Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബൂംറയും, രോഹിതും ധോണിയും നിറഞ്ഞാടി; മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയെ ആറുവിക്കറ്റിന് കീഴടക്കി ഇന്ത്യയ്ക്ക് പരമ്പര; തോൽവി താങ്ങാൻ വയ്യാതെ ശ്രീലങ്കൻ കാണികളുടെ കുപ്പിയേറ്; മത്സരം അരമണിക്കൂർ മുടങ്ങി

ബൂംറയും, രോഹിതും ധോണിയും നിറഞ്ഞാടി; മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയെ ആറുവിക്കറ്റിന് കീഴടക്കി ഇന്ത്യയ്ക്ക് പരമ്പര; തോൽവി താങ്ങാൻ വയ്യാതെ ശ്രീലങ്കൻ കാണികളുടെ കുപ്പിയേറ്; മത്സരം അരമണിക്കൂർ മുടങ്ങി

മറുനാടൻ ഡസ്‌ക്

കാൻഡി: ശ്രീലങ്കൻ കാണികളുടെ കുപ്പിയേറിനും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തളർത്താനായില്ല. മൂന്നാം ഏകദിനത്തിൽ ജസ്പ്രീത് ബൂംറയും, രോഹിത് ശർമയും, ധോണിയും തകർത്തതോടെ, ശ്രീലങ്കയെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ പരമ്പര കൈയടക്കി.അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളിലും ഇന്ത്യ ജയിച്ചിരുന്നു.

ഇന്ത്യക്കു ജയിക്കാൻ എട്ടു റൺസ് മാത്രം വേണ്ടപ്പോൾ കാണികളുടെ ഇടപെടലിനെ തുടർന്ന് മൽസരം അരമണിക്കൂറോളം തടസ്സപ്പെട്ടു. പിന്നീട് പ്രശ്‌നക്കാരായ കാണികളെ സ്റ്റേഡിയത്തിൽനിന്നും ഒഴിപ്പിച്ച ശേഷമാണ് മൽസരം പുനരാരംഭിച്ചത്.

ജയിക്കാൻ അമ്പതോവറിൽ 218 റൺസ് മാത്രം വേണ്ടിയിരുന്ന ഇന്ത്യ ഒരുവേള നാല് വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് എന്ന ദയനീയമായ നിലയിലായിരുന്നു. ഇവിടെ വച്ച് കൂട്ടുചേർന്ന ഓപ്പണർ രോഹിത് ശർമയും മുൻ നായകൻ ധോനിയും പിന്നെ ക്രീസിൽ അക്ഷരാർഥത്തിൽ ബാറ്റ് കൊണ്ട് അത്ഭുതം രചിക്കുകയായിരുന്നു.ധവാൻ അഞ്ചും കോലി മൂന്നും രാഹുൽ പതിനേഴും റൺസെടുത്തും ജാദവ് റണ്ണൊന്നുമെടുക്കാതെയും മടങ്ങിയ മത്സരത്തിൽ തന്റെ പന്ത്രണ്ടാം സെഞ്ചുറി കൊണ്ടാണ് രോഹിത് വിജയതീരത്തെത്തിച്ചത്. ധോനി രോഹിതിന് ഉജ്വല പിന്തുണയാണ് നൽകിയത്.

രോഹിത് ശർമ 145 പന്തിൽ നിന്ന് 124 റൺസെടുത്തും ധോനി 86 പന്തിൽ നിന്ന് 67 റൺസെടുത്തും പുറത്താകാതെ നിന്നു. രോഹിത് ശർമയുടെ പന്ത്രണ്ടാം ഏകദിന സെഞ്ചുറിയാണിത്. ആറ് സിക്‌സും പതിനാറ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഉജ്വലമായ ഇന്നിങ്‌സ്. ഒരു സിക്‌സും നാല് ബൗണ്ടറിയും അടക്കമാണ ധോനി 67 റൺസെടുത്തത്. രണ്ടാം ഏകദിനത്തിലും ഉജ്വലമായ രക്ഷാവേഷമാണ് ധോനി അണിഞ്ഞത്. അന്ന് വാലറ്റാക്കാരൻ ഭുവനേശ്വർ കുമാറായിരുന്നു കൂട്ട്.

ധോനിയുടെ വകയായിരുന്നു ഇന്ത്യയുടെ വിന്നിങ് ഷോട്ട്. കളി തീരാൻ അഞ്ച് ഓവർ ബാക്കിയുള്ളപ്പോഴായിരുന്നു ഇന്ത്യയുടെ ജയം.നേരത്തെ ജസ്പ്രീത് ബൂംറ വീണ്ടും കൊടുങ്കാറ്റായപ്പോൾ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് അമ്പത് ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് മാത്രമാണ് നേടാനായത്.പത്തോവറിൽ 27 റൺസിന് അഞ്ച് വിക്കറ്റാണ് ജസ്പ്രീത് ബൂംറ വീഴ്‌ത്തിയത്. തിരിമാനെ ഒഴികെയുള്ള ലങ്കൻ ബാറ്റ്സ്മാന്മാർക്കാർക്കും ബൂംറയുടെ ആക്രമണത്തെ ചെറുക്കാനായില്ല. ചാണ്ഡിമൽ 36 ഉം സിരിവർധന 29 ഉം റൺസെടുത്തു. ഡിക്ക്വെല്ല (13), മെൻഡിസ് (1), മാത്യൂസ് (11), ക്യാപ്റ്റൻ കപുഗേദെര (14) എന്നിവരെല്ലാം നിസാര സ്‌കോറിനാണ് പുറത്തായത്.
ഇന്ത്യയ്ക്കുവേണ്ടി പാണ്ഡ്യ, അക്സർ പട്ടേൽ, കേദാർ ജാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP