Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തകർത്തടിച്ച ധോണി അവസാന നിമിഷം ജയിപ്പിക്കുമെന്ന മോഹം രക്ഷിച്ചില്ല; ആവേശം കൊടുമുടി കയറിയ മത്സരത്തിൽ ചെന്നൈയെ വീഴ്‌ത്തി കിങ്‌സ് ഇലവൻ; സഞ്ജുവിന്റെ വെടിക്കെട്ടിൽ കോലിയുടെ ബംഗളൂരുവിനെ ഞെട്ടിച്ച് രാജസ്ഥാനും

തകർത്തടിച്ച ധോണി അവസാന നിമിഷം ജയിപ്പിക്കുമെന്ന മോഹം രക്ഷിച്ചില്ല; ആവേശം കൊടുമുടി കയറിയ മത്സരത്തിൽ ചെന്നൈയെ വീഴ്‌ത്തി കിങ്‌സ് ഇലവൻ; സഞ്ജുവിന്റെ വെടിക്കെട്ടിൽ കോലിയുടെ ബംഗളൂരുവിനെ ഞെട്ടിച്ച് രാജസ്ഥാനും

ചണ്ഡിഗഡ്: ഐപിഎൽ വിഷുദിനത്തിൽ സാക്ഷ്യം വഹിച്ചത് ആവേശം നിറഞ്ഞ രണ്ടു മത്സരങ്ങൾക്ക്. ആദ്യ മത്സരത്തിൽ മലയാളി താരം സഞ്ജു വി സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ കോഹ്ലി നയിക്കുന്ന ബംഗളൂരുവിനെതിരെ രാജസ്ഥാൻ വിജയം കൊയ്തപ്പോൾ രണ്ടാം മത്സരത്തിൽ കിങ്‌സ് ഇലവനെതിരെ ധോണിയിലൂടെ ജയിക്കുമെന്ന് ഉറപ്പിച്ച മത്സരം കൈവിടുകയായിരുന്നു ചെന്നൈ.

അവസാന പന്തുവരെ ആവേശം നിറഞ്ഞ മൽസരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് നാലു റൺസിനാണ് ജയിച്ചത്. കിങ്‌സ് ഇലവൻ പഞ്ചാബ് ഉയർത്തിയത് 198 റൺസ് വിജയലക്ഷ്യം. ചെന്നൈ സൂപ്പർ കിങ്‌സിന്റെ പോരാട്ടം 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 193 റൺസിൽ അവസാനിച്ചു. അവസാന പന്തുവരെ ചെന്നൈ ക്യാപ്റ്റൻ ധോണി ഉറച്ചുനിന്നു. 44 പന്തിൽ ആറു ബൗണ്ടറിയും അഞ്ചു സിക്‌സും ഉൾപ്പെടെ 79 റൺസുമായി പുറത്താകാതെ നിന്നു. അവസാന നിമിഷം എങ്ങനെയും ടീമിനെ വിജയത്തിലേക്ക് എത്തിക്കുന്ന ധോണി സ്‌റ്റൈൽ ഇന്നലെ പരാജയപ്പെട്ടു. മോഹിത് ശർമ എറിഞ്ഞ അവസാന ഓവറിൽ ചെന്നൈയ്ക്ക് വിജയത്തിലേക്ക് 17 റൺസ് വേണ്ടിയിരുന്നെങ്കിലും അവസാന പന്തിൽ ധോണി നേടിയ സിക്‌സ് ഉൾപ്പെടെ 12 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

ബ്രാവോയും ധോണിയും ക്രീസിൽ നിൽക്കുന്നതിന്റെ സമ്മർദ്ദമേതുമില്ലാതെ അവസാന ഓവർ എറിഞ്ഞ മോഹിത് ശർമയാണ് ചെന്നൈയുടെ കയ്യകലത്തെത്തിയ വിജയം പഞ്ചാബിന് പിടിച്ചുവാങ്ങി നൽകിയത്. ഈ ഓവറിൽ ജയിക്കാൻ 17 റൺസ് വേണ്ടയിരുന്നെങ്കിലും ധോണിക്കും ചെന്നൈയ്ക്കും 12 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ സീസണിലെ രണ്ടാം ജയം കുറിച്ച് അശ്വിനും സംഘവും തിരിച്ചുകയറി. പഞ്ചാബിനായി ടൈ രണ്ടും മോഹിത് ശർമ, അശ്വിൻ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

