Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിക്കറ്റ് ഭരണത്തിന്റെ തലപ്പത്തേക്ക് ടിസി മാത്യുവും; എസ്‌കെ നായരെ വെട്ടി കേരളാ അസോസിയേഷൻ കൈപ്പിടിയിലൊതുക്കിയ തന്ത്രശാലിക്ക് ബിസിസിഐയിലും പിഴച്ചില്ല; പടിഞ്ഞാറൻ മേഖലയിൽ നിന്നും വൈസ് പ്രസിഡന്റായി കരുത്ത് കാട്ടി

ക്രിക്കറ്റ് ഭരണത്തിന്റെ തലപ്പത്തേക്ക് ടിസി മാത്യുവും; എസ്‌കെ നായരെ വെട്ടി കേരളാ അസോസിയേഷൻ കൈപ്പിടിയിലൊതുക്കിയ തന്ത്രശാലിക്ക് ബിസിസിഐയിലും പിഴച്ചില്ല; പടിഞ്ഞാറൻ മേഖലയിൽ നിന്നും വൈസ് പ്രസിഡന്റായി കരുത്ത് കാട്ടി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ ഭരണ നേതൃത്വത്തിലേക്ക് വീണ്ടും ഒരു മലയാളിയെത്തുന്നു. ടി. സി. മാത്യു. കരുനീക്കങ്ങളിലെ കരുത്ത് തന്നെയാണ് ഇടുക്കിക്കാരനായ മാത്യുവിനെ ശതകോടികളുടെ ആസ്തിയുള്ള ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളിലെ പ്രധാനികളിൽ ഒരാളാക്കുന്നത്. കേണൽ ഗോദവർമ്മ രാജയ്ക്കും എസ് കെ നായർക്കും ശേഷം ബിസിസിഐയുടെ അധികാര കേന്ദ്രത്തിൽ മലയാളി എത്തുമ്പോൾ കേരളാ ക്രിക്കറ്റും പ്രതീക്ഷയിലാണ്. മുൻ ബിസിസിഐ പ്രസിഡന്റ് ശ്രീനിവാസന്റെ പിന്തുണ തന്നെയാണ് ടിസിയെ അധികാര കേന്ദ്രത്തിലെത്തിച്ചത്. അതിനായി നിയമ ഭേദഗതി പോലും വേണ്ടി വന്നു.

മേഖലകൾ തിരിച്ചാണ് ബിസിസിഐയുടെ വൈസ് പ്രസിഡന്റുമാരെ നിശ്ചയിക്കുന്നത്. ദക്ഷിണ മേഖലയിൽ നിന്നുള്ള കേരളത്തിന്റെ ടിസി മാത്യുവിനെ പശ്ചിമ മേഖലയുടെ പ്രതിനിധിയായി വൈസ് പ്രസിഡന്റാക്കുകയാണ് ചെയ്തത്. ഇതോടെ രണ്ട് ദക്ഷിണേന്ത്യൻ ക്രിക്കറ്റ് സംഘാടകർ ബിസിസിയൂടെ തലപ്പത്തുണ്ടാകും. ഇതിലൂടെ ബിസിസിഐയുടെ തീരുമാനങ്ങളെ കാര്യമായി സ്വാധീനിക്കാൻ ശ്രീനിവാസന് കഴിയുകയും ചെയ്യും. ശ്രീനിവാസൻ പക്ഷത്തിന്റെ പിന്തുണയോടെ സെക്രട്ടറിയായി വീണ്ടും മത്സരിച്ച സഞ്ജയ് പട്ടേൽ തോറ്റപ്പോഴാണ് ഏവരേയും അൽഭുതപ്പെടുത്തി ടിസി മാത്യു ജയിച്ചു കയറിയത്.

രവി സാവന്തായിരുന്നു ടിസി മാത്യുവിന്റെ എതിർ സ്ഥാനാർത്ഥി. രണ്ട് വോട്ടിനാണ് ടിസി മാത്യു വൈസ് പ്രസിഡന്റായത്. അഞ്ച് വൈസ് പ്രസിഡന്റുമാരാണ് ബിസിസിഐയ്ക്കുള്ളത്. ഗംഗാ രാജു, സികെ ഖന്ന, ഗൗതം റോയി, എംഎൽ റോയി എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാർ. സെക്രട്ടറി സ്ഥാനമൊഴികെ മറ്റെല്ലാം ശ്രീനിവാസൻ പക്ഷമാണ് സ്വന്തമാക്കിയത്. ബിജെപി നേതാവ് കൂടിയായ അനുരാഗ് താക്കൂറാണ് സെക്രട്ടറി. ജോ സെക്രട്ടറി, ട്രഷറർ, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ശ്രീനിവാസൻ പക്ഷം സ്വന്തമാക്കി.

നേരത്തെ ദക്ഷിണമേഖലയിൽ നിന്നുള്ളവർക്ക് മാത്രമേ അതിന്റെ പ്രതിനിധിയായി മത്സരിക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇതിൽ ചെറിയൊരു മാറ്റം വരുത്തി. ഒരു മേഖലയിൽ നിന്നുള്ള രണ്ട് അസോസിയേഷനുകൾ നാമനിർദ്ദേശം ചെയ്യുകയും ഒരാൾ പിന്തുണയ്ക്കുകയും ചെയ്യുന്ന വ്യക്തിക്ക് ആ മേഖലയുടെ പ്രതിനിധിയായി മത്സരിക്കാമെന്ന തരത്തിലായിരുന്നു മാറ്റം. ഇത് തന്നെയാണ് ടിസിക്ക് തുണയായത്. രണ്ട് വോട്ടിനായിരുന്നു വിജയം. 30 പേരിൽ 16 പേർ ടിസിക്ക് അനുകൂലമായി വോട്ട് ചെയ്തു.

പുതിയ നിയമമാറ്റമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ ജഗ്മോഹൻ ഡാൽമിയയെ എത്തിച്ചത്. പ്രസിഡന്റായി മത്സരിക്കുന്നവർക്ക് എല്ലാ മേഖലയിൽ നിന്നുള്ള ഒരു അസോസിയന്റെയെങ്കിലും പിന്തുണ കുറഞ്ഞത് വേണമെന്ന നിബന്ധനയുണ്ടായിരുന്നു. എന്നാൽ കിഴക്കൻ മേഖലയിൽ നിന്ന് ആരും ശരത് പവാറിനെ പിന്തുണയ്ക്കാൻ തയ്യാറായില്ല. എല്ലാവരും ജഗ്മോഹൻ ഡാൽമിക്ക് പിന്നിൽ ഉറച്ചു നിന്നു. ശ്രീനിവാസനെ പിന്തുണയ്ക്കുന്ന ദക്ഷിണമേഖലയും ഡാൽമിയയെ പിന്തുണച്ചു. ഇതോടെ ശരത് പവാറിന് മത്സരിക്കാൻ പോലും കഴിഞ്ഞില്ല. ഈ പിന്തുണയ്ക്ക് പകരമായാണ് ടിസി മാത്യുവിനെ ഡാൽമിയ ജയിപ്പിച്ചെടുത്തത്.

നേരത്ത ഡാൽമിയ പ്രസിഡന്റായിരുന്നപ്പോൾ മലയാളിയായ എസ് കെ നായരായിരുന്നു വിശ്വസ്തൻ. ബിസിസിഐ സെക്രട്ടറി സ്ഥാനം പോലും എസ് കെ നായർക്ക് ഡാൽമിയ നൽകി. പിന്നീട് ശ്രീനിവാസന്റെ നേതൃത്വത്തിൽ പുതിയൊരു വിഭാഗം രൂപപ്പെടുകയും ശരത് പവാറിന്റെ സാഹയത്തോടെ ബിസിസിഐ പിടിച്ചെടുക്കുകയും ചെയ്തു. അഴിമതി ആരോപണങ്ങളിൽ കുടുങ്ങിയ ഡാൽമിയയ്ക്ക് ഏറെക്കാലം ബിസിസിഐയ്ക്ക് പുറത്ത് നിൽക്കുകയും ചെയ്തു. പുതിയ അധികാര സമവാക്യത്തിൽ പഴയ ശത്രുക്കളെയാണ് ഡാൽമിയ കൂട്ടുപിടിച്ചത്. ശ്രീനിവാസന്റെ പിന്തുണയോടെ അധികാരത്തിൽ വീണ്ടുമെത്തുമ്പോൾ ടിസി മാത്യു ഒപ്പമുള്ളതും ശ്രദ്ധേയമാണ്.

എസ് കെ നായരുടെ പിന്തുണയോടെ കേരളാ ക്രിക്കറ്റിൽ സജീവമായ വ്യക്തിയാണ് ടിസി മാത്യു. എന്നാൽ പിന്നീട് തന്ത്രങ്ങളിലൂടെ എസ് കെയെ വെട്ടി. കേരളാ ക്രിക്കറ്റിലെ എല്ലാമെല്ലാമായി ടിസി മാറി. ഡാൽമിയാ പക്ഷത്തിന്റെ ചിറകുവെട്ടാൻ ശ്രീനിവാസൻ നടത്തിയ നീക്കങ്ങളുടെ ഫലമായിരുന്നു കേരളാ ക്രിക്കറ്റിൽ നിന്നുള്ള എസ് കെ നായരുടെ അപ്രത്യക്ഷമാകൽ. അതിന് ചുക്കാൻ പിടിച്ച് വ്യക്തി പത്ത് വർഷം കഴിയുമ്പോൾ ഡാൽമിയയുടെ തന്നെ പിന്തുണയോടെ ബിസിസിഐയുടെ ഭാരവാഹിയാകുന്നുവെന്നതാണ് ശ്രദ്ധേയം.

നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ ചെർമാനായിരുന്നു ടിസി മാത്യു. ഈ പദവിയിലെത്തിയ ക്രിക്കറ്റ് കളിക്കാരനല്ലാത്ത ആദ്യ വ്യക്തിയും ടിസിയാണ്. ശ്രീനിവാസനുമായുള്ള അടുപ്പം തന്നെയായിരുന്നു ഈ നിർണ്ണായക പദവിയിൽ ഇടുക്കിക്കാരനെ എത്തിച്ചത്. 

കേരളാ ക്രിക്കറ്റിൽ സർവ്വ ശക്തനായിരുന്നു പത്തുകൊല്ലം മുമ്പ് എസ് കെ നായർ. ഭൂരിഭാഗം ജില്ലാ അസോസിയേനും നായർക്കൊപ്പം. ഇത് തിരിച്ചറിഞ്ഞ് സ്വന്തം ജില്ലയിൽ എസ് കെ ഒറ്റപ്പെടുത്തി. തിരുവനന്തപുരം ജില്ലാ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നായർ അങ്ങനെ തോറ്റു. ഇതോടെ അദ്ദേഹം കേരളാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. അന്ന് കെസിഎ സെക്രട്ടറിയായിരുന്നു ടിസി. പ്രസിഡന്റ് പദം മോഹിച്ചാണ് ടിസി കരുക്കൾ നീക്കയതെന്ന് ആക്ഷേപം ഉയർന്നു. എന്നാൽ അവിടേയും തന്ത്രം കാട്ടി. പ്രസിഡന്റാകാതെ അന്ന് സെക്രട്ടറിയായി തുടർന്നു. വയനാട്ടിൽ നിന്നുള്ള ടിആർ ബാലകൃഷ്ണനെ പ്രസിഡന്റുമാക്കി.

പക്ഷേ അധികാരം തന്നിലേക്ക് ഒതുക്കാൻ ടിസിക്കായി. പ്രസിഡന്റായ എസ്‌കെ നായരായിരുന്നു മുമ്പ് ബിസിസിഐ പ്രതിനിധി. നായരെ തോൽപ്പിച്ച് പ്രസിഡന്റായി ബാലകൃഷ്ണന് ചുമതല നൽകിയ ടിസി പക്ഷേ ഒരു ചെറിയ തന്ത്രമുപയോഗിച്ചു. ബിസിസിഐ പ്രതിനിധിയെന്ന സ്ഥാനം സെക്രട്ടറിയിലേക്ക് മാറ്റി. അങ്ങനെ കെസിഎ സെക്രട്ടറി ബിസിസിഐയിൽ എത്തി. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല കിട്ടിയതോടെ സെക്രട്ടറി സ്ഥാനം ടിസി ഒഴിഞ്ഞു. അങ്ങനെ പ്രസിഡന്റുമായി. അപ്പോൾ ബിസിസിഐ പ്രതിനിധി സ്ഥാനം ടിസിയിൽ തന്നെ വയ്ക്കുകയും ചെയ്തു.

ഇന്ന് കേരളാ ക്രിക്കറ്റിൽ ടിസി മാത്യു അതി ശക്തനാണ്. മലപ്പുറം ക്രിക്കറ്റ് അസോസിയേഷനിൽ മാത്രമാണ് വലിയ പിന്തുണയില്ലാത്തത്. അവരും പക്ഷേ ടിസിയെ പരസ്യമായി എതിർക്കുന്നില്ല. കേരളാ ക്രിക്കറ്റിൽ ടിസിയെ വെട്ടാനെത്തിയ ശശി തരൂരിനും പിഴച്ചു. തിരുവനന്തപുരത്തെ എല്ലാ ഗ്രൂപ്പുകളേയും തനിക്ക് പിന്നിൽ അണിനിരത്തി ശശി തരൂരിന്റെ അട്ടിമറി മോഹങ്ങൾ തകർത്തു. ഈ തന്ത്രങ്ങളുടെ മറ്റൊരു രൂപമാണ് ബിസിസിഐ തെരഞ്ഞെടുപ്പിലും നടന്നത്. ദക്ഷിണമേഖലയിൽ നിന്ന് മത്സരിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് പശ്ചിമ മേഖലയിലെ സ്ഥാനം പിടിച്ചെടുത്തു. അങ്ങനെ ദേശീയ ക്രിക്കറ്റിന്റെ തലപ്പത്ത് മലയാളി സാന്നിധ്യം വീണ്ടുമെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP