ജഡേജയും അശ്വിനും ബംഗ്ലാ കടുവകളെ കറക്കിവീഴ്ത്തി; മികച്ച പോരാട്ടവീര്യം പുറത്തെടുത്തിട്ടും ബംഗ്ലാദേശ് തോറ്റത് 208 റൺസിന്; കോലിയുടെ നേതൃത്വത്തിൽ അജയ്യരായി 19ാം ടെസ്റ്റു പിന്നിട്ട് ഇന്ത്യ
February 13, 2017 | 03:23 PM | Permalink

സ്വന്തം ലേഖകൻ
ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിൽ ഇന്ത്യയ്ക്ക് 208 റൺസിന്റെ വിജയം. അവസാന ദിനം രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശ് 250 റൺസിന് പുറത്തായി. രവീന്ദ്ര ജഡേജയുടെയും ആർ.അശ്വിന്റെയും സ്പിൻ മികവിലാണ് ഇന്ത്യയുടെ ജയം. ഇരുവരും നാലു വിക്കറ്റുവീതം വീഴ്ത്തി.
103/3 എന്ന നിലയിൽ അവസാന ദിനം തുടങ്ങിയ ബംഗ്ലാദേശ് പരാജയം ഒഴിവാക്കാൻ മികച്ച പോരാട്ടവീര്യം പുറത്തെടുത്തെങ്കിലും പ്രയോജനമുണ്ടായില്ല. ആദ്യ ഇന്നിങ്സിലെ സെഞ്ചുറി വീരനും നായകനുമായ മുഷ്ഫിഖുർ റഹീമാണ് അഞ്ചാം ദിനം ആദ്യം പുറത്തായത്. 23 റൺസ് നേടിയ റഹീമിനെ അശ്വിൻ മടക്കി. പിന്നാലെ സാബിർ റഹ്മാൻ (22), മെഹ്തി ഹസൻ മിറാസ് (23) എന്നിവരും പൊരുതി.
എന്നാൽ അർധ സെഞ്ചുറി നേടിയ മഹമ്മദുള്ള വീണതോടെ ബംഗ്ലാദേശ് പരാജയം സമ്മതിക്കുകയായിരുന്നു. 64 റൺസ് നേടിയ മഹമ്മദുള്ളയാണ് സന്ദർശകരുടെ രണ്ടാം ഇന്നിങ്സിലെ ടോപ്പ് സ്കോറർ.
ഇരട്ട സെഞ്ചുറിയിലൂടെ ഇന്ത്യയ്ക്ക് കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോർ സമ്മാനിച്ച നായകൻ വിരാട് കോലിയാണ് മാൻ ഓഫ് ദ മാച്ച്. വിരാട് കോലിയുടെ നായകത്വത്തിൽ തോൽവി അറിയാത്ത 19ാം ടെസ്റ്റ് മത്സരവും ഇന്ത്യ പൂർത്തിയാക്കിരിക്കുകയാണ്. അവസാനം കളിച്ച 21 ടെസ്റ്റുകളിൽ 15ലും ഇന്ത്യ ജയിക്കുകയും ചെയ്തു.
സ്കോർ: ഇന്ത്യ ഒന്നാം ഇന്നിങ്സ് 687/6 ഡിക്ലയേർഡ്, രണ്ടാം ഇന്നിങ്സ് 159/4. ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സ് 388, രണ്ടാം ഇന്നിങ്സ് 250.