നേരത്തെ, ക്രിസ് ഗെയ്‌ലിന്റെ ബാറ്റിങ് വെടിക്കെട്ടിന്റെ കരുത്തിൽ കൂറ്റൻ സ്‌കോറിലേക്കു കുതിച്ച കിങ്‌സ് ഇലവൻ പഞ്ചാബിനെ അവസാന ഓവറുകളിൽ ചെന്നൈ പിടിച്ചുകെട്ടുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 197 റൺസെടുത്തു. സീസണിൽ ആദ്യമായി കളിക്കാനിറങ്ങിയ ക്രിസ് ഗെയിൽ 33 പന്തിൽ ഏഴു ബൗണ്ടറിയും നാലു സിക്‌സും ഉൾപ്പെടെ 63 റൺസെടുത്തു.

ഈ സീസണിൽ ചെന്നൈയുടെ ആദ്യ തോൽവിയാണിത്. പഞ്ചാബിന്റെ രണ്ടാം ജയവും. പഞ്ചാബ് ഉയർത്തിയ 198 റൺസ് വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ചെന്നൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്‌കോർ ബോർഡിൽ 17 റൺസുള്ളപ്പോൾ ഷെയ്ൻ വാട്‌സൻ പുറത്ത്. ഒൻപതു പന്തിൽ രണ്ടു ബൗണ്ടറികളോടെ 11 റൺസെടുത്ത വാട്‌സിനെ മോഹിത് ശർമ പുറത്താക്കി. പിന്നാലെ സീസണിലാദ്യമായി അവസരം ലഭിച്ച മുരളി വിജയും മടങ്ങി. 10 പന്തിൽ ഒരു സിക്‌സുൾപ്പെടെ 12 റൺസെടുത്ത വിജയിനെ ആൻഡ്രൂ ടൈയാണ് പുറത്താക്കിയത്.

കഴിഞ്ഞ മൽസരത്തിലെ കേമൻ സാം ബില്ലിങ്‌സ കാര്യമായി റണ്ണൊന്നുമെടുക്കാതെ മടങ്ങി. ചെന്നൈ സ്‌കോർ 6.4 ഓവറിൽ മൂന്നു വിക്കറ്റിന് 56 റൺസ്. എന്നാൽ, നാലാം വിക്കറ്റിൽ ഒരുമിച്ച അമ്പാട്ടി റായിഡുധോണി സഖ്യം ചെന്നൈയെ മൽസരത്തിലേക്കു തിരിച്ചുകൊണ്ടു വന്നു. അതിവേഗം റണ്ണുകളൊഴുക്കി ഇരുവരും നാലാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടും തീർത്തു. 57 റൺസായിരുന്നു ഇരുവരുടെയും സമ്പാദ്യം.

സ്‌കോർ 113ൽ നിൽക്കെ റായിഡു റണ്ണൗട്ടായത്് മൽസരത്തിൽ നിർണായകമായി. 35 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും ഉൾപ്പെടെ 49 റൺസെടുത്ത റായിഡുവിനെ അശ്വിൻ പുറത്താക്കി. രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് ധോണി വീണ്ടും പൊരുതി. അഞ്ചാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 50 റൺസ്. 13 പന്തിൽ ഒന്നുവീതം ബൗണ്ടറിയും സിക്‌സും പായിച്ച ജഡേജ 19ാം ഓവറിൽ പുറത്തായെങ്കിലും ചെന്നൈ പ്രതീക്ഷയിലായിരുന്നു. ക്രീസിലെത്തുന്നത് ബ്രാവോയാണല്ലോ.

ഒന്നാം വിക്കറ്റിൽ ഗെയിൽ-രാഹുൽ സഖ്യം 97 റൺസ് ചേർത്തതോടെ ഒരു ഘട്ടത്തിൽ പഞ്ചാബ് 250 കടക്കുമെന്ന് തോന്നിച്ചെങ്കിലും, അവസാന ഓവറുകളിലെ നിയന്ത്രിത ബോളിങ്ങിലൂടെ ചെന്നൈ അവരെ 200നു താഴെ ഒതുക്കുകയായിരുന്നു. വെറും 48 പന്തുകളിലാണ് രാഹുൽഗെയിൽ സഖ്യം 96 റൺസെടുത്തത്. സ്‌കോർ 96ൽ നിൽക്കെ രാഹുൽ പുറത്തായെങ്കിലും 8.4 ഓവറിൽ പഞ്ചാബ് 100 കടന്നു. 22 പന്തിൽ ഏഴു ബൗണ്ടറികളോടെ 37 റൺസ് നേടിയ ശേഷമായിരുന്നു രാഹുലിന്റെ മടക്കം.

രണ്ടാം വിക്കറ്റിൽ മായങ്ക് അഗർവാളിനൊപ്പം 31 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ ക്രിസ് ഗെയിൽ പുറത്തായതാണ് പഞ്ചാബിന്റെ സ്‌കോർ നിരക്കു കുറച്ചത്. 33 പന്തിൽ ഏഴു ബൗണ്ടറിയും നാലു സിക്‌സും ഉൾപ്പെടെ 63 റൺസെടുത്ത ഗെയിലിനെ ഷെയിൻ വാട്‌സനാണ് പുറത്താക്കിയത്.

പിന്നീട് വന്നവർക്കാർക്കും സ്‌കോർ നിരക്ക് ഉയർത്താനായില്ല. അഗർവാൾ 19 പന്തിൽ രണ്ടു സിക്‌സും ഒരു ബൗണ്ടറിയും ഉൾപ്പെടെ 20 റൺസെടുത്തു മടങ്ങി. കരുൺ നായർ 17 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 29 റൺസെടുത്തു. യുവരാജ് സിങ് (13 പന്തിൽ 20), അശ്വിൻ (11 പന്തിൽ 14), ആരോൺ ഫിഞ്ച് (0), ആൻഡ്രൂ ടൈ (നാലു പന്തിൽ പുറത്താകാതെ മൂന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ചെന്നൈയ്ക്കായി ഇമ്രാൻ താഹിർ, ഷാർദുൽ താക്കൂർ എന്നിവർ രണ്ടും ഹർഭജൻ സിങ്, ഷെയ്ൻ വാട്‌സൻ, ബ്രാവോ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

വെടിക്കെട്ട് ബാറ്റിംഗുമായി സഞ്ജു

മറ്റൊരു മത്സരത്തിൽ വിഷുദിന സ്‌പെഷൽ ഇന്നിങ്‌സുമായി മിന്നിത്തിളങ്ങിയ മലയാളി താരം സഞ്ജു സാംസന്റെ മികവിൽ ഐപിഎല്ലിൽ രാജസ്ഥാൻ തുടർച്ചയായ രണ്ടാം ജയം നേടുകയായിരുന്നു. റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് രാജസ്ഥാൻ തോൽപ്പിച്ചത്. 19 റൺസിനായിരുന്നു രാജസ്ഥാന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ സഞ്ജുവിന്റെ ഉജ്വല അർധസെഞ്ചുറിയുടെ മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തപ്പോൾ, കോഹ്‌ലിയുടെയും സംഘത്തിന്റെയും പോരാട്ടം 20 ഓവറിൽ ആറു വിക്കറ്റിന് 198 റൺസിൽ അവസാനിച്ചു.

45 പന്തിൽനിന്നും 10 പടുകൂറ്റൻ സിക്‌സും രണ്ടു ബൗണ്ടറിയും ഉൾപ്പെടെ 92 റൺസെടുത്തു പുറത്താകാതെനിന്ന സഞ്ജു, തുടർച്ചയായ രണ്ടാം മൽസരത്തിലും കളിയിലെ കേമൻപട്ടം സ്വന്തമാക്കി. ഇതോടെ ടൂർണമെന്റിലെ ടോപ് സ്‌കോറർമാരുടെ പട്ടികയിലും സഞ്ജു ഒന്നാമനായി.

നാല് ഓവറിൽ വെറും 22 റൺസ് മാത്രം വഴങ്ങി ക്യാപ്റ്റൻ വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്‌സ് എന്നിവരുടെ വിക്കറ്റ് വീഴ്‌ത്തിയ യുവതാരം ശ്രേയസ് ഗോപാലിന്റെ ബോളിങ്ങും രാജസ്ഥാന് ജയം സമ്മാനിക്കുന്നതിൽ നിർണായകമായി. ബാംഗ്ലൂരിനായി കോഹ്‌ലി അർധസെഞ്ചുറി നേടി തിരിച്ചടിച്ചെങ്കിലും രാജസ്ഥാൻ സ്‌കോർ മറികടക്കാനായില്ല. കോഹ്‌ലി 30 പന്തിൽ ഏഴു ബൗണ്ടറിയും രണ്ടു സിക്‌സും ഉൾപ്പെടെ 57 റൺസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP