Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വന്മതിലിന്റെ കരുത്തിൽ ശിഷ്യരുടെ കപ്പുയർത്തൽ; സ്വന്തം കരിയറിൽ ലോകകപ്പുയർത്താൻ ഭാഗ്യമില്ലാതിരുന്ന ദ്രാവിഡിന് കുട്ടിപ്പട്ടാളത്തിന്റെ ഗുരുദക്ഷിണയായി ലോകകിരീടം; ഇന്ത്യയുടെ ഭാവിതാരങ്ങളെ ഭദ്രമാക്കി ഇന്ത്യയുടെ മുൻ ക്ളാസിക് ബാറ്റ്സ്മാൻ

വന്മതിലിന്റെ കരുത്തിൽ ശിഷ്യരുടെ കപ്പുയർത്തൽ; സ്വന്തം കരിയറിൽ ലോകകപ്പുയർത്താൻ ഭാഗ്യമില്ലാതിരുന്ന ദ്രാവിഡിന് കുട്ടിപ്പട്ടാളത്തിന്റെ ഗുരുദക്ഷിണയായി ലോകകിരീടം; ഇന്ത്യയുടെ ഭാവിതാരങ്ങളെ ഭദ്രമാക്കി ഇന്ത്യയുടെ മുൻ ക്ളാസിക് ബാറ്റ്സ്മാൻ

മൗണ്ട് മൗഗ്‌നുയി: അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിലേക്ക് പുത്തൻ റെക്കോഡ് എഴുതിച്ചേർത്താണ് പൃഥ്വി ഷായും സംഘവും ന്യൂസിലൻഡിൽ കിരീടം സ്വന്തമാക്കിയത്. ഈ വിജയത്തിന് ഇന്ത്യൻ ക്രിക്കറ്റിന്റെ കൗമാരം കടപ്പെട്ടിരിക്കുന്നതാകട്ടെ ഇന്ത്യയുടെ വന്മതിൽ എന്ന് വിളിപ്പേരുള്ള രാഹുൽ ദ്രാവിഡെന്ന ഗംഭീര പരിശീലകനോടാണ്.

വിജയത്തിനുശേഷം ക്യാപ്റ്റൻ ഷാ വികാരഭരിതനായി പറഞ്ഞതും മറ്റൊന്നായിരുന്നില്ല, 'രാഹുൽ സർ തന്നെ ഇതിഹാസമാണ്. ഈ നേട്ടത്തിന് മറ്റാരെക്കാളും സാറാണ് കാരണക്കാരൻ. ഞങ്ങൾ അദ്ദേഹത്തെ വിളിക്കുന്നത് വന്മതിലെന്നാണ്.'ഇന്ത്യൻ ക്രിക്കറ്റിന്റെ യുവത്വത്തിന്റെ മുഴുവൻ അഭിപ്രായമാണ് ഷാ കിരീടമേറ്റുവാങ്ങുന്നതിന് മുമ്പ് ലോകത്തിനോട് പറഞ്ഞത്. കളത്തിലും പുറത്തും ഈ കുട്ടികൾക്ക് ദ്രാവിഡ് പ്രചോദനത്തിന്റെ ആൾരൂപമായി നിന്നു. ആദ്യ കളിയിൽ ഓസ്‌ട്രേലിയയെ 100 റണ്ണിന് തകർത്ത ഇന്ത്യക്ക് പിന്നീട് ടൂർണമെന്റിൽ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. അഞ്ചിൽ അഞ്ച് ജയം. ഒടുവിൽ കലാശക്കളിയിൽ വീണ്ടും ഓസ്‌ട്രേലിയ.

ആദ്യ കളിക്കുശേഷം ഓസീസ് നടത്തിയ തിരിച്ചുവരവ് അത്രയുമുണ്ടായിരുന്നു. എന്നാൽ ദ്രാവിഡിന്റെ കുട്ടികൾ കുലുങ്ങിയില്ല. ചരിത്രത്തെ പിറകിൽ കുടഞ്ഞിട്ട് കലാശപ്പോരിനിറങ്ങി. ചരിത്രത്തിൽ പേരെഴുതിയിട്ട് തിരിച്ചുകയറി. കഴിഞ്ഞ പതിനാലുമാസമായി ഈയൊരു സ്വപ്നത്തിലേക്കാണ് ദ്രാവിഡ് കുട്ടികളെ നയിച്ചത്.എന്നാൽ എല്ലാ ബഹുമതിയും കുട്ടികൾക്ക് നൽകി ദ്രാവിഡ്. ടീമിന്റെ ഒന്നായുള്ള പരിശ്രമത്തിന് മുഴുവന്മാർക്കും നൽകി. ഒപ്പം പരിശീലകസംഘത്തിനും. ഇനിയുള്ള കളിജീവിതത്തിലെ വലിയ സ്വപ്നങ്ങളിലേക്കുള്ള ചുവടുവയ്പ് മാത്രമായിരിക്കും ഈ ജയമെന്നാണ് ദ്രാവിഡിന്റെ പക്ഷം. ഈ കൗമാരകിരീടത്തിനും അപ്പുറം ഈ കുട്ടികൾ കടന്നുചെല്ലുമെന്നും ദ്രാവിഡ് പറഞ്ഞു.

എന്നാൽ അണ്ടർ 19 ലോകകപ്പിൽ തന്റെ കുട്ടികളുടെ കിരീട നേട്ടത്തിൽ അമിതാഹ്ലാദം പ്രകടിപ്പിക്കാത്ത രാഹുൽ നേട്ടത്തിന്റെ ക്രെഡിറ്റ് തനിക്കുമാത്രമല്ലെന്നാണ് പറയുന്നത്. കുട്ടികൾക്കാണ് ഈ ക്രെഡിറ്റ് നമ്മൾ നൽകേണ്ടതെന്നും അവരുടെ കഠിനാധ്വാനത്തിനാണ് ഫലം ഉണ്ടായിരിക്കുന്നതെന്നും മുൻ ഇന്ത്യൻ നായകൻ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'ഞാൻ ആഹ്ലാദവാനാണ് ടൂർണമെന്റിൽ നിന്ന് അവർക്ക് ലഭിച്ച അനുഭവം ഭാവിയിൽ മുതൽക്കൂട്ടാകും' ദ്രാവിഡ് പറയുന്നു.

വിജയം ലോകകപ്പ് സംഘത്തിനു മുഴുവൻ അവകാശപ്പെട്ടതാണെന്നും രാഹുൽ പറഞ്ഞു. 'ഇത് എല്ലാ സപ്പോർട്ടിങ് ജീവനക്കാരുടെ കൂടി കഠിനാധ്വാന ഫലമാണ്, അതുപോലെ സെലക്ഷൻ കമ്മിറ്റിയുടെയും ബി.സി.ഐയുടെയും. കോച്ചിന് മാത്രമല്ല ഇതിന്റെ ക്രെഡിറ്റ്, എല്ലാവർക്കും കൂടിയാണ്.

ന്യൂസിലന്റിൽ പുതുചരിത്ര മെഴുതിയ ഇന്ത്യൻ ടീം ഓസ്ട്രേലിയയ്ക്കെതിരേ നടന്ന അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ അക്ഷരാർഥത്തിൽ മേധാവിത്വം പുലർത്തി. സ്വന്തം കരിയറിൽ ഒരു ലോകകപ്പ് ഉയർത്താൻ ഭാഗ്യമുണ്ടാകാതിരുന്ന രാഹുൽ ദ്രാവിഡിന് കോച്ചിങ് കരിയറിലെ ഏറ്റവും മികച്ച നേട്ടം ദക്ഷിണയായി നൽകിയായിരുന്നു ശിഷ്യന്മാർ കിരീടമുയർത്തിയത്.

നാലിന് 183 റണ്ണെന്ന ശക്തമായ നിലയിൽനിന്ന ഓസീസിനെ 216 റണ്ണിന് പിടിച്ചു കെട്ടിയത് ഇന്ത്യൻ ബൗളിങ്ങിന്റെ മികവാണ്. ടോസ് നേടിയ ഓസീസ് നായകൻ സാങ പിച്ചിനെ അനുകൂലമായ സാഹചര്യം കണക്കിലെടുത്താണ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ ഇന്ത്യൻ ബൗളർമാരുടെ മിന്നും ്പ്രകടനത്തിൽ ഓസിസ് ബാറ്റ്‌സ്മാന്മാർക്ക് അടിപതറി.

മാർക് ബ്രയാനെ (14) അഭിഷേക് ശർമയുടെ കൈയിലെത്തിച്ച് പോറലാണു വിക്കറ്റ് വേട്ട തുടങ്ങിയത്. സഹഓപ്പണർ ജോഡ് എഡ്വേഡ്സും (28) പോറലിന്റെ ഇരയായി. നായകൻ സാങയെ (13) നാഗർകോടി വിക്കറ്റ് കീപ്പർ ഹാർദിക് ദേശായിയുടെ കൈയിലെത്തിച്ചു. തുടർന്ന് ജോനാഥൻ മെർലോയും (102 പന്തിൽ 76) പരം ഉപ്പലും (34) മാക് സ്വീനി (23) എന്നിവരുടെ പോരാട്ടം സ്‌കോർ മുന്നോട്ടു നീക്കി. മെർലോയാണ് ഒസീസിന്റെ ടോപ് സ്‌കോറർ. അനുകൂൽ റോയിയുടെ പന്തിൽ ശിവസിങിന്റെ ക്യാച്ചിലാണ് മെർലോ പുറത്തായത്.

ഇന്ത്യക്കു വേണ്ടി പോറൽ, ശിവ സിങ്, നാഗർകോടി, റോയ് എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്തു. ശിവം മാവ്രി ഒരു വിക്കറ്റ് നേടി. തുടർച്ചയായി ഏഴു മത്സരങ്ങൾ ജയിച്ചാണു ദ്രാവിഡിന്റെ ശിഷ്യന്മാർ ലോകകപ്പിൽ മുത്തമിട്ടത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ തങ്ങളെ തോൽപ്പിച്ച ഇന്ത്യക്കെതിരേ ഓസീസ് പ്രതികാര ബുദ്ധിയോടെ കളിക്കുമെന്നും കരുതിയിരിക്കണമെന്നുമുള്ള ദ്രാവിഡിന്റെ ഉപദേശം കളിക്കാരുടെ ശരീര ഭാഷയിൽ പ്രകടമായി. അനാവശ്യമായ പ്രകടനങ്ങൾ അവരിൽനിന്നുണ്ടായില്ല.

ഫൈനലിലെ എട്ടു വിക്കറ്റ് ജയം ഇന്ത്യയുടെ ടൂർണമെന്റിലെ ഏറ്റവും കുറഞ്ഞ വിജയ മാർജിനാണെന്നതു കൗതുകകരമാണ്. ഫൈനലിൽ ഒഴികെ രണ്ടാമത് ബാറ്റ് ചെയ്തപ്പോഴെല്ലാം ഇന്ത്യ 10 വിക്കറ്റിനാണു ജയിച്ചത്്. ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത മത്സരങ്ങളിൽ റൺ മഴയുമുണ്ടായി.
ഉപനായകൻ ശുഭ്മൻ ഗിൽ തന്നെയാണു പരമ്പരയിലെ താരം. ആറ് കളികളിലായി 124 ശരാശരിയിൽ 372 റണ്ണാണു ഗിൽ നേടിയത്. ഒരു സെഞ്ചുറിയും മൂന്ന് അർധ സെഞ്ചുറിയും പഞ്ചാബി താരത്തിന്റെ പേരിലുണ്ട്. നായകൻ പൃഥി ഷാ ആറ് മത്സരങ്ങളിൽനിന്ന് രണ്ട് അർധ സെഞ്ചുറികൾ ഉൾപ്പെടെ 261 റണ്ണെടുത്തു.

മൻജോത് കാർല ആറ് മത്സരങ്ങളിൽനിന്ന് ഒരു സെഞ്ചുറിയടക്കം 252 റണ്ണെടുത്തു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഹാർദിക് ദേശായിയും മികച്ചുനിന്നു. നാലു കളികളിൽനിന്ന് 157 റണ്ണാണു യുവ താരത്തിന്റെ നേട്ടം. മുൻനിരയുടെ പ്രകടനം ഉജ്വലമായതിനാൽ മധ്യനിര ബാറ്റ്സ്മാന്മാർക്കു 'പണി'യുണ്ടായിരുന്നില്ല. ബംഗ്ലാദേശിനെതിരേ നടന്ന ക്വാർട്ടറിൽ 33 ഓവറിൽ രണ്ടിന് 174 റണ്ണെന്ന നിലയിൽനിന്ന് 265 റണ്ണിന് ഓൾഔട്ടായത് ഒരു അപവാദം. ആറ് മത്സരങ്ങളിൽ 14 വിക്കറ്റെടുത്ത അനുകൂൽ റോയ് വിദേശത്ത് ഒരു സ്പിന്നറുടെ സാധ്യതകളാണു തുറന്നിട്ടത്. രാജസ്ഥാൻകാരനായ പേസർ കമലേഷ് നാഗർകോട്ടി, ശിവം മവി, എന്നിവരും മികച്ചുനിന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP