Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അനിൽ കുംബ്ലെ ഇന്ത്യൻ പരിശീലക സ്ഥാനം രാജിവെച്ചു; രാജിക്കത്ത് ബിസിസിഐക്ക് കൈമാറിയത് കോലിയും കൂട്ടരും വിൻഡീസ് പര്യടനത്തിന് പരിശീലകനില്ലാതെ പുറപ്പെട്ടതിന് പിന്നാലെ; സ്ഥാനം ഉപേക്ഷിച്ചത് ക്യാപ്ടനുമായുള്ള അഭിപ്രായ വ്യത്യാസം പൊട്ടിത്തെറിയിൽ എത്തിയതോടെ

അനിൽ കുംബ്ലെ ഇന്ത്യൻ പരിശീലക സ്ഥാനം രാജിവെച്ചു; രാജിക്കത്ത് ബിസിസിഐക്ക് കൈമാറിയത് കോലിയും കൂട്ടരും വിൻഡീസ് പര്യടനത്തിന് പരിശീലകനില്ലാതെ പുറപ്പെട്ടതിന് പിന്നാലെ; സ്ഥാനം ഉപേക്ഷിച്ചത് ക്യാപ്ടനുമായുള്ള അഭിപ്രായ വ്യത്യാസം പൊട്ടിത്തെറിയിൽ എത്തിയതോടെ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് അനിൽ കുംബ്‌ളെ രാജി വച്ചു.ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകളെത്തുടർന്നാണ് രാജി.ചാമ്പ്യൻസ് ട്രോഫിയോടെ കാലാവധി അവസാനിച്ചിരുന്നുവെങ്കിലും വെസ്റ്റ് ഇൻഡീസ് പര്യടനം വരെ തുടരാൻ കുംബ്‌ളെയ്ക്ക് ബി സി സി ഐ അനുവാദം നൽകിയിരുന്നു.എന്നാൽ ഐ സി സി വാർഷികയോഗമുള്ളതിനാൽ കുംബ്‌ളെ വിൻഡീസിലേക്ക് പോകുന്നില്ലെന്നായിരുന്നു വാർത്തകൾ.ഇതിന് പിന്നാലെയാണ് അദ്ദേഹം രാജി സമർപ്പിച്ചിരിക്കുന്നത്.

ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ക്യാപ്റ്റനും കോച്ചും തമ്മിലുള്ള തർക്കം ഇന്ത്യൻ ക്രിക്കറ്റിൽ വിവാദമായിരുന്നു.തുടർന്ന് പ്രശ്നങ്ങൾ താത്കാലികമായി മാറ്റിവച്ച് ടീം ഇംഗ്ളണ്ടിലെത്തിയെങ്കിലും അവിടെയും ഇരുവരും തമ്മിൽ പ്രശ്നം ഉടലെടുത്തതിനെത്തുടർന്ന് ടീം മാനേജ്മെന്റും ഉപദേശക സമിതി അംഗങ്ങളായ സച്ചിനും ലക്ഷ്മണും ദ്രാവിഡും ഇടപെട്ടിരുന്നു.എന്നാൽ വിട്ടുവീഴ്ചയ്ക്ക് വിരാട് കോഹ്ലിയും കുംബ്ളെയും വിസമ്മതിച്ചതോടെ പ്രശ്നപരിഹാരം അസാധ്യമായിത്തീർന്നു.

പ്രശ്നങ്ങൾക്കു താൽക്കാലിക പരിഹാരമായതായി വാർത്തകൾ വന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു വീണ്ടും തർക്കം തലപൊക്കിയത്. കുംബ്ലെയുമായും കളിക്കാരുമായും പ്രത്യേകം ചർച്ചനടത്തിയ ബിസിസിഐ ഉപദേശകസമിതിയുടെ ഇടപെടൽ ഫലപ്രദമായെന്നായിരുന്നു റിപ്പോർട്ട്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് അനിൽ കുംബ്ലെ ടീമിനൊപ്പം ചൊവ്വാഴ്ച തന്നെ പുറപ്പെടുമെന്നും സൂചനയുണ്ടായിരുന്നു. വിൻഡീസ് പര്യടനം വരെ കുംബ്ലെ തുടരണമെന്ന നിർദ്ദേശം ബിസിസിഐ ഇടക്കാല ഭരണസമിതിയും നൽകിയിരുന്നു.

ചാംപ്യൻസ് ട്രോഫി തോൽവിക്കു പിന്നാലെ വീണ്ടും ഇരുവരും തമ്മിൽ പരോക്ഷയുദ്ധം ആരംഭിച്ചിരുന്നു. പൊരുത്തപ്പെട്ടുപോകാൻ കഴിയില്ലെന്നു കോഹ്ലിയും, കളിക്കാർക്കു താൽപര്യമില്ലെങ്കിൽ പരിശീലകനായിരിക്കാൻ താനില്ലെന്ന് കുംബ്ലെയും വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണു ബിസിസിഐ ഉപദേശകസമിതി വീണ്ടും ഇടപെട്ടത്. അനിൽ കുംബ്ലെയ്ക്ക് എതിരെ ശക്തമായ അഭിപ്രായ പ്രകടനങ്ങളുമായാണു ക്യാപ്റ്റൻ വിരാട് കോഹ്ലി രംഗത്തെത്തിയത്.

എന്നാൽ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനു പോകുന്ന ഇന്ത്യൻ ടീമിനൊപ്പം പരിശീലകനായി കുംബ്ലെ വരുന്നതിനെ അംഗീകരിക്കാൻ പറ്റില്ലെന്ന് കോഹ്ലി നിലപാടെടുത്തതോടെ കാര്യങ്ങൾ വീണ്ടും കീഴ്മേൽ മറിഞ്ഞു. ഇന്ത്യൻ ടീമിനു പുതിയ പരിശീലകരെ ക്ഷണിച്ചതിനൊപ്പവും കുംബ്ലെയുടെ അപേക്ഷ സ്വീകരിച്ചിരുന്നു. കുംബ്ളെയെത്തന്നെ വീണ്ടും പരിശീലകനാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് മനസ്സിലാക്കിയാണ് കോഹ്ലി വീണ്ടും ഇടഞ്ഞതെന്നാണ് സൂചന.എന്തായാലും ക്യാപ്റ്റനും കോച്ചും രണ്ടുതട്ടിൽ നിന്നുകൊണ്ട് ടീം ഇന്ത്യയ്ക്ക് ഏറെക്കാലം മുമ്പോട്ടു പോകാനാവില്ലെന്ന ചർച്ചകൾ സജീവമായിനിൽക്കെയാണ് കുംബ്‌ളെ രാജി സമർപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP