Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിവുപോലെ തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിങ് നിര; രണ്ടാം ദിനംതന്നെ വിജയമുറപ്പിച്ച ഇംഗ്ലണ്ടിന് 237 റൺസ് ഒന്നാം ഇന്നിങ്‌സ് ലീഡ്

പതിവുപോലെ തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിങ് നിര; രണ്ടാം ദിനംതന്നെ വിജയമുറപ്പിച്ച ഇംഗ്ലണ്ടിന് 237 റൺസ് ഒന്നാം ഇന്നിങ്‌സ് ലീഡ്

ഓവൽ: സെഞ്ച്വറിയിലേക്ക് കുതിക്കുന്ന ജോ റൂട്ടിന്റെ ബാറ്റിങ് കരുത്തിൽ ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് കൂറ്റൻ ലീഡിലേക്ക്. പൂർണ പരാജയമായ ഇന്ത്യൻ ബാറ്റിങ് നിര പതിവുപോലെ തകർന്നടിഞ്ഞപ്പോൾ അനായാസമായിരുന്നു ഇംഗ്ലണ്ടിന്റെ ബാറ്റിങ്. രണ്ടാംദിനം കളി നിർത്തുമ്പോൾ തന്നെ 237 റണ്ണിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ഇംഗ്ലണ്ട് നേടിക്കഴിഞ്ഞു.

ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ജോ റൂട്ട് 129 പന്തിൽ 92 റണ്ണോടെയും ക്രിസ് ജോർദാൻ 19 റണ്ണോടെയും രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ക്രീസിലുണ്ട്. ഇന്ത്യയുടെ 148 റണ്ണിനെതിരെ ഇംഗ്ലണ്ട് 7 വിക്കറ്റിന് 385 റണ്ണെടുത്തിട്ടുണ്ട്. ക്യാപ്റ്റൻ അലിസ്റ്റർ കുക്കും (79) ഗാരി ബാലൻസും (64) ഇംഗ്ലണ്ടിനായി അർധ സെഞ്ചുറി നേടി.

ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യ കഴിഞ്ഞ മത്സരത്തിലേതുപോലെ തകർന്നടിഞ്ഞു. ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി മാത്രമാണ് പിടിച്ചുനിന്നത്. ധോണി 82 റണ്ണെടുത്തു. രണ്ടാംദിനംതന്നെ തോൽവിയെന്ന യാഥാർഥ്യത്തോട് ഇന്ത്യ പൊരുത്തപ്പെട്ടുകഴിഞ്ഞു. മൂന്നു ദിനവും മൂന്നു വിക്കറ്റും ശേഷിക്കെ 237 റൺ ലീഡായി ഇംഗ്ലണ്ടിന്.

സൗതാംപ്ടണിലും മാഞ്ചസ്റ്ററിലുമെന്നപോലെ ഇന്ത്യയുടെ മുൻനിര ദയനീയമായി പരാജയപ്പെട്ടു. ധോണിയുടെ ഇന്നിങ്‌സ് ഇല്ലായിരുന്നുവെങ്കിൽ 100 റൺപോലും കാണുമായിരുന്നില്ല ഇന്ത്യൻ ബാറ്റിങ്‌നിര. പിച്ചിൽ ബാറ്റിങ്ങിന് ഒരു പ്രശ്‌നവുമില്ല എന്നു തെളിയിക്കാൻ ഇംഗ്ലണ്ടിനായി. ഒപ്പം ഫീൽഡിങ് പിഴവുകളും ഇന്ത്യക്ക് വിനയായി കുക്കിനെ രണ്ടുതവണയാണ് ഇന്ത്യൻ ഫീൽഡർമാർ വിട്ടുകളഞ്ഞത്.

ഇന്ത്യയെ ഒന്നാം ഇന്നിങ്‌സിൽ തകർത്തത് മൂന്നുവീതം വിക്കറ്റെടുത്ത ക്രിസ് ജോർദാനും ക്രിസ് വോക്‌സുമാണ്. മുൻനിരയിൽ മുരളി വിജയ് മാത്രമാണ് (64 പന്തിൽ 18) രണ്ടക്കം കണ്ടത്. ഗൗതം ഗംഭീർ ആദ്യപന്തിൽതന്നെ പുറത്തായി. വിരാട് കോഹ്‌ലി, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, സ്റ്റുവർട്ട് ബിന്നി, ആർ അശ്വിൻ, ഭുവനേശ്വർ കുമാർ എന്നിവരും പെട്ടെന്നുമടങ്ങി. ജെയിംസ് ആൻഡേഴ്‌സനും സ്റ്റ്യുവർട്ട് ബ്രോഡും രണ്ടുവിക്കറ്റു വീതം വീഴ്‌ത്തി.

ഇന്ത്യക്കുവേണ്ടി ഇശാന്ത് ശർമ, വരുൺ ആരോൺ, ആർ അശ്വിൻ എന്നിവർ രണ്ടുവിക്കറ്റുവീതം വീഴ്‌ത്തി. ഭുവനേശ്വർ കുമാറിനാണ് ഒരു വിക്കറ്റ്. രവീന്ദ്ര ജഡേജയ്ക്കു പകരം സ്റ്റ്യുവർട്ട് ബിന്നിയെ ഇന്ത്യ അവസാന പതിനൊന്നിൽ ഉൾപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP