Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കന്നി സെഞ്ച്വറി നേടി അമ്പാട്ടി റായ്ഡു; ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം

കന്നി സെഞ്ച്വറി നേടി അമ്പാട്ടി റായ്ഡു; ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം

അഹമ്മദാബാദ്: അമ്പാട്ടി റായ്ഡുവിന്റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ജയം. ഇതോടെ അഞ്ചുമത്സരപരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി. ശ്രീലങ്ക ഉയർത്തിയ 275 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 44.3 ഓവറിൽ 4 വിക്കറ്റിന് ലക്ഷ്യം നേടി. റായ്ഡു 118 പന്തിൽ 121 റൺസ് നേടി പുറത്താകാതെ നിന്നു. റായ്ഡുവിന്റെ ആദ്യ സെഞ്ച്വറിയാണിത്. അർധസെഞ്ച്വറി നേടിയ ശിഖർ ധവാനും (79), വിരാട് കോഹ്‌ലിയും (49) വിജയയാത്രയിൽ റായ്ഡുവിന് പിന്തുണയേകി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ എട്ടുവിക്കറ്റിന് 274 റൺസെടുത്തു. 92 റൺസെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റൻ എയ്ഞ്ചലോ മാത്യൂസാണ് ലങ്കയുടെ ടോപ് സ്‌കോറർ. കുമാർ സങ്കക്കാര 61 റൺസെടുത്തു.

തകർച്ചയോടെയായിരുന്നു ലങ്കയുടെ തുടക്കം. റണ്ണെടുക്കുംമുമ്പേ ഓപ്പണർ കുശാൽ പെരേരയെ ഉമേഷ് യാദവ് എൽബിയിൽ കുരുക്കി. തുടർന്ന് സങ്കക്കാരയും ദിൽഷനും (35) ചേർന്ന് സ്‌കോർ ബോർഡ് ചലിപ്പിച്ചു. എന്നാൽ, ദിൽഷനെ അക്ഷർ പട്ടേൽ ബൗൾഡ്‌ചെയ്തു. തുടർന്നെത്തിയ ജയവർധനെയ്ക്ക് (നാല്) ഒന്നുംചെയ്യാനായില്ല. നായകൻ എയ്ഞ്ചലോ മാത്യൂസിനെ കൂട്ടുപിടിച്ച് സങ്കക്കാര അർധശതകം തികച്ചു. സങ്കക്കാര പുറത്തായശേഷം മാത്യൂസ് കടിഞ്ഞാൺ ഏറ്റെടുത്തു. കൂറ്റൻ അടികൾക്കു മുതിരാതെ സ്‌കോർ ഉയർത്തിയാണ് മാത്യൂസ് നീങ്ങിയത്. പക്ഷേ, പിന്നീടു വന്നവരാരും ക്യാപ്റ്റന് പിന്തുണ നൽകിയില്ല. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ധമിക പ്രസാദിന്റെ (30*) പ്രകടനവും മാന്യമായ സ്‌കോർ കണ്ടെത്താൻ ലങ്കയ്ക്ക് സഹായകമായി. ഇന്ത്യക്കായി ഉമേഷ് യാദവ്, ആർ അശ്വിൻ, അക്ഷർ പട്ടേൽ എന്നിവർ രണ്ടുവിക്കറ്റുവീതം വീഴ്‌ത്തി. രവീന്ദ്ര ജഡേജയ്ക്കാണ് ഒരു വിക്കറ്റ്.

മറുപടിക്കെത്തിയ ഇന്ത്യക്ക് അജിൻക്യ രഹാനെയെ (8) പെട്ടെന്ന് നഷ്ടമായി. രണ്ടാം വിക്കറ്റിൽ തന്റെ സ്ഥാനത്ത് അമ്പാട്ടി റായ്ഡുവിനെ ഇറക്കിയ നായകൻ വിരാട് കോഹ്‌ലിയുടെ തീരുമാനം പിഴച്ചില്ല. താളത്തിൽ റൺസ് ഉയർത്തിയ ധവാനും റായ്ഡുവും മോശം പന്തുകളിൽനിന്ന് റൺ കണ്ടെത്തി. 132 റൺ കൂട്ടിച്ചേർത്തശേഷമാണ് ഇരുവരും പിരിഞ്ഞത്. തുടർന്ന് ഒരു സിക്‌സർ ഉൾപ്പെടെ ആറു പന്തിൽ 14 റൺ നേടിയ സുരേഷ് റെയ്‌ന കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP