോൾ ഇന്ത്യക്ക് തീർക്കാനുള്ള കണക്കുകൾ പലത്; രണ്ടും കൽപിച്ച് ബംഗ്ലാദേശ്
March 18, 2018 | 04:27 PM | Permalink

സ്വന്തം ലേഖകൻ
കൊളംബൊ: ഇന്നത്തെ ഫൈനലിൽ ആതിഥേയരായ ശ്രീലങ്ക ഇന്ന് ഇന്ത്യക്കായി അലറി വിളിക്കും എന്നുറപ്പാണ്. കാരണം തോൽവിക്ക് പുറമെ നാണം കെടുത്തുന്ന രീതിയിലാണ് ബംഗ്ലാദേശ് അവരുടെ വിജയങ്ങൾ ആഘോഷിച്ചത്. മികച്ച വിജയം തന്നെ സ്വപ്‌നം കണ്ട് ഇറങ്ങുന്ന ഇന്ത്യയെ അവർ കയ്യും മെയ്യും ചേർന്ന് സ്വീകരിക്കും.
കൊളംബൊയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ രാത്രി ഏഴുമണിക്കാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ മത്സരത്തില് ആതിഥേയരായ ശ്രീലങ്കയോട് തോറ്റെങ്കിലും പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും ജയിച്ചാണ് ഇന്ത്യയുടെ വരവ്.
ബംഗ്ലാദേശാകട്ടെ രണ്ട് മത്സരങ്ങളിലും ലങ്കയെ ആധികാരികമായി തറപറ്റിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ലങ്ക ഉയർത്തിയ 215 വിജയലക്ഷ്യം അഞ്ച് വിക്കറ്റിനും രണ്ടാം മത്സരത്തിൽ 160 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റിനും മറികടന്നു.
എന്നാൽ ഇന്ത്യക്കെതിരെ വൻ തോൽവിയാണ് ബംഗ്ലാദേശ് നേരിടേണ്ടി വന്നത്. മുഷ്ഫിഖുർ റഹീം, തമീം ഇഖ്ബാൽ, സാബിർ റഹ്മാൻ, സൗമ്യ സർക്കാർ, മഹമൂദുള്ള, ഷാകിബ് അൽ ഹസ്സൻ എന്നിവരടങ്ങിയ ബംഗ്ലാദേശിന്റെ ടോപ്പ് ഓർഡർ ബാറ്റിങ് നിരയാണ് അവരുടെ ശക്തി.
ഓപ്പണർ ശിഖർ ധവാൻ, റെയ്‌ന, കഴിഞ്ഞ മത്സരത്തിൽ അർദ്ധ സെഞ്ച്വറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയ ക്യാപ്റ്റൻ രോഹിത് ശർമ എന്നിവരാണ് ഇന്ത്യയുടെ ബാറ്റിങ് പ്രതീക്ഷകൾ. ബൗളിംഗിൽ വാഷിങ്ടൺ സുന്ദറും ചാഹലും താക്കൂറും ഉണ്ട്.
ടീം ഇന്ത്യ : രോഹിത് ശർമ (നായകൻ), ശിഖർ ധവാൻ, സുരേഷ് റെയ്‌ന, ദിനേഷ് കാർത്തിക്, മനീഷ് പാണ്ഡെ, ജയദേവ് ഉനാത്കട്ട്, യുസ്വേന്ദ്ര ചാഹാൽ, വിജയ് ശങ്കർ, ശാർദൂൽ ഠാക്കൂർ, ഋഷഭ് പന്ത്, വാഷിങ്ടൺ സുന്ദർ, ലോകേഷ് രാഹുൽ, അക്ഷർ പട്ടേൽ, ദീപക് ഹൂഡ, മുഹമ്മദ് സിറാജ്.
ടീം ബംഗ്ലാദേശ് : ഷക്കീബ് അൽ ഹസൻ (നായകൻ), മുഷ്ഫികർ റഹിം, തമീം ഇഖ്ബാൽ, മഹ്മദുള്ള, റുബൽ ഹുസൈൻ, സാബിർ റഹ്മാൻ, സൗമ്യ സർക്കാർ, നസ്മുൾ ഇസ്ലാം, ലിട്ടൻ ദാസ്, തസ്‌കിൻ അഹമ്മദ്, മുസ്താഫിസുർ റഹ്മാൻ, മെഹ്ദി ഹസൻ, ഇംറുൾ കെയ്‌സ്, ആരിഫുൾ ഹഖ്, നൂർ ഉൾ ഹസൻ, അബു ഹൈദർ റോണി, അബു ജായേദ്.