Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐപിഎൽ വാതുവയ്പിൽ മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും പങ്ക്; ശ്രീനിവാസനു വിമർശനം; ബിസിസിഐയും സിഎസ്‌കെയും കൂടി വേണ്ടെന്നു ശ്രീനിവാസനോടു സുപ്രീം കോടതി

ഐപിഎൽ വാതുവയ്പിൽ മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും പങ്ക്; ശ്രീനിവാസനു വിമർശനം; ബിസിസിഐയും സിഎസ്‌കെയും കൂടി വേണ്ടെന്നു ശ്രീനിവാസനോടു സുപ്രീം കോടതി

ന്യൂഡൽഹി: ഐപിഎൽ വാതുവെപ്പ് കേസിൽ എൻ ശ്രീനിവാസന്റെ മരുമകൻ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാൻ റോയൽസ് ഉടമ രാജ് കുന്ദ്രയ്ക്കും പങ്കുണ്ടെന്നു സുപ്രീം കോടതി. ചെന്നൈ ടീം ഉടമയയായ എൻ ശ്രീനിവാസനെതിരെ പ്രത്യക്ഷത്തിൽ തെളിവില്ലെങ്കിലും വാതുവയ്പിൽ പങ്കെടുത്തു എന്ന സാധ്യതകൾ തള്ളിക്കളയാനാകില്ലെന്നു കോടതി നിരീക്ഷിച്ചു.

പൊതുസ്ഥാപനമായ ബിസിസിഐയിൽ നടക്കുന്ന കൊള്ളരുതായ്മയെയും കോടതി നിശിതമായി വിമർശിച്ചു. വാതുവയ്പിൽ പങ്കാളിത്തമുണ്ടെന്ന് വ്യക്തമായതോടെ ചെന്നൈ സൂപ്പർ കിങ്‌സ്, രാജസ്ഥാൻ റോയൽസ് ടീമുകളുടെ ഭാവി തുലാസിലായി.

ശ്രീനിവാസന് കച്ചവടതാൽപര്യമുണ്ടെന്നു കോടതി നിരീക്ഷിച്ചു. വാണിജ്യതാൽപര്യമുള്ള ശ്രീനിവാസൻ ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കരുത്. ക്രിക്കറ്റിൽ വാണിജ്യതാൽപര്യമുള്ളവർ ആരും ബിസിസിഐ ഭാരവാഹികളായി മത്സരിക്കരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. സംശുദ്ധമായ ക്രിക്കറ്റ് ഭരണമാണ് വേണ്ടതെന്ന തരത്തിലാണ് കോടതി നിരീക്ഷണം.

ആറാഴ്ചയ്ക്കുള്ളിൽ തെരഞ്ഞെടുപ്പു നടത്തണമെന്നും കോടതി ഉത്തരവിട്ടു. ഒന്നുകിൽ ബിസിസിഐ അധ്യക്ഷ പദവി അല്ലെങ്കിൽ ചെന്നെ സൂപ്പർ കിങ്‌സ് മതി ശ്രീനിവാസന് എന്നാണ് കോടതി പറഞ്ഞത്. ബിസിസിഐ ഭാരവാഹികൾക്ക് ഐപിഎൽ ഉടമകൾ ആകാമെന്നുള്ള നിയമഭേദഗതി റദ്ദാക്കി. 2008 ൽ ശ്രീനിവാസൻ കൊണ്ടുവന്ന നിയമഭേദഗതിയാണിത്.

ചെന്നൈ സൂപ്പർ കിങ്‌സുമായി ഗുരുനാഥ് മെയ്യപ്പനു ബന്ധമില്ലെന്ന വാദവും കോടതി തള്ളി. ചെന്നൈ സൂപ്പർ കിങ്‌സ് ഉടമയാണ് മെയ്യപ്പനെന്നു കോടതി നിരീക്ഷിച്ചു. രാജ് കുന്ദ്രയ്ക്കും വാതുവയ്‌പ്പ് കേസിൽ പങ്കുണ്ടെന്ന് പറഞ്ഞ സുപ്രീംകോടതി രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് ബിസിസിഐ വിധേയമാണെന്നും നിരീക്ഷിച്ചു. ബിസിസിഐ പൊതുസ്ഥാപനം ആണെന്നും കോടതി ചൂണ്ടിക്കാട്ടി.

ബിസിസിഐയെ നിയന്ത്രിക്കുന്നതിൽ സർക്കാരുകൾക്ക് വീഴ്ചപറ്റി. ബിസിസിഐയുടെ കുത്തക തടയാൻ സർക്കാർ നിയമം കൊണ്ടുവന്നില്ല. ഇത്തരം കാര്യങ്ങൾ പരിശോധിക്കാൻ ബിസിസിഐ പ്രത്യേക സമിതി രൂപീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

കോടതിയുടെ പരാമർശങ്ങൾ ഐപിഎലിലെ മികച്ച ടീമുകളായ ചെന്നൈ സൂപ്പർ കിങ്‌സിനും രാജസ്ഥാൻ റോയൽസിനും നിർണായകമാകും. മുദ്ഗൽ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും എതിരെ പരാമർശങ്ങൾ ഉള്ളതായി നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.

ചെന്നൈ സൂപ്പർ കിങ്‌സ്, രാജസ്ഥാൻ റോയൽസ് ടീമുകളുടെ ഭാവി തീരുമാനിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. മുൻ ചീഫ് ജസ്റ്റിസ് ആർ എം ലോധ അധ്യക്ഷനായ സമിതിയൽ വിരമിച്ച ജസ്റ്റിസുമാരായ ആർ വി രവീന്ദ്രൻ, അശോക് ഭാൻ എന്നിവരാണ് മറ്റംഗങ്ങൾ. ഐപിഎൽ സിഇഒ സുന്ദർരാമൻ എതിരെയുള്ള നടപടിയും സമിതി തീരുമാനിക്കും.

കോഴവിവാദം പുറത്തുവന്നപ്പോൾ മലയാളി താരം ശ്രീശാന്ത് ഉൾപ്പെടെ രാജസ്ഥാൻ റോയൽസിലെ താരങ്ങൾക്ക് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. കോഴവിവാദം പുറത്തുവന്ന് 17 മാസങ്ങൾക്ക് ശേഷമാണ് ജസ്റ്റിസുമാരായ ടി എസ് താക്കൂറും മുഹമ്മദ് ഖലിഫുല്ലയും അടങ്ങുന്ന ബഞ്ച് വിധി പ്രസ്താവിച്ചത്. 2013 മെയിൽ സാമൂഹ്യ പ്രവർത്തകനായ നരേഷ് മകാനിയാണ് ഐപിഎൽ വാതുവയ്പ് സംബന്ധിച്ച കേസ് ഫയൽ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP