Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇംഗ്ലണ്ടിൽ ഇന്ത്യൻ പെൺപട പാക്കിസ്ഥാനെതിരെ നേടിയ വിജയം ആഘോഷമാക്കി സോഷ്യൽ മീഡിയയും ബോളിവുഡും; പുരുഷ ടീം തോറ്റതിന്റെ ക്ഷീണം മറക്കാൻ വഴി ഒരുക്കിയ കോച്ച് ബിജു ജോർജിന് ആഹ്ലാദം; ലോകകപ്പിൽ നാളെ ഇന്ത്യ നേരിടുന്നത് ശ്രീലങ്കയെ

ഇംഗ്ലണ്ടിൽ ഇന്ത്യൻ പെൺപട പാക്കിസ്ഥാനെതിരെ നേടിയ വിജയം ആഘോഷമാക്കി സോഷ്യൽ മീഡിയയും ബോളിവുഡും; പുരുഷ ടീം തോറ്റതിന്റെ ക്ഷീണം മറക്കാൻ വഴി ഒരുക്കിയ കോച്ച് ബിജു ജോർജിന് ആഹ്ലാദം; ലോകകപ്പിൽ നാളെ ഇന്ത്യ നേരിടുന്നത് ശ്രീലങ്കയെ

കെ ആർ ഷൈജുമോൻ

ലണ്ടൻ: വെറും രണ്ടേ രണ്ടാഴ്ച. ഇന്ത്യൻ ക്രിക്കറ്റിന് മേൽ പാക്കിസ്ഥാൻ നേടിയ വിജയത്തിന്റെ ആയുസ് അത്രേയേയുള്ളൂ. ഇന്ത്യ തിരിച്ചടിച്ചു, അതിശക്തമായി തന്നെ. പുരുഷന്മാർ തല കുനിച്ചിടത്തു വീര്യത്തോടെ ആഞ്ഞടിച്ചത് വനിതാ സംഘം. സർവ്വധൈര്യവും പകർന്നു പിന്നിൽ നിന്നും നയിക്കാൻ മലയാളിയായ കോച്ചു ബിജു ജോർജും.

പാക്കിസ്ഥാന് മേൽ ലഭിക്കുന്ന ഏതു വിജയവും ഇന്ത്യ ആഘോഷിക്കുമെങ്കിലും അത് സ്ത്രീകളുടെ വകയാകുമ്പോൾ മാധ്യമ ലോകത്തിനും അൽപം ആവേശക്കുറവുണ്ട്. എന്നാൽ അതിനെ മറികടക്കാൻ വർദ്ധിത വീര്യത്തോടെ സോഷ്യൽ മീഡിയ രംഗത്തുണ്ട് എന്നതാണ് ആശ്വാസം. ഞായറാഴ്ച ഇംഗ്ലണ്ടിലെ ഡെർബിയിൽ വനിതാ ലോക ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ വമ്പൻ വിജയം നേടിയ ഇന്ത്യ അടുത്ത മത്സരത്തിൽ നാളെ ശ്രീലങ്കക്കെതിരെയും വിജയം ആവർത്തിക്കാൻ ഉള്ള ഒരുക്കത്തിലാണ്.

കഴിഞ്ഞ പത്തു മത്സരങ്ങളായി പാക്കിസ്ഥാന് എതിരെ ഏകപക്ഷീയ വിജയം നേടുക ആണെങ്കിലും കനത്ത സമ്മർദ്ദത്തിലായിരുന്നു ഇന്ത്യൻ ഫീൽഡ് കോച്ചു തിരുവനന്തപുരകാരൻ ബിജു ജോർജ് അടക്കമുള്ളവർ. മത്സരത്തിൽ പാക് ടീമിനെ ചുരുട്ടിക്കൂട്ടി മത്സരം കയ്യിലൊതുക്കിയ ശേഷം മാത്രമാണ് ശ്വാസം നേരെ വീണതെന്നും അദ്ദേഹം തന്നെ സോഷ്യൽ മീഡിയ വഴി വ്യക്തമാക്കിയപ്പോൾ ഊഹിക്കാം താരങ്ങളും ടീം ഒഫിഷ്യൽസും എത്രമാത്രം സമ്മർദ്ദത്തിൽ ആയിരുന്നു എന്ന് ഊഹിക്കാം.

ഞായറാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യ തികഞ്ഞ ആധിപത്യം പുലർത്തിയാണ് വിജയം സ്വന്തമാക്കിയത്. നിശ്ചിത അമ്പതു ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 169 റൺ എടുത്ത ഇന്ത്യൻ വനിതകൾക്ക് എതിരെ വെറും 74 റൺ എടുക്കുമ്പോഴേക്കും മുഴുവൻ പാക് കളിക്കാരും ഗ്യാലറിയിൽ എത്തിയിരുന്നു. തന്ത്രങ്ങൾ മിനഞ്ഞ കോച്ചു ബിജു ജോർജിന്റെ ആസൂത്രണ മികവ് കൂടിയാണ് ഈ ത്രസിപ്പിക്കുന്ന വിജയം. ഇക്കഴിഞ്ഞ മെയ് 30 നു മാത്രമാണ് ബിജു ഇന്ത്യൻ കോച്ചു സ്ഥാനത്തു എത്തിയത് എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഏറെ കൗതുകത്തോടെ നോക്കിയ മത്സരത്തിന് ശേഷം ഒരു കോച്ചു ഏതു സമ്മർദ്ദ സാഹചര്യത്തിലും സകല പിന്തുണയുമായി കളിക്കാരുടെ കൂടെ നിൽക്കണമെന്നും അതി വൈകാരികത കാട്ടുന്നതിൽ കാര്യമില്ലെന്നുമാണ് ബിജു സോഷ്യൽ മീഡിയ വഴി ആരാധകരുമായി മത്സരത്തെ വിലയിരുത്തിയത്. ഉറക്കം നഷ്ടപ്പെട്ട രാത്രികളായിരുന്നു കൂടെ ഉണ്ടായിരുന്നത്, നന്നായി ഒന്നുറങ്ങട്ടെ എന്ന സൂചന നൽകുന്ന സന്ദേശവും അദ്ദേഹം ഫേസ്‌ബുക്കിൽ ഇട്ടിരുന്നു.

മത്സരം എത്ര കടുത്ത സമ്മർദ്ദമാണ് സമ്മാനിച്ചത് എന്ന് തെളിയിക്കുന്നതാണ് ആ വാക്കുകൾ. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ സായി യിൽ നിന്നുമാണ് ബിജു ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. ഐപിഎൽ ടെൻ കൊൽക്കത്ത നൈറ്റിന്റെ റൈഡേഴ്‌സിന്റെ ചുമതലയിൽ നിന്നുമാണ് ഇന്ത്യൻ ടീം പരിശീലകൻ ആകുന്നതു എന്നതും ശ്രദ്ധേയമാണ് ചുമതലയേറ്റ ഉടൻ തന്നെ മുന്നിൽ എത്തിയ ലോകകപ്പ് ഈ മലയാളിയിൽ ഏൽപ്പിച്ച സമ്മർദ്ദം ഊഹിക്കാവുന്നതേയുള്ളൂ.

കളിക്കാരെ നേരെ ചൊവ്വേ പരിചയപ്പെടാൻ പോലും സമയം ലഭിക്കും മുന്നെയാണ് ടീം ഇംഗ്ലണ്ടിലേക്കു വിമാനം കയറിയത്. മുൻപ് സഞ്ജു സാംസണെ പരിശീലിപ്പിച്ചു പ്രതിഭ തെളിയിച്ച ബിജുവിൽ ഇന്ത്യൻ ടീം മാനേജ്‌മെന്റിനുള്ള വിശ്വാസമാണ് ലോക കപ്പിനെ നയിക്കുന്ന ടീമിനെ പരിശീലിപ്പിക്കാൻ ഉള്ള ചുമതല ഈ മലയാളിയിൽ തന്നെ എത്താൻ കാരണമായതും.

മുൻപ് ഇന്ത്യൻ അണ്ടർ 19, കുവൈറ്റ് ടീം, കേരള രഞ്ജി ടീം എന്നിവയെ പരിശീലിപ്പിച്ചിട്ടുള്ള ബിജു ജോർജിന് ഏറെ വെല്ലുവിളികൾ ഉയർത്തുന്നതാണ് ഇന്ത്യൻ വനിതാ സംഘത്തിന്റെ പരിശീലനം. ചുമതല ഏറ്റപ്പോൾ തന്നെ മുന്നിൽ എത്തിയ ലോകകപ്പിലെ ഏതു വീഴ്ചയും വൻ പഴികൾ ക്ഷണിച്ചു വരുത്തും എന്നുറപ്പുള്ളതിനാൽ ഏറെ ശ്രദ്ധെയോടെയാണ് ഇദ്ദേഹം ടീമിനൊപ്പം നിലയുറാപ്പിക്കുന്നത്.

മത്സരം തുടങ്ങാൻ പത്തു ദിവസം മുൻപ് തന്നെ ലെസ്റ്ററിനടുത്തു ലോങ്ബറോയിൽ എത്തി പരിശീലനം നടത്തി ബ്രിട്ടീഷ് കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ നടത്തിയ ശ്രമം ശരിയായിരുന്നു എന്നാണ് മത്സരങ്ങളിൽ ഇന്ത്യൻ വനിതകൾ കാട്ടുന്ന വീര്യം തെളിയിക്കുന്നത്. നാളെ ശ്രീലങ്കയുമായുള്ള മത്സരം കഴിഞ്ഞാൽ ഈ മാസം എട്ടിന് സൗത്ത് ആഫ്രിക്ക, 12ന് ഓസ്‌ട്രേലിയ, 15ന് ന്യൂസിലാൻഡ് എന്നിവയുമായി ഇന്ത്യൻ വനിതകൾ മത്സരിക്കും. ലീഗ് മത്സരങ്ങളിൽ മികവുറ്റ പ്രകടനം ഇന്ത്യൻ ടീം കാഴ്ചവയ്ക്കും എന്ന പ്രതീക്ഷയാണ് ബിജു ജോർജ് പങ്കിടുന്നത്.

അതിനിടെ ഇന്ത്യൻ വനിതകളുടെ വിജയം രാജ്യം എത്ര ആവേശത്തോടെയാണ് കാത്തിരുന്നത് എന്ന് തെളിയിച്ചു സോഷ്യൽ മീഡിയയിൽ ബോളിവുഡ് താരങ്ങൾ ആശംസകളുമായി മത്സരിക്കുകയാണ്. സാക്ഷാൽ ബിഗ് ബി അമിതാബ് ബച്ചൻ അടക്കമുള്ളവരാണ് രാജ്യത്തിന്റെ സന്തോഷം അറിയിക്കാൻ ട്വിറ്ററിൽ എത്തിയത്. അമിതാഭിനൊപ്പം വിവേക് ഒബ്‌റോയ്, അഭിഷേക് ബച്ചൻ, സോനാക്ഷി സിൻഹ, അനുപം ഖേർ തുടങ്ങി മുൻനിര താരങ്ങളൊക്കെ ആശംസകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. കളിയിലെ താരമായി നിറഞ്ഞ ബൗളർ ഏക്താ ബിസ്തിനെ തേടിയും ആശംസകൾ പ്രവഹിക്കുകയാണ്. പുരുഷ ടീം പരാജയമായിടത്തു വനിതകൾ നേടിയ വിജയം ഓർമ്മിപ്പിക്കുന്നത് അവർക്കു കൂടുതൽ ശ്രദ്ധ നൽകാൻ രാജ്യം തയ്യാറാകണം എന്ന് കൂടിയാണ് ബോളിവുഡ് പ്രതികരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